This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്പലപ്പുഴ യുദ്ധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമ്പലപ്പുഴ യുദ്ധം
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രാജാവ് (ഭ.കാ. 1729-58) അമ്പലപ്പുഴ (ചെമ്പകശ്ശേരി) രാജ്യം പിടിച്ചെടുക്കാന്‍ നടത്തിയ യുദ്ധം. 1746-ലെ കായംകുളം യുദ്ധത്തില്‍ ചെമ്പകശ്ശേരി രാജാവു കായംകുളം രാജാവിനെ സഹായിച്ചതായി മാര്‍ത്താണ്ഡവര്‍മയും രാമയ്യന്‍ ദളവയും മനസ്സിലാക്കി. യുദ്ധം ജയിച്ചശേഷം കായംകുളത്തെ ആയുധപ്പുരകളില്‍നിന്നു തിരുവിതാംകൂര്‍ (വേണാട്ട്) സൈനികര്‍ കണ്ടെത്തിയ 'ദേവനാരായണ' നാമാങ്കിതമായ ആയുധങ്ങള്‍ ചെമ്പകശ്ശേരിക്കു കായംകുളം യുദ്ധത്തിലുണ്ടായിരുന്ന പങ്ക് തെളിയിച്ചു. അതേവര്‍ഷത്തില്‍ത്തന്നെ രാമയ്യന്‍ തിരുവിതാംകൂര്‍ സേനയെ അമ്പലപ്പുഴയിലേക്കു നയിച്ചു. രാജധാനിക്കു തെ. ഭാഗത്തുള്ള തോട്ടപ്പള്ളിയില്‍വച്ച് അമ്പലപ്പുഴയുടെ സേനാനായകരായ മാത്തൂര്‍ പണിക്കരുടെയും മന്ത്രി തെക്കേടത്തു ഭട്ടതിരിയുടെയും നേതൃത്വത്തില്‍ അവരുടെ ഒരു സൈന്യം തിരുവിതാംകൂര്‍ സേനയെ നേരിട്ടു. അമ്പലപ്പുഴ സൈനികര്‍ പ്രയോഗിച്ച വിഷലിപ്തമായ മാരകാസ്ത്രങ്ങളുടെ പ്രയോഗം (ഇവ രാജാവിന്റെ തന്നെ ഒരു കണ്ടുപിടിത്തത്തിന്റെ ഫലമായി നിര്‍മിക്കപ്പെട്ടതാണത്രെ) തിരുവിതാംകൂര്‍ സേനയ്ക്കു വളരെ ആള്‍നാശം വരുത്തി. അമ്പലപ്പുഴ സൈന്യത്തിന്റെ മുന്‍നിരയില്‍ കുറെയധികം ബ്രാഹ്മണര്‍ അണിനിരന്നിരുന്നു. ബ്രാഹ്മണരുടെ നേരെ അസ്ത്രം പ്രയോഗിക്കാന്‍ തിരുവിതാംകൂര്‍ സേനയിലെ ഹിന്ദുക്കള്‍ വൈമനസ്യം പ്രദര്‍ശിപ്പിച്ചു. ഒരാഴ്ചത്തേക്ക് ആക്രമണം സ്തംഭിച്ചു. അപ്പോഴേക്കും ഡിലനോയി യുദ്ധരംഗത്തെത്തി. അദ്ദേഹത്തോടൊപ്പം വന്നുചേര്‍ന്ന മുസ്ലീങ്ങളും ക്രൈസ്തവരുമായ ഭടന്‍മാരെയും കൂടി സംഘടിപ്പിച്ച് രാമയ്യനും ഡിലനോയിയും ആക്രമണം പുനരാരംഭിച്ചു. ബ്രാഹ്മണര്‍ ഉള്‍പ്പെടെ ചെമ്പകശ്ശേരി സേനയില്‍ അനവധി ആളുകള്‍ മരിച്ചു. ഈ അവസരത്തില്‍ മാത്തൂര്‍ പണിക്കരും തെക്കേടത്തു ഭട്ടതിരിയും തിരുവിതാംകൂര്‍ പക്ഷത്തു ചേര്‍ന്നതായി ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ ചരിത്രകാരനായ ശങ്കുണ്ണി മേനോന്‍ അല്പം വ്യത്യസ്തമായാണ് ഈ കാര്യം വിവരിച്ചിട്ടുള്ളത്. യുദ്ധത്തില്‍ പരാജയം സംഭവിക്കുമെന്നു പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടും, രാജാവു വകവയ്ക്കാതെയിരുന്നതിനാല്‍ പണിക്കരും ഭട്ടതിരിയും, പരാക്രമത്തെക്കാള്‍ ഭേദം വിവേകമാണെന്നു മനസ്സിലാക്കി രക്ഷനേടുകയായിരുന്നുവെന്നു കരുതപ്പെടുന്നു. മന്ത്രിയും സേനാനായകനും മറുവശം ചേര്‍ന്നശേഷവും രാജാവിന്റെ സൈന്യങ്ങള്‍ ഏതാനും ദിവസത്തേക്കു യുദ്ധം തുടര്‍ന്നു. രാമയ്യന്റെ സൈന്യം അമ്പലപ്പുഴ കൊട്ടാരത്തില്‍ പ്രവേശിച്ച് രാജാവിനെ ബന്ധനസ്ഥനാക്കി തിരുവനന്തപുരത്തേക്കയച്ചു. ചെമ്പകശ്ശേരി രാജ്യവും സ്വത്തുക്കളും തിരുവിതാംകൂറില്‍ ലയിപ്പിക്കപ്പെട്ടു. തെക്കേടത്തു ഭട്ടതിരിയുടെയും മാത്തൂര്‍ പണിക്കരുടെയും കുടുംബങ്ങള്‍ക്കു കരമൊഴിവായി വസ്തുവകകളും ചില സ്ഥാനമാനങ്ങളും, അവകാശങ്ങളും മാര്‍ത്താണ്ഡവര്‍മ രാജാവു നല്കി.
ബന്ധനസ്ഥനാക്കപ്പെട്ട അമ്പലപ്പുഴ രാജാവിനെ പിന്നീടു മോചിപ്പിച്ചു. ചില വരുമാനങ്ങളോടെ മൂലകുടുംബമായ കുടമാളൂര്‍ മഠത്തില്‍ പോയി വസിച്ചുകൊള്ളാന്‍ രാജാവ് അനുവദിച്ചു. അതു ക്രമേണ കൂടുതല്‍ വൈഷമ്യങ്ങള്‍ക്കു കളമൊരുക്കി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അമ്പലപ്പുഴ രാജാവ് രാജ്യഭ്രഷ്ടരായ വടക്കുംകൂര്‍-തെക്കുംകൂര്‍ രാജാക്കന്മാരുമായി ചേര്‍ന്നു കൊച്ചീരാജാവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിനെ എതിര്‍ത്തു. ആ സംയുക്ത സൈന്യം 1754-ല്‍ തിരുവിതാംകൂര്‍ സേനയുമായി അമ്പലപ്പുഴവച്ച് ഏറ്റുമുട്ടി. ഈ പോരാട്ടത്തില്‍ കൊച്ചിയിലെ പല പ്രഭുക്കന്മാരും തടവുകാരായി. ഇവരില്‍ കൊച്ചി സൈന്യാധിപനായ ഇടിക്കേള മേനോന്‍ വധിക്കപ്പെട്ടു. പാലിയത്തു കോമി അച്ചനെ തടവുകാരനാക്കി തിരുവനന്തപുരത്തു കൊണ്ടുപോയി. പിന്നീടു ബന്ധനമുക്തനാക്കി. തുടര്‍ന്നു കൊച്ചി മന്ത്രിയായിത്തീര്‍ന്ന കോമി അച്ചന്‍ 1757-ല്‍ തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ സൌഹാര്‍ദസഖ്യം ചെയ്യാന്‍ മുന്‍കൈയെടുത്തു.