This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിസ്റ്റോലോക്കിയേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=അരിസ്റ്റോലോക്കിയേസീ = Aristolochiaceae
ഒരു സസ്യകുടുംബം. 'ഈശ്വരീകുലം' എന്നും ഇതറിയപ്പെടുന്നു. ആറു ജീനസ്സുകളിലായി നാനൂറിലധികം സ്പീഷീസുണ്ട്. ഇവയിലധികവും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാത്രം വളരുന്നവയാണ്. ഇവ ഓഷധികളോ കട്ടികൂടിയ തണ്ടുകളോടുകൂടിയ (woody) ആരോഹികളോ ആയിരിക്കും. ഇലകള്‍ സരളവും ഏകാന്തരവിന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നതുമാണ്. ഇലകള്‍ക്ക് നീണ്ട ഞെട്ടുണ്ട്. ഇവ ഹൃദയാകാരമോ മൂന്നോ അഞ്ചോ പാളി(lobes)കളായി വിഭജിക്കപ്പെട്ട പത്രപാളിയോടുകൂടിയതോ ആയിരിക്കും. ഇലകളിലും ചെടിത്തണ്ടിലും എണ്ണമയമായ കോശങ്ങളും കലകളുമുണ്ട്.
അരിസ്റ്റോലോക്കിയ ജീനസ്സിന് മുന്നൂറോളം സ്പീഷീസുണ്ട്. ഇവയിലധികവും കട്ടികൂടിയ തണ്ടുള്ള ആരോഹികളാണ്. അ. ക്ളിമറ്റൈറ്റിസ് എന്ന ഓഷധിക്ക് ചിരസ്ഥായിയായ പ്രകന്ദമുണ്ട്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായോ ചെറുകൂട്ടങ്ങളായോ പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങളുടെ നിറം പച്ചകലര്‍ന്ന മഞ്ഞയോ, നീല ലോഹിതമോ ശബളിതമോ (variegated) ആയിരിക്കും. പുഷ്പങ്ങള്‍ക്ക് പലപ്പോഴും ചീഞ്ഞ മാംസത്തിന്റെ ഗന്ധമുണ്ടായിരിക്കും. ദ്വിലിംഗിപുഷ്പങ്ങളുടെ ദളാഭ പരിദളപുട (petaloid perianth) സമമിതവും മണിയുടെ ആകൃതിയിലുള്ളതുമോ (Asarum), അരിസ്റ്റോലോക്കിയയിലേതുപോലെ പിച്ചര്‍പോലുള്ളതോ, ഏകവ്യാസ സമമിത(zygomorphine)മോ ട്യൂബു പോലെയുള്ളതോ ആയിരിക്കും. 6-36 കേസരങ്ങളുണ്ട്; ഇവ സ്വതന്ത്രമോ അല്ലെങ്കില്‍ വര്‍ത്തികയുമായി സംയോജിച്ച് ശ്ലിഷ്ടദണ്ഡം (Gynostegium) പോലെയോ ആയിത്തീര്‍ന്നിരിക്കും. 1-1.5 സെ.മീ. നീളമുള്ള കായ്കള്‍ക്ക് ആയതാകാരമോ ദീര്‍ഘവൃത്താകാരമോ ആണ്. കായ്കളുടെ ഉപരിതലം മിനുസമുള്ളതും നെടുകെ ചാലുകളുള്ളതുമാണ്. ജൂല. മുതല്‍ ഡി. വരെയുള്ള കാലയളവിലാണ് പുഷ്പങ്ങള്‍ ഉണ്ടാകുന്നത്. വിത്തുമുഖേന വംശവര്‍ധന നടത്തുന്നു.
അരിസ്റ്റോലോക്കിയേസീ കുടുംബത്തിലെ ആട്ടുകൊട്ടപ്പാല, ആടുതിന്നാപ്പാല, ആടുതൊടാപ്പാല എന്നീ പേരുകളിലറിയപ്പെടുന്ന അ. ബ്രാക്ടിയോലേറ്റ, കരളകം, ഗരുഡക്കൊടി ഈശ്വരമുല്ല എന്നീ പേരുകളിലറിയപ്പെടുന്ന കരളയം (അ. ഇന്‍ഡിക) നിരവധി ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.