This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരക്കിടല്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരക്കിടല്
Lacquering തടി ഉരുപ്പടികളും ലോഹസാമാനങ്ങളും മോടിപിടിപ്പിക്കുന്നതിനും കേടുതട്ടാതെ സൂക്ഷിക്കുന്നതിനും അവയ്ക്ക് അരക്കുപയോഗിച്ച് ചായം പിടിപ്പിക്കുന്ന പ്രക്രിയ. ചില മരങ്ങളുടെ കറകളില്‍നിന്നും അരക്കുണ്ടാക്കാമെങ്കിലും അരക്കുപ്രാണികളില് നിന്നാണ് വ്യവസായാടിസ്ഥാനത്തില്‍ അരക്കു ലഭിക്കുന്നത്. നോ: അരക്കുപ്രാണി
ചൂടാക്കി പരുവപ്പെടുത്താവുന്നതും നിറം പിടിപ്പിക്കാവുന്നതും കാലാവസ്ഥയുടെ മാറ്റങ്ങള്‍കൊണ്ട് കേടുവരാത്തതുമാണ് അരക്ക്. അതുകൊണ്ട് കരകൗശലവസ്തുക്കള്‍ക്ക് മോടിയും സംരക്ഷണവും നല്‍കുന്നതിന് അരക്ക് ഉപയോഗിച്ചുവരുന്നു. തടികൊണ്ടുള്ള കട്ടിലുകള്‍, പെട്ടികള്‍, കളിപ്പാട്ടങ്ങള്‍ മുതലായവയ്ക്ക് അരക്കിടല് ഇന്ത്യയില്‍ സാധാരണമാണ്. തുകല്‍, ദന്തം, ലോഹം, കളിമണ്ണ് എന്നിവകൊണ്ടുണ്ടാക്കിയിട്ടുള്ള സാമഗ്രികള്‍ക്കും അരക്കിടുന്ന പതിവുണ്ട്. മ്യാന്മറില് മരസാമാനങ്ങള്ക്കു പുറമേ, ചൂരല്ഉരുപ്പടികള്ക്കും കുതിരരോമംകൊണ്ടുണ്ടാക്കിയ അലങ്കാരവസ്തുക്കള്‍ക്കും അരക്കിടാറുണ്ട്.
അരക്കിടല് ചൈനയില്‍ ബി.സി. 3000 ത്തിനും 2000 ത്തിനും ഇടയ്ക്കുതന്നെ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ചൈനയില്‍ ഉപയോഗിക്കുന്ന അരക്ക് ഒരുതരം മരത്തിന്റെ കറയാണ്. തടികൊണ്ടുണ്ടാക്കിയ ഒരു ചട്ടക്കൂടിന്മേല് തുണി വരിഞ്ഞുകെട്ടി അരക്കിട്ട് രൂപം മെനഞ്ഞെടുത്ത് ചായം കയറ്റി കൌതുകവസ്തുക്കള്‍ നിര്‍മിക്കുന്നത് എ.ഡി. 4-ാം ശ.-ത്തില്‍ ചൈനയിലെ ഒരു കലയായിരുന്നു. അരക്കുകൊണ്ടുണ്ടാക്കിയ രൂപങ്ങളും പ്രതിമകളും എ.ഡി. 8-ാം ശ.-ത്തോടെ ചൈനയിലും ജപ്പാനിലും പ്രചാരത്തില്‍ വന്നു. അരക്കിട്ട പുരാതന അലങ്കാരവസ്തുക്കള്‍ക്ക് കലാനിര്‍മിതികള്‍ എന്ന നിലയ്ക്ക് ഗണ്യമായ ഒരു സ്ഥാനമുണ്ട്. പ്ലാസ്റ്റിക് ഇനത്തില്‍പ്പെട്ട പല രാസികവസ്തുക്കള്ക്കും അരക്കിനോട് സാമ്യമുണ്ട്. നൈട്രോസെല്ലുലോസ് (nitrocellulose) തുടങ്ങിയ ഇത്തരം വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന പെയിന്റുകള്‍ക്കും 'ലാക്കര്‍' എന്നു പേരുണ്ട്. ഉരുക്കുകൊണ്ടുണ്ടാക്കിയ മോട്ടോര്‍ കാര്‍, റെഫ്രിജറേറ്റര്‍ മുതലായവയ്ക്ക് ഇത്തരം പെയിന്റ് ഇടുക സാധാരണമാണ്. നല്ല നിറവും മിനുസവും കിട്ടാനും പോറല്‍ വീഴാതിരിക്കാനും കാലാവസ്ഥകൊണ്ടുണ്ടാകുന്ന കെടുതികളെ ചെറുക്കാനും ഇത്തരം ചായങ്ങള്‍ ഉപകരിക്കുന്നു.
അരക്കു പിടിപ്പിക്കുന്ന വിധം. അവലരക്ക് ഉരുക്കി നീളമുള്ള രണ്ടു തടിക്കോലുകളില് പതിപ്പിക്കുന്നു. ഈ കോലുകള്‍ തീയില്‍ കാണിക്കുമ്പോള്‍ അരക്ക് ഉരുകി തടിയോട് കൂടുതല്‍ ചേരുന്നു. ഈ വിധത്തില്‍ ഏകദേശം ഒരു കി.ഗ്രാം അരക്ക് ഓരോ കോലിലും പതിപ്പിക്കും. ഒരു കി.ഗ്രാം അരക്കിന് 250 ഗ്രാം ടൈറ്റാനിയം ഓക്സൈഡ് എന്ന കണക്കില്‍ എടുത്ത് അത് ചില കൃത്രിമ അഭിരഞ്ജകങ്ങളോടൊപ്പം വെള്ളത്തില്‍ കുഴച്ച് കോലിലുള്ള അരക്കില്‍ പിടിപ്പിക്കുന്നു. ഈ കോലുകള്‍ ചൂടു കല്‍ക്കരിയില്‍ കാണിക്കുമ്പോള്‍ അരക്കും ചായവുംകൂടി ഉരുകിവരും. കോലുകള്‍ തമ്മില്‍ ചേര്‍ത്ത് അമര്‍ത്തി ഇതു നന്നായി കലര്‍ത്തുന്നു. കോലുകള്‍ തണുപ്പിച്ചശേഷം നീളമുള്ള കഷണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുന്നു. പാല, കടമ്പ് മുതലായ കട്ടികുറഞ്ഞ തടികളിലാണ് അരക്കുപണി ചെയ്യുന്നത്. അരക്കുപണി നടത്തേണ്ട വസ്തുവിന്റെ പ്രതലം സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തിയശേഷം വൈദ്യുതികൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ലെയ്ത്തില്‍ തിരുകിവയ്ക്കുന്നു. അതു കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അരക്കുകോലുകള് അതില്‍ ചേര്‍ത്ത് അമര്‍ത്തുന്നു. ഇങ്ങനെയുണ്ടാകുന്ന ഉരസലിന്റെ ചൂടുകൊണ്ട് അരക്ക് ഉരുകിപ്പരന്ന് തടിയില്‍ പിടിക്കുന്നു. ഉളിപോലുള്ള ചെറിയ ഉപകരണംകൊണ്ട് ഇതിന്മേല് ചിത്രപ്പണി നടത്താം. നനവുള്ള കൈതയോല ഉപയോഗിച്ച് അമര്‍ത്തിയാല്‍ നല്ല മിനുസവും കിട്ടും. പൂപ്പാത്രങ്ങള്‍, ഘടികാരം വയ്ക്കുന്നതിനുള്ള ചട്ടങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള അരക്കില്‍ ടൈറ്റാനിയം ഓക്സൈഡിനോടൊപ്പം അഭിരഞ്ജകങ്ങള്‍ ചേര്‍ക്കാറില്ല; ഇവയ്ക്ക് പ്രത്യേകം ചിത്രപ്പണിയും നടത്താറില്ല. കുടയുടെ പിടികളിലും കളിപ്പാട്ടങ്ങളിലും മറ്റും അരക്കുപണി നടത്തുമ്പോള്‍ ചായം ചേര്‍ക്കാറുണ്ട്. നോ: അരക്കുപ്രാണി
(കെ.ആര്. വാര്യര്‍; സ.പ.)