This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റോഫെനസ്, ബൈസാന്തിയത്തിലെ (ബി.സി. 257 - 180)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരിസ്റ്റോഫെനസ്, ബൈസാന്തിയത്തിലെ (ബി.സി. 257 - 180)

Aristophanes of Byzantium


ഗ്രീക്കുസാഹിത്യനിരൂപകനും വൈയാകരണനും. ചെറുപ്പത്തിലേ അലക്സാന്‍ഡ്രിയയില്‍ താമസമാക്കി സെനോഡോട്ടസ്സിന്റെയും കാലിമാക്കസ്സിന്റെയും കീഴില്‍ വിദ്യാഭ്യാസം ചെയ്തു. ബി.സി. 195-ാമാണ്ടോടടുപ്പിച്ച് അവിടത്തെ മ്യൂസിയം ഗ്രന്ഥശാലയിലെ മേധാവിയായി നിയമിക്കപ്പെട്ടു. ആ ഉദ്യോഗത്തിലിരിക്കെ ഹോമര്‍, ഹെസിയോഡ്, ആല്‍സീയസ്, പിന്‍ഡാര്‍, യൂറിപ്പിഡിസ്, അരിസ്റ്റോഫെനസ്, അനാക്രിയോണ്‍ എന്നിവരുടെ കൃതികള്‍ സൂക്ഷ്മമായി പരിശോധിച്ച് പ്രസാധനം ചെയ്തു. ഇവയ്ക്കോരോന്നിനും ആമുഖമായി ഇദ്ദേഹം എഴുതിച്ചേര്‍ത്ത ഇതിവൃത്തസംഗ്രഹങ്ങളില്‍, അരിസ്റ്റോഫെനസിന്റെയും ദുരന്ത കവികളുടെയും നാടകങ്ങളുടെ സംഗ്രഹങ്ങള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളു. കോമഡികളുടെ പഠനത്തിന്റെ ഉപോത്പന്നങ്ങളെന്നവണ്ണം അഥീനിയന്‍ വേശ്യകളെയും പാത്രമാതൃകകളെയും അധികരിച്ച് സ്വതന്ത്രകൃതികളും ഇദ്ദേഹം രചിച്ചു; കാലിമാക്കസ് എഴുതിയ ഒരു അപൂര്‍ണ ജീവചരിതാവലി പുനഃപരിശോധിച്ചു പൂര്‍ണമാക്കി. ഒരു വിജ്ഞാനകോശകാരനെന്ന നിലയിലും വൈയാകരണനെന്ന നിലയിലും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നു. ലുപ്തപ്രചാരവും പ്രാചീനവുമായ ഒട്ടേറെ പദങ്ങള്‍ക്കുപുറമേ, സാങ്കേതികപദങ്ങളും പഴഞ്ചൊല്ലുകളും സമാഹരിക്കുകയും ഒരു പ്രത്യേക വ്യാകരണപദ്ധതി ഏര്‍പ്പെടുത്തുകയും ചെയ്തു. ഭാവഗീതങ്ങളുടെയും നാടകങ്ങളുടെയും മറ്റും പ്രകാശനത്തില്‍ ആ പണ്ഡിതാഗ്രണി അംഗീകരിച്ച നിരൂപണപരവും അപഗ്രഥനാത്മകവുമായ പുതിയ സമ്പ്രദായം പില്ക്കാല പണ്ഡിതന്മാര്‍ക്ക് മാര്‍ഗദര്‍ശകമായി ഭവിച്ചു. പ്ളേറ്റോയുടെ സംവാദങ്ങള്‍ സമുചിതമായി ക്രമീകരിച്ചതും അരിസ്റ്റോഫെനസാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍