This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരീക്കോട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:49, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അരീക്കോട്

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ ചാലിയാര്‍പ്പുഴയുടെ തെക്കേ കരയിലുള്ള ഒരു പ്രദേശവും ഗ്രാമപഞ്ചായത്തും. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് അരീക്കോട്. കൊണ്ടോട്ടിക്ക് 14. കി.മീ. വടക്കും, മഞ്ചേരിക്ക് 16 കി.മീ. വ. പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ വിസ്തൃതി 12.21 ച.കി.മീ. ആണ്; ജനസംഖ്യ: 24,138.

ചാലിയാര്‍ പുഴ അരീക്കോട് വരെ ഗതാഗതയോഗ്യമായതിനാല്‍ ഈ സ്ഥലം പുരാതനകാലം മുതല്‍ തടി വ്യവസായത്തില്‍ പ്രാമുഖ്യം നേടിയിരുന്നു. മണ്‍പാത്രനിര്‍മാണവും ബീഡി വ്യവസായവുമായിരുന്നു ഇവിടുത്തുകാരുടെ മുഖ്യ തൊഴില്‍. എന്നാല്‍, ഇന്ന് ഗവണ്‍മെന്റ് ഉദ്യോഗവും ഗള്‍ഫ് ജോലിയുമാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍.

മലബാര്‍ ലഹളയുടെ (1921) കാലത്ത് രൂക്ഷമായ രക്തച്ചൊരിച്ചിലുകള്‍ നടന്നിട്ടുള്ള സ്ഥലമാണ് അരീക്കോട്. അനേകമാളുകള്‍ ബ്രിട്ടീഷുകാരുടെ തോക്കിനിരയായി. നിരവധിയാളുകള്‍ ബലാല്‍ക്കാരമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇപ്പോള്‍ ഇവിടെ എം.എസ്.പി. ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

സുല്ലമുസ്സലാം അറബി കോളജും, സുല്ലമുസ്സലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുമാണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഒരു ഗവ. ഐ.ടി.ഐ.യും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ചാലിയാറിന്റെ മറുകരയിലുള്ള തൃക്കളയൂര്‍ ശിവക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം പ്രാചീന ശിലാ ലേഖനങ്ങള്‍ ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ തൂണുകളില്‍ വട്ടെഴുത്ത് ലിപികള്‍ കാണാം. ഇവിടുത്തെ പുരാതന അവശിഷ്ടങ്ങളില്‍, തറനിരപ്പില്‍നിന്നു രണ്ട് മീറ്ററോളം താഴ്ചയില്‍ കണ്ടെത്തിയിട്ടുള്ള രണ്ട് മുറിയും അടുക്കളയും ചേര്‍ന്ന ഒരു ഭവന മാതൃകയും ഉള്‍പ്പെടുന്നു. ഇതിനുള്ളില്‍ ഗൃഹോപകരണങ്ങളുടെയും മണ്‍പാത്രങ്ങളുടെയും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ് ആണ് ഇവിടുത്ത പ്രധാന മുസ്ലിം ആരാധാനാകേന്ദ്രം.

കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് അരീക്കോട്. 80 ശതമാനത്തോളം മുസ്ലിങ്ങള്‍ നിവസിക്കുന്ന ഈ പ്രദേശം സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. കായികരംഗത്തും വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അരീക്കോടിന് ഇന്ത്യന്‍ ഫുട്ബാളില്‍ സവിശേഷമായ സ്ഥാനമാണുള്ളത്. 'കേരളത്തിന്റെ ബ്രസീല്‍' എന്നറിയപ്പെടുന്ന ഈ പ്രദേശത്തുനിന്നും ദേശീയ ഫുട്ബോള്‍ രംഗത്തേക്ക് നിരവധിയാളുകള്‍ കടന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന യു. ഷറഫലി അരീക്കോട് സ്വദേശിയാണ്.

അരിക്കോട്ടെ ചെക്കുന്ന് മലനിരകളില്‍ ചോലനായ്ക്കര്‍ ഉള്‍പ്പെടെയുള്ള ഗോത്രവര്‍ഗങ്ങള്‍ നിവസിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍