This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്വഘോഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:58, 25 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അശ്വഘോഷന്‍

കാളിദാസനെക്കാള്‍ പ്രാചീനനെന്നു വിശ്വസിക്കപ്പെടുന്ന ഒരു സംസ്കൃത മഹാകവി. ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെപ്പറ്റി സ്വന്തം കൃതികളില്‍നിന്നും ഐതിഹ്യങ്ങളില്‍ നിന്നുമുള്ള അറിവുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. കൃതികളുടെ ഒടുവില്‍ കൊടുത്തിട്ടുള്ള പ്രസ്താവങ്ങളില്‍നിന്ന് ഇദ്ദേഹം സാകേതത്തില്‍ (അയോധ്യയില്‍) ജനിച്ച ഒരു ബുദ്ധഭീക്ഷുവാണെന്നും ഇദ്ദേഹത്തിന്റെ അമ്മയുടെ പേര് സുവര്‍ണാക്ഷി എന്നാണെന്നും ഗ്രഹിക്കാം. 'ആചാര്യന്‍', 'ഭാദന്തന്‍', 'മഹാവാദി', 'ഭിക്ഷു' തുടങ്ങിയ പല നാമങ്ങളിലും അശ്വഘോഷന്‍ അറിയപ്പെടുന്നു. ബുദധമതക്കാരനായിരുന്നെങ്കിലും ബ്രാഹ്മണ സംസ്കാരത്തിന്റെ അതിപ്രസരം ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍പ്രകടമാണ്. ഇതില്‍നിന്ന് ഇദ്ദേഹം ബുദ്ധമതം സ്വീകരിക്കുന്നതിനു മുന്‍പ് ഒരു ബ്രാഹ്മണനായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു. ചൈനയില്‍ പ്രചാരമുള്ള ചില ഐതിഹ്യങ്ങളില്‍ ഇദ്ദേഹത്തെപ്പറ്റി കനിഷ്കന്റെ സമകാലികനും ആത്മീയ ഗുരുവും എന്ന നിലയില്‍ പ്രസ്താവമുണ്ട്. ഇതു വാസ്തവമാണെങ്കില്‍ എ.ഡി. 1-ാം ശ.-ത്തിന്റെ അവസാനമോ 2-ാം ശ.-ത്തിന്റെ ആദ്യമോ ആണ് ഇദ്ദേഹത്തിന്റെ ജീവിതകാലം എന്ന് അനുമാനിക്കാം. ശ്രീബുദ്ധനോടും ബുദ്ധമതത്തോടും ഇദ്ദേഹം അത്യധികമായ ഭക്ത്യാദരങ്ങള്‍ പുലര്‍ത്തിയിരുന്നു. ബുദ്ധമതത്തിലെ മഹായാനവിഭാഗത്തിന്റെ കുലപതികളിലൊരാളായി ഇദ്ദേഹം പരിഗണിക്കപ്പെടുന്നു.

  കൃതികള്‍. ബൌദ്ധഗ്രന്ഥങ്ങളുടെ തിബത്തന്‍-ഭാഷാ വിവര്‍ത്തനങ്ങളില്‍ നിന്നു മതപരവും ദാര്‍ശനികവുമായ അന്‍പതോളം കൃതികളുടെ കര്‍ത്തൃത്വം അശ്വഘോഷനില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. അത്തരം കൃതികളിലൊന്നാണ് മഹായാന ശ്രദ്ധോത്പാദം.  'വിജ്ഞാനവാദ'ത്തെയും 'മാധ്യമിക സിദ്ധാന്ത'ത്തെയും ഉദ്ഗ്രഥനം ചെയ്യുന്ന ഒരു ശാസ്ത്ര ഗ്രന്ഥമാണിത്. എ.ഡി. 700-ല്‍ രചിക്കപ്പെട്ട ഒരു ചീന പരിഭാഷയെ ആസ്പദമാക്കി അശ്വഘോഷാസ് ഡിസ്കോഴ്സസ് ഇന്‍ ദി എവേക്കനിങ് ഒഫ് ഫെയ്ത് എന്ന പേരില്‍ ഇത് ടി. സുസുകി ഇംഗ്ളീഷിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്. ഇതിന്റെ സംസ്കൃതത്തിലുള്ള മൂലഗ്രന്ഥം നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആന്തരികമായ തെളിവുകള്‍ കര്‍ത്താവ് അശ്വഘോഷനാണെന്ന നിഗമനത്തിനു സഹായകമല്ല. ബ്രാഹ്മണ മതത്തിലെ ജാതിവ്യവസ്ഥയെ വിദഗ്ധമായി ഖണ്ഡിക്കുന്ന വജ്രസൂചിയാണ് മറ്റൊരു ഗ്രന്ഥം. ചൈനീസ് സഞ്ചാരിയായ ഇ-ത് സിങ് അശ്വഘോഷകൃതികളുടെ കൂട്ടത്തില്‍ ഇതിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 973-നും 981-നും ഇടയ്ക്കു വിരചിതമായ ചൈനീസ് പരിഭാഷയില്‍ ഇതിന്റെ കര്‍ത്തൃത്വം ധര്‍മകീര്‍ത്തി എന്നൊരു കവിക്കാണ് നല്കിയിരിക്കുന്നത്. കുറേക്കൂടി പ്രധാനപ്പെട്ട മറ്റൊരു കൃതിയാണ് ഗണ്ഡീസ് തോത്രഗാഥ. സ്രഗ്ധരാവൃത്തത്തില്‍ 29 പദ്യങ്ങളടങ്ങിയ ഈ ലഘുകാവ്യത്തില്‍ ബുദ്ധാശ്രമത്തിലെ ഘണ്ഡാമണിയെയും ധര്‍മസന്ദേശ പ്രണവമായ അതിന്റെ നാദത്തെയും പ്രകീര്‍ത്തിക്കുന്നു. ഇതിലെ ഒരു ശ്ളോകം പില്ക്കാലത്തു കാശ്മീരില്‍ വച്ചു രചിച്ചതാണെന്ന് അതില്‍ സൂചനയുള്ളതിനാല്‍ കാവ്യത്തിന്റെ കര്‍ത്തൃത്വം സംശയാസ്പദമായി ശേഷിക്കുന്നു. സൂത്രാലങ്കാരമാണ് അശ്വഘോഷന്റേതെന്നു പറയപ്പെടുന്ന മറ്റൊരു കൃതി. ജാതകകഥകളോടും അപദാനകഥകളോടും സാദൃശ്യം വഹിക്കുന്ന സാരോപദേശകഥകളുടെയും ഐതിഹ്യങ്ങളുടെയും ഗദ്യപദ്യാത്മകമായ ഒരു സമാഹാരമാണിത്. ഇതിന്റെ സംസ്കൃതത്തിലുള്ള ചില ഭാഗങ്ങള്‍ മധ്യേഷ്യയില്‍ നിന്നും കണ്ടെടുത്ത എച്ച്. ലൂഡേഴ്സിന്റെ അഭിപ്രായത്തില്‍, ഇതിന്റെ കര്‍ത്താവ്, 'കുമാരലാതന്‍' ആണ്.
  അശ്വഘോഷന്റേതെന്നു തീര്‍ച്ചയുള്ള മൂന്നുകൃതികള്‍ സൌന്ദരനന്ദം, ബുദ്ധചരിതം, ശാരീപുത്രപ്രകരണം എന്നിവയാണ്. ഇവയെ ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ കവിയശസ്സ് നിലനില്ക്കുന്നത്.
  സൌന്ദരനന്ദം. സൌന്ദരനന്ദത്തിലെ പ്രതിപാദ്യം സിദ്ധാര്‍ഥന്റെ വൈമാത്രേയ സഹോദരനായ നന്ദന്റെ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനമാണ്. 18 സര്‍ഗങ്ങളുള്ള ഈ കാവ്യം കപിലവസ്തു നഗരത്തിന്റെ സ്ഥാപനാഖ്യാനത്തോടുകൂടി തുടങ്ങുന്നു. ബുദ്ധന്‍ ലോകസംഗപരിത്യാഗിയാകുമ്പോള്‍ നന്ദന്‍ സുന്ദരിയെന്ന പത്നിയില്‍ പ്രേമവിവശനായി കഴിയുകയാണ്. ബുദ്ധന്റെ പ്രേരണയ്ക്കു വശംവദനായി അയാള്‍ 'സംഘ'ത്തില്‍ പ്രവേശിക്കുന്നെങ്കിലും മനസ്സിനു പാകത വന്നിട്ടില്ലാതിരുന്നതിനാല്‍ തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നു. മനുഷ്യരുടെ മാത്രമല്ല ദേവാംഗനമാരുടെ പോലും സൌന്ദര്യം ഭംഗുരമാണെന്നു ബുദ്ധന്‍ അയാളെ ബോധ്യപ്പെടുത്തുന്നതോടെ അയാള്‍ ആത്മശിക്ഷണം ശീലിച്ച് മായാബന്ധവിമുക്തനായിത്തീര്‍ന്ന്, സ്വന്തം മുക്തികൊണ്ടു തൃപ്തിപ്പെടാതെ അന്യരുടെ മുക്തിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ജീവിതം സമര്‍പ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് കാവ്യഭംഗി കൈവരുത്താന്‍ കവി ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരഭാഗത്ത് ലൌകികബന്ധങ്ങളുടെ നിരര്‍ഥകതയെയും ബോധോദയത്തിലെ ആനന്ദത്തെയും വെളിപ്പെടുത്താനാണു ശ്രമിച്ചിട്ടുള്ളത്. അവിടെ കവിയായ അശ്വഘോഷനെ ധര്‍മോപദേഷ്ടാവായ അശ്വഘോഷന്‍ പിന്നിലാക്കിയിരിക്കുന്നു.
  ബുദ്ധചരിതം. ബുദ്ധന്റെ ജീവിതകഥയെ അധികരിച്ച് 28 സര്‍ഗങ്ങളിലായി എഴുതിയിട്ടുള്ള ഒരു മഹാകാവ്യമാണ് ബുദ്ധചരിതം. ബുദ്ധാവതാരവര്‍ണനയില്‍ തുടങ്ങി ബുദ്ധമതപ്രതിനിധികളുടെ പ്രഥമസമ്മേളനവും അശോകന്റെ ഭരണവും വര്‍ണിച്ചുകൊണ്ട് കാവ്യം അവസാനിക്കുന്നു. ചൈനീസ് ഭാഷയിലും തിബത്തന്‍ ഭാഷയിലുമുള്ള വിവര്‍ത്തനങ്ങളില്‍ മാത്രമേ ഈ കൃതി പൂര്‍ണരൂപത്തിലുള്ളു. സംസ്കൃതത്തില്‍ 2 മുതല്‍ 13 വരെ സര്‍ഗങ്ങള്‍ മുഴുവനായും 1-ഉം 14-ഉം സര്‍ഗങ്ങള്‍ ഭാഗികമായും ലഭിച്ചിട്ടുണ്ട്. ബുദ്ധമതതത്ത്വപ്രതിപാദകമായ ഈ കാവ്യത്തിന് ഇന്ത്യയില്‍ രാമായണത്തിനുള്ള സ്ഥാനം ഒരു കാലത്തുണ്ടായിരുന്നു. 7-ാം ശ.-ത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇ-ത് സിങ് ഇന്ത്യയിലെ പഞ്ചഭൂവിഭാഗങ്ങളിലും ദക്ഷിണസമുദ്രദേശങ്ങളിലും ബുദ്ധചരിതം പാരായണത്തിനുപയോഗിച്ചുവരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ പദങ്ങള്‍കൊണ്ട് ആശയപുഷ്ടി കൈവരുത്തുക എന്നത് അശ്വഘോഷകൃതികളുടെ സവിശേഷതയാണ്. വായനക്കാര്‍ക്കു മടുപ്പു തോന്നാത്തവിധം അതു വായിച്ചുപോകാം.
  ശാരീപുത്രപ്രകരണം. അശ്വഘോഷന്റെ മൂന്നാമത്തെ കൃതിയായ ശാരീപുത്രപ്രകരണം  ഒന്‍പത് അങ്കത്തിലുള്ള ഒരു നാടകമാണ്. ഇതിന്റെ ഒരു താളിയോലഗ്രന്ഥം മധ്യേഷ്യയില്‍ നിന്നാണു കണ്ടുകിട്ടിയത്. അതില്‍ കൃതിയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമേ ഉള്ളു. അവസാനഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ ഗ്രന്ഥത്തിന്റെയും ഗ്രന്ഥകാരന്റെയും പേര് അതില്‍നിന്നറിയാം. ബുദ്ധന്‍ കൂടി ഭാഗഭാക്കായ ഒരു മതപരിവര്‍ത്തനകഥയാണ് ഈ കൃതിയിലെയും പ്രതിപാദ്യം. ശാരീപുത്രനും മൌദ്ഗല്യായനനുമാണ് രണ്ടു പ്രധാനകഥാപാത്രങ്ങള്‍. 'മഹാവഗ്ഗ' പ്രസിദ്ധമാണ് കഥ. എങ്ങനെയാണ് കവി അതു കൈകാര്യം ചെയ്തിരിക്കുന്നതെന്ന് കിട്ടിയ ഭാഗങ്ങളില്‍നിന്നറിയാന്‍ നിര്‍വാഹമില്ല. അങ്കവിഭാഗം, ആര്യ, ഉപജാതി, ശാലിനി, വംശസ്ഥ മുതലായ വിവിധ വൃത്തങ്ങളിലുള്ള പദ്യങ്ങള്‍, സാഹിത്യോചിതമായ പ്രാകൃതം, വിദൂഷകന്‍ ഇത്യാദി ഘടകങ്ങള്‍ ഇതില്‍ കാണുന്നതിനാല്‍ സംസ്കൃത നാടകസാധാരണമായ രീതിയും സങ്കേതവും 1-ഉം 2-ഉം ശ.-ങ്ങളില്‍ ഉറച്ചു കഴിഞ്ഞിരുന്നു എന്ന് അനുമാനിക്കാം. നോ: ശാരീപുത്രപ്രകരണം
  ബുദ്ധധര്‍മപ്രചാരണമാണ് അശ്വഘോഷകൃതികളുടെ പ്രധാന ലക്ഷ്യം. പില്ക്കാലകാവ്യങ്ങളിലെ സങ്കേതജടിലത്വം അവയില്‍ കാണുകയില്ല. ലളിതവും മിതവും പരിപക്വവുമായ ഒരു ഭാഷാരീതിയാണ് പ്രതിപാദനത്തില്‍ അവലംബിച്ചിട്ടുള്ളത്. അത് അതീവവിശദവും മധുരവുമാണ്. തന്റെ സന്ദേശം ബഹുജനങ്ങള്‍ക്കു സുഗമമായിത്തീരണമെന്ന നിഷ്കര്‍ഷയാണ് പ്രതിപാദനത്തില്‍ ഈ സരളരീതി കൈക്കൊള്ളാന്‍ കവിക്കു പ്രേരകമായിരുന്നതെന്നു കരുതേണ്ടിയിരിക്കുന്നു. താന്‍ പണ്ഡിതന്‍മാര്‍ക്കുവേണ്ടിയല്ല ബഹുജനങ്ങള്‍ക്കുവേണ്ടിയാണ്; കവിതാപാടവം പ്രദര്‍ശിപ്പിക്കാനല്ല, ലോകശാന്തി കൈവരുത്തുവാനാണ്-കാവ്യരചന നടത്തുന്നതെന്നു കവി തന്നെ പലേടത്തും വ്യക്തമാക്കിയിട്ടുണ്ട്.
  പ്രതിഭാസമ്പന്നനായ കവിയും വിശ്വാസനിഷ്ഠനായ ഉപദേഷ്ടാവുമാണ് അശ്വഘോഷന്‍. ഈ അസാധാരണ സംയോഗം കൃതികള്‍ക്ക് ഒരു വൈകാരിക തീവ്രതയും ഹൃദയ സംവേദനക്ഷമതയും പ്രദാനം ചെയ്തിരിക്കുന്നു. കൃതികളില്‍ ശബ്ദാര്‍ഥചമത്കൃതി കൈവരുത്തിയിട്ടുള്ളതിനു ദൃഷ്ടാന്തങ്ങള്‍ സുലഭമാണ്. 
  കുമാരലാതന്‍, മാതൃചേടന്‍ മുതലായി ബുദ്ധമതസ്ഥാരായ ചില കാവ്യകാരന്‍മാര്‍ അശ്വഘോഷന്റെ രീതി പിന്തുടര്‍ന്നവരാണ്. ഗാഢമായ അനുകരണം നിമിത്തം ഇവരില്‍ ചിലരുടെ കൃതികള്‍ അശ്വഘോഷന്റേതെന്നു സംശയിക്കുവാന്‍ വക നല്കിയിട്ടുമുണ്ട്. 'മാതൃചേടന്‍' എന്നത് അശ്വഘോഷന്റെ മറ്റൊരു പേരാണെന്നു പോലും  ചിലര്‍ക്ക് അഭിപ്രായമുണ്ട്.
  അശ്വഘോഷന്റെ ജീവിതകഥയെ സംബന്ധിക്കുന്ന ഐതിഹ്യങ്ങള്‍ ഡബ്ള്യു. വാസ്ലിജ്യു എന്ന റഷ്യന്‍ പണ്ഡിതന്‍ ഒരു ഗ്രന്ഥത്തില്‍ (ഉലൃ ആൌററവശാൌ) സമാഹരിച്ച് 1860-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.സി. ലായുടെ 'അശ്വഘോഷന്‍' (അശെമശേര ടീരശല്യ ങീിീഴൃമുവ, ഇമഹരൌമേേ, 1946) ഈ പ്രാചീന കവിയെക്കുറിച്ചുള്ള സമഗ്രമായ ഒരു പഠനമാണ്.
  ബുദ്ധചരിതം ഇംഗ്ളീഷില്‍ ഇ.ബി. കവ്വലും (ടമരൃലറ ആീീസ ീള വേല ഋമ, ഢീഹ.49, ഛഃളീൃറ, 1893), ജര്‍മനില്‍ സി. കാപ്പെല്ലറും (1922), ഇറ്റാലിയനില്‍ സി. ഫോര്‍മിയും (1912), പോളിഷില്‍ എ. ഗാവ്റോണ്‍സ്കിയും (1966) വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളമുള്‍പ്പെടെ മിക്ക ഭാരതീയ ഭാഷകളിലും തിബത്തന്‍, ചൈനീസ് എന്നീ ഭാഷകളിലും ഇതിനു ധാരാളം പരിഭാഷകള്‍ ഉണ്ട്.
  സൌന്ദരനന്ദത്തിന്റെ മുഖ്യ ഇംഗ്ളീഷ് പരിഭാഷ ഇ.എഛ്. ജോണ്‍സ്റ്റന്റെതാണ് (1928, ലണ്ടന്‍). ബുദ്ധചരിതത്തിന്റെ പോളീഷ് പരിഭാഷ നടത്തിയ ഗാവ്റോണ്‍സ്കി ഇതും പ്രസ്തുത ഭാഷയിലാക്കിയിട്ടുണ്ട് (1966). ശാരീപുത്രപ്രകരണത്തിനു യൂറോപ്യന്‍ ഭാഷകളിലുള്ള ഏറ്റവും പ്രസിദ്ധമായ വിവര്‍ത്തനം എഛ്. ലൂഡേഴ്സിന്റെ ജര്‍മന്‍ ഭാഷയിലുള്ളതാണ് (ഉമ ടമൃശുൌൃമ ജൃമസമൃമിമ, ഋശി ഉൃമാമ ഉല അംമഴവീമെ, ടശ്വ്ിഴയെലൃശരവലേ ഉ ആലൃഹശിലൃ അസമറ).
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍