This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആക്കന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആക്കന്‍
Aachen
പശ്ചിമ ജര്‍മനിയിലെ ഒരു നഗരം. ഫ്രഞ്ചുഭാഷയില്‍ ഐക്സ്-ലാ-ഷപ്പേല്‍ (Aix-La-Chapelle) എന്ന പേരില്‍ ഈ നഗരം അറിയപ്പെടുന്നു. പശ്ചിമ ജര്‍മനിയില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിക്കു സമീപം കൊളോണില്‍നിന്ന് 70 കി.മീ. അകലെ ഈ നഗരം സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്തുതന്നെ ധാതുജലധാരകള്‍ക്ക് (Mineral Springs) പ്രസിദ്ധി ആര്‍ജിച്ചതാണ് ഈ നഗരം.
പ്രാചീന റോമന്‍ സ്രാമ്രാജ്യത്തില്‍ 'അക്വിസ്ഗ്രാനം' (അപ്പോളൊഗ്രാനസ് എന്ന റോമന്‍ ദേവന്റെ പേരില്‍ നിന്നാണ് ഈ നാമം നിഷ്പന്നമായത്) എന്നാണ് ഈ നഗരം ആദ്യം അറിയപ്പെട്ടിരുന്നത്. ഷാര്‍ലെമെയിന്റെ പിതാവായ പെപിന്‍ III (ഭ. കാ. 751-768) ഈ നഗരത്തില്‍ ഒരു കൊട്ടാരം പണികഴിപ്പിച്ചു; ഈ കൊട്ടാരത്തിലാണ് ഷാര്‍ലെമെയിന്‍ ഭൂജാതനായത്. 777-നും 786-നും മധ്യേ ഷാര്‍ലെമെയിന്‍ ചക്രവര്‍ത്തിയും ഇവിടെ ഒരു മനോഹരഹര്‍മ്യം നിര്‍മിച്ചു. അക്കാലങ്ങളില്‍ ഈ നഗരം പാശ്ചാത്യസംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു മുഖ്യകേന്ദ്രമായിരുന്നു. ഓട്ടോ I
(912-973) മുതല്‍ ഫെര്‍ഡിനന്‍ഡ് I (1503-64) വരെയുള്ള ജര്‍മന്‍ രാജാക്കന്‍മാരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 12-ാം ശ.-ത്തില്‍ ഫ്രെഡറിക്ക് I (1123-90) ഈ നഗരം കോട്ടകളാല്‍ സുരക്ഷിതമാക്കി (1166). എന്നാല്‍ ഈ നഗരം 16-ാം ശ. മുതല്‍ ക്ഷയോന്‍മുഖമായി. ഇത് ഫ്രാന്‍സിനു വളരെ സമീപമായിരുന്നതുകൊണ്ട് ഫ്രഞ്ച് ആക്രമണഭീഷണിയെ എപ്പോഴും നേരിടേണ്ടിവന്നു; ജര്‍മനിയുടെ കേന്ദ്രഭാഗത്തു നിന്ന് വളരെ അകന്നു സ്ഥിതിചെയ്തിരുന്നതുകൊണ്ട് ഒരു തലസ്ഥാന നഗരിയാകുവാനും ഇതിനു യോഗ്യതയില്ലാതായി.
പലയുദ്ധങ്ങളുടെയും പരിസമാപ്തി കുറിച്ച സമാധാന സമ്മേളനങ്ങള്‍ ഇവിടെ വച്ചുനടത്തപ്പെട്ടിട്ടുണ്ട്. ലൂയി XIV (1638-1715)ന്റെ കാലത്ത് ഫ്രാന്‍സും സ്പെയിനും തമ്മില്‍ നടന്ന യുദ്ധം അവസാനിച്ചത് ഈ നഗരത്തില്‍വച്ചു നടന്ന (1748) സമാധാനസന്ധിയനുസരിച്ചാണ്. 1794-ല്‍ ഫ്രഞ്ചുസേന ഈ നഗരം കീഴടക്കി; 1801-ല്‍ ഇത് ഫ്രാന്‍സിന്റെ ഭാഗമായി. വിയന്നാസമാധാന സമ്മേളനത്തിനുശേഷം (1814-15) ഇത് പ്രഷ്യയുടെ ഭാഗമായി. 1818-ല്‍ ഈ നഗരത്തില്‍വച്ചുനടന്ന സമ്മേളനമാണ് നെപ്പോളിയന്‍ നയിച്ച യുദ്ധത്തിനുശേഷം യൂറോപ്പിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. 1918-ല്‍ ഈ നഗരം ബല്‍ജിയത്തിന്റെ അധീനതയിലായിരുന്നു. സഖ്യകക്ഷികള്‍ ഈ നഗരം ബോംബുചെയ്യുകയും 1944 ഒ. 20-ന് കീഴടക്കുകയും ചെയ്തു. ജനസംഖ്യ 2,47,000 (2001). ആക്കന്‍ യൂണിവേഴ്സിറ്റി ഒഫ് അപ്ളൈഡ് സയന്‍സസ് 1971-ല്‍ സ്ഥാപിതമായി. ജര്‍മനിയിലെ ഏറ്റവും പ്രസിദ്ധമായ അശ്വാരൂഢമത്സരങ്ങള്‍ നടക്കുന്നത് ആക്കനിലാണ്. 2006-ലെ അന്തര്‍ദേശീയ അശ്വാരൂഢ മത്സരങ്ങള്‍ ഇവിടെയാണ് നടന്നത്.