This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ച്ചിരാദിമാര്‍ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:33, 13 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അര്‍ച്ചിരാദിമാര്‍ഗം

അര്‍ച്ചിസ്സ് ആദിയായ പരലോകമാര്‍ഗം-അര്‍ച്ചിസ്സ് (അഗ്നി), ജോതിസ്സ് (തേജസ്സ്), അഹസ്സ് (പകല്‍), ശുക്ലപക്ഷം, ഉത്തരായണം (മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍) എന്നിങ്ങനെയുള്ള ക്രമമുക്തി മാര്‍ഗം. ഐഹികജീവിതം അവസാനിച്ച് അര്‍ച്ചിരാദിമാര്‍ഗത്തിലൂടെ ഗമിക്കുന്നവര്‍ക്കു സദ്ഗതി ലഭിക്കുമെന്നു ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. ഇതിന് ഉപോദ്ബലകമായ ഗീതാവചനം താഴെ പറയുന്നു.

'അഗ്നിര്‍ജ്യോതിരഹഃ ശുക്ളഃ

ഷണ്‍മാസാ ഉത്തരായണം

തത്ര പ്രയാതാ ഗച്ഛന്തി

ബ്രഹ്മ ബ്രഹ്മവിദോ ജനാഃ' (ഭ. ഗീ. viii 24)

ഈ മാര്‍ഗത്തിനു ദേവയാനം എന്ന ഒരു പേരു കൂടിയുണ്ട്. അര്‍ച്ചിരാദിഗതിയെക്കുറിച്ച് മേല്പുത്തൂര്‍ നാരായണഭട്ടതിരി നാരായണീയത്തിലും പരാമര്‍ശിച്ചിരിക്കുന്നു.

'അര്‍ച്ചിരാദിഗതിമീദൃശീം വ്രജന്‍

വിച്യുതിം ന ഭജതേ ജഗത്പതേ'

(നാരായണീയം ദശ. 3)

ക്രമമുക്തിക്കര്‍ഹനായിത്തീര്‍ന്ന യോഗിയായ ഭക്തനെ അഗ്നി, അഹസ്സ്, ശുക്ലപക്ഷം, ഉത്തരായണം എന്നിവയുടെ അധിഷ്ഠാതാക്കളായ ദേവന്മാര്‍ ആദിത്യലോകത്തേക്കും പിന്നീടു മറ്റുസ്ഥാനങ്ങളിലേക്കും നയിക്കുന്നു. ഭക്തര്‍ ആ ലോകങ്ങളില്‍ സഞ്ചരിക്കുമ്പോഴും വസിക്കുമ്പോഴും ഭഗവാനെ ധ്യാനിച്ച് പരമാനന്ദം അനുഭവിക്കുന്നതാണ്. അവര്‍ അതതു ലോകങ്ങളില്‍ ചെന്ന് അവിടെയുള്ള ദേവന്മാരുടെ സുഖങ്ങളെയും ഐശ്വര്യങ്ങളെയും അനുഭവിച്ചുകൊണ്ടാണു പരമപദത്തിലെത്തുന്നത്. കുറേനാള്‍ സൂര്യലോകത്തിലിരുന്നശേഷം ആദിശേഷന്റെ വിഷജ്വാല വ്യാപിക്കുന്ന സമയംവരുമ്പോള്‍ അവിടെനിന്നു മറ്റു സിദ്ധന്മാരോടൊപ്പം ബ്രഹ്മദേവന്റെ അധിഷ്ഠാനമായ സത്യലോകത്തില്‍ ചെന്നു ചേരുന്നു. ചിലപ്പോള്‍ ഭഗവത് പ്രസാദം നിമിത്തം കല്പാവസാനം വരുന്നതിനു മുന്‍പോ അല്ലെങ്കില്‍ ബ്രഹ്മാവിനോടൊപ്പമോ അവര്‍ മുക്തരാകുന്നു. അര്‍ച്ചിരാദിമാര്‍ഗത്തിലൂടെ ജീവനു ക്രമമുക്തി ലഭിക്കുന്ന രീതിയാണ് ഈ പറഞ്ഞത്.

കുരുക്ഷേത്രയുദ്ധത്തില്‍ ആസന്നമരണനായി ശരശയ്യയെ അവലംബിച്ചുകിടന്ന സ്വച്ഛന്ദമൃത്യുവായ ഭീഷ്മാചാര്യര്‍ ഉത്തരായണകാലം പ്രതീക്ഷിച്ചുകൊണ്ടു മരിക്കാതെ കിടക്കുകയുണ്ടായി. ആ കാലം വന്നപ്പോള്‍ മരണം വരിച്ചു സദ്ഗതി പ്രാപിക്കുകയും ചെയ്തു. ഈ മഹാഭാരതസംഭവവും അര്‍ച്ചിരാദിമാര്‍ഗത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിക്കുന്നു. അര്‍ച്ചിരാദിമാര്‍ഗത്തിലൂടെ പ്രയാണംചെയ്യുന്നവര്‍ ബ്രഹ്മവിത്തുകളാകയാല്‍ നിത്യാനന്ദരൂപമായ മോക്ഷത്തിന് അര്‍ഹരാണെന്നും വന്നുചേരുന്നു.

(എ. പരമേശ്വരശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍