This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്ഹോള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയ്ഹോള്‍
ഹൈന്ദവക്ഷേത്രകലയുടെ ഗര്‍ഭഗൃഹം എന്നു കരുതപ്പെടുന്ന ഒരു ഗ്രാമം. ധാര്‍വാറിലെ ബിജാപ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. എ.ഡി. 5-ാം ശ.-ത്തില്‍ ദക്ഷിണേന്ത്യയില്‍ ആധിപത്യം ഉറപ്പിച്ച ചാലൂക്യരുടെ കലാസൃഷ്ടികള്‍കൊണ്ട് പുഷ്കലമാണ് ഇവിടം. ഹൈന്ദവക്ഷേത്രങ്ങളാണ് അധികമെങ്കിലും ജൈനക്ഷേത്രങ്ങളും ചുരുക്കമായുണ്ട്. ഇവയെല്ലാം തന്നെ എ.ഡി. 450-നും 650-നും മധ്യേ നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്. പുരാതന ഹൈന്ദവസംസ്കാരത്തെപ്പറ്റി വിലയേറിയ വളരെയധികം വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ക്ഷേത്രങ്ങള്‍ എണ്ണത്തില്‍ 70 ഉണ്ട്. ഇവയില്‍ 30 എണ്ണം ഒരു വളപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. ബാക്കിയുള്ളവ മതില്‍ക്കെട്ടിനു പുറത്ത് അടുത്തടുത്തായി കാണാം. ഗുപ്തന്മാരുടെ കാലത്തെപ്പോലെ വിശാലമായി പല പ്രദേശങ്ങളിലേക്കും പരന്നു പ്രചരിച്ച ഒരു ശില്പകലാപ്രസ്ഥാനമായിരുന്നില്ല ആദ്യകാല ചാലൂക്യന്മാരുടേതെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. തലസ്ഥാനമായ അയ്ഹോളില്‍ മാത്രം കേന്ദ്രീകരിച്ചാണ് ആദ്യകാല ചാലൂക്യന്മാരുടെ കല വികസിച്ചത്. 'ക്ഷേത്രങ്ങളുടെ നഗരം' എന്ന പ്രസിദ്ധിയാണ് ഇന്ന് അയ്ഹോളിനുള്ളത്.
ഗുപ്തക്ഷേത്രങ്ങളെപ്പോലെ തന്നെ അയ്ഹോളിലെ ക്ഷേത്രങ്ങളുടെ മേല്ക്കൂര പരന്നതോ ചെറിയ ചരിവുള്ളതോ ആണ്. കൂടാതെ അയ്ഹോള്‍ ക്ഷേത്രങ്ങളുടെ മേല്ക്കൂരയ്ക്കു മുകളില്‍ ചെറിയ എടുപ്പുകള്‍ (ശിഖരങ്ങള്‍) കൂടി നിര്‍മിച്ചിരിക്കും. ഇതാണ് അയ്ഹോള്‍ ക്ഷേത്രങ്ങളില്‍ കാണുന്ന പ്രധാന പ്രത്യേകത. മറ്റൊന്ന് ഗര്‍ഭഗൃഹത്തിനു മുന്‍പിലെ വാസ്തുവിദ്യാരീതിയാണ്. അവിടെ ധാരാളം തൂണുകളുള്ള മണ്ഡപങ്ങള്‍ ഉണ്ടായിരിക്കും. ക്ഷേത്രവാസ്തുവിദ്യയിലെ രൂപവിന്യാസകലയുടെ പൂര്‍ണതയിലേക്കുള്ള വികാസത്തിന്റെ ഒരു പ്രധാന ഘട്ടമായി അയ്ഹോള്‍ ക്ഷേത്രങ്ങളെ കണക്കാക്കാം.
ക്ഷേത്രനിര്‍മാണകലയുടെ പടിപടിയായുള്ള പുരോഗതി അയ്ഹോളിലെ ക്ഷേത്രങ്ങളില്‍ നിന്നും മനസ്സിലാക്കാം. ഏറ്റവും ആദ്യം നിര്‍മിച്ചവയില്‍ ശ്രീകോവിലിന്റെ സ്ഥാനം പുറത്തുനിന്നു നോക്കിയാല്‍ വ്യക്തമാവുന്ന തരത്തില്‍ ആയിരുന്നില്ല. അതിനുശേഷം നിര്‍മിച്ചവയില്‍ ശ്രീകോവിലിനു പ്രാധാന്യം കൊടുക്കാനും ക്ഷേത്രത്തെ മറ്റു കെട്ടിടങ്ങളില്‍ നിന്നു വേര്‍തിരിച്ചു കാണിക്കാനുമായി ശ്രീകോവിലിന്റെ മുകളില്‍ ചെറിയ ശിഖരങ്ങള്‍ നിര്‍മിച്ചുതുടങ്ങി. കുറേക്കൂടി കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഭാഗത്തായി അല്പം തള്ളിനില്ക്കുന്ന രീതിയില്‍ ശ്രീകോവില്‍ നിര്‍മിക്കുകയും അതിനു മുകളില്‍ ശിഖരം സ്ഥാപിക്കുകയും ചെയ്തു. ശ്രീകോവിലും ശിഖരവും ചേര്‍ന്ന ഈ ഭാഗത്തിനു 'വിമാനം' എന്നു പേരുണ്ട്. ശിഖരത്തിന്റെ നിര്‍മാണരീതിയിലും ക്രമേണ പരിഷ്കാരങ്ങള്‍ വരുത്തി. അയ്ഹോള്‍ ശിഖരങ്ങളുടെ നിര്‍മാണത്തില്‍ പൊതുവേ ഉത്തരേന്ത്യന്‍ ശൈലിയാണ് കാണുന്നതെങ്കിലും ദ്രാവിഡശൈലിമാത്രം പിന്‍തുടര്‍ന്നുള്ള അപൂര്‍വം ചില നിര്‍മിതികളും ഇല്ലാതില്ല. ഇക്കൂട്ടത്തില്‍ മെഗുതി (634) ക്ഷേത്രം പ്രാധാന്യം അര്‍ഹിക്കുന്നു. പുലികേശന്‍ കക-ന്റെ ഭരണകാലത്ത് രവികീര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ഈ ക്ഷേത്രം ഈ പരമ്പരയില്‍ ഏറ്റവും അവസാനത്തേതാണ്. ശരിയായ ഒരു വിലയിരുത്തല്‍ അസാധ്യമാക്കുമാറ് മെഗുതിക്ഷേത്രത്തിന്റെ എടുപ്പുകള്‍ എല്ലാം തന്നെ ഇന്നു നശിച്ചുകഴിഞ്ഞിരിക്കുകയാണ്. അയ്ഹോളില്‍നിന്ന് 24 കി.മീ. അകലെയുള്ള ബദാമിയിലും ദ്രാവിഡരീതിയിലുള്ള ധാരാളം ക്ഷേത്രങ്ങള്‍ കാണാം.
അയ്ഹോളില്‍ കാണുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും പുരാതനം ലാഥ്ഖാന്‍ ക്ഷേത്രമാണ്. എ.ഡി. 5-ാം ശ.-ത്തില്‍ ആയിരിക്കണം ഇതു നിര്‍മിച്ചത്. കൊണ്ട്-ഗുഡിക്ഷേത്രവും അതിനടുത്തുതന്നെയുള്ള മറ്റു രണ്ടു ക്ഷേത്രങ്ങളും ലാഥ്ഖാന്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും ഇത്രത്തോളം വലുപ്പമോ പ്രാധാന്യമോ അവയ്ക്കില്ല. പുതുതായി ചില പണികള്‍ കൂട്ടിച്ചേര്‍ത്തതുമൂലം ലാഥ്ഖാന്‍ ക്ഷേത്രത്തിനു പൊതുവേ ഒരു മങ്ങല്‍ ഏറ്റിട്ടുണ്ട്. താരതമ്യേന പൊക്കം കുറഞ്ഞതും നിരപ്പായ മേല്ക്കൂരയോടുകൂടിയതും ആണ് ലാഥ്ഖാന്‍ ക്ഷേത്രം. ഇതിന്റെ മൂന്നുവശം ചുവര്‍കെട്ടി മറച്ചിട്ടുണ്ട്. അതില്‍ രണ്ടുവശത്തെ ഭിത്തികളില്‍ കല്ലുകൊണ്ടുള്ള ജാലപ്പണി ചെയ്തിരിക്കുന്നു. നാലാമത്തെ വശമായ കിഴക്ക് തൂണുകളുള്ള നടപ്പന്തല്‍ കാണാം. ഇതിനുള്ളില്‍ മധ്യഭാഗത്തായി ഒരു നന്ദിവിഗ്രഹം ഉണ്ട്. എങ്കിലും ഇതൊരു വിഷ്ണുക്ഷേത്രമാണെന്നുള്ളത് ശ്രദ്ധേയമാണ്. നന്ദിവിഗ്രഹം ക്ഷേത്രനിര്‍മിതിക്കുശേഷം വളരെ കഴിഞ്ഞ് പ്രതിഷ്ഠിച്ചതായിരിക്കണം.
6-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട ദുര്‍ഗാക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍നിന്ന് ശൈലീപരമായി വ്യത്യസ്തമാണ്. ക്ഷേത്രവാസ്തുവിദ്യയില്‍ നടത്തിയ മറ്റൊരു പരീക്ഷണമാണ് ഇവിടെ കാണുന്നത്. അക്കാലത്ത് പ്രചാരത്തിലിരുന്ന ബൌദ്ധശില്പകലയുടെ സ്വാധീനം ഇതില്‍ വ്യക്തമാണ്. ബുദ്ധവിഹാരങ്ങളിലെ ചൈത്യശാലകളോട് സാദൃശ്യം വഹിക്കുന്നതരത്തിലാണ് ഇതിന്റെ നിര്‍മാണം.