This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്രമാദിത്വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:20, 26 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അപ്രമാദിത്വം

Infallibility


തെറ്റുകള്‍ക്ക് അതീതരായിരിക്കുക എന്നതാണ് മതപരമായി ഇതിന്നര്‍ഥം. തെറ്റുകള്‍ക്ക് അതീതമായ ഒരു അധികാരശക്തിയെക്കുറിച്ചുള്ള അന്വേഷണവും അതിന്റെ അംഗീകാരവും എല്ലാം പ്രമുഖമതങ്ങളിലുമെന്നപോലെ നിരവധി സാമൂഹ്യ-രാഷ്ട്രീയ സംഘടനകളിലും നിലനില്ക്കുന്നു. ഓരോ മതത്തിനും അതിന്റേതായ നിയമങ്ങളും ആചാരങ്ങളും ഉണ്ട്. ഇവ അപ്രമാദിത്വമുള്ളവയാണെന്നും അതുകൊണ്ട് അലംഘനീയങ്ങളാണെന്നും കണക്കാക്കപ്പെട്ടുവരുന്നു. ബുദ്ധമതം, ഇസ്ലാംമതം, ഹിന്ദുമതം, സിക്കുമതം, സരതുഷ്ട്രമതം തുടങ്ങിയ മതങ്ങള്‍ തെറ്റുകള്‍ക്കതീതമായ വിശുദ്ധപ്രമാണങ്ങളേയും വിശുദ്ധ നിയമസംഹിതകളേയും അംഗീകരിക്കുന്നു. ഋഷിപ്രോക്തങ്ങളായ വേദങ്ങള്‍ തെറ്റുകള്‍ക്കതീതമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീശങ്കരന്റെ സിദ്ധാന്തങ്ങള്‍ക്ക് അപ്രമാദിത്വം അവകാശപ്പെട്ടിരുന്നു. സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും തെറ്റുകള്‍ക്കതീതമായ ഒരധികാരനേതൃത്വത്തില്‍ വിശ്വസിക്കുന്നു. രാഷ്ട്രം, ക്രൈസ്തവസഭ എന്നിവയോളം തന്നെ പഴക്കമുള്ളതാണ് രാഷ്ട്രീയവും മതപരവുമായ ഈ വിശ്വാസം. എന്നാല്‍ മതത്തിലാണ് ഈ വിശ്വാസം കൂടുതലായിട്ടുള്ളത്.

റോമന്‍ കത്തോലിക്കാസഭയ്ക്കും അതിന്റെ മേലധ്യക്ഷനായ മാര്‍പാപ്പായ്ക്കും തെറ്റുപറ്റുകയില്ലെന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു. ധാര്‍മികമായും വിശ്വാസപരമായും ഉള്ള കാര്യങ്ങളില്‍ കത്തോലിക്കാസഭയുടെ വക്താവായി മാര്‍പാപ്പാ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ സഭയുടെ ഏകകണ്ഠമായ യോജിപ്പ് ഇല്ലാതിരുന്നാല്‍ പോലും അപ്രമാദിത്വമുള്ളതാണെന്ന് 1870-ലെ ഒന്നാം വത്തിക്കാന്‍ സുന്നഹദോസില്‍ പ്രഖ്യാപിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ കേവലം വാക്കുകള്‍ക്കല്ല, പ്രത്യുത, സഭയുടെ അടിസ്ഥാനപരമായ 'പഠിപ്പിക്കലിന്' (teachings) ആണ് അപ്രമാദിത്വം എന്ന അഭിപ്രായം പ്രബലപ്പെട്ടു.

'ഈശ്വരന് തെറ്റുപറ്റുകയില്ല; അദ്ദേഹത്തിന്റെ കല്പനകള്‍ അതുകൊണ്ട് തെറ്റായിരിക്കുകയില്ല. ഈ കല്പനകള്‍ അനുയായികളെ പഠിപ്പിക്കുന്നതിന് അദ്ദേഹം കത്തോലിക്കാസഭയെ ചുമതലപ്പെടുത്തി. ഈ സഭയുടെ പ്രതിനിധിയാണ് മാര്‍പാപ്പാ. അതുകൊണ്ട് അദ്ദേഹത്തിനും തെറ്റുപറ്റുകയില്ല' എന്ന് അവര്‍ വാദിച്ചു. ക്രിസ്ത്യാനികളുടെ ഇടയനും ഗുരുവും എന്ന നിലയില്‍ സ്വന്തം അപ്പോസ്തലിക അധികാരം ഉപയോഗിച്ച് സഭ അനുവര്‍ത്തിക്കേണ്ട വിശ്വാസപ്രമാണത്തെയോ ധാര്‍മിക സിദ്ധാന്തത്തെയോ പറ്റി മാര്‍പാപ്പാ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള അപ്രമാദിത്വം അനിഷേധ്യമാണ് എന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു.

മാര്‍പാപ്പാ എല്ലാ തെറ്റുകള്‍ക്കും അതീതനാണെന്ന വിശ്വാസത്തോട് സെന്റ് തോമസ് അക്വിനാസ് (1227-74) യോജിച്ചു. ദൈവശാസ്ത്രത്തിന്റെ ഭാഗമായി ഈ ആശയത്തെ ആദ്യമായി പ്രതിപാദിച്ചത് ഇദ്ദേഹമാണ്. 'അമലോത്ഭവ'ത്തെപ്പറ്റിയുള്ള പീയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പായുടെ (1792-1878) പ്രസ്താവനയില്‍ അപ്രമാദിത്വത്തെപ്പറ്റിയും പരാമര്‍ശമുണ്ട്. (നോ: അമലോദ്ഭവം). ഒരു നിശ്ചിത വാക്യത്തില്‍ ഉള്‍ക്കൊള്ളുന്ന സത്യം വിശ്വാസികള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ അവരെ അവിശ്വാസികളായി മുദ്രകുത്തുമെന്നും അതില്‍ പറയുന്നു.

ബൈബിളിന്റെ അപ്രമാദിത്വം മിക്കവാറും എല്ലാ ക്രൈസ്തവ സഭകളും അംഗീകരിക്കുന്നു. അപ്രമാദിത്വം ആര്‍ക്ക്, എവിടെ എന്നതിനെക്കുറിച്ച് വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

ഇസ്ലാംമതവും അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നു. അക്ബര്‍ ചക്രവര്‍ത്തിയെ ജനങ്ങളുടെ മതാധ്യക്ഷനും രാജാവും ആയിട്ടാണ് കണക്കാക്കിയിരുന്നത്. ഇസ്ലാംമതസംബന്ധിയായ ഏതു പ്രശ്നത്തെക്കുറിച്ചും ആധികാരികമായി തീരുമാനം എടുക്കുന്നതിന് അക്ബര്‍ക്ക് അധികാരം നല്‍കി. തീരുമാനങ്ങള്‍ ഖുര്‍ആന്‍ അനുസരിച്ചായിരിക്കണമെന്നു മാത്രം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍