This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പെല്ലസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:47, 26 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അപ്പെല്ലസ്

Apelles


ബി.സി. 4-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പ്രശസ്തനായ യവനചിത്രകാരന്‍. അയോണിയയിലെ കൊഫോണില്‍ ജനിച്ച ഇദ്ദേഹം മഹാനായ അലക്സാണ്ടറുടെ ആസ്ഥാനചിത്രകാരനായിരുന്നു. യവനചിത്രകലയുടെ സിരാകേന്ദ്രമായിരുന്ന സിസിയോണില്‍ പാംഫിലോസിന്റെ കീഴില്‍ ചിത്രരചന അഭ്യസിച്ചു. പിന്നീട് മാസിഡോണിയയിലെ ഫിലിപ്പ് രാജാവ് ഇദ്ദേഹത്തെ കൊട്ടാരം ചിത്രകാരനായി നിയമിച്ചു. ഫിലിപ്പിനെ തുടര്‍ന്ന് അലക്സാണ്ടര്‍ ചക്രവര്‍ത്തിയായിരുന്നപ്പോഴും ഇദ്ദേഹം അരമനശില്പിയായി തുടര്‍ന്നു. അലക്സാണ്ടറുടെ ചിത്രം വരയ്ക്കുവാന്‍ അപ്പെല്ലസിനു മാത്രമേ അനുവാദം നല്കിയിരുന്നുള്ളു. എന്നാല്‍ ആ ചിത്രങ്ങളില്‍ ഒന്നുംതന്നെ ഇന്ന് അവശേഷിച്ചിട്ടില്ല. അതുകൊണ്ട് അവയുടെ പ്രത്യേകത എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഇദ്ദേഹത്തെ സംബന്ധിച്ചു നിലനിന്നുവരുന്ന ഐതിഹ്യങ്ങള്‍ മാത്രമേ ഇന്ന് അവലംബമായിട്ടുള്ളൂ. ഐതിഹ്യങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നത് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ത്രിമാനപ്രതീതി ഉളവാക്കാന്‍ കഴിയുമായിരുന്നുവെന്നും അവ യാഥാര്‍ഥ്യബോധം ജനിപ്പിച്ചിരുന്നുവെന്നുമാണ്. ഇദ്ദേഹത്തിന്റെ ഇടിവാള്‍ ഏന്തിയ അലക്സാണ്ടര്‍ (Alexander Wielding a Thunderbolt) എന്ന ചിത്രത്തെ പ്ളിനി പ്രശംസിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ അലക്സാണ്ടറുടെ കൈ ചിത്രതലത്തില്‍നിന്നും പുറത്തേക്ക് തള്ളിനില്ക്കുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമായിരുന്നുവെന്ന് പറയപ്പെടുന്നു. അതുപോലെ പ്രശസ്തിയാര്‍ജിച്ച മറ്റൊരു ചിത്രമാണ് അഫ്രോഡൈറ്റ് അനാഡിയോമിനെ (Aphroite Anadyomene). ഇതില്‍ വീനസ് ദേവത സമുദ്രത്തില്‍നിന്ന് ഉയര്‍ന്നുവന്ന് തലമുടി ഉണക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. എസ്കുലാപിയസ്സിന്റെ ആരാധനാവേദിയില്‍ വയ്ക്കുവാന്‍ വേണ്ടി വരയ്ക്കപ്പെട്ടതാണ് ഈ ചിത്രം. കൊസ് ദ്വീപില്‍നിന്നും അഗസ്റ്റസ് ഈ ചിത്രം റോമിലേക്ക് കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. ചിത്രരചനയെക്കുറിച്ച് അപ്പെല്ലസ് ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. അതും ഇന്ന് ലഭ്യമല്ല. ഇദ്ദേഹത്തിന്റെ ചിത്രരചനാകൌശലത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള അറിവുകളില്‍ ഒന്ന് ഇദ്ദേഹം പ്രധാനമായി വെള്ള, മഞ്ഞ, കറുപ്പ്, എന്നീ നാലു നിറങ്ങളാണ് ഉപയോഗിച്ചിരുന്നത് എന്നാണ്. ചിത്രം പൂര്‍ത്തിയാക്കിയശേഷം പുറമേ വാര്‍ണീഷ് പൂശിയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന് കേടുസംഭവിക്കാതിരിക്കാന്‍ ഇതു സഹായിച്ചിരുന്നു.

അപ്പെല്ലസ്സിന് മുന്‍പോ പിന്‍പോ അതുപോലെ പ്രതിഭാശാലിയായ ഒരു ചിത്രകാരനും ഉണ്ടായിട്ടില്ലെന്നും, മറ്റുള്ള ചിത്രകാരന്‍മാരുടെ സംഭാവനകളെ മൊത്തം കണക്കിലെടുത്താലും അപ്പെല്ലസ്സിന്റേതിനോട് അടുത്തുവരികയില്ലെന്നുമാണ് പ്ളിനി അഭിപ്രായപ്പെടുന്നത്. അപ്പെല്ലസ്സിന്റെ പ്രധാന പ്രതിദ്വന്ദി പ്രോടോഗെന്‍സ് എന്ന റോഡിയന്‍ ചിത്രകാരനായിരുന്നു. ദാരിദ്യ്രത്തില്‍ കഴിഞ്ഞിരുന്ന പ്രോടോഗെന്‍സിനെ സന്ദര്‍ശിക്കുവാനായി ഒരവസരത്തില്‍ അപ്പെല്ലസ് പ്രോടോഗെന്‍സിന്റെ സ്റ്റുഡിയോയില്‍ ചെന്നുചേര്‍ന്നു. തത്സമയം പ്രോടോഗെന്‍സ് അവിടെ ഇല്ലായിരുന്നു. സന്ദര്‍ശകന്‍ ആരാണെന്നുള്ള പരിചാരികയുടെ ചോദ്യത്തിന് ബ്രഷ്കൊണ്ട് അവിടെകണ്ട ഒരു പാനലില്‍ ഒരു വര വരയ്ക്കുകമാത്രമാണ് അപ്പെല്ലസ് ചെയ്തത്. പ്രോടോഗെന്‍സ് തിരിച്ചെത്തിയ ഉടനെതന്നെ സന്ദര്‍ശകനെ മനസ്സിലാക്കി. കാരണം, ഇത്രയും പൂര്‍ണതയുള്ള ഒരു വര മറ്റാര്‍ക്കുംതന്നെ രചിക്കുവാന്‍ കഴിയുമായിരുന്നില്ല. അപ്പെല്ലസ് വരച്ച വരയ്ക്കുള്ളില്‍ കുറച്ചുകൂടി മനോഹരമായ ഒരു വര പ്രോടോഗെന്‍സ് വരച്ചിട്ടു. അപ്പെല്ലസ് വീണ്ടും അവിടെ എത്തിയപ്പോള്‍ പ്രോടോഗെന്‍സിന്റെ കഴിവു മനസ്സിലാക്കുകയും വീണ്ടും ഒരു വരകൂടി അതിമനോഹരമായി വരയ്ക്കുകയും ചെയ്തു. ഇതില്‍ അദ്ഭുതാധീനനായ പ്രോടോഗെന്‍സ് അപ്പെല്ലസ്സിനെ തന്നിലും പ്രഗല്ഭനായി അംഗീകരിക്കുകയുണ്ടായി. ഈ പാനല്‍ വര്‍ഷങ്ങളോളം ഒരു 'മാസ്റ്റര്‍ പീസ്' എന്ന നിലയില്‍ സൂക്ഷിക്കപ്പെട്ടുവന്നു. അലക്സാണ്ടര്‍ ഇത് തന്റെ കൊട്ടാരത്തില്‍ കൊണ്ടുപോയി സൂക്ഷിച്ചു എങ്കിലും അവിടെയുണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചുപോയി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍