This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അല്ലമ പ്രഭു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അല്ലമ പ്രഭു
12-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന കന്നട ഭക്തകവി. കന്നടത്തിലെ 'വചനസാഹിത്യ' പ്രസ്ഥാനത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ ഈ കവി ശൈവമതസിദ്ധാന്തങ്ങളുടെ പ്രചാരകന്‍കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ സൂക്തി മാതൃകയിലുള്ള വചനങ്ങള്‍ സാര്‍വത്രികവും സാര്വജനീനവുമായിത്തീര്ന്നിട്ടുണ്ട്. 'പ്രഭുദേവ' എന്ന പേരിലും അല്ലമ അറിയപ്പെടുന്നു. ദക്ഷിണകര്ണാടകത്തില്പ്പെട്ട ബള്ളിഗാവു എന്ന ഗ്രാമമാണ് ഇദ്ദേഹത്തിന്റെ സ്വദേശം എന്നു കൃതികളില്‍നിന്നും വ്യക്തമാകുന്നുണ്ട്. എ.ഡി. 12-ാം ശ.-ത്തില്‍ ജീവിച്ചിരുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുള്ള ബസവണ്ണ എന്ന ശൈവകവി അല്ലമ പ്രഭുവിന്റെ സന്തതസഹചാരിയും സുഹൃത്തുമായിരുന്നു. ബസവണ്ണയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പ്രഭുദേവന്റെ വചനങ്ങളില്‍ പലയിടത്തുമുണ്ട്.
ഭക്തിയും വേദാന്തചിന്തയും ഒത്തിണങ്ങിയവയാണ് അല്ലമ പ്രഭുവിന്റെ വചനങ്ങള്‍. എല്ലാ ഭക്തിമാര്ഗങ്ങളിലും അവയുടെ അനുയായികളായ വ്യക്തികളിലും അന്തര്‍ലീനമായിട്ടുള്ള ഗുണാംശങ്ങളെ പ്രശംസിക്കുവാനും ദോഷങ്ങളെ വിമര്‍ശിക്കുവാനും ഈ കവി പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി ഇദ്ദേഹത്തിന്റെ വചനങ്ങള്‍ വ്യക്തമാക്കുന്നു. ശൈവവേദാന്തത്തിലെ കടുകട്ടിയായ സിദ്ധാന്തങ്ങളുടെ ആശയസ്ഫുടീകരണത്തിനുവേണ്ടി പല വചനങ്ങളും പ്രതീകാത്മകമായാണ് ഇദ്ദേഹം രചിച്ചിട്ടുള്ളത്. പണ്ഡിതന്മാര്ക്കും ഭക്തന്മാര്ക്കും ഒരുപോലെ ആസ്വദിക്കുവാനുതകുന്ന തരത്തില്‍ ആണ് ഇദ്ദേഹം പ്രതീകവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വചനങ്ങള്ഭക്തിപ്രചാരണാര്ഥമാണ് രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവയിലെ കലാമൂല്യവും സാഹിത്യസൗന്ദര്യവും ഔത്കൃഷ്ട്യമേറിയവയാണ്.
(റ്റി. ഉബൈദ്)