This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമൈലേസുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=അമൈലേസുകള്‍ = Amylases
ഒരിനം എന്‍സൈമുകള്‍ (enzymes). സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരത്തില്‍ സംഭരിക്കുന്ന സ്റ്റാര്‍ച്ച് (starch), ഗ്ലൈക്കൊജന്‍ (glycogen) എന്നിവയുടെയും, അവയുടെ ജലീയവിശ്ളേഷണോത്പന്നങ്ങളുടെയും വിഘടനം, ജലീയവിശ്ളേഷണം വഴി സാധിക്കുന്നതില്‍ ത്വരകങ്ങളായി പ്രവര്‍ത്തിക്കുന്ന പദാര്‍ഥങ്ങളാണ് ഇവ. ഈ കാര്ബൊഹൈഡ്രേറ്റുകളുടെയെല്ലാം അന്തിമവിശ്ളേഷണഫലങ്ങള് ഡെക്സ്ട്രിനുകളും (dextrins) മാള്ടോസും (maltose) ആണ്. ഇവയില്‍ ഡെക്സ്ട്രിനുകള്‍ ഉത്പാദിപ്പിക്കുന്നവയെ ആല്‍ഫാ അമൈലേസുകള്‍ ( α-amylases) എന്നും മാള്‍ടോസ് ഉത്പാദിപ്പിക്കുന്നവയെ ബീറ്റാ അമൈലേസുകള്‍
(β-amylases) എന്നും പറയുന്നു. α അമൈലേസുകളുടെ ത്വരണംമൂലം ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ക്ക് α സംരചനയും, βഅമൈലേസുകളുടെ ത്വരണംമൂലം ലഭ്യമാകുന്ന ഉത്പന്നങ്ങള്‍ക്ക് βസംരചനയും (β-configuration) ഉള്ളതുകൊണ്ടാണ് ഈ ഒരു വര്‍ഗീകരണം ഉണ്ടായിട്ടുള്ളത്. αഅമൈലേസുകളെ എല്ലാ വിധത്തിലുമുള്ള അവയവങ്ങളിലും കലകളിലും കാണാം. എന്നാല്‍ പ്രായേണ ഉയര്‍ന്ന സസ്യങ്ങളില്‍ മാത്രമേ βഅമൈലേസുകള്‍ കാണപ്പെടുന്നുള്ളു. ജന്തുക്കളില്‍ ഉമിനീരിലും അഗ്ന്യാശയത്തിലും (pancreas) ആണ് അമൈലേസുകളെ അധികമായിക്കാണുന്നത്. ഉമിനീരിലുള്ള അമൈലേസിന് റ്റയലിന് (ptyalin) എന്നും അഗ്ന്യാശയ-അമൈലേസിന് അമൈലൊപ്സിന് എന്നും വേറെ പേരുകളുണ്ട്.
അമൈലേസുകളുടെ ഉപയോഗം പല തരത്തിലാണ്. മദ്യവ്യവസായത്തില്‍ സ്റ്റാര്‍ച്ചിനെ കിണ്വനീയങ്ങളായ പഞ്ചസാരകള്‍ (fermentable sugars) ആക്കി മാറ്റുവാനും തുണിവ്യവസായത്തില്‍ തുണിത്തരങ്ങളില്‍ ചിത്രപ്പണികള്‍ ചെയ്യാനും അലക്കുവ്യവസായത്തില് പ്രോട്ടിയേസുകള്‍, ലിപേസുകള്‍ എന്നിവയുമായി മിശ്രണം ചെയ്തു ധാവനത്തിനും കടലാസ് വ്യവസായത്തില്‍ സൈസിങ് നടത്തുവാനും ഭക്ഷ്യസംസ്കരണത്തിനും ഇവ ഉപയോഗിക്കപ്പെടുന്നു. നോ: കാര്‍ബൊ ഹൈഡ്രേറ്റുകള്‍