This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്ത്യകൂദാശ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:02, 26 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അന്ത്യകൂദാശ

Last Sacrament

ആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതന്‍ നല്കുന്ന അവസാനശുശ്രൂഷ. തൈലലേപന ശുശ്രൂഷ (Annointing of the Sick) എന്ന പേരാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ പരാമര്‍ശമുണ്ടായി. 9-ാം ശ.-ത്തിലുണ്ടായ 'കരോലിംഗ്' പരിഷ്കരണത്തിനുശേഷം സ്വര്‍ഗത്തിലേക്കുള്ള യാത്രയ്ക്കുതകുന്ന 'പാഥേയം' ആയ പാപമോചനം, തൈലാഭിഷേകം, കുര്‍ബാനാനുഭവം എന്നിവ ലഭിക്കാതെ ആരെയും മരണകവാടത്തിലേക്കു പ്രവേശിപ്പിക്കാനനുവദിക്കരുതെന്നു സഭാധികാരികള്‍ അനുശാസിച്ചു. തന്‍മൂലം അന്ത്യകൂദാശ ഏറ്റവും ഒടുവില്‍ ചെയ്യേണ്ട സഭാശുശ്രൂഷയായി പരിണമിച്ചു. ആരാധനയെപ്പറ്റിയുള്ള 1963-ലെ നിയമാവലിയില്‍ ഇപ്രകാരം പറയുന്നു:-- വാര്‍ധക്യമോ, രോഗമോ മൂലം മരണം ആസന്നം എന്നു കരുതുമ്പോള്‍ ആണ് അന്ത്യകൂദാശ സ്വീകരിക്കാനുള്ള അനുയോജ്യമായ സമയം.

തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തില്‍ നടത്തുന്ന പ്രാര്‍ഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തില്‍ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകള്‍ യോജിക്കുന്നു. രോഗികള്‍ക്കായുള്ള ഈ വിശുദ്ധകര്‍മം ബൈബിള്‍-പുതിയ നിയമത്തിന് അനുസൃതമാണ്. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ വളരെയധികം രോഗികളെ അപ്പോസ്തലന്മാര്‍ തൈലലേപനം നല്കി സുഖപ്പെടുത്തി (മര്‍ക്കോ. 6:13) എന്നു കാണുന്നു. അപ്പോസ്തലനായിരുന്ന യാക്കോബ് "നിങ്ങളില്‍ രോഗിയായ ഒരുവനുണ്ടെങ്കില്‍ അവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ അവനുവേണ്ടി പ്രാര്‍ഥിക്കുകയും അവന്റെമേല്‍ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം നടത്തുകയും ചെയ്യട്ടെ. (യാക്കോബ് 5:14) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കൂദാശയില്‍ പ്രത്യേകമായി പുരോഹിതന്‍ ആശീര്‍വദിച്ച ഒലിവെണ്ണ രോഗിയുടെ പഞ്ചേന്ദ്രിയങ്ങളില്‍ ഓരോന്നിലും പ്രത്യേകം പ്രത്യേകം പൂശുന്നു. 'ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാര്‍ദ്രതയാലും നിന്റെ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കട്ടെ' എന്ന പ്രാര്‍ഥന ഓരോ പ്രാവശ്യവും ആവര്‍ത്തിക്കുന്നു. രോഗിക്ക് രോഗശമനത്തിനും ആത്മധൈര്യത്തിനും ഉതകുന്ന ദൈവികനല്‍വരം (കൃപ) ലഭിക്കുക എന്നതാണ് ഇതിന്റെ മുഖ്യോദ്ദേശ്യം. തൈലലേപനം കൂടാതെയുള്ള അന്ത്യകൂദാശകള്‍ ചില സഭകള്‍ നടത്താറുണ്ട്. ആധിക്ക് എതിരെ പ്രത്യാശയും ദുരിതാനുഭവങ്ങള്‍ക്കെതിരെ സഹനശക്തിയും പരീക്ഷണങ്ങള്‍ക്ക് എതിരെ ആത്മധൈര്യവും ദേവകൃപമൂലം ഈ ശുശ്രൂഷയിലൂടെ ലഭിക്കുമെന്നു കരുതപ്പെടുന്നു. ശരീരസൌഖ്യവും പാപം, ശിക്ഷ എന്നിവയില്‍നിന്നുള്ള മോചനവും ലഭിക്കുന്നതിന് വിശ്വാസവും പശ്ചാത്താപവും ആവശ്യമാകുന്നു. ഇവയെ പ്രചോദിപ്പിക്കുന്ന അന്ത്യകൂദാശാശുശ്രൂഷയില്‍ കൃപാവരങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു.

ആംഗ്ളോ-കത്തോലിക്കരൊഴികെ, മറ്റു ആംഗ്ളിക്കന്‍ സഭകള്‍ അന്ത്യകൂദാശയില്‍ തൈലലേപന ശുശ്രൂഷ നടത്താറില്ല. ഈ ഭാഗം അവരുടെ പ്രാര്‍ഥനാക്രമത്തില്‍ നിന്ന് നീക്കം ചെയ്തു. യു.എസ്സിലെ എപ്പിസ്കോപ്പല്‍ സഭകള്‍ ഇതിനെ സ്വീകരിച്ചുകാണുന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ ഈ ശുശ്രൂഷ ഇന്നും നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍