This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റോട്ടില്‍ ലാന്റേണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:31, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരിസ്റ്റോട്ടില്‍ ലാന്റേണ്‍

Aristotle Lantern

എക്കൈനോഡെര്‍മാറ്റ ജന്തുഫൈലത്തിലെ എക്കൈനോയ്ഡിയ, ക്ലൈപ്പിയാസ്ട്രോയ്ഡിയ എന്നീ വര്‍ഗ(class)ങ്ങളിലെ ചില അംഗങ്ങളില്‍ കാണുന്ന സങ്കീര്‍ണമായ ദന്തോപകരണം. ഇതിനെക്കുറിച്ച് ആദ്യവിവരണം നല്കിയ അരിസ്റ്റോട്ടിലിന്റെ പേരില്‍ ഇത് അറിയപ്പെടുന്നു. റാന്തലിനോട് (lantern) ഇതിനുള്ള സാദൃശ്യമാവാം ഈ പേരിനു നിദാനം. അനിയമിതാകാര(irregular)മുള്ള എക്കൈനോയ്ഡുകളില്‍ ഇതു കാണപ്പെടുന്നില്ല. വായയ്ക്കു ചുറ്റുമായി വലയാകൃതിയില്‍ അഞ്ച് ഹനുക്കളും ഓരോ ഹനുവിലും ഒരു വലിയ പല്ലും ചേര്‍ന്നതാണ് ലാന്റേണിന്റെ ഘടന. കോണാകാരമായ ഇതിന്റെ ശിഖാഗ്രം (apex) കീഴോട്ടു സ്ഥിതിചെയ്യുന്നു. നീണ്ടുവളഞ്ഞ് അഗ്രംകൂര്‍ത്ത അഞ്ച് പല്ലുകളുണ്ട്. അവയുടെ അഗ്രങ്ങള്‍ ശിഖാഗ്രത്തില്‍ സന്ധിക്കുന്നു. അറ്റത്തു രണ്ടായി പിരിയുന്ന ഈ പല്ലുകളുടെ ഓരോ ഭാഗവും V-ആകൃതിയുള്ള ഓരോ അസ്ഥികകള്‍ (ossicles) താങ്ങിനിര്‍ത്തുന്നു. തൊട്ടിരിക്കുന്ന ഈ അസ്ഥികകളാണ് കോണിന്റെ വശങ്ങള്‍ക്കു രൂപംകൊടുക്കുന്നത്. ഓരോ അസ്ഥികയുടെയും അഗ്രം വീണ്ടും പിരിയുന്നു. ഇങ്ങനെ അടുത്തുള്ള രണ്ട് അഗ്രങ്ങളെ തമ്മില്‍ എപ്പിഫൈസിസ് (Epiphyses) എന്നു പേരുള്ള മറ്റൊരസ്ഥിക ബന്ധിക്കുന്നു. എപ്പിഫൈസിസുകളെല്ലാം ചേര്‍ന്ന് കോണിന്റെ അടിഭാഗത്തിനു വര്‍ത്തുളാകൃതി നല്കുന്നു. അടുത്തടുത്തുള്ള എപ്പിഫൈസിസുകളുടെ അഗ്രങ്ങള്‍ തൊട്ടിരിക്കും. ഇവ യോജിക്കുന്ന ഭാഗങ്ങളില്‍നിന്ന് റൊറ്റ്യൂല (Rotula) എന്നു പേരുള്ള അഞ്ച് അസ്ഥികകള്‍ അകത്തേക്ക് വളഞ്ഞു യോജിക്കുന്നു. ഇതിന്റെ മധ്യത്തില്‍ ഒരു ചെറിയ ദ്വാരം കാണാം. ഈ ദ്വാരത്തിലൂടെയാണ് ഗ്രസിക (oesophagus) കടന്നുപോകുന്നത്. ഓരോ റൊറ്റ്യൂലയുടെയും മുകളിലായി കോംപസ് (compass) എന്നറിയപ്പെടുന്ന മറ്റൊരസ്ഥിക കാണാം. ഇതിനു മറ്റ് അസ്ഥികകളുമായി ബന്ധമില്ല. മേല്‍വിവരിച്ച ഭാഗങ്ങളെല്ലാം തമ്മിലും, ഈ ദന്തോപകരണത്തെ ശരീരാവരണത്തോടും (test) ബന്ധിച്ചിരിക്കുന്നത് മാംസപേശികള്‍ മൂലമാണ്. ലാന്റേണിന്റെ ചലനം നിയന്ത്രിക്കുന്നതും ഈ പേശികള്‍തന്നെ. എപ്പിഫൈസിസിനെ വായയുടെ ഭാഗത്തെ ശരീരാവരണത്തോട് ബന്ധിക്കുന്ന പേശികള്‍ സങ്കോചിക്കുമ്പോള്‍ പല്ലുകള്‍ വായിലൂടെ പുറത്തേക്കു തള്ളിനില്ക്കത്തക്കവിധം ലാന്റേണ്‍ താഴേക്കു വരുന്നു. ഹനുക്കളുടെ അഗ്രം ടെസ്റ്റുമായി ബന്ധിക്കുന്ന പേശികളാണ് ഇതിനെ പൂര്‍വസ്ഥിതിയിലാക്കുന്നത്. അടുത്തടുത്തുള്ള ഹനുക്കളെ ബന്ധിക്കുന്ന പേശികളുടെ സങ്കോചം പല്ലുകളെ തിരിയുന്ന (rotating) വിധത്തില്‍ ചലിപ്പിക്കാന്‍ ഉപകരിക്കുന്നു. ഈ ചലനങ്ങള്‍മൂലം ആഹാരപദാര്‍ഥങ്ങള്‍ വളരെ ചെറുതാക്കി മുറിച്ചെടുക്കാന്‍ സാധിക്കും. ലാന്റേണിലെ പല്ലുകളുടെ ഘടന എക്കൈനോഡേമുകളുടെ വര്‍ഗീകരണത്തിനു വളരെ സഹായിച്ചിട്ടുണ്ട്. പല്ലുകളുടെ നടുക്കുകൂടി ഒരു 'ചാലോ' (groove) 'നൗതല'മോ (keel) ഉണ്ടായെന്നുവരാം. അതുപോലെതന്നെ ഹനുക്കള്‍ ഭാഗികമായോ പൂര്‍ണമായോ എപ്പിഫൈസിസുകളാല്‍ മൂടപ്പെട്ടുമിരിക്കാം. ഈ പ്രത്യേകതകളെ അടിസ്ഥാനമാക്കി പ്രധാനമായി മൂന്നു തരത്തിലുള്ള ദന്തവിന്യാസം (dentition) ആണുള്ളത്.

ഓളോഡോണ്ട് (Aulodont). പല്ലുകളില്‍ ചാല് ഉണ്ടായിരിക്കും. എപ്പിഫൈസിസുകള്‍ തമ്മില്‍ യോജിക്കാത്തതിനാല്‍ ഹനുവില്‍ ഒരു തുറന്ന ഫൊറാമന്‍ മാഗ്നം കാണുന്നു.

സ്റ്റൈറൊഡോണ്ട് (Stirodont). പല്ലുകളുടെ അകവശത്തായി നൗതലം കാണാം. ഇതിലും ഫൊറാമന്‍ മാഗ്നം തുറന്നതുതന്നെ.

ക്യാമറൊഡോണ്ട് (Camarodont). പല്ലുകളില്‍ ചാലുണ്ടെങ്കിലും ഫൊറാമന്‍ മാഗ്നം എപ്പിഫൈസിസുകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍