This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബാസഡര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:56, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംബാസഡര്‍

Ambassodor


ഒരു രാജ്യത്തിന്റെ പ്രതിപുരുഷനായി മറ്റൊരു രാജ്യത്തു സേവനം അനുഷ്ഠിക്കുന്ന ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍. മധ്യകാലഘട്ടങ്ങളില്‍ ഇറ്റലിയിലെ നഗരരാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് വെനീസ് ആണ് സ്ഥിരം നയതന്ത്രാലയങ്ങള്‍ സ്ഥാപിക്കുന്ന പതിവ് ആരംഭിച്ചത്. 15-ാം ശ. മുതല്‍ യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും നയതന്ത്ര ഉദ്യോഗസ്ഥന്മാരെ കൈമാറ്റം ചെയ്യുന്ന രീതി സ്ഥിരമായി നടപ്പിലാക്കി. 1818-ലെ എയില ഷപ്പേല്‍ സന്ധിയനുസരിച്ച് (Treaty of Aix-La-Chapelle) നയതന്ത്ര ഉദ്യോഗസ്ഥന്മാരെ രാഷ്ട്രങ്ങളുടെ പ്രാധാന്യ ക്രമമനുസരിച്ചു നാലായി തരംതിരിച്ചു:

(1) അംബാസഡര്‍ (Ambassador); (2) അസാധാരണ ദൂതനും പൂര്‍ണാധികാരമുള്ള മന്ത്രിയും (Envoy Extra-ordinary and Minister Plenippotentiary); (3) നിവാസീമന്ത്രി (Minister Resident); (4) സ്ഥായികാര്യ ദൂതന്‍ (Charge D' Affaire). അംബാസഡര്‍ എന്ന സംജ്ഞയില്‍ പോപ്പിന്റെ താത്കാലികവും സ്ഥിരവുമായ പ്രതിപുരുഷന്‍മാരും (Legates and Nuncios) ഉള്‍പ്പെടും. അംബാസഡറുടെ അവകാശങ്ങള്‍, ചുമതലകള്‍, മുതലായവയെപ്പറ്റി പൊതുവേ അംഗീകരിക്കപ്പെട്ട ചില പ്രമാണങ്ങള്‍ ഉണ്ട്. താന്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ സല്‍പ്പേര്‍ നിലനിര്‍ത്തുക, രാജ്യതാത്പര്യങ്ങള്‍ക്കായി സദാ ജാഗരൂകനായിരിക്കുക എന്നിവ അംബാസഡറുടെ മുഖ്യ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു. വസ്തുതകള്‍ വേണ്ടപോലെ ഗ്രഹിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതാകയാല്‍ പക്വമതികളും അനുഭവസമ്പന്നരുമായ പ്രഗല്ഭവ്യക്തികളെ മാത്രമേ അംബാസഡറായി നിയമിക്കാറുള്ളു. താരതമ്യേന ഉയര്‍ന്ന ശമ്പളവും ജീവിതസൌകര്യങ്ങളും അംബാസഡര്‍ക്കു ലഭിക്കുന്നു. താന്‍ സ്ഥാനപതിയായി പ്രവര്‍ത്തിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അംബാസഡര്‍ക്കു ബാധകമല്ല. എന്നാല്‍ അംബാസഡര്‍ തന്റെ അവകാശങ്ങളും അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്യുന്നപക്ഷം 'അനഭിമതന്‍' (Persona non Grata) ആയി പ്രഖ്യാപിച്ചു തിരിച്ചുവിളിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ മാതൃരാജ്യത്തെ ഭരണാധികാരികളോട് ആവശ്യപ്പെടാവുന്നതാണ്.

രാഷ്ട്രത്തലവന്മാരാണ് അംബാസഡര്‍മാരെ നിയമിക്കുന്നത്. യു.എസ്സില്‍ സെനറ്റ് എന്ന ഉപരിമണ്ഡലത്തിന്റെ അനുമതി വാങ്ങിയശേഷമാണ് പ്രസിഡന്റ് അംബാസഡറെ നിയമിക്കുന്നത്. പുതുതായി നിയമിക്കപ്പെടുന്ന അംബാസഡര്‍, താന്‍ സ്ഥാനപതിയായിപോകുന്ന രാജ്യത്തെ രാഷ്ട്രത്തലവനെ സന്ദര്‍ശിച്ചു തന്റെ അധികാരപത്രം (Diplomatic Credentials) അദ്ദേഹത്തിനു സമര്‍പ്പിക്കേണ്ടതാണ്. അംബാസഡര്‍ക്ക് താന്‍ സ്ഥാനപതിയായിരിക്കുന്ന രാജ്യത്തിലെ ഭരണമേധാവിയെ നേരിട്ടു കാണുന്നതിനുള്ള അവകാശം ഉണ്ട്. വിദഗ്ധോപദേശത്തിനും കാര്യനിര്‍വഹണത്തിനും ആവശ്യമായ ഉദ്യോഗസ്ഥന്മാര്‍ അംബാസഡര്‍ക്ക് ഉണ്ടായിരിക്കും. രണ്ടു രാജ്യങ്ങളിലെയും വിദേശകാര്യാലയത്തോടാണ് അംബാസഡര്‍ കൂടുതലും ബന്ധപ്പെടുന്നത്.

നയതന്ത്രപരമായ കാര്യങ്ങള്‍ക്കായി വിദേശത്ത് അംബാസഡറെക്കൂടാതെ ചില പ്രത്യേക കാര്യങ്ങള്‍ക്കായി മാത്രം നിയമിതരാകുന്ന സ്ഥാനപതികളും ഉണ്ട്. യു.എന്‍. മുതലായ അന്താരാഷ്ട്രസംഘടനകളിലെ പ്രതിനിധികള്‍ക്കും അംബാസഡറുടെ പദവിയും അധികാരങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകുന്നപക്ഷം അംബാസഡര്‍മാരെയും സ്റ്റാഫിനെയും നിരപായം തിരിച്ചയയ്ക്കേണ്ടത് അനിവാര്യമായ കടമയായി എല്ലാരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്നു.

ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍പ്പെട്ട രാജ്യങ്ങളില്‍ നിയമിതരാകുന്ന പ്രതിപുരുഷന്‍ ഹൈക്കമ്മിഷണര്‍ (High-Commissioner) എന്ന പേരിലാണ് അറിയപ്പെടുന്നത്. നോ: അധികാരപത്രം

(പ്രൊഫ. വി. ടൈറ്റസ് വറുഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍