This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:32, 4 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അരൂര്‍

ആലപ്പുഴ ജില്ലയുടെ (ചേര്‍ത്തല താലൂക്കിന്റെയും) വടക്കേ അറ്റത്തുള്ള പഞ്ചായത്ത്. പട്ടണക്കാട് വികസനബ്ളോക്കിന്റെ ഉത്തരാതിര്‍ത്തിയിലുള്ള അരൂര്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണം 15.15 ച.കി.മീ. ആണ്; ജനസംഖ്യ: 37,515 (2001) .

  നാഷണല്‍ ഹൈവേയിലെ അരൂര്‍പാലം കൊച്ചി കോര്‍പ്പറേഷനെയും (എറണാകുളം ജില്ല) അരൂര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്നു. ഒരു കി.മീ. ദൈര്‍ഘ്യം വരുന്ന അരൂര്‍-കുമ്പളം പാലം എറണാകുളം-ആലപ്പുഴ തീരദേശറെയില്‍പ്പാതയുടെ ഒരു സവിശേഷതയാണ്. അരൂരില്‍നിന്ന് എറണാകുളത്തേക്കുള്ള ദൂരം 17 കി.മീ. ആണ്. 
  അരൂര്‍ പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും വടക്കും വേമ്പനാട്ടു കായലിന്റെ ഒരു ഭാഗമായ 'കൈതപ്പുഴ' കായലിനാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. എഴുപുന്ന പഞ്ചായത്താണ് തെക്കേ അതിര്‍ത്തി. 
  മുന്‍കാലങ്ങളില്‍ മുറജപത്തിനു തിരുവനന്തപുരത്തേക്ക് വഞ്ചിമാര്‍ഗം യാത്ര ചെയ്തിരുന്ന ആഴ്വാഞ്ചേരി തമ്പുരാക്കന്മാര്‍ക്ക് യാത്രാമധ്യേയുള്ള ഒരു താവളമായിരുന്നു അരൂര്‍ മുക്കം. വിശ്രമാനന്തരം തുടര്‍ന്നുള്ള യാത്രയില്‍ പല്ലക്ക് ചുമന്നിരുന്നത് സ്ഥലവാസികളായ അരയന്മാര്‍ (ഇന്നത്തെ വാലസമുദായം) ആയിരുന്നതിനാല്‍ ആ സ്ഥലത്തിന് 'അരയര്‍ ഊര്‍' (ലോപിച്ച് 'അരൂര്‍') എന്ന് പേര്‍ സിദ്ധിച്ചുവെന്ന് ഒരു ഐതിഹ്യമുണ്ട്. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ 'അതിരിലെ ഊര്‍' ആയിരുന്നതില്‍നിന്നുമാണ് ഇന്നത്തെ പേര്‍ സിദ്ധിച്ചതെന്നു ചിലര്‍ വാദിക്കുന്നു. അരൂര്‍ കാര്‍ത്ത്യായനിക്ഷേത്രം വളരെ പഴക്കമുള്ളതാണ്. പള്ളിയറക്കാവ് ക്ഷേത്രം, പാവുമ്പായി ശ്രീകൃഷ്ണക്ഷേത്രം, വട്ടക്കേരില്‍ കണ്ടേകാരന്‍ ക്ഷേത്രം എന്നിവ പ്രധാന അമ്പലങ്ങളാണ്. വട്ടക്കേരില്‍ കണ്ടേകാരന്‍ ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'തടിതുള്ളല്‍' ചടങ്ങ് അനേകം ജനങ്ങളെ ആകര്‍ഷിക്കുന്നു. മുസ്ലീങ്ങളുടെ വകയായി ഒരു വലിയ പള്ളിയും നാല് 'തയ്ക്കാവു'കളുമുണ്ട്. വി. അഗസ്റ്റിന്‍, വി. സേവ്യേഴ്സ് എന്നീ പള്ളികള്‍ ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്. 
  കേരളത്തിലെ രണ്ടാംഗ്രേഡ് പഞ്ചായത്തുകളിലൊന്നായ അരൂര്‍ സമ്പന്നമല്ല. തെങ്ങുകൃഷിയും കയറുത്പന്നങ്ങളും മത്സ്യബന്ധനവുമാണ് മുഖ്യ ജീവിതമാര്‍ഗങ്ങള്‍. 'അരൂര്‍ കെമിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്' സ്ഥാപിക്കപ്പെട്ടതോടുകൂടി തൊഴില്‍ മേഖലയില്‍ നവോന്മേഷം കൈവന്നിട്ടുണ്ട്. നിരവധി മത്സ്യസംസ്കരണകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ ഒരു ഫൈബര്‍ ഫാക്ടറിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു വികസന എജന്‍സികളുടെയും ശ്രമഫലമായി വിദ്യാഭ്യാസപരവും ഗതാഗതസംബന്ധവും ചികിത്സാപരവുമായ സൌകര്യങ്ങള്‍ ഇവിടെ വര്‍ധിച്ചുവരുന്നു. വാലര്‍ കോളനി, ഉള്ളാടര്‍ കോളനി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോളനി എന്നിവയും പഞ്ചായത്ത് പ്രദേശത്തുണ്ട്. ആധുനിക കേരള രാഷ്ട്രീയത്തില്‍ ഒച്ചപ്പാടുണ്ടാക്കിയ 'വെളുത്തുള്ളിക്കായല്‍' (1967) പഞ്ചായത്തിന്റെ 6-ാം വാര്‍ഡിലാണ്. പ്രക്ഷോഭത്തെത്തുടര്‍ന്ന് 68 ഏക്കര്‍ കായല്‍ നികത്തി 68 കുടുംബങ്ങള്‍ക്കായി പതിച്ചുകൊടുത്തു. 

(കാട്ടാക്കട ദിവാകരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍