This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആകാശഗംഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:34, 8 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ആകാശഗംഗ

Milky-way

ചക്രവാളത്തിന്റെ ഒരു ഭാഗത്തു തുടങ്ങി മറുഭാഗംവരെ നീണ്ടുകിടക്കുന്ന അസംഖ്യം ചെറുനക്ഷത്രങ്ങളുടെ സമൂഹം. രാത്രികാലങ്ങളില്‍ ആകാശത്തിലെ ഏറ്റവും ആകര്‍ഷകമായ ഒരു ദൃശ്യമാണ് ഇത്. നല്ല നിലാവുള്ള രാത്രികളിലും വൈദ്യുതദീപങ്ങളുടെ പ്രകാശം ഓളംവെട്ടുന്ന നഗരപ്രദേശങ്ങളിലും ആകാശഗംഗ അത്ര തെളിഞ്ഞു കാണപ്പെടുകയില്ല. ചന്ദ്രനില്ലാത്ത നിശാകാലങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍നിന്നു നോക്കുന്നതായാല്‍ ഈ നക്ഷത്രസമൂഹത്തെ നഗ്നദൃഷ്ടികള്‍ കൊണ്ടു തന്നെ നല്ലവണ്ണം ദര്‍ശിക്കുവാന്‍ കഴിയും. ശക്തിയുള്ള ഒരു ദൂരദര്‍ശിനിയിലൂടെ നോക്കുന്നതായാല്‍ യഥാര്‍ഥത്തില്‍ എണ്ണമറ്റ നക്ഷത്രങ്ങളുടെ ഒരു നിബിഡ സമൂഹമാണ് ആകാശഗംഗ എന്നു മനസ്സിലാക്കാം. പ്രപഞ്ചത്തിലുള്ള അനേകം നക്ഷത്രസമൂഹങ്ങളിലൊന്നു മാത്രമാണ് നമുക്കു ദൃഷ്ടിഗോചരമായിട്ടുളള ഈ ആകാശഗംഗ എന്നും ഇതിലെ ഒരു നക്ഷത്രം മാത്രമാണ് നമ്മുടെ സൂര്യന്‍ എന്നും ഉള്ള വസ്തുത ഇന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ചരിത്രാതീതകാലങ്ങളില്‍ മനുഷ്യബുദ്ധിക്ക് ആശ്ചര്യജനകമായ ഒന്നായിരുന്നു ഈ പ്രകാശപ്രവാഹം.

വെളുത്ത പ്രകാശം പരന്നൊഴുകിയും അനേകം ചെറുനക്ഷത്രങ്ങള്‍കൊണ്ട് നുരയുടെയും പതയുടെയും പ്രതീതിയുളവാക്കിയും ഒരു നദിപോലെ തോന്നിക്കുന്ന ഈ പ്രതിഭാസം പല ഭാവനാശാലികളുടെയും വിചിത്ര കല്പനകള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്. ഈ നക്ഷത്രസമൂഹത്തെ ആകാശഗംഗ എന്നു ഭാരതീയര്‍ വ്യവഹരിച്ചതിന്റെ പിന്നില്‍ത്തന്നെ അത്തരമൊരു കല്പന അടങ്ങിയിട്ടുണ്ട്. നിര്‍മേഘമായ ശരത്കാലവിഹായസ്സിനെ നുരയും പതയുമുള്ള ഒരു സമുദ്രത്തോടും അതിനെ രണ്ടായി വിഭജിച്ചുകൊണ്ടുപോകുന്ന പ്രസ്തുത നക്ഷത്രവീഥിയെ താന്‍ നിര്‍മിച്ച സേതുവിനോടും ഉപമിച്ചുകൊണ്ട് രാമന്‍ സീതയോടു ചെയ്യുന്ന ഒരു പ്രസ്താവന കാളിദാസന്റെ രഘുവംശത്തിലുണ്ട്. കാളിദാസനും മാഘനും ആകാശഗംഗ എന്ന പദം തന്നെ തങ്ങളുടെ കൃതികളില്‍ പ്രയോഗിച്ചിട്ടുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്വര്‍ഗത്തിലെ നദിയെന്നു പറയപ്പെടുന്ന മന്ദാകിനിയെ ഉദ്ദേശിച്ച് ആകാശഗംഗ എന്നു പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. മന്ദാകിനി എന്ന കല്പനയുടെ ആസ്പദംതന്നെ അവരുടെ ദൃഷ്ടികള്‍ക്കു ഗോചരമായ ഈ നക്ഷത്രസമൂഹം ആയിരിക്കണം.

ഭാരതീയരുടെ ഗ്രന്ഥങ്ങളില്‍ മാത്രമല്ല ഗ്രീക്കുകാരുടെയും റോമാക്കാരുടെയും പുരാണങ്ങളിലും ചോസര്‍ മുതലായ പാശ്ചാത്യ കവികളുടെ കൃതികളിലും ആകാശഗംഗ സ്ഥാനം പിടിച്ചതായി കാണുന്നു. ഉദാഹരണമായി ദേവന്‍മാര്‍ക്ക് 'മൗണ്‍ട് ഒളിംപസി'ലേക്കു നടന്നുപോകുവാനുള്ള രാജവീഥിയായും, സൂര്യദേവന്‍ ആദ്യം സ്വീകരിച്ചിരുന്നതും പിന്നീട് ഏതോ കാരണവശാല്‍ ഉപേക്ഷിച്ചതുമായ ആകാശത്തിലെ രഥവീഥിയായും മറ്റും ഇതു വര്‍ണിക്കപ്പെട്ടിട്ടുണ്ട്.

ആകാശഗംഗ ഖഗോള മധ്യരേഖയ്ക്കു 62° ചെരിഞ്ഞു സ്ഥിതിചെയ്യുന്നു. ഇംഗ്ലീഷില്‍ ഗാലക്സി (Galaxy), മില്‍ക്കിവേ (Milky Way) എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നു. ജാതുല്‍ (Cassiopeio), വരാസവസ് (Perseus), പ്രാജീത (Auriga), ശബര (Orion), ബൃഹച്ഛ്വാനം (Canis-Major), കിനാരവസ് (Centaurus), വൃശ്ചികം (Scorpio), സര്‍പധരം (Ophiucas), ധനുസ് (Sagittarius), ജായര (Cygnus), കൈകവസ് ( Cepheus) എന്നീ താരാവ്യൂഹങ്ങള്‍ ഇതില്‍പ്പെടുന്നു. വൃശ്ചികത്തിന്റെയും ജായരയുടെയും ഇടയിലുള്ള ഭാഗം രണ്ടായി പിരിഞ്ഞിരിക്കുന്നതു കാണാം. ആകാശഗംഗയിലുള്ള ഏകദേശം 150 കോടി നക്ഷത്രങ്ങളെ ദൂരദര്‍ശിനിയിലൂടെ കാണാം. മഗെലനിക് (Magellanic) താരാവ്യൂഹങ്ങളും ആന്‍ഡ്രോമീഡ താരാവ്യൂഹവും ഒഴികെ ദൃഷ്ടിഗോചരമായ മറ്റെല്ലാ നക്ഷത്രങ്ങളും ആകാശഗംഗയില്‍ പെട്ടവയാണ്. ധനുസ്സിന്റെ വ.പ. ഭാഗവും സമീപസ്ഥമായ വൃശ്ചികത്തിന്റെയും സര്‍പധരയുടെയും ചില ഭാഗങ്ങളും ആണ് ഏറ്റവും നക്ഷത്രനിബിഡവും പ്രകാശപൂര്‍ണവുമായ ഭാഗം.

ആകാശഗംഗയുടെ ദ്രവ്യമാനം (Mass) 2 x 1032 ഗ്രാം (= 2 x 1027 മെട്രിക് ടണ്‍) ആണ്. വ്യാസം ഏകദേശം ഒരുലക്ഷം പ്രകാശവര്‍ഷവും. സൌരമണ്ഡലത്തില്‍നിന്ന് ധനുസ്സിന്റെ ദിശയില്‍ 30,000 പ്രകാശവര്‍ഷം ദൂരെ ആണ് അതിന്റെ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ആകാശഗംഗയ്ക്കും ഭ്രമണമുണ്ട്. ഭ്രമണം ഒരിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 23 കോടി വര്‍ഷം വേണ്ടിവരും. സെ.-ല്‍ 270 കി.മീ. വേഗത്തില്‍ ആകാശഗംഗയുടെ കേന്ദ്രത്തിനുചുറ്റും സൌരമണ്ഡലം പ്രദക്ഷിണം വയ്ക്കുന്നു. ആകാശഗംഗപോലെ പതിനായിരം കോടിയിലേറെ നക്ഷത്രസമൂഹങ്ങള്‍ പ്രപഞ്ചത്തിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%95%E0%B4%BE%E0%B4%B6%E0%B4%97%E0%B4%82%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍