This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്പലവാസികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമ്പലവാസികള്‍
കേരളത്തിലെ വര്‍ണവ്യവസ്ഥയില്‍ ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കും ഇടയ്ക്കുള്ളവരും പരമ്പരാഗതമായി ക്ഷേത്രസേവനങ്ങള്‍ അനുഷ്ഠിക്കുന്നവരും ആയ ജനവിഭാഗം. പിന്നെ അന്തരജാതികള്‍ എന്നു പറയുന്നു; അന്തരാളത്തിലുള്ളവരൊക്കെയും, പിന്നെ അമ്പലവാസികള്‍ ഒക്കെയും, ശൂദ്രരിങ്കല്‍നിന്നു കയറിയവര്, ബ്രാഹ്മണരിങ്കല്‍ നിന്നു കിഴിഞ്ഞത്. അതില്‍ വാരിയന്മാരും പൊറപ്പൊതുവാന്മാരും ശൂദ്രരിങ്കല്‍നിന്നു കയറിയവരാകുന്നു. പുഷ്പകന്‍, പിഷാരന്മാര്‍, പൊതുവാളും ബ്രാഹ്മണരിങ്കേന്നു കിഴിഞ്ഞത്' എന്നു കേരളോത്പത്തിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. നമ്പീശന്‍, പുഷ്പകന്‍, പൂപ്പള്ളി (പ്ളാപ്പള്ളി), ചാക്യാര്‍, ദൈവംപാടി (ബ്രാഹ്മണി), അടികള്‍, നമ്പിടി, നമ്പ്യാര്‍, പിഷാരോടി, വാരിയര്‍, നാട്ടുപ്പട്ടര്‍, തീയാട്ടുണ്ണി, കുരുക്കള്‍, പൊതുവാള്‍ എന്നിവര്‍ അമ്പലവാസികളുടെ ഉപവിഭാഗങ്ങളാണ്.
എ.ഡി. 7-ാം ശ.-ത്തോടുകൂടി അമ്പലനിര്‍മാണം കേരളത്തില്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നു. അതോടെ ക്ഷേത്രങ്ങളില്‍ നിത്യനിദാനങ്ങള്‍ നിഷ്ഠയോടെ നടത്താന്‍വേണ്ടി അമ്പലവാസികളെ നിയോഗിച്ചുവന്നു. സാമൂഹികശ്രേണിയിലും പരമ്പരാഗതജാതിവ്യവസ്ഥയിലും പലതലങ്ങളില്‍ വര്‍ത്തിക്കുന്നവരാണിവര്‍. പ്രത്യേകമായ ചില സേവനങ്ങള്‍ അനുഷ്ഠിക്കുകയാണ് ഇവരുടെ കുലധര്‍മം. പൂണൂല്‍ ഉള്ളവരും ഇല്ലാത്തവരും, ദായക്രമത്തില്‍ മക്കത്തായക്കാരും മരുമക്കത്തായക്കാരും ഇക്കൂട്ടരില്‍ ഉണ്ട്; പരസ്പരം കൂടിക്കഴിയുന്നവരും അല്ലാത്തവരും ആയ വിഭാഗങ്ങള്‍ ഉണ്ട്; പ്രവൃത്തിയിലും ആചാരനടപടികളിലും ദായക്രമത്തിലും ഒരുപോലെയും, അറിയപ്പെടുന്ന പേരില്‍ മാത്രം വ്യത്യസ്തവുമായ ഉപവിഭാഗങ്ങളും ഉണ്ട്. കേരളത്തിലെ സാംസ്കാരികമേഖലയില്‍ അമ്പലവാസികള്‍ക്കു പ്രധാനമായ ഒരു സ്ഥാനമാണുള്ളത്.
പ്രധാന ഉപവിഭാഗങ്ങള്‍ : (പുരുഷന്‍-സ്ത്രീ)
1. അടിയാള്‍-അടിയിശ്യാര്‍. ഭദ്രകാളിക്ഷേത്രങ്ങളായ കാവുകളില്‍ അര്‍ച്ചനയാണ് ഇവരുടെ പ്രവൃത്തി. മക്കത്തായമാണ് ദായക്രമം. ഇവരുടെ സ്ത്രീകളെ ബ്രാഹ്മണര്‍ വിവാഹം ചെയ്യാറുണ്ട്. എന്നാല്‍ മുന്‍പറഞ്ഞ പ്രവൃത്തി ഇല്ലാതെ ഈ പേരില്‍ അറിയപ്പെടുന്നവരുമുണ്ട്. അവര്‍ക്കു പൂണൂല്‍ ഇല്ല. ദാരികവധം കഴിഞ്ഞുനില്ക്കുന്ന ഭദ്രകാളിയുടെ കോപാഗ്നിയെ കെടുത്തുന്നതിന് ഇളനീരിന്റെ മൂടുവെട്ടി ആടിയഭിഷേചിച്ചതിനു 'പാതിത്യം' കല്പിക്കപ്പെട്ട ബ്രാഹ്മണരുടെ വംശപരമ്പരയാണ് ഇവര്‍ എന്നും ഐതിഹ്യമുണ്ട്.
2. നമ്പീശന്‍-ബ്രാഹ്മണിയമ്മ. പൂജാപുഷ്പങ്ങള്‍ ഒരുക്കുക, മാലകെട്ടുക, നിവേദ്യവസ്തുക്കള്‍ തയ്യാറാക്കിക്കൊടുക്കുക എന്നിവയാണ് ഇക്കൂട്ടരുടെ പ്രവൃത്തി. ഇവരില്‍ മക്കത്തായക്കാരും മരുമക്കത്തായക്കാരും ഉണ്ട്. മക്കത്തായക്കാരായ സ്ത്രീകള്‍ക്കു സ്വജാതിയിലുള്ള ഭര്‍ത്താവു മരിച്ചാല്‍, രണ്ടാം വിവാഹത്തിലേര്‍പ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളു. സ്ത്രീകള്‍ക്കു പാട്ടുപാടി ദേവനെ സേവിക്കുക എന്നൊരു വിശേഷപ്രവൃത്തി കൂടിയുണ്ട്. ഇവര്‍ പാടുന്ന പാട്ടുകളാണ് 'ബ്രാഹ്മണിപ്പാട്ടുകള്‍'. പുഷ്പകന്‍ (ഉണ്ണി)-പുഷ്പിണി (അത്തേരമ്മ)-ഇവര്‍ ആചാരനടപടികളിലും മറ്റും നമ്പീശന്‍മാരോടു സമാനരാണ്; പേരില്‍ ഭേദമുണ്ടെങ്കിലും.
3. ചാക്കിയാര്‍-ഇല്ലോടിയമ്മ. തനി കേളീയവും മുന്‍പ് അമ്പലങ്ങളില്‍ വച്ചുമാത്രം പ്രത്യേകാവസരങ്ങളില്‍ പ്രയോഗിച്ചിരുന്നതും ആയ കൂത്ത്, കൂടിയാട്ടം എന്നീ പ്രകടനങ്ങള്‍ നടത്തുന്നവര്‍. പൂണൂലുണ്ട്; മരുമക്കത്തായമാണ് ദായക്രമം ; ഇല്ലോടിയമ്മമാരെ വിവാഹം കഴിക്കുന്നത് ഏറിയകൂറും കേരളബ്രാഹ്മണരാണ്. കൂത്തുപറഞ്ഞു വിജ്ഞാനവിതരണം ചെയ്യുന്നതിനാല്‍ ലഭിച്ച 'ശ്ലാഘ്യര്‍' എന്ന പേരാണ് പില്ക്കാലത്തു ചാക്കിയാര്‍ എന്നായതെന്ന് ഒരൈതിഹ്യമുണ്ട്; ശ്ലാഘ്യരെന്ന പദം ചാക്യാരെ സംസ്കൃതീകരിച്ചതുമാകാം.