This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ പ്രാക്തനഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 19 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമേരിക്കന്‍ പ്രാക്തനഭാഷകള്‍

American Aboriginal Languages


അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ യൂറോപ്യരുടെ കുടിയേറ്റം തുടങ്ങുന്നതിനു മുന്‍പ് അവിടങ്ങളിലെ ആദിവാസി ജനവിഭാഗങ്ങള്‍ സംസാരിച്ചിരുന്ന ഭാഷകള്‍. അമേരിക്കന്‍ പ്രാക്തനഭാഷകള്‍, അമേരിക്കന്‍-ഇന്ത്യന്‍ ഭാഷകള്‍, അമേരിന്ത്യന്‍ ഭാഷകള്‍ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. എ.ഡി. 15-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി യൂറോപ്യര്‍ ആരംഭിച്ച വന്‍തോതിലുള്ള ദേശപര്യവേക്ഷണങ്ങളുടെയും കുടിയേറ്റത്തിന്റെയും ഫലമായി ആദിവാസികള്‍ക്ക് വനാന്തരങ്ങളില്‍ ഒതുങ്ങി പാര്‍ക്കേണ്ടി വന്നു. ഈ ആദിവാസികളുടെ ഗോത്രങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഭാഷകളുണ്ടായിരുന്നു. ഇവയില്‍ പല ഗോത്രങ്ങളും ഭാഷകളും നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. ജെ.എച്ച്. സ്റ്റീവെഡ് എന്ന പണ്ഡിതന്‍ 1949-ല്‍ പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് ഒന്നരക്കോടി ആദിവാസികളാണ് അമേരിക്കയിലുള്ളത്. ഇവര്‍ രണ്ടായിരം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നു. ഭൂഭാഗപരമായി ഈ ഭാഷകളെ ഇങ്ങനെ തരം തിരിക്കാം:

1. മെക്സിക്കോയ്ക്കു വടക്കുള്ള അമേരിക്കന്‍ പ്രദേശം, കാനഡ ഉള്‍പ്പെടെ: ഭാഷകള്‍: 300; ജനസംഖ്യ: 15 ലക്ഷം;

2. മെക്സിക്കോ, മധ്യ അമേരിക്ക. ഭാഷകള്‍: 250 മുതല്‍ 300 വരെ; ജനസംഖ്യ: 50 ലക്ഷം;

3. തെക്കേ അമേരിക്ക: ഭാഷകള്‍: 1,400; ജനസംഖ്യ: 90 ലക്ഷം

ആദ്യവിഭാഗത്തില്‍പ്പെട്ട ഭാഷകള്‍ പ്രാക്തനമായ ഒരു സംസ്കാരപാരമ്പര്യം അവകാശപ്പെടാനില്ലാത്ത, ഒറ്റതിരിഞ്ഞ, അധികം അംഗസംഖ്യയില്ലാത്ത ഗോത്രങ്ങളുടേതാണ്. എസ്കിമോ, അഥബാസ്കന്‍, ആല്‍ഗോങ്ക്യന്‍. ഇറക്വോയ് ഗോത്രങ്ങളില്‍പ്പെട്ട ഭാഷകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. മധ്യമെക്സിക്കോയിലെ ആസ്ടെക്കുകളുടെയും യൂക്കറ്റാനിലും ഗ്വാട്ടിമാലയിലും വാണിരുന്ന മായന്മാരുടെയും സാമ്രാജ്യങ്ങളില്‍പ്പെട്ട ഗോത്രങ്ങളുടേതാണ് രണ്ടാം വിഭാഗത്തിലെ ഭാഷകള്‍; ഇവ യൂറ്റോ, ആസ്ടെക്കന്‍, മായന്‍, ചിങ്ചന്‍, കച്ഛന്‍ തുടങ്ങിയ ഗോത്രങ്ങളില്‍പ്പെട്ടതാണ്. ഈ വിഭാഗത്തില്‍ത്തന്നെ മധ്യ അമേരിക്കന്‍ റിപ്പബ്ളിക്കുകളും ദക്ഷിണ മെക്സിക്കോയും ഉള്‍പ്പെടുന്ന ഭാഗത്താണ് ഏറ്റവും കൂടുതല്‍ വൈവിധ്യവും സങ്കീര്‍ണഘടനയുമുള്ള ഭാഷകള്‍ നിലനില്ക്കുന്നത്. കൂടുതല്‍ അംഗസഖ്യയുള്ള മൂന്നാം വിഭാഗത്തിലെ ഭാഷകളില്‍ വൈവിധ്യവും സങ്കീര്‍ണതയും മികച്ചുനില്ക്കുന്നത് വെനിസ്വേല, ഗയാന, ബ്രസീല്‍ എന്നീ പ്രദേശങ്ങളിലെ ഭാഷകളിലാണ്. ആന്‍ഡിയന്‍ പര്‍വതമേഖലയിലെ ഇങ്കാകളുടെ സാമ്രാജ്യം നിലനിന്നിരുന്ന കാലത്ത് അവരുടെ കച്ഛന്‍ ഭാഷയുടെ അതിപ്രസരം മൂലം പല ആദിവാസിഭാഷകളും നാമാവശേഷമായതായി കരുതപ്പെടുന്നു.

ഏകദേശം നാലര ശതകമായി നടന്നുവരുന്ന യൂറോപ്യവത്കരണത്തിന്റെ ഫലമായി നൂറുകണക്കിന് ആദിഭാഷകള്‍ തിരോധാനം ചെയ്തുകഴിഞ്ഞിരിക്കുന്നു. വടക്കേ അമേരിക്കയിലെ ആദിഭാഷകളില്‍ പകുതിയും നാമമാത്രാവശേഷമാണെന്നു വോഗലിന്‍ എന്ന പണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ ഭാഷകള്‍ക്ക് അത്രത്തോളം നാശമുണ്ടായിട്ടില്ല. വടക്കേ അമേരിക്കയില്‍ അവശേഷിച്ചിട്ടുള്ള ഭാഷകളില്‍ 50 ശതമാനവും ആയിരത്തിനു താഴെ മാത്രം ജനങ്ങളുള്ള ഗോത്രങ്ങളിലാണ് പ്രചരിക്കുന്നത്; അതില്‍ത്തന്നെ 70 ശതമാനത്തോളം ഭാഷകള്‍ 500-ന് താഴെ മാത്രം അംഗസംഖ്യയുള്ള ചെറിയ ഗോത്രങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു. വ. അമേരിക്കയിലെ ആദിമഭാഷകള്‍ സംസാരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇംഗ്ലീഷുഭാഷകൂടി വശമാക്കിയവരാണ്.

വര്‍ഗീകരണം. ലോകത്തിലെ ഇതര ഭാഷാഗോത്രങ്ങളില്‍പ്പെടുന്ന ഭാഷകള്‍ക്കുള്ള ചരിത്രപരമായ ബന്ധം അവയുടെ ഗോത്രീകരണത്തിനു സഹായിക്കുന്നു. അമേരിന്ത്യന്‍ ഭാഷകളുടെ ഒരു പ്രത്യേകത ഈ ചരിത്രപരമായ ബന്ധത്തിന്റെ അഭാവമാണ്. പരസ്പരം ബന്ധപ്പെട്ട ഭാഷകളില്‍ കാണുന്ന ധ്വനിപരവും വ്യാകരണപരവുമായ സാജാത്യത്തെ അടിസ്ഥാനമാക്കിയാണ് അവയുടെ ഗോത്രബന്ധം നിര്‍ണയിക്കുന്നത്. ചരിത്രപരമോ ആപേക്ഷികമോ ആയ അടിസ്ഥാനത്തില്‍ അമേരിന്ത്യന്‍ ഭാഷകളുടെ ഗോത്രീകരണം സാധ്യമല്ല. മറ്റൊരു പ്രയാസമുള്ളത് നൂറുകണക്കിനുള്ള ആദിവാസിഭാഷകളില്‍ ബഹുഭൂരിപക്ഷത്തെയും കുറിച്ചുള്ള ശരിയായ പഠനങ്ങള്‍ നടന്നിട്ടില്ല, വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ്. ബോവസ്, സപീര്‍, ബ്ളൂംഫീല്‍ഡ്, ഹോര്‍ഫ് തുടങ്ങിയ യു.എസ്. ഭാഷാശാസ്ത്രജ്ഞന്മാരുടെ ശ്രമഫലമായി വടക്കന്‍ വിഭാഗത്തില്‍പ്പെട്ട ഭാഷകളുടെയും സന്താ ആനായിലെ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ലിംഗ്വിസ്റ്റിക്സിന്റെ പ്രവര്‍ത്തനഫലമായി മധ്യ അമേരിക്കന്‍ ഭാഷകളുടെയും പഠനങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇന്‍ഡ്യാനാ സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഒഫ് അമേരിക്കന്‍ ലിംഗ്വിസ്റ്റിക്സ് സമ്പൂര്‍ണമായും ആദിവാസി ഭാഷാപഠനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാരുടെ ഇടയില്‍ അധികം അഭിപ്രായാന്തരത്തിന് ഇടകൊടുത്തിട്ടില്ലാത്തവിധം, ഒരു വര്‍ഗീകരണം നടന്നിട്ടുണ്ട്. ഇതനുസരിച്ച് അമേരിന്ത്യന്‍ ഭാഷകള്‍ എസ്കിമോ-അല്യൂട്ട്, അല്‍ഗോക്യന്‍-വകാഷന്‍, നേഡിന്‍, പെനൂഷ്യന്‍, ഹോകന്‍-സിയോവന്‍, ആസ്ടെക്-റ്റനോവന്‍ എന്നിങ്ങനെ ആറു പ്രധാന വിഭാഗങ്ങളില്‍പ്പെടുന്നതായി കണക്കാക്കിയിരിക്കുന്നു.

ഘടനാപരമായ സവിശേഷതകള്‍. അമേരിന്ത്യന്‍ ഭാഷകളുടെ ശബ്ദവ്യവസ്ഥ സങ്കീര്‍ണമാണ്. ശബ്ദമൂലകങ്ങളുടെ എണ്ണത്തില്‍ വളരെ വൈവിധ്യം കാണുന്നു. പല ഭാഷകളിലും രണ്ടു മുതല്‍ അഞ്ചു വരെ വ്യഞ്ജനങ്ങള്‍ ചേര്‍ന്നുവരുന്ന വ്യഞ്ജനസമൂഹങ്ങള്‍ ഉണ്ട്. നേഡിന്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ ഭാഷകളും താന ഭാഷകളാണ്. ശൃംഖലാബദ്ധമായ, വാക്യം പോലെ നീണ്ട സമസ്തപദങ്ങള്‍ എസ്കിമോവിഭാഗത്തില്‍പ്പെട്ട ഭാഷകളുടെ പ്രത്യേകതയാണ്. അമേരിന്ത്യന്‍ ഭാഷകള്‍ക്ക് അവയുടേതായ അക്ഷരമാലയോ സാഹിത്യമോ ഇല്ല. തലമുറകളിലൂടെ കൈമാറിവന്നിട്ടുള്ള നാടോടിക്കഥകളും പാട്ടുകളും മിക്ക ഭാഷകളിലുമുണ്ട്. ഇതര ഭാഷകളിലേതിനോട് കിടപിടിക്കുന്നതാണ് അമേരിന്ത്യന്‍ നാടോടിസാഹിത്യം എന്നു പണ്ഡിതന്മാര്‍ കരുതുന്നു.

(എസ്. വേലായുധന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍