This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോണീകാരി വികിരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:38, 4 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയോണീകാരി വികിരണം

Ionising Radiation

ഭൗതികശാസ്ത്രപ്രകാരം അണുക്കളെയോ തന്മാത്രകളെയോ വൈദ്യുതചാര്‍ജു വഹിക്കുന്ന അയോണുകളായി ഭേദിച്ചു മാറ്റുന്ന ഊര്‍ജപ്രസരം. സൂര്യപ്രകാശത്തിലെ ദൃശ്യമല്ലാത്ത അള്‍ട്രാവയലറ്റ് രശ്മികള്‍ ചില പദാര്‍ഥങ്ങളില്‍ അയോണീകരണത്തിനു പര്യാപ്തമാണ്. പൊതുവേ ഊര്‍ജമേറിയ വൈദ്യുതകാന്തികതരംഗങ്ങളും ലഘുപദാര്‍ഥകണികകളും ആണ് അയോണീകാരിവികിരണത്തില്‍പ്പെടുന്നത് (എക്സ്റേ, ഗാമാ രശ്മികള്‍, ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍, ആല്‍ഫാകണങ്ങള്‍). എക്സ്റേയും ഗാമാറേയും തരംഗദൈര്‍ഘ്യം വളരെ കുറഞ്ഞ വൈദ്യുതകാന്തികതരംഗങ്ങള്‍ ആണ്. പ്രത്യേക ഉപകരണങ്ങള്‍ കൊണ്ടാണ് സാധാരണയായി എക്സ്റേ ഉത്പാദിപ്പിക്കപ്പെടുന്നത്. ഗാമാവികിരണം, ആല്‍ഫാകണങ്ങള്‍, ഇലക്ട്രോണുകള്‍ എന്നിവ റേഡിയോ പ്രസരമുള്ള പദാര്‍ഥങ്ങളുടെ വികിരണത്തിലൊരു ഭാഗമായി ഉണ്ടാകാറുണ്ട്. അണുഭേദനത്തില്‍നിന്ന് ഇവയ്ക്കുപുറമേ ന്യൂട്രോണുകളും മറ്റു ലഘുകണികകളും കൂടി വമ്പിച്ചതോതില്‍ ലഭിക്കുന്നു.

രണ്ടു ഹൈഡ്രജന്‍ അണുക്കളും ഒരു ഓക്സിജന്‍ അണുവും ചേര്‍ന്നാണു ജലത്തിന്റെ ഒരു തന്മാത്ര (H2O) ഉണ്ടാകുന്നത്. ഈ തന്മാത്രയിലെ ഘടകങ്ങളായ ഹൈഡ്രജന്‍-ഓക്സിജന്‍ അണുക്കളെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന ബലത്തിനെതിരെ വേണ്ടത്ര പ്രതിബലം പ്രയോഗിച്ചാല്‍ തന്മാത്രയെ ഭേദിക്കാന്‍ കഴിയും. ഇങ്ങനെ ഭേദിക്കുന്നതിനു ചെലുത്തേണ്ടിവരുന്ന ബലം പ്രദാനം ചെയ്യുന്നത് വികിരണത്തില്‍ നിന്നുള്ള ഊര്‍ജമാണ്. ഇപ്രകാരം വേര്‍പെടുന്ന ഘടകങ്ങളാണ് അയോണുകള്‍. ഈ പ്രക്രിയ ആണ് അയോണീകരണം (Ionisation).

H2O → H+ + OH-

ജലത്തെ അയോണീകരിക്കുമ്പോള്‍ ധനചാര്‍ജുള്ള ഒരു ഹൈഡ്രജന്‍ അണുവും (പ്രോട്ടോണ്‍) ഋണചാര്‍ജുള്ള ഒരു ഹൈഡ്രോക്സിന്‍ റാഡിക്കലും ഉണ്ടാകുന്നു:

ബഹിരാകാശത്ത് രണ്ടുവിധത്തിലുള്ള വികിരണോര്‍ജം ഉണ്ടാകുന്നുണ്ട് - വിദ്യുത്കാന്തികവികിരണവും (electromagnetic radiation), കണികാമയവികിരണവും (corpuscular radiation). എക്സ്റേ, ഗാമാറേ, ദൃശ്യപ്രകാശം, റേഡിയോതരംഗം എന്നിവ വിദ്യുത്കാന്തികവികിരണത്തിന് ഉദാഹരണമാണ്. ആല്‍ഫാരശ്മി, ബീറ്റാരശ്മി ഇവ കണികാമയവികിരണത്തിന് ഉദാഹരണങ്ങളാണ്. ആല്‍ഫാ(α) രശ്മി ഹീലിയം അണു കേന്ദ്രമാണ്; ബീറ്റാരശ്മി ഇലക്ട്രോണുകളും.

പ്രകൃതിയില്‍ റേഡിയോ ആക്റ്റിവതയുള്ള ഐസോടോപ്പുകള്‍ ക്ഷയിക്കുമ്പോള്‍ ഒരു സ്ഥിരാവസ്ഥയിലെത്തുന്നതുവരെ അവ അയോണീകാരിവികിരണം നടത്തുന്നതാണ്. അണുഘടനയിലുള്ള അസ്ഥിരതകാരണം 1,600 വര്‍ഷം കൊണ്ട് റേഡിയം-226 അയോണീകാരിവികിരണത്തിനു വിധേയമായി പകുതികണ്ടു ക്ഷയിക്കുന്നു. α β γ-രശ്മികളായി അതില്‍നിന്ന് ഊര്‍ജം പ്രസരിക്കുകയും ചെയ്യും.

റേഡിയോ പ്രസരമുള്ള പദാര്‍ഥങ്ങളാണ് അയോണീകാരി വികിരണത്തിന്റെ സാധാരണ സ്രോതസ്സുകള്‍. ഇവ മനസ്സിലാക്കുന്നതിനും അളക്കുന്നതിനും പല ഉപകരണങ്ങളുമുണ്ട്. ഗോള്‍ഡ് ലീഫ് ഇലക്ട്രോസ്കോപ് (Gold-leaf Electroscope), അയോണന ചേംബര്‍, ക്ലൗഡ് ചേംബര്‍, ബബിള്‍ ചേംബര്‍, ന്യൂക്ലിയര്‍ എമള്‍ഷന്‍ എന്നിവ ഉദാഹരണം. ഓരോതരം വികിരണത്തിനും പ്രത്യേകതയുള്ളതുകൊണ്ട് അവയെ വേര്‍തിരിച്ച് മനസ്സിലാക്കാനും അളക്കാനും സാധിക്കുന്നു.

പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഭൂമിയില്‍ വന്നുപതിക്കുന്ന കോസ്മിക് രശ്മികളും (പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഗാമാ രശ്മി, മെസോണ്‍) അയോണീകാരി വികിരണങ്ങളാണ്.

അയോണീകാരിവികിരണം പദാര്‍ഥങ്ങളില്‍ രാസപരിണാമങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. അത് ജീവശരീരത്തിന്റെ ഘടകങ്ങളായ കോശങ്ങളിലെ രാസസംയോഗങ്ങള്‍ തകര്‍ക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഈ സവിശേഷത രോഗചികിത്സയ്ക്ക് (ഉദാ. കാന്‍സര്‍) ഉപയോഗിച്ചുവരുന്നു. നോ: അണു; അണുകേന്ദ്രവിജ്ഞാനീയം; അണു റിയാക്റ്റര്‍; അയോണ്‍; അയോണീകരണം; അയോണ്‍ വിനിമയം; അയോണിക ക്രിസ്റ്റല്‍; ഊര്‍ജം

(ഡോ. സി.പി. മേനോന്‍)

ജീവശാസ്ത്ര ഫലങ്ങള്‍. മനുഷ്യനുള്‍പ്പെടെയുള്ള വിവിധ ജീവജാലങ്ങള്‍ക്കു പ്രകൃതിദത്തമായും അല്ലാതെയും അയോണീകാരിവികിരണങ്ങള്‍ ലഭിക്കുന്നുണ്ട്. ജീവകോശങ്ങള്‍ക്കുള്ളില്‍ തത്ഫലമായി സംഭവിക്കുന്ന മാറ്റങ്ങള്‍ വികിരണരശ്മികളില്‍നിന്നും അവ സ്വീകരിക്കുന്ന ഊര്‍ജത്തെ ആശ്രയിച്ചിരിക്കും. വികിരണത്തിന്റെ അളവും ശരീരകലകളിലേക്കു തുളച്ചുകയറാനുള്ള അവയുടെ കഴിവും വ്യത്യസ്തമായതിനാല്‍ ഫലങ്ങളിലും വ്യത്യാസങ്ങള്‍ സംഭവിക്കുന്നു.

മറ്റ് ഏതൊരു ബാഹ്യശക്തിയെക്കാളും ജൈവഘടനയില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള കഴിവ് അയോണീകാരിവികിരണങ്ങള്‍ക്കുണ്ട്. ഒരു ചെറിയ വികിരണത്തിനുപോലും ഒരു 'ജീനി'ല്‍ ഉത്പരിവര്‍ത്തനം (mutation) സംഭവിപ്പിക്കുവാന്‍ സാധിക്കും. വികിരണ ഡോസേജ് അളക്കാനുള്ള S.I ഏകകം ഗ്രേ (Gray-Gy) ആണ്. ഒരു കിലോഗ്രാം ശരീരകലകള്‍ ഒരു ജൂള്‍ ഊര്‍ജം സ്വീകരിച്ചാല്‍ വികിരണ ഡോസേജ് ഒരു ഗ്രേ ആണെന്നു പറയുന്നു. ഗ്രേയുടെ നൂറിലൊരംശമാണ് റാഡ് (rad). വികിരണത്തിന്റെ യഥാര്‍ഥ ദോഷം കണക്കാക്കാന്‍ വികിരണ ഡോസേജിനെ വികിരണത്തിന്റെ ആപേക്ഷിക ജീവശാസ്ത്രഫലം (Relative Biological Effectiveness-RBE) കൊണ്ട് ഗുണിക്കണം. ഇതിനെ സീവെര്‍ട്ട് (Sievart-Sv) എന്നു വിളിക്കുന്നു. ഒരു ഏകകം ആല്‍ഫാ വികിരണത്തിന്റെ ജീവശാസ്ത്രഫലം അത്രയുംതന്നെ ബീറ്റാ വികിരണത്തിന്റെയോ എക്സ്റേയുടെയോ 20 ഇരട്ടിവരും. തന്മൂലം ബീറ്റാ വികിരണത്തിന്റെ ആപേക്ഷിക ജീവശാസ്ത്രഫലം 1-ഉം ആല്‍ഫാ വികിരണത്തിന്റേത് 20-ഉം ആയി കണക്കാക്കുന്നു. 10Gy അളവിലുള്ള ഒരു വികിരണനിപാതം മൂലം ജീവിച്ചിരിക്കുന്ന ഏതു സസ്തനിക്കും ജീവഹാനി സംഭവിക്കും.

ഒരു വികിരണനിപാതത്തിനുശേഷം ക്രോമസോമുകളിലും കോശങ്ങളിലും ശരീരകലകളിലും അവയവങ്ങളിലും ജീവിയില്‍ മൊത്തത്തിലും സംഭവിക്കുന്ന വിവിധ പ്രക്രിയകളെപ്പറ്റി അനവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ അയോണീകാരിവികിരണങ്ങള്‍ ജീവികള്‍ക്കുള്ളിലെ രാസഘടനയില്‍ മാറ്റങ്ങള്‍ ഉളവാക്കുകയും അവ ജീവശാസ്ത്രഫലങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ജീവശാസ്ത്രഫലങ്ങളുടെ പൊതുരൂപങ്ങള്‍ ഏതെങ്കിലും നിശ്ചിതനിയമത്തിനു വിധേയമല്ല. ഒരേ ഘടനയുള്ള രണ്ടു കോശങ്ങള്‍പോലും വളരെ വിരളമായി മാത്രമേ ഒരേ രീതിയിലുള്ള പ്രതികരണങ്ങള്‍ പ്രദര്‍ശിപ്പിക്കാറുള്ളു. ഈ വ്യതിയാനത്തിനു കാരണം ക്ഷണിക അവസ്ഥകളാണോ അതോ പാരമ്പരിക സവിശേഷതകളാണോ എന്നത് തീര്‍ത്തുപറയാന്‍ സാധിക്കയില്ല.

പൊതുഫലങ്ങള്‍. അണുവികിരണം ഒരു ജീവിക്കു ലഭിച്ചു കഴിഞ്ഞാലുടന്‍ തന്നെ അനുഭവപ്പെടുന്ന അവസ്ഥയാണ് 'റേഡിയേഷന്‍ സിക്ക്നസ്' (radiation sickness). ആദ്യമണിക്കൂറില്‍ത്തന്നെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരു Gy-ല്‍ കുറഞ്ഞ വികിരണം മൂലം പെട്ടെന്നു ലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. ഛര്‍ദി, ക്ഷീണം, മാനസികത്തളര്‍ച്ച, ഭക്ഷണത്തോടുള്ള വിരക്തി, ആമാശയ, കുടല്‍ഭിത്തികളിലെ ക്ഷതം, തൂക്കക്കുറവ്, രക്തത്തിലെ ലിംഫോസൈറ്റുകളുടെ എണ്ണത്തിലുള്ള ശോഷണം, ചുവന്ന രക്താണുക്കളുടെ ക്രമമായ കുറവ്, അതിസാരം, പനി എന്നിവ 'റേഡിയേഷന്‍ സിക്ക്നസി'ന്റെ സാധാരണ ലക്ഷണങ്ങളാണ്.

ചെറിയതോതില്‍ തുടര്‍ച്ചയായി ലഭിക്കുന്ന വികിരണത്തിന്റെ ഫലമായി അകാലവാര്‍ധക്യലക്ഷണങ്ങള്‍ പ്രകടമാകും. അകാലനര, ലൈംഗിക വിരക്തി എന്നിവ പ്രധാന ലക്ഷണങ്ങളാണ്. 0.01Gy വികിരണം ഏല്ക്കുക കാരണം 515 ദിവസം വരെ ആയുര്‍ദൈര്‍ഘ്യക്കുറവ് സംഭവിക്കുമെന്നു കണക്കാക്കപ്പെടുന്നു.

യു.എസ്സില്‍ ആണവ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് അനുവദനീയമായ വാര്‍ഷിക റേഡിയേഷന്‍ 50 mSv (0.05 gy) ആണ്. സാധാരണ പൌരന്മാര്‍ക്ക് അതിലും കുറവാണ്. ഇംഗ്ളണ്ടില്‍ അനുവദനീയ സീമ 20 mSv മാത്രമാണ്.

23 Gy വികിരണം ഒന്നിച്ച് ലഭിക്കാനിടയായാല്‍ ഫലം ഉടന്‍ അനുഭവപ്പെടും. മനംപിരട്ടലും തളര്‍ച്ചയും ഭക്ഷണം കഴിക്കാന്‍ വയ്യാത്ത അവസ്ഥയും ഉണ്ടാകും. ഒരു മാസത്തിനുള്ളില്‍ 35 ശ.മാ. മരണസാധ്യതയാണ് കണക്കാക്കുന്നത്. ശ്വേതരക്താണുക്കള്‍ വലിയ അളവില്‍ നശിക്കുന്നതുമൂലം രോഗപ്രതിരോധശേഷി കുറയുന്നതുകൊണ്ടാണ് മിക്കപ്പോഴും മരണം സംഭവിക്കുക. വികിരണം 3 Gy-ല്‍ കൂടിയാല്‍ മരണസാധ്യത അത്യധികം വര്‍ധിക്കും.

മാരകമായതോതില്‍ അയോണീകാരിവികിരണത്തിന് ഇരയായിട്ടും മരണം സംഭവിക്കാത്ത ജീവികളില്‍ വിളംബിതഫലങ്ങള്‍ ദൃശ്യമാകുന്നു. അണുശക്തി ശരീരത്തിന്റെ പ്രതിരോധശക്തിയെ കുറയ്ക്കുന്നു. വികിരണവിധേയമായ ശരീരകോശങ്ങള്‍ക്ക് വെളിയില്‍നിന്നുള്ള ബാക്ടീരിയകളെ തടഞ്ഞുനിര്‍ത്താനുള്ള കഴിവു നഷ്ടപ്പെടുന്നു. ബാക്ടീരിയകളുടെ ആക്രമണം തടയാന്‍ കെല്പുള്ള രക്തത്തിലെ പ്രോപെര്‍ഡിന്‍ (properdine) എന്ന പ്രോട്ടീന്‍ വികിരണംമൂലം പ്രവര്‍ത്തനക്ഷമമല്ലാതാകുന്നു. പ്രതിരോധശക്തിക്ഷയംമൂലം രോഗങ്ങള്‍ക്ക് പെട്ടെന്ന് അടിപ്പെടുകയും ആയുസ്സ് കുറയുകയും ചെയ്യുന്നു. അണുശക്തിനിപാതം മൂലം ലിംഗകോശങ്ങള്‍ക്കു ക്ഷതം സംഭവിക്കുന്നു. ആഴ്ചയില്‍ 0.03 Gy അണുശക്തിവീതം കൊടുത്തുകൊണ്ടിരുന്ന പട്ടികളില്‍ ആദ്യവര്‍ഷാവസാനം തന്നെ 80 ശതമാനത്തിനും വന്ധ്യത ബാധിച്ചതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അയോണീകാരിവികിരണം മൂലം ബീജാണുക്കളുടെ എണ്ണത്തില്‍ സാരമായ കുറവു സംഭവിക്കുന്നു. ഇതിനാല്‍ മനുഷ്യരില്‍ ഉത്പാദനശേഷി കുറയുന്നതായി വ്യക്തമായിട്ടുണ്ട്. ഉത്പാദനേന്ദ്രിയങ്ങള്‍ക്ക് നേരിട്ട് കനത്ത തോതില്‍ അണുവികിരണം നല്കിയാല്‍ മാത്രമേ സ്ഥിരം വന്ധ്യത സംഭവിക്കയുള്ളു. ശൈശവദശയില്‍ ലഭിക്കുന്ന അണുവികിരണം ഉത്പാദനാവയവങ്ങളെ വളരെവേഗം നശിപ്പിക്കുവാന്‍ പര്യാപ്തമാണ്.

ഹൃദയസംബന്ധമായ തകരാറുകള്‍, മസ്തിഷ്കരക്തസ്രാവം, അരക്തത (anaemia), അര്‍ബുദം തുടങ്ങിയവയാണ് മറ്റ് വിളംബിതഫലങ്ങള്‍. കാന്‍സര്‍ ചികിത്സിച്ചുമാറ്റാനും ഉണ്ടാക്കാനുമുള്ള കഴിവ് അണുവികിരണങ്ങള്‍ക്കുണ്ട്. അയോണീകാരിവികിരണം തുടര്‍ച്ചയായി ലഭ്യമായാല്‍ ശരീരകോശങ്ങള്‍ നിയന്ത്രണമില്ലാതെ പെരുകുകയും കാന്‍സര്‍ ഉണ്ടാവുകയും ചെയ്യും. രക്തത്തിലുള്ള ശ്വേതാണുക്കളുടെ ക്രമാതീതമായ വര്‍ധനമൂലം ലൂക്കീമിയ ഉണ്ടാകുന്നു. അസ്ഥികള്‍ക്കുള്ളില്‍ സ്ട്രോന്‍ഷിയം-90, യുറേനിയം എന്നിവ കടന്നുപറ്റുകയും അവിടെ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി നാശങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നോ: അര്‍ബുദം

ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ വ്യത്യസ്തരീതികളിലാണ് അയോണീകാരിവികിരണ ഫലങ്ങള്‍ പ്രകടമാക്കുന്നത്.

രക്തം. ശരീരകല (tissue) കളില്‍ വച്ച് റേഡിയോ തരംഗങ്ങളുടെ പ്രഭാവത്തിനു വിധേയമാക്കുന്നത് ഏറ്റവുമധികം രക്തമാണ്. ശരീരമൊട്ടുക്കു വ്യാപിച്ചുകിടക്കുന്നതിനാല്‍ ഒരു ചെറിയ വികിരണംപോലും ഈ കലയെ ബാധിക്കുന്നു. പ്രായമായവരുടേതിനെക്കാള്‍ ശിശുക്കളുടെ രക്തനിര്‍മാണകോശങ്ങളെ അണുശക്തി വേഗം താറുമാറാക്കാറുണ്ട്. അണുശക്തിയും രക്താര്‍ബുദ (leukaemia)വുമായുള്ള ബന്ധം ഇപ്പോള്‍ വ്യക്തമാണ്. നല്ല അളവിലുള്ള ഒരു വികിരണത്തിന് രക്തമജ്ജയിലെ കോശങ്ങളെ കൊന്നൊടുക്കുവാന്‍തക്ക കഴിവുണ്ട്. ശിശുക്കളില്‍ ശീഘ്രവിഭജനം വഴി വളര്‍ന്നുവരുന്ന ഈ കോശങ്ങളുടെ നാശം രക്തക്ഷയത്തിനും അനീമിയയ്ക്കും വഴിതെളിക്കും.

രക്തവാഹികള്‍ക്ക് വീക്കവും അയോണീകാരിവികിരണഫലമായി ഉണ്ടാകാറുണ്ട്. നല്ലയളവില്‍ വികിരണം ലഭിക്കുന്നതുമൂലം രക്തവാഹികളുടെ ഭിത്തികള്‍ തകരുകയും ദ്വിതീയഫലങ്ങള്‍ക്ക് അതു വഴിയൊരുക്കുകയും ചെയ്യുന്നു. ഹൃദയത്തിന് പ്രതിരോധശക്തി അല്പം കൂടുതലുണ്ട്. തേജഃപ്രസരം മൂലം രക്തസമ്മര്‍ദത്തിലും സാരമായ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്.

ചര്‍മം. ചര്‍മത്തിലാണ് അടുത്ത പ്രധാന വ്യതിയാനങ്ങള്‍ ദൃശ്യമാവുന്നത്. ആദ്യകാലങ്ങളില്‍ ചര്‍മത്തിനുണ്ടാവുന്ന എറിത്തീമ (erythema) വികിരണത്തിന്റെ ഒരളവുകോലായി ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. ചര്‍മത്തിനുണ്ടാകുന്ന ക്ഷതം ഏതാനും ആഴ്ചകള്‍ക്കുശേഷം അതിന്റെ അസാധാരണ കട്ടിക്കുറവ്, ചര്‍മത്തിനിടയിലെ സംയോജകകലയുടെ നാശം, ബന്ധപ്പെട്ട രക്തവാഹികളുടെ വികാസം എന്നീ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് അവസാനം ചര്‍മാര്‍ബുദത്തിലേക്ക് നയിക്കുന്നു.

പചനവ്യൂഹം. ചെറുകുടലിന്റെ ഭിത്തിയിലുള്ളതും വിഭജിച്ചുക്കൊണ്ടിരിക്കുന്നതുമായ കോശങ്ങള്‍ റേഡിയോ വികിരണങ്ങള്‍ക്ക് വിധേയമാണ്. തത്ഫലമായി കുടല്‍ഭിത്തികളില്‍ സുഷിരങ്ങളും വ്രണങ്ങളും തൊലിപൊളിഞ്ഞിളകലും പ്രത്യക്ഷപ്പെടാറുണ്ട്. കുടല്‍പ്പുണ്ണുകള്‍, അതിസാരം, നിര്‍ജലീകരണം എന്നിവയും പ്രധാന പരിണതഫലങ്ങളാണ്. കനത്തതോതിലുള്ള അണുവികിരണംമൂലം സംഭവിക്കുന്ന മരണങ്ങളില്‍ ഏറിയപങ്കും പചനവ്യൂഹത്തകരാറുകള്‍ മൂലമാണുണ്ടാകുന്നതെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നേത്രം. അയോണീകാരിവികിരണങ്ങള്‍ കണ്ണില്‍ പതിക്കുകമൂലം കൂടുതല്‍ ക്ഷതം സംഭവിക്കുന്നത് നേത്രകാചത്തിനാണ്. ചെറിയ അളവിലുള്ള ന്യൂട്രോണുകള്‍ മൂലം തിമിരം (cataract) ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. നേത്രശ്ലേഷ്മം (conjunctiva), ശ്വേതമണ്ഡലം (Cornea), ദൃഷ്ടിപടലം (retina) എന്നീ ഭാഗങ്ങള്‍ അത്രവേഗം തകരാറിലാകുന്നില്ല.

അന്തഃസ്രാവികളും (endocrine glands) ശ്വാസകോശങ്ങളും കുറെയൊക്കെ പ്രതിരോധശക്തി പ്രകടമാക്കാറുണ്ട്.

വികിരണത്തെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍. മാരകതോതിലുള്ള വികിരണത്തെ അതിജീവിക്കുവാന്‍ ചില പ്രത്യേകതകള്‍ ജീവികളെ സഹായിക്കുന്നുണ്ടെന്നു കരുതപ്പെടുന്നു.

ലിംഗഭേദം. പുരുഷന്മാരെക്കാള്‍ കൂടുതല്‍ പ്രതിരോധശക്തി സ്ത്രീകള്‍ക്കുണ്ട്. സ്ത്രൈണ ഹോര്‍മോണുകള്‍ കുത്തിവച്ചാല്‍ പ്രതിരോധക്ഷമത വര്‍ധിക്കുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രായം. ഭ്രൂണാവസ്ഥയില്‍ റേഡിയോ തരംഗങ്ങളോടുള്ള സംവേദനക്ഷമത കൂടുതലാണെങ്കിലും ശൈശവത്തില്‍ ഈ വികിരണങ്ങളെ പ്രതിരോധിക്കുവാനുള്ള ശക്തി കൂടുന്നു. അതുപോലെ പ്രായപൂര്‍ത്തിയായവരില്‍ പ്രതിരോധശക്തി കൂടുതലും, വൃദ്ധരില്‍ കുറവും ആണെന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

ഉപാപചയനിരക്ക് (metabolic rate). കുറഞ്ഞ ഉപാപചയനിരക്കും, അനോക്സിയയും (anoxia) വികിരണത്തിന്റെ വിപത്തുകളെ കുറയ്ക്കുന്നു. ഓക്സിജന്റെ സാന്നിധ്യം വികിരണങ്ങളുടെ പ്രവര്‍ത്തനത്തിനു സഹായകമായി വര്‍ത്തിക്കുന്നതാണിതിന് കാരണം.

ജലസംയോജനം (hydration). ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്ന കോശങ്ങള്‍ക്ക് റേഡിയോതരംഗ ഗ്രഹണശേഷി കൂടുന്നു. അങ്ങനെ കോശങ്ങള്‍ക്കുള്ളിലെ ജലത്തിന്റെ ഏറ്റക്കുറച്ചില്‍ ഭവിഷ്യത്തുകളെയും തദനുസരണം സ്വാധീനിക്കുന്നു.

ജനിതകഘടനയിലുള്ള പ്രഭാവം. അണുവികിരണത്തിന്റെ ആഘാതമേറ്റവര്‍ അതിന്റെ പരിണതഫലങ്ങള്‍ അടുത്ത തലമുറയ്ക്കു കൈമാറ്റം ചെയ്യുന്നു. ബീജകോശങ്ങള്‍ക്കോ അവയെ സൃഷ്ടിക്കുന്ന അവയവങ്ങള്‍ക്കോ വികിരണം ലഭിക്കുകവഴി ജീനുകള്‍ക്ക് ഉത്പരിവര്‍ത്തനം സംഭവിക്കുന്നു. ഈ ജീനുകള്‍ അടുത്ത തലമുറയില്‍ സൃഷ്ടിക്കുന്ന ജീവകോശങ്ങള്‍ വൈകല്യം സംഭവിച്ചവയായിരിക്കും.

സാധാരണഗതിയില്‍ ക്രോമസോമിനു മൊത്തത്തിലോ ഒരു ജീനിനു മാത്രമായോ ഉത്പരിവര്‍ത്തനം സംഭവിക്കാറുണ്ട്. ഓരോ ദശലക്ഷം ബീജാണുവിലും (അണ്ഡത്തിലും) 4 മുതല്‍ 40 വരെ എണ്ണത്തില്‍ മാത്രമേ ഇതു സംഭവിക്കാറുള്ളു. എന്നാല്‍ ചെറിയതോതിലുള്ള അയോണീകാരിവികിരണത്തിനുപോലും ജീനില്‍ ഉത്പരിവര്‍ത്തനം (mutation) സംഭവിപ്പിക്കാന്‍ കഴിയും.

ഒരു ജീവിയുടെ വളര്‍ച്ചയില്‍ ഏറ്റവും വികിരണ ഗ്രഹണശേഷിയുള്ള ഘട്ടം ബീജസങ്കലനത്തിനുശേഷമുള്ള ബീജകോശകേന്ദ്രങ്ങളുടെ സംയോജന സമയമാണ്. ഈ പ്രത്യേകസമയത്ത് 0.05 Gy അളവില്‍ വികിരണം നല്കിയ എലികളില്‍ 10 ശതമാനത്തിലും യുഗ്മനജങ്ങള്‍ (zygotes) നശിച്ചുപോയതായി കണ്ടിട്ടുണ്ട്. അണുവികിരണത്തിന്റെ അളവ് 0.5 Gy ആയി വര്‍ധിപ്പിച്ചപ്പോള്‍ മരണനിരക്ക് 42 ശ.മാ. ആയി ഉയരുകയുണ്ടായി. ഭ്രൂണം വളര്‍ന്ന് അവയവരൂപവത്കരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഇത്രയും നാശം സംഭവിക്കുന്നില്ല. അവയവപൂര്‍ത്തീകരണശേഷം ഭ്രൂണത്തിനുള്ളില്‍ വളര്‍ന്നുവരുന്ന ജനനഗ്രന്ഥികള്‍ക്കു വികിരണം ലഭിക്കുന്നതായാല്‍ അടുത്ത തലമുറയെ പ്രതികൂലമായി ബാധിക്കുന്നു.

മനുഷ്യരിലെ അയോണീകാരിവികിരണ ഫലങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രധാനമായും ചികിത്സക്കിടയില്‍ ആകസ്മികമായി കിട്ടുന്ന വിവരങ്ങളെ ആധാരമാക്കിയുള്ളതാണ്. നോ: അയോണ്‍; അയോണീകരണം; അയോണീകാരിവികിരണം; അയോണിക ക്രിസ്റ്റല്‍; അണുറിയാക്റ്റര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍