This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആട്യ-പാട്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 29 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആട്യ-പാട്യ

മഹാരാഷ്ട്രപ്രദേശത്തു പ്രചാരത്തിലുള്ള ഒരു മത്സരക്കളി. 'ദാരിയബന്ധാ' എന്നും ഇതിനു പേരുണ്ട്. ഇംഗ്ലീഷില്‍ ഇതിനു ഗെയിം ഒഫ് ഫിയന്റ്സ് (game of feints) എന്നാണ് പറയുക. കേരളത്തിലെ ഒരു നാടന്‍വിനോദമായ കിളിത്തട്ടുകളിയോട് ഇതിനു സാദൃശ്യമുണ്ട്. ദേശീയതലത്തില്‍ പ്രാധാന്യം നേടുവാന്‍ കഴിഞ്ഞിട്ടുള്ള ഈ പ്രാദേശിക മത്സരക്കളിയുടെ വികാസത്തിലും പ്രചാരത്തിലും അഖില മഹാരാഷ്ട്ര ശാരീരിക ശിക്ഷണമണ്ഡലം ചെയ്തിട്ടുള്ള സേവനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ കളിയുടെ നടത്തിപ്പിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും ഈ മണ്ഡലമാണ് തയ്യാറാക്കിയിട്ടുള്ളത്.

പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഒരു കളിസ്ഥലം ഇതിനാവശ്യമാണ്. അവിടെ നിര്‍ദിഷ്ട അളവുകളില്‍ കളം സജ്ജമാക്കേണ്ടതുണ്ട്. ഏഴുമീറ്റര്‍ നീളവും 33 സെ.മീ. വീതിയുമുള്ള ഒന്‍പതു തടങ്ങള്‍ (trenches) ഒരു കളത്തിനുണ്ടായിരിക്കും. അതിന്റെ ഒത്തനടുവിലൂടെ നെടുനീളത്തില്‍ 27 മീ. നീളവും 33 സെ.മീ. വീതിയുമുള്ള മറ്റൊരു തടവും (central trench) ഉണ്ടായിരിക്കും. ഈ തടം കുറുകെയുള്ള ഒന്‍പതു തടങ്ങളെയും ഈരണ്ടായി പകുക്കുന്നു. തടങ്ങള്‍ക്കു പുറത്ത് നാലുവശത്തുമായി അതിര്‍ത്തിരേഖകള്‍ ഉണ്ടായിരിക്കും. അതിര്‍വരയ്ക്ക് പുറത്ത് തടങ്ങള്‍ 91 സെ.മീ. തള്ളിനില്ക്കും. 15 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും 152.4 സെ.മീ-ല്‍ കുറഞ്ഞ ഉയരം ഉള്ളവര്‍ക്കും ആട്യ-പാട്യ കളിക്കുന്നതിനുള്ള കളത്തിനു പ്രത്യേകം അളവുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

ഒരു ടീമില്‍ 9 കളിക്കാര്‍ വീതം കാണും. ഒരു കളിയില്‍ രണ്ടു ടീമുകള്‍ പങ്കെടുക്കും. ഇതില്‍ ഒരുകൂട്ടര്‍ അതിലംഘി(assailants) കളായും മറ്റേക്കൂട്ടര്‍ പ്രതിരോധികളാ(defenders)യുമാണ് കളിക്കുക. ടോസ് നേടുന്നവര്‍ക്ക് ഇതില്‍ ഒന്ന് ആദ്യം തിരഞ്ഞെടുക്കാം. പ്രതിരോധികള്‍ ഓരോ തടവും കാത്തുസൂക്ഷിക്കും. അവരില്‍ ഒരാള്‍ കളത്തിന്റെ നടുക്ക് നെടുകെയുള്ള തടത്തിന്റെ സൂക്ഷിപ്പുകാരന്‍ (grenadier) കൂടിയായിരിക്കും. കിളിത്തട്ടിലെ കിളിയുടെ സ്ഥാനമാണിയാള്‍ക്ക്. അതിലംഘികള്‍ പ്രതിരോധികളുടെ പിടിയില്‍പെടാതെ ഓരോ തടവും കടന്നു മുന്നേറാന്‍ ശ്രമിക്കും. ഇതിനിടയില്‍ പ്രതിരോധികളുടെ സ്പര്‍ശനമേറ്റാല്‍ അതിലംഘികള്‍ പുറത്താകും. അങ്ങനെ സ്പര്‍ശനമേല്ക്കാതെ ഒരു തടത്തില്‍ നിന്ന് അടുത്ത തടത്തില്‍ രണ്ടുപാദങ്ങളും ഊന്നിക്കഴിഞ്ഞാല്‍ അതിലംഘി രക്ഷപ്പെടും. ഇരുകൂട്ടരുടെയും കാല്‍വയ്പുകള്‍ക്ക് നിര്‍ദിഷ്ടനിയമങ്ങളുണ്ട്. അതിലംഘികളെല്ലാം പ്രതിരോധികളുടെ പിടിയില്‍പെടാതെ തടങ്ങളെല്ലാം താണ്ടിക്കടന്നുകഴിഞ്ഞാല്‍ അവര്‍ വീണ്ടും തടങ്ങള്‍ തിരിച്ചുകടക്കും. അതിനുമുന്‍പ് ഏറ്റവും ഒടുവിലത്തെ തടം അതിലംഘിച്ചു കടക്കുന്നയാള്‍ പ്രതിരോധിയുടെ പിന്നില്‍നിന്ന് 'ടോണ്ട്' (tond) എന്ന് ഉറക്കെ വിളിക്കും. കിളിത്തട്ടില്‍ 'ഉപ്പ്' വിളിക്കുംപോലെ, ആ വിളികേട്ടുകഴിഞ്ഞാല്‍ പ്രതിരോധികള്‍ അതിലംഘിക്കള്‍ക്കഭിമുഖമായി തിരിയും. ഇതിന് 'ടോണ്ട്' നല്കുക എന്നാണ് പറയുക. 'ടോണ്ട്' നല്കിക്കഴിഞ്ഞാല്‍ അതിലംഘികള്‍ എല്ലാം കളത്തിന്റെ പിന്നിലെത്തി വീണ്ടും തടങ്ങള്‍ തരണംചെയ്യാനുള്ള ശ്രമത്തിലാകും. ഈ പ്രത്യായനം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ കളിതീരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍