This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരത്തൂസ്, സിഷിയോണിലെ (? - ബി.സി. 213)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=അരത്തൂസ്, സിഷിയോണിലെ (? - ബി.സി. 213)=
Aratus of Sicyon
ഗ്രീക്കു സൈനികമേധാവിയും രാഷ്ട്രതന്ത്രജ്ഞനും. ബി.സി. 251-ല്‍ ദക്ഷിണഗ്രീസിലെ ഒരു നഗരമായിരുന്ന സിഷിയോണില്‍ ജനാധിപത്യഭരണം സ്ഥാപിക്കുന്നതിന് ഇദ്ദേഹമാണ് നേതൃത്വം നല്കിയത്. തുടര്‍ന്ന് ബി.സി. 243-ല്‍ അക്രോകോറ്റിന്ത് ആക്രമിച്ച് അവിടത്തെ കോട്ട ആന്റിഗോണസില്‍ നിന്നു പിടിച്ചെടുത്തു. മാസിഡോണിയന്‍ സ്വേച്ഛാധിപത്യത്തെ ചെറുക്കാന്‍ അരത്തൂസ് അക്കീയന്‍ ലീഗ് സംഘടിപ്പിച്ചു. 245 മുതല്‍ ഈ ലീഗിന്റെ സൈനികമേധാവിയായി ഒന്നിടവിട്ട് ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. ഈ ലീഗ് പെല്ലനയില്‍വച്ച് 241-ല്‍ ഈറ്റോലിയന്മാരെ തോല്പിച്ചു. പെലപ്പൊണീസില്‍ ജനാധിപത്യഭരണം സ്ഥാപിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ അടുത്തശ്രമം. ഈറ്റോലിയന്‍ സഹായത്തോടെ ബി.സി. 239-ല്‍ ഇദ്ദേഹം ആഥന്‍സിനും ആര്‍ഗോസിനും എതിരായി യുദ്ധം ചെയ്തു. 235-ല്‍ മെഗലോപൊലിസും 229-ല്‍ ആര്‍ഗോസും അക്കീയന്‍ ലീഗില്‍ ചേര്‍ന്നതോടെ ലീഗിനു കൂടുതല്‍ ശക്തി കിട്ടി. ആഥന്‍സിനെ 229-ല്‍ മാസിഡോണിയന്‍ ആധിപത്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഈ ലീഗിന്റെ മുഖ്യനേട്ടങ്ങളിലൊന്ന്. ലീഗിനെതിരായി സ്പാര്‍ട്ട അണിനിരന്നതിനെത്തുടര്‍ന്ന് ലീഗിനു ശക്തിയില്ലാതായി. സ്പാര്‍ട്ടയിലെ ക്ലിയോമെനിസ് III (ഭ.കാ. ബി.സി. 235-220) അരത്തൂസിനെ തുടര്‍ച്ചയായി രണ്ടുപ്രാവശ്യം തോല്പിച്ചുവെങ്കിലും അരത്തൂസ് ക്ലിയോമെനിസ് III-നോട് പകരം വീട്ടി അദ്ദേഹത്തെ സിംഹാസനഭ്രഷ്ടനാക്കി. 217-ലെ നോപാക്ടസ് സന്ധിയോടെ യുദ്ധം അവസാനിച്ചു. 213-ല്‍ ക്ഷയരോഗം ബാധിച്ച് അരത്തൂസ് നിര്യാതനായിയെന്നു കരുതപ്പെടുന്നു. അരത്തൂസിന്റെ ആത്മകഥ ഇന്നു നിലവിലില്ലെങ്കിലും പോളിബിയസിന്റെ ചരിത്രരചനയ്ക്ക് അതൊരു അടിസ്ഥാനമായിത്തീര്‍ന്നു.