This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിപ്രാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 23 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അരിപ്രാവ്

Spotted Dove


അമ്പലപ്രാവിനെക്കാള്‍ വലുപ്പം കുറഞ്ഞ പ്രാവ്. കേരളത്തില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഈ പക്ഷി കൊളുംമ്പിഡേ (Columbidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. സ്ട്രെപ്റ്റോപെലിയ ചൈനെന്‍സിസ് (Streptopelia chinensis). കുട്ടത്തിപ്രാവ്, ചക്കരക്കുട്ടപ്രാവ്, ചങ്ങാലം, മണിപ്രാവ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പക്ഷിയുടെ പുറത്തും മറ്റുമുള്ള വെള്ളപ്പുള്ളികള്‍ അരി വിതറിയതുപോലെ തോന്നുന്നതു കൊണ്ടാണ് ഇവയ്ക്ക് അരിപ്രാവ് എന്നു പേരു വന്നത്.

കുറ്റിക്കാടുകളിലും മരങ്ങള്‍ ധാരാളമുള്ള നാട്ടിന്‍പുറത്തുമാണ് അരിപ്രാവുകളെ പതിവായി കാണുക. അരിപ്രാവുകളുടെ പുറവും ചിറകുകളുടെ മുന്‍പകുതിയും തവിട്ടുനിറമാണ്. ഇതില്‍ ഇളം ചുവപ്പുനിറത്തില്‍ നിരവധി വട്ടപ്പുള്ളികളുണ്ടായിരിക്കും. ഇവയുടെ തലയ്ക്കും കഴുത്തിനും ചാരനിറമാണ്; ഉദരഭാഗം തവിട്ടു ഛായയുള്ള ഇളം ചുവപ്പും, വാലിനടുത്ത് വെള്ളയും നിറമാണ്. പിന്‍കഴുത്തിലും പുറകിലുമായി കാണപ്പെടുന്ന വീതിയുള്ള കറുത്തപട്ടയില്‍ നിറയെ വെള്ളപ്പുള്ളികളുണ്ടായിരിക്കും. നീണ്ട വാലിന്റെ മധ്യഭാഗത്തുള്ള നാലു തൂവലുകള്‍ക്ക് തവിട്ടുനിറമാണ്. വാലിന്റെ ഇരുവശവും ക്രമേണ നീളം ചുരുങ്ങി വരുമ്പോഴേക്കും തൂവലുകള്‍ക്ക് കറുപ്പു നിറമായിരിക്കും. ഈ കറുത്ത തൂവലുകളുടെ അറ്റത്തിന് വെള്ള നിറമാണ്. പക്ഷിയുടെ ചുണ്ട് കറുപ്പും കണ്ണുകള്‍ കടും ചുവപ്പും കാലുകള്‍ ഇളം ചുവപ്പും നിറമായിരിക്കും. ജോടികളായോ ചെറുകൂട്ടങ്ങളായോ സഞ്ചരിച്ചാണ് അരിപ്രാവുകള്‍ ഇര തേടുന്നത്. കൊഴിഞ്ഞുവീണ് നിലത്തുകിടക്കുന്ന വിത്തുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവ മാംസഭുക്കുകളല്ല.

മറ്റു പക്ഷികളെപ്പോലെ തുള്ളിച്ചാടുകയോ തത്തിത്തത്തി നടക്കുകയോ ചെയ്യാത്ത അരിപ്രാവുകള്‍ വളരെ സാവധാനം ഗൗരവത്തോടെ ഓരോ കാലെടുത്തുവച്ചാണ് നടക്കുക. കുറുകിയ കാലുകളായതിനാലും മാറിടം ഉരുണ്ടു തള്ളി നില്‍ക്കുന്നതിനാലും നടക്കുമ്പോള്‍ അരിപ്രാവിന്റെ ദേഹം ഇരുവശങ്ങളിലേക്കും ആടിക്കൊണ്ടിരിക്കും. ചിറകുകള്‍ ബലമായടിച്ചുകൊണ്ട് വളരെ വേഗത്തില്‍ പറക്കുവാനും ഇവയ്ക്കു കഴിയുമെങ്കിലും വളരെയധികം ദൂരത്തേക്ക് പറക്കാറില്ല.

അരിപ്രാവുകള്‍ മൂന്നോ നാലോ ഉള്ള ചെറു കൂട്ടങ്ങളായോ ഇണകളായോ ഇരിക്കുമ്പോള്‍ കുറേസമയം കൂജനം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. കൂജനം പുറപ്പെടുവിക്കുന്നതിനുമുന്‍പും പിന്‍പും ഇവ വിവിധരീതിയിലുള്ള ആകര്‍ഷകമായ കസര്‍ത്തു വിദ്യ പ്രകടിപ്പിക്കാറുണ്ട്. ഇവയുടെ ശബ്ദം ശ്രവണമധുരമാണ്. മൃദുലവും നേരിയ സ്വരത്തിലുള്ളതുമായ കുകൂ-കൂര്‍-കുര്‍-കുര്‍-കുര്‍ എന്ന താളം ഇവയ്ക്ക് ഒരിക്കലും തെറ്റാറില്ല.

അരിപ്രാവിന്റെ കൂട് വളരെ ലളിതമാണ്; പത്തോ ഇരുപതോ ഉണങ്ങിയ ചുള്ളികള്‍ കൂട്ടിപ്പരത്തി വച്ചാണ് കൂട് ഉണ്ടാക്കുക. ഇവയ്ക്ക് പ്രത്യേക സന്താനോത്പാദന കാലമൊന്നുമില്ല. ഒരു പ്രാവശ്യം രണ്ടു മുട്ടകളിടുന്നു. മുട്ടകള്‍ക്ക് വെള്ളനിറമാണ്. മുട്ട വിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ കൂട്ടില്‍ത്തന്നെ വിസര്‍ജിക്കുന്നതിനാലും മുതിര്‍ന്ന പക്ഷികള്‍ അത് നീക്കം ചെയ്യാത്തതിനാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് ചുള്ളിക്കമ്പുകള്‍ ബലവും തടിപ്പും ഉള്ളതായിത്തീരുന്നു.

അരിപ്രാവുകളെ പശയുപയോഗിച്ചു കെണിയിലാക്കിയും വലയിട്ടു പിടിച്ചും കൊല്ലുന്നതിനാല്‍ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. മുട്ടകളും മാംസവും ഔഷധഗുണമുള്ളതാണെന്ന വിശ്വാസമാണ് ഇവയെ കൊലചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍