This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിശങ്കരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:11, 29 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആദിശങ്കരന്‍

അദ്വൈതദര്‍ശനത്തിന്റെ മുഖ്യവ്യാഖ്യാതാവ്. ശിഷ്യരായ ശങ്കരാചാര്യന്‍മാരില്‍ നിന്നും തിരിച്ചറിയാന്‍ വേണ്ടി ഇദ്ദേഹത്തെ ആദിശങ്കരന്‍ എന്നു വ്യവഹരിക്കാറുണ്ട്. ഭാരതീയ ദര്‍ശനത്തിനു ശങ്കരാചാര്യര്‍ നല്കിയ മഹത്തായ സംഭാവനയാണ് ഇദ്ദേഹത്തിന്റെ അദ്വൈതസിദ്ധാന്തം.


ജീവിതകാലം

ശ്രീശങ്കരാചാര്യരുടെ ജീവിത കാലത്തെക്കുറിച്ച് വിവിധ ഗ്രന്ഥകാരന്‍മാര്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എ.ഡി. 8-ാം ശ.-ത്തിന്റെ രണ്ടാം പകുതിയില്‍ ഇദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. എ.ഡി. 788-ല്‍ ജനിച്ചു എന്നുള്ള അഭിപ്രായത്തിന് മാക്സ് മുള്ളര്‍, കെ.ബി. പാഠക് മുതലായവരുടെ സമ്മതിയും ഉണ്ട്. ആചാര്യരുടെ ജനനം, സ്ഥലം, കാലം, പ്രവര്‍ത്തനമണ്ഡലം മുതലായവയെക്കുറിച്ച് മാധവാചാര്യര്‍, ആനന്ദഗിരി, ചിദ്വിലാസന്‍, സ്വാമി സദാനന്ദന്‍, ഗോവിന്ദനാഥന്‍ മുതലായവര്‍ പ്രാമാണികഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സ്കന്ദപുരാണത്തിലും വായൂപുരാണത്തിലും ഇദ്ദേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആധുനികഗ്രന്ഥകാരന്‍മാരുടെ കൂട്ടത്തില്‍ വില്‍സണ്‍, മാക്സ് മുളളര്‍, തെലാങ് മുതലായവരും ഇദ്ദേഹത്തെപ്പറ്റി പ്രത്യേകം പഠനം നടത്തിയിട്ടുണ്ട്.

കാലത്തെക്കുറിച്ച് എന്നതുപോലെ ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ചും ജനനസ്ഥലത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളാണുള്ളത്. ആനന്ദഗിരി ഒഴിച്ച് മറ്റെല്ലാ ഗ്രന്ഥകാരന്‍മാരും ശ്രീശങ്കരന്റെ ജന്‍മസ്ഥലം ആലുവായില്‍ നിന്നും ഏതാണ്ട് എട്ടു മൈല്‍ വ.കി. മാറി സ്ഥിതി ചെയ്യുന്ന കാലടിയാണെന്ന് അഭിപ്രായപ്പെടുന്നു; ആനന്ദഗിരിയാകട്ടെ ചിദംബരമാണെന്നും.

ജനനം

കാലടി ഗ്രാമത്തിലെ വിദ്യാധിരാജന്‍ എന്ന ബ്രാഹ്മണന്റെ പുത്രനായ ശിവഗുരുവിന്, വിവാഹിതനായശേഷം വളരെക്കാലത്തേക്കു സന്തതികളൊന്നും ഉണ്ടായില്ല. ഈ ദമ്പതികള്‍ (ശിവഗുരു, ആര്യാംബ) ശിവനെ തപസ്സു ചെയ്യുവാന്‍ തുടങ്ങി. ഒരു ദിവസം സ്വപ്നത്തില്‍ ശിവന്‍ ഇവര്‍ക്കു പ്രത്യക്ഷപ്പെട്ടുവത്രെ. ബുദ്ധികൂര്‍മയുള്ള ജ്ഞാനിയും എന്നാല്‍ അല്പായുസ്സോടു കൂടിയവനും ആയ ഒരു പുത്രനോ, ദീര്‍ഘായുസ്സുള്ളവരും മന്ദബുദ്ധികളും ആയ ധാരാളം സന്തതികളോ ഏതാണ് അവര്‍ക്കു വേണ്ടത് എന്ന് ശിവന്‍ തങ്ങളോടു ചോദിച്ചതായി അവര്‍ സ്വപ്നം കണ്ടു. ബുദ്ധിമാനായ ഒരു പുത്രനെയാണ് അവര്‍ രണ്ടുപേരും ആവശ്യപ്പെട്ടത്. അവരുടെ ആഗ്രഹപ്രകാരം ജനിച്ച പുത്രനാണ് ശങ്കരാചാര്യര്‍ എന്ന് ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് മാധവാചാര്യര്‍ പറയുന്നു.

സന്ന്യാസം

കുട്ടിക്കാലത്തുതന്നെ ശങ്കരനു സന്ന്യാസത്തില്‍ അതിയായ താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ അമ്മ അതനുവദിച്ചിരുന്നില്ല. അമ്മയുടെ അനുവാദം ലഭിക്കുന്നതിനുവേണ്ടി അമ്മയോടുകൂടി പെരിയാറ്റില്‍ കുളിക്കാന്‍പോയ തന്നെ ഒരു മുതല പിടിച്ചതായി അമ്മയ്ക്കു തോന്നല്‍ ഉണ്ടാക്കുകയും സന്ന്യാസത്തിന് അനുവാദം നല്കുകയാണെങ്കില്‍ മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുമെന്ന് അമ്മയോടു പറയുകയും അങ്ങനെ അമ്മ സന്ന്യാസത്തിന് അനുമതി നല്കുകയും അതനുസരിച്ച് അദ്ദേഹം മുക്തനാവുകയും ചെയ്തതായി ഒരു ഐതിഹ്യം ഉണ്ട്. സന്ന്യാസത്തിന് അനുമതി ലഭിച്ചശേഷം ശങ്കരന്‍ നര്‍മദാതീരത്തുള്ള ഒരു കാട്ടിലേക്കു പോയി. അവിടെ വച്ച് ഗോവിന്ദാചാര്യരെ കാണുകയും അദ്ദേഹത്തിന്റെ ശിഷ്യനാകുകയും ചെയ്തു. ഗോവിന്ദാചാര്യര്‍ ഗൌഡപാദാചാര്യരുടെ ശിഷ്യനാണ്. പിന്നീട് ഇദ്ദേഹം കാശി സന്ദര്‍ശിക്കുകയും ബ്രഹ്മസൂത്രങ്ങള്‍ക്കു വ്യാഖ്യാനം രചിക്കുകയും ചെയ്തു. പ്രയാഗയില്‍ വച്ച് മീമാംസകനായ കുമാരിലഭട്ടനെ കണ്ടുമുട്ടി. ശ്രീശങ്കരന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവമാണ് മീമാംസകനായ മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച. മാഹിഷ്മതിയില്‍ വച്ച് മണ്ഡനമിശ്രനുമായി ശ്രീശങ്കരന്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ആറുദിവസത്തോളം നീണ്ടുനിന്ന വാദത്തില്‍ ശ്രീശങ്കരന്‍ വിജയിക്കുകയും മണ്ഡനമിശ്രന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. ഇദ്ദേഹമാണ് പിന്നീട് സുരേശ്വരാചാര്യര്‍ എന്ന പേരില്‍ അറിയപ്പെട്ടത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍