This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ഥാപത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:31, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അര്‍ഥാപത്തി

1. അലങ്കാരശാസ്ത്രത്തിലും ഭാരതീയദര്‍ശനങ്ങളിലും പ്രചാരത്തിലുള്ള ഒരു സംജ്ഞയും അര്‍ഥാലങ്കാരവും. 'അര്‍ഥംകൊണ്ട് ആപതിക്കുന്നത്' (ഒന്നു പറയുമ്പോള്‍ മറ്റൊരര്‍ഥം കൂടി വന്നുചേരുന്നത്) എന്ന് പദത്തിനര്‍ഥം. ഒരു കാര്യത്തിന്റെ ഉത്പത്തിയില്‍ അതിനെ സംബന്ധിച്ച മറ്റൊരു കാര്യത്തിന്റെ നിഷ്പത്തി അര്‍ഥസിദ്ധമായി വരുന്നു. 'അര്‍ഥാപത്തിയതോ പിന്നെ-

ച്ചൊല്ലാനില്ലെന്ന യുക്തിയാം'

എന്നു ഭാഷാഭൂഷണം ഇതിനെ നിര്‍വചിച്ചിരിക്കുന്നു; ഉദാഹരണമായി അതില്‍ കൊടുത്തിരിക്കുന്നത്

'നിന്‍മുഖം ചന്ദ്രനെ വെന്നു,

പദ്മത്തിന്‍ കഥയെന്തുവാന്‍!'

എന്ന ശ്ലോകാര്‍ധമാണ്.

ഈ അലങ്കാരത്തിനു 'ന്യായ'ങ്ങളിലും സ്ഥാനമുണ്ട്. 'അപൂപം' (അപ്പം) കുത്തിയെടുക്കുന്ന ദണ്ഡം (കോല്) എലിതിന്നു; ആ നിലയ്ക്ക് അപ്പം തിന്നു എന്ന കാര്യം പറയേണ്ടതില്ലല്ലോ എന്ന ഉദാഹരണത്തെ ആസ്പദമാക്കി 'ദണ്ഡാപൂപന്യായം' എന്നുപേര്. 'കിമുത?' (എന്തു പിന്നെ പറയാന്‍ ?)എന്ന അര്‍ഥസ്വഭാവത്തെ അടിസ്ഥാനമാക്കി 'കൈമുതികന്യായം' എന്നും പറയാറുണ്ട്.

'ഗിരിശനുമഥ മൂന്നു നാള്‍ പൊറുത്താ-

നൊരുവിധമദ്രിസുതാസമാഗമോല്‍ക്കന്‍;

പരമനവനുമിത്ര പറ്റുമെങ്കില്‍

പരനു വിചാരമതെത്രതന്നെ വേണ്ടാ'

ഇത്തരത്തിലുള്ള അര്‍ഥാപത്തി 'നിന്‍മുഖം........' ഇത്യാദിയിലേതില്‍നിന്നും തെല്ലുവ്യത്യസ്തമാണ്. അതില്‍ സാമ്യം അലങ്കാരബീജമായി വന്നു. 'തീക്കട്ട ഉറുമ്പരിക്കുന്നു; പിന്നെ കരിക്കട്ടയുടെ കാര്യം എന്തു പറയാന്‍' എന്ന അര്‍ഥാപത്തിയില്‍ അതിശയോക്തി സ്പഷ്ടമാണ്. സാമ്യാതിശയശ്ളേഷസ്പര്‍ശമില്ലാത്ത-കേവല വസ്തുസ്ഥിതികഥനമായ-അര്‍ഥാപത്തി അലങ്കാരമല്ലെന്നാണ് ചില പണ്ഡിതന്‍മാരുടെ പക്ഷം.

2. ഒരു വസ്തുതയെ വിശദീകരിക്കുന്നതിനാവശ്യമായ സങ്കല്പം എന്ന അര്‍ഥത്തില്‍ മീമാംസകരും അദ്വൈതവാദികളും അംഗീകരിച്ചിട്ടുള്ള ഒരു ജ്ഞാനമാര്‍ഗം. പ്രത്യക്ഷത്തെ ഒരു ജ്ഞാനമാര്‍ഗമായി എല്ലാ ഭാരതീയ ദാര്‍ശനികശാഖകളും അംഗീകരിക്കുന്നു. ചാര്‍വാകന്മാര്‍ പ്രത്യക്ഷത്തെ മാത്രമേ ജ്ഞാനമാര്‍ഗമായി അംഗീകരിക്കുന്നുള്ളു. ചാര്‍വാകന്മാരൊഴികെ മറ്റു ദാര്‍ശനികരെല്ലാം അനുമാനത്തെ ഒരു ജ്ഞാനമാര്‍ഗമായി കണക്കാക്കുന്നു. ചാര്‍വാകന്മാരും വൈശേഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ കണാദനും ശബ്ദത്തെ ജ്ഞാനമാര്‍ഗമായി അംഗീകരിക്കുന്നില്ല. നൈയായികന്മാരും മീമാംസകരും വേദാന്തികളും ഉപമാനത്തെ ജ്ഞാനമാര്‍ഗമായി അംഗീകരിക്കുന്നു. മീമാംസകരും അദ്വൈതികളും അംഗീകരിച്ചിട്ടുള്ള മറ്റൊരു ജ്ഞാനമാര്‍ഗമാണ് അര്‍ഥാപത്തി. ഉദാ. ദേവദത്തന്‍ എന്ന വ്യക്തി പകല്‍ മുഴുവന്‍ പട്ടിണി കിടക്കുന്നത് നാം കാണുന്നു. എന്നാല്‍ അയാള്‍ക്ക് വണ്ണം വര്‍ധിക്കുന്നതും നാം കാണുന്നു. ഇതില്‍ നിന്ന്, ദേവദത്തന്‍ രാത്രിയില്‍ ആഹാരം കഴിക്കുന്നുണ്ടെന്ന് നാം ഊഹിക്കുന്നു. ഈ അറിവ് അര്‍ഥാപത്തിയില്‍ക്കൂടി ലഭ്യമായതാണ്.

ഇത് അനുമാനത്തില്‍നിന്നു വിഭിന്നമാണ്. പാശ്ചാത്യതര്‍ക്കശാസ്ത്രത്തിലെ പരികല്പന(hypothesis)ത്തിന് അര്‍ഥാപത്തിയോട് സാദൃശ്യമുണ്ട്. എന്നാല്‍ അര്‍ഥാപത്തി പരികല്പനം പോലുള്ള ഒരു താത്ക്കാലിക സങ്കല്പമല്ല.

(കെ.കെ. വാധ്യാര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍