This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ബനമുട്ടുകളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:05, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

=അര്‍ബനമുട്ടുകളി = ഒരു കേരളീയനാടന്‍ വിനോദം. പരിചമുട്ടുകളിയെന്നും പേരുണ്ട്. ഇടതുകൈയില്‍ പരിചയും വലതുകൈയില്‍ അര മീ. ഓളം നീളംവരുന്ന കമ്പുമായി പത്തുപന്ത്രണ്ടു ചെറുപ്പക്കാര്‍ വട്ടത്തില്‍ നിന്ന്, താളത്തിനു കാലു വയ്ക്കുകയും പരിചയിളക്കുകയും ചെയ്യുന്നു. മുന്നോട്ടും പിന്നോട്ടും കാലെടുക്കുന്നതിനും പരിചയിളക്കുന്നതിനുമെല്ലാം പ്രത്യേക ചിട്ടകളുണ്ട്. ഇക്കാര്യത്തില്‍, തലവന്‍ വിസിലടിച്ച് (ചൂളം വിളിച്ച്) വേണ്ട സൂചനകള്‍ കൊടുക്കും. കളി തുടങ്ങുന്നതിനും താളം മുറുക്കുന്നതിനും കളി നിര്‍ത്തുന്നതിനുമെല്ലാം തലവന്റെ വിസിലടി അനുസരിക്കേണ്ടതാണ്. 'കാറല്‍മാന്‍ചരിതം' പോലുള്ള പാട്ടുകളായിരിക്കും ഇതിനു പാടുന്നത്. ക്രൈസ്തവ മിഷനറിമാര്‍ കേരളത്തില്‍വന്ന കാലത്തെ ചില സംഭവങ്ങളും ചില പള്ളികള്‍ സ്ഥാപിച്ചതിന്റെ പിന്നിലുള്ള ഐതിഹ്യങ്ങളും അര്‍ബനമുട്ടുകളിയുടെ പാട്ടുകളില്‍ അടങ്ങിയിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങളിലും മറ്റും ചില വിശേഷദിവസങ്ങളില്‍ ഈ കളി നടത്തിവന്നു; ഇപ്പോള്‍ ഈ പതിവില്ല. വിനോദപ്രകടനത്തിനുവേണ്ടി മാത്രം ചില സന്ദര്‍ഭങ്ങളില്‍ നടത്തുന്ന നാടന്‍ കലാപ്രകടനമായി ഇതു പരിണമിച്ചു. ക്രൈസ്തവരല്ലാത്തവരും അര്‍ബനമുട്ടുകളിയില്‍ പങ്കെടുക്കാറുണ്ട്. ഈ നാടന്‍വിനോദം ഇപ്പോള്‍ നാമാവശേഷമായിത്തീര്‍ന്നിരിക്കുന്നുവെന്നു പറയാം. കുന്നത്തൂര്‍, മാവേലിക്കര തുടങ്ങിയ താലൂക്കുകളിലാണ് ഈ കളി ഏറ്റവും കൂടുതല്‍ പ്രചാരത്തിലിരുന്നത്. അര്‍ബനമുട്ടുകളിയുടെ ചട്ടവട്ടങ്ങളെല്ലാമുള്ള മറ്റു രണ്ടു കളികളാണ് മാര്‍ഗംകളിയും കമ്പടിക്കളിയും. ഒരു വ്യത്യാസം മാത്രം: ഇവയില്‍ പരിചയുപയോഗിക്കുകയില്ല. ബലമുള്ള കുറുവടിയാണ് അടിച്ചുകളിക്കാനെടുക്കുന്നത്. നല്ല മെയ്വഴക്കവും അഭ്യാസവും ചിട്ടയുമുള്ളവര്‍ക്കുമാത്രമേ ഈ മൂന്നു കളികളിലും പങ്കെടുക്കുവാന്‍ പറ്റുകയുള്ളു. നോ: മാര്‍ഗംകളി; കമ്പടിക്കളി; പരിചമുട്ടുകളി

(ജി. ഭാര്‍ഗവന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍