This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരഞ്ഞാണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:28, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അരഞ്ഞാണ്‍

അരയില്‍ ധരിക്കുന്ന ഒരു ആഭരണം. സ്വര്‍ണം, വെള്ളി, ചെമ്പ് മുതലായ ലോഹങ്ങള്‍കൊണ്ട് ഇതു നിര്‍മിക്കുന്നു. അരയില്‍ കെട്ടുന്ന ചരട് അരഞ്ഞാണ്‍ അല്ലെങ്കില്‍ ഉടഞ്ഞാണ്‍ ആണ്. തമിഴില്‍ അരൈഞ്ഞാണ്‍ എന്നും സാധാരണ സംസാരഭാഷയില്‍ അരഞ്ഞാണം എന്നും പറയാറുണ്ട്. മേഖല, കാഞ്ചി, സപ്തകി, രശന, സാരസനം എന്നിവ സ്ത്രീകള്‍ ധരിക്കുന്ന അരഞ്ഞാണിന്റെ സംസ്കൃത പര്യായങ്ങള്‍ ആണ്. പുരുഷന്മാര്‍ ധരിക്കുന്ന അരഞ്ഞാണിന് ശൃംഖല എന്നാണ് പേര്. കിലുങ്ങുന്ന ധാരാളം മണികള്‍ ഘടിപ്പിച്ച് അരഞ്ഞാണ്‍ ഭംഗിപിടിപ്പിക്കാറുണ്ട്. ഇത്തരം അരഞ്ഞാണിന് അരമണി എന്നും പറയും. പെണ്‍കുട്ടികളുടെ അരയില്‍ കെട്ടാന്‍ അരഞ്ഞാണിനോടു ചേര്‍ത്ത് അരയാലിലയുടെ ആകൃതിയില്‍ പണിയുന്ന ആഭരണമാണ് 'അരത്താലി'. മുസ്ലീം സ്ത്രീകള്‍ വസ്ത്രത്തിനുമീതെ പലതരം കൊത്തുപണികളോടുകൂടിയ വീതിയുള്ള അരഞ്ഞാണ്‍ ധരിക്കാറുണ്ട്. ഇതിനു കച്ചപ്പുറം എന്നും ഒഡ്യാണം എന്നും പേരുണ്ട്.

ഹിന്ദുക്കളുടെയിടയില്‍ അരഞ്ഞാണ്‍ കെട്ടുന്നത് ഒരു പ്രധാന ചടങ്ങാണ്. കേരളത്തിലെ ബ്രാഹ്മണരുടെ ഇടയില്‍ ഒരു കുട്ടി ജനിച്ച് 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്. ബ്രാഹ്മണേതരരായ ഹിന്ദുക്കള്‍ പെണ്‍കുട്ടിക്ക് ജനിച്ചതിന്റെ 27-ാം ദിവസവും ആണ്‍കുട്ടിക്ക് 28-ാം ദിവസവും അരഞ്ഞാണ്‍ കെട്ടുന്നു. ഈ ചടങ്ങിന് 'ഇരുപത്തെട്ടുകെട്ടുക' എന്നാണു പറയുക. ഈ ചടങ്ങില്‍ ആദ്യം ഒരു ചരടുകെട്ടുകയും ഇതോടൊപ്പം തന്നെ ആളുകളുടെ അവസ്ഥപോലെ സ്വര്‍ണംകൊണ്ടോ വെള്ളികൊണ്ടോ നിര്‍മിച്ച അരഞ്ഞാണം ധരിപ്പിക്കുകയുമാണ് പതിവ്. ചിലര്‍ ഏലസും രക്ഷയും അരഞ്ഞാണില്‍ ബന്ധിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ അരയില്‍ അണിയിക്കുന്നതിന് ഇരുമ്പുകൊണ്ടു നിര്‍മിക്കുന്ന പഴയ ഒരു ആഭരണമാണ് അരച്ചുരിക. ഇതും ഒരിനം അരഞ്ഞാണ്‍ തന്നെയാണ്.

കിണറിന്റെ തൊടി(പടി)ക്കും അരഞ്ഞാണ്‍ എന്നു ചില പ്രദേശങ്ങളില്‍ പറഞ്ഞുവരുന്നുണ്ട്. അതുപോലെ നിരപ്പടിക്ക് ചിലയിടങ്ങളില്‍ അരഞ്ഞാണ്‍ പടി എന്നാണു പറയുക.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍