This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പോത്തിക്കരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപ്പോത്തിക്കരി
Apothecary
ഭിഷഗ്വരന് എന്ന അര്‍ഥത്തിലുള്ള ഒരു പദം. മധ്യകാലങ്ങളില്‍ ഔഷധങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരെയാണ് ഇംഗ്ളണ്ടിലും സ്കോട്ട്ലണ്ടിലും അയര്‍ലണ്ടിലും ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. സാധനങ്ങള്‍ സൂക്ഷിക്കപ്പെടുന്ന സ്ഥലം എന്നര്‍ഥമുള്ള അപ്പോത്തിക്കെ (apotheke) എന്ന ഗ്രീക്കുവാക്കില്‍ നിന്നാണ് അപ്പോത്തിക്ക(ക്കി)രി എന്ന വാക്കിന്റെ ഉദ്ഭവം. കേരളത്തിലെന്നപോലെ പാശ്ചാത്യരാജ്യങ്ങളിലും ഇവര്‍ വൈദ്യവൃത്തി അവലംബിച്ചവരായിരുന്നു.
ആദ്യകാല ഭിഷഗ്വരന്മാര് ആ കാലഘട്ടത്തിലെ ബുദ്ധിജീവികളായിരുന്ന പുരോഹിതരും അധ്യാപകരും തത്ത്വജ്ഞാനികളുമായിരുന്നു. ചില ചെടികള്‍ക്കു മുറിവ് ഉണക്കാനുള്ള കഴിവുണ്ടെന്ന് അവര്‍ മനസ്സിലാക്കിയതോടെ, ചികിത്സാരീതിയില്‍ അല്പം പുരോഗതിയുണ്ടായി. ഔഷധഗുണമുള്ള ചെടികളെ കണ്ടുപിടിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയുമായിരുന്നു അവര്‍ ചെയ്തത്. കാലംചെന്നതോടെ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അപ്പോത്തിക്കരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. അപ്പോത്തിക്കരിമാര്‍ പുസ്തകങ്ങളില്‍ നിന്നും മറ്റും ലഭിച്ച അറിവിനെ ആധാരമാക്കി പരാശ്രയംകൂടാതെ ഗുളികകളും മറ്റും നിര്‍മിക്കുവാന്‍ തുടങ്ങി. ഇവര്‍ക്ക് പ്രത്യേകമായ അളവുസമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു (Apothecaries weight & measure).
തുടക്കത്തില്‍ ഔഷധങ്ങള്‍ നിര്‍മിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചിരുന്ന അപ്പോത്തിക്കരിമാര്‍ കാലംചെന്നതോടെ രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനും തുടങ്ങി. 'റോയല്‍ കോളജ് ഒഫ് ഫിസിഷ്യന്‍സി'ന്റെ അറിവോ സമ്മതമോ കൂടാതെ അനധികൃതമായാണ് ഇത് ആരംഭിച്ചത്. 1665-ലെ പ്ളേഗ് ആക്രമണസമയത്ത് ഭിഷഗ്വരന്മാരെല്ലാം ലണ്ടന്‍ നഗരം വിടുകയുണ്ടായി. എന്നാല്‍ അപ്പോത്തിക്കരിമാര്‍ നഗരത്തില്‍ തന്നെ താമസിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തു. 1704-ല്‍ പ്രഭുസഭ അപ്പോത്തിക്കരിമാര്‍ക്ക് ഒരു അംഗീകൃത ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെതന്നെ രോഗികളെ ചികിത്സിക്കുവാനുള്ള അനുവാദം നല്കുകയുണ്ടായി. എന്നാല്‍ മരുന്നുകള്‍ക്കുള്ള വില ഈടാക്കാനല്ലാതെ പരിശോധനയ്ക്കുള്ള ഫീസ് വാങ്ങാന്‍ ഇവരെ അനുവദിച്ചിരുന്നില്ല. 1774-ല്‍ 'സൊസൈറ്റി ഒഫ് അപ്പോത്തിക്കരീസ്' വൈദ്യവൃത്തി ചെയ്യുന്നവരെ മാത്രം സൊസൈറ്റിയില്‍ അംഗങ്ങളാക്കിയാല്‍ മതി എന്നൊരു പ്രമേയം പാസ്സാക്കുകയുണ്ടായി. 1815-ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ ഒരു നിയമപ്രകാരം ഇംഗ്ളണ്ടിലും വെയില്‍സിലുമുള്ള എല്ലാ അപ്പോത്തിക്കരിമാരെയും പരിശോധിക്കാനും, അവര്‍ക്ക് അംഗീകാരം നല്‍കണമോ വേണ്ടയോ എന്നു തീരുമാനിക്കാനും അപ്പോത്തിക്കരിമാരുടെ സൊസൈറ്റിയെ അധികാരപ്പെടുത്തുകയുണ്ടായി. ഈ നിയമം അതുവരെ പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പഠനക്രമമില്ലാതിരുന്ന വൈദ്യശാസ്ത്രപഠനത്തിന് ഒരു ഉത്തേജനം നല്കുകയുണ്ടായി. 19-ാം ശ.-ത്തില്‍ വൈദ്യശാസ്ത്രപഠനത്തിനും വൈദ്യവൃത്തിക്കും ഒരു പ്രത്യേക പദവിയും അംഗീകാരവും നേടിയെടുക്കുന്നതില്‍ അപ്പോത്തിക്കരിമാര്‍ ചെയ്ത സേവനങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.
പരിഷ്കൃതകാലഘട്ടത്തില്‍ ഫാക്ടറികളും മറ്റും മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചതോടെ അപ്പോത്തിക്കരി എന്ന വിഭാഗം ഏതാണ്ട് അപ്രത്യക്ഷമായി എന്നു പറയാം.