This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറബിക്കടല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
10:40, 4 ഓഗസ്റ്റ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അറബിക്കടല്‍
അൃമയശമി ലെമ
ഇന്ത്യാസമുദ്രത്തിന്റെ വ. പടിഞ്ഞാറന്‍ ഭാഗം. ഇതിന്റെ കി. ഇന്ത്യയും വ. പാകിസ്താനും ഇറാനും പ. അറേബ്യന്‍ ഉപദ്വീപും ആഫ്രിക്കയുടെ ഏതാനും ഭാഗങ്ങളും കിടക്കുന്നു. അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ബ്യൂറോ ഇതിന്റെ തെക്കേ അതിര് നിര്‍ണയിച്ചിട്ടുണ്ട്; ഗോവയ്ക്കു തെ. നിന്നും, ലക്ഷദ്വീപിന്റെ പടിഞ്ഞാറുകൂടി മധ്യരേഖയോളമെത്തി തെക്കേ അക്ഷാംശം 5ബ്ബ-ല്‍ മൊംബാസയ്ക്കടുത്ത് ആഫ്രിക്കന്തീരത്തെത്തുന്ന സാങ്കല്പികരേഖയാണത്.
അറബിക്കടലിന്റെ ശാഖകളായി രണ്ട് ഉള്‍ക്കടലുകളുണ്ട്; ഒമാന്‍, ഏഡന്‍ എന്നിവ. ഇവയില്‍ ഒമാന്‍ ഉള്‍ക്കടല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലുമായും ഏഡന്‍ ഉള്‍ക്കടല്‍ ചെങ്കടലുമായും അറബിക്കടലിനെ ബന്ധപ്പെടുത്തുന്നു. ഈ ഉള്ക്കടലൊഴികെയുള്ള കടലിന്റെ വിസ്തീര്‍ണം 74,56,000 ച.കി.മീ. ആണ്. ഇന്ത്യന്‍ തീരത്തുള്ള കച്ച്, കാംബെ എന്നീ ഉള്‍ക്കടലുകള്‍ അറബിക്കടലിന്റെ ഭാഗങ്ങളായി കരുതപ്പെടുന്നു.
നൂറ്റാണ്ടുകള്‍ക്കു മുന്‍പു മുതല്‍ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ഗതാഗതം നടന്നിരുന്നത് ഈ കടലിലാണ്. യവനന്മാര് ഇതിനെ മാരേ എറിത്രിയം (ങമൃല ഋൃശൃശൌാ) എന്നു വിളിച്ചിരുന്നു. ഡാന, ആല്ബത്രോസ് തുടങ്ങിയ നാവികര്‍ ഈ കടലിനെ സംബന്ധിക്കുന്ന ധാരാളം വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ പര്യവേക്ഷണങ്ങള്‍ ആരംഭിച്ചത് 19-ാം ശ.-ത്തിന്റെ മധ്യത്തോടെയാണ്. ജോണ്‍ മുറെയായിരുന്നു ആദ്യത്തെ പര്യവേക്ഷകന്. 20-ാം ശ.-ത്തിന്റെ ആദ്യദശകത്തില്‍ മാലദ്വീപ്-ലക്ഷദ്വീപ് സമൂഹങ്ങളിലെയും കത്തിയവാറിലെ ഓഖമണ്ഡല് തീരത്തിലെയും ജീവവര്ഗങ്ങളെക്കുറിച്ചു പഠനങ്ങള്‍ നടന്നു. അന്താരാഷ്ട്ര ഇന്ത്യാസമുദ്രപര്യവേക്ഷണത്തിന്റെ ഭാഗമായി 1960-65 കാലത്ത് യു.എസ്., യു.എസ്.എസ്.ആര്., ഇംഗ്ളണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാര് അറബിക്കടലിന്റെ ശാസ്ത്രീയ പഠനത്തിലേര്‍പ്പെട്ടു. കടലൊഴുക്കുകള്‍, ജലപിണ്ഡങ്ങള്‍, അധസ്തലപ്രകൃതി, ഊറലുകള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്.
അറബിക്കടലിലെ പ്രധാന ദ്വീപസമൂഹം ലക്ഷദ്വീപുകളാണ്. ലക്ഷദ്വീപ്, മിനിക്കോയ്, അമിനി, കില്‍ത്താന്‍ തുടങ്ങിയ നിരവധി ദ്വീപുകള്‍ ഇതിലുള്‍പ്പെടുന്നു. ഇവ ഭൂസംരചനാടിസ്ഥാനത്തില് ഇന്ത്യന്‍ പീഠഭൂമിയിലെ പ്രാചീനപര്വതമായ ആരവല്ലിനിരകളുടെ തുടര്‍ച്ചയാണെന്നു അനുമാനിക്കുന്നു. അറേബ്യന്‍ കടലിന്റെ പടിഞ്ഞാറുഭാഗത്തുള്ള സൊക്കോത്രദ്വീപ് തന്ത്രപരമായ പ്രാധാന്യമാര്ജിച്ചിട്ടുണ്ട്.
അധസ്തലപ്രകൃതി. വ.പ.-തെ.കി. ആയി കിടക്കുന്ന കാള്‍സ്ബെര്‍ഗ് തിട്ട് (ൃശറഴല) അറബിക്കടലിനെ രണ്ടായി വിഭജിക്കുന്നു. ഇതിന്റെ ഇരുവശങ്ങളിലുമായുള്ള തടങ്ങളുടെ ശ.ശ. ആഴം 3,600 മീ. ആണ്. ഇവയില്‍ വ. കിഴക്കേ ഭാഗത്തുള്ളതിനെ അറേബ്യന്തടമെന്നും മറ്റേതിനെ സോമാലിതടമെന്നും വിളിക്കുന്നു. ഇവയ്ക്ക് ഇരുപുറവുമായി വിസ്തൃതങ്ങളായ ജലമഗ്നപീഠഭൂമികള് കാണുന്നു. ഇവയില്‍ ആദ്യത്തേത് കടലിന്റെ തെ. പടിഞ്ഞാറേ അറ്റത്താണ്. കിഴക്കരികിലുള്ള രണ്ടാമത്തേത് 73ബ്ബ പൂര്വരേഖാംശത്തിലൂടെ ചാഗോസ് ദ്വീപുകളില്‍ തുടങ്ങി ലക്ഷദ്വീപുകളെയും മാലദ്വീപുകളെയും ഉള്‍ക്കൊണ്ട് ഇന്ത്യന്‍ തീരത്തോളമെത്തുന്നു. ഈ ജലമഗ്നതടങ്ങളിലെ ശ.ശ. ആഴം 1,800 മീ.-ല്‍ കുറവാണ്. കാള്‍സ്ബെര്‍ഗ് തിട്ടിലെ ആഴം 1,800 മീ.-നും 3,600 മീ.-നും ഇടയ്ക്കാണ്.
മലബാര്‍തീരത്ത് വന്കരയോര (രീിശിേലിമേഹ വെലഹള) ത്തിന്റെ വീതി 120 കി.മീ. വരും. വടക്കോട്ടു പോകുന്തോറും വീതി കുറഞ്ഞുവരുന്നു; മൈസൂര്തീരത്ത് 56 കി.മീ. ആണ് വീതി. കാംബെ ഉള്‍ക്കടല്‍ പ്രദേശത്ത് വീണ്ടും വീതി കൂടുന്നു (352 കി.മീ.). കറാച്ചിക്കു സമീപം വീതി 185 കി.മീ. ആണ്. സിന്ധുനദിയുടെ മുഖത്ത് വന്‍കരയോരത്തില്‍ അഗാധമായ ചാലുണ്ടായിരിക്കുന്നു. കടലിന്റെ വടക്കന്‍ തീരത്ത് കരയോരത്തിന്റെ വീതി താരതമ്യേന കുറവാണ്. പടിഞ്ഞാറന്‍ തീരത്തെ തീരെ ഇടുങ്ങിയ ഓരങ്ങള്‍ ഒരു ഭൂഭ്രംശ (ളമൌഹ) ത്തിന്റെ ലക്ഷണങ്ങള്‍ വഹിക്കുന്നു.
വന്‍കരച്ചരിവുകളില്‍ (രീിശിേലിമേഹ ഹീുെല) ടെറീജെനസ് (ലൃൃേശഴലിീൌ) നിക്ഷേപങ്ങള്‍ നിറഞ്ഞുകാണുന്നു. തടങ്ങളിലെ അഗാധഭാഗങ്ങളില്‍ (4,000 മീ.) ചെങ്കളിമണ്ണാണ് പൊതുവേയുള്ളത്; മറ്റു ഭാഗങ്ങളില്‍ 'ഗ്ളോബിജെറീനാ ഊസി' (ഴഹീയശഴലൃശിമ ീീ്വല) ന്റെ ആധിക്യം കാണാം.
കാലാവസ്ഥ. ഈ കടലില്‍ ഉഷ്ണമേഖലാകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കിഴക്കരികില്‍ ധാരാളം മഴ പെയ്യുന്നു. വ.ഭാഗങ്ങളില്‍ മഴ കുറവാണ്; പ്രത്യേകിച്ചും അറേബ്യന്തീരങ്ങളില്. ഇന്ത്യയിലെ മണ്‍സൂണ്‍ കാലാവസ്ഥയ്ക്കു നിദാനമായ വായുപിണ്ഡങ്ങള്‍ അറബിക്കടലിലാണ് രൂപംകൊള്ളുന്നത് എന്ന് ആധുനികപഠനങ്ങള്‍ വെളിവാക്കുന്നു. പ. സോമാലിതീരത്തു രൂപംപ്രാപിക്കുന്ന ഈ വായുപിണ്ഡങ്ങള്‍ അറബിക്കടല്‍ കടന്ന് ഇന്ത്യയിലെത്തി കനത്ത മഴ പെയ്യിക്കുന്നു (നോ: മണ്‍സൂണ്‍). ഈ കാറ്റുകള്‍ അറബിക്കടലിന്റെ ജലസഞ്ചലനത്തെ വളരെയേറെ സ്വാധീനിക്കുന്നു. കാലവര്‍ഷത്തോടനുബന്ധിച്ച് ഈ കടലിന്റെ ഉത്തരപൂര്വതീരങ്ങളില് ഗണ്യമായ ജലോര്‍ധ്വഗമനം (ൌുംലഹഹശിഴ) അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന കലങ്ങിമറിയലില്‍ ആഴക്കടലിലെ പോഷകസമ്പന്നമായ ജലം ഉപരിതലത്തിലെത്തിച്ചേരുന്നു. മത്സ്യങ്ങളുടെ ഭക്ഷണമായ പ്ളവകങ്ങളുടെ സമൃദ്ധിക്ക് ഇതു കാരണമാകുന്നു.
ജലസഞ്ചലനം. അറബിക്കടലില്‍ ഇതരജലമേഖലകളില്നിന്നുള്ള വെള്ളം ധാരാളമായി എത്തുന്നുണ്ട്. ഭൂമധ്യരേഖാജലം, ചെങ്കടല്ജലം, ഇന്ത്യാസമുദ്രജലം, ദക്ഷിണധ്രുവവിതലജലം എന്നിവയാണ് ഇങ്ങനെ കൂടിക്കലരുന്നത്. ഭൂമധ്യരേഖാജലം 100-200 മീ. ആഴത്തിലാണ് കണ്ടുവരുന്നത്. കൂടുതല്‍ ഊഷ്മളവും ലവണതയുള്ളതുമായ ചെങ്കടല്ജലം 500-1000 മീ. ആഴത്തില്‍ തെക്കോട്ടു നീങ്ങി മധ്യരേഖയ്ക്ക് അടുത്തുവച്ച് മറ്റു ജലസഞ്ചയങ്ങളുമായി കലരുന്നു. അന്റാര്‍ട്ടിക് മേഖലയിലെ ലവണതയും ഊഷ്മാവും കുറഞ്ഞ ജലം കാള്‍സ്ബര്‍ഗ് തിട്ടില് തട്ടി ഉയരുന്നു. ഇവ കടലിന്റെ വടക്കരികിലേക്ക് സംക്രമിച്ച് അവിടത്തെ ലവണത കൂടിയ ജലവുമായി കൂടിക്കലരുന്നു.
സിന്ധുവും നര്മദയുമാണ് ഈ കടലില്‍ പതിക്കുന്ന പ്രധാന നദികള്‍. ഇന്ത്യയുടെ പശ്ചിമതീരത്തിലേതുള്പ്പെടെ ധാരാളം ചെറുനദികള്‍ അറബിക്കടലില്‍ നിപതിക്കുന്നുണ്ട്.
ജലോപരിതലത്തിലെ ഊഷ്മാവ് വ. നിന്ന് തെക്കോട്ടു വരുന്തോറും കൂടിവരുന്നു; ലവണത ക്രമേണ കുറഞ്ഞും. ശ.ശ. ലവണത 36 ശ.മാ. ആണ്.
മത്സ്യസമ്പത്ത്. ഈ കടലിലെ വന്‍കരയോരങ്ങള്‍ പൊതുവേ മത്സ്യസമ്പന്നമാണ്; ഇന്ത്യന്‍ തീരം പ്രത്യേകിച്ചും. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങളുടെ 75ശ.മാ.-ഉം അറബിക്കടലില്‍നിന്നും ലഭിക്കുന്നു. മത്തി, അയല, ബോംബ്ളേയ എന്നിവയും ചെമ്മീനുമാണ് പ്രധാന മത്സ്യങ്ങള്‍. അന്താരാഷ്ട്രപ്രാധാന്യമുള്ള ചൂര എന്ന മത്സ്യം ധാരാളമായി ലഭിക്കുവാനുള്ള സാധ്യതയുണ്ട്; മിനിക്കോയ് ദ്വീപിന്റെ സമീപത്താണ് ചൂര പിടിച്ചുവരുന്നത്. ചെമ്മീന്‍ ഉത്പാദനത്തില്‍ ഇന്ത്യയ്ക്കു നിര്‍ണായക സ്ഥാനം നേടിക്കൊടുക്കുന്നതില്‍ അറബിക്കടല്‍ മുഖ്യ പങ്കു വഹിക്കുന്നു. കച്ച് തീരവും വാഡ്ജ്ബാംകും ലോകത്തിലെ ഒന്നാംകിട മത്സ്യബന്ധനസങ്കേതങ്ങളോടു കിടപിടിക്കുന്നവയാണ്.
മത്സ്യങ്ങളെ കൂടാതെ സമ്പദ്പ്രധാനങ്ങളായ കടല്‍ച്ചെടികള്‍, മുത്തുകള്‍, ശംഖുവര്ഗങ്ങള് എന്നിവയും അറബിക്കടലില്‍നിന്നു ലഭിക്കുന്നു. ഇന്ത്യന്‍തീരത്ത് എണ്ണനിക്ഷേപങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മുതല്‍ കോഴിക്കോടു വരെയും, ലക്ഷദ്വീപുകളുടെ കിഴക്കന്‍ ഭാഗത്തും, കാംബെ ഉള്‍ക്കടല്‍ മുതല്‍ മുംബൈയ്ക്കു വ. വരെയുള്ള കടലോരപ്രദേശങ്ങളിലുമാണ് എണ്ണ ലഭിക്കാന്‍ സാധ്യതയുള്ളത്. കാംബെ ഉള്‍ക്കടലില്‍നിന്നും വ്യാവസായികാടിസ്ഥാനത്തില്‍ എണ്ണ ഉത്പാദിപ്പിച്ചുവരുന്നു.
ഗതാഗതപ്രധാനമായ ഒരു കടലാണിത്. ഉഷ്ണമേഖലോത്പന്നങ്ങളായ കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍, റബ്ബര്‍ തുടങ്ങിയവ യൂറോപ്പിലേക്കു കൊണ്ടുപോകുന്നതിന് നൂറ്റാണ്ടുകളായി ഈ കടല്‍ ഉപകരിച്ചിട്ടുണ്ട്. സൂയസ്തോടിന്റെ നിര്‍മാണം ഈ കടലിന്റെ പ്രാധാന്യം ഒന്നുകൂടി വര്‍ധിപ്പിച്ചു. യൂറോപ്പില്‍നിന്നും വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും ഇന്ത്യ, ശ്രീലങ്ക, മ്യാന്മര്, വിദൂരപൂര്‍വദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കപ്പലുകള്‍ ഈ കടലിലൂടെ സഞ്ചരിക്കുന്നു. കൊച്ചി, ഗോവ, മുംബൈ, സൂററ്റ്, കണ്ട്ല, കറാച്ചി എന്നിവയാണ് അറബിക്കടല്തീരത്തുള്ള പ്രധാന തുറമുഖങ്ങള്‍. നോ: ഏഡന്‍ ഉള്‍ക്കടല്‍; പേര്‍ഷ്യന്‍ ഉള്‍ക്കടല്‍
(കെ.കെ.പി. മേനോന്)