This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയോണിയന്‍ ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയോണിയന്‍ ദ്വീപുകള്‍
Ionian Island
അല്‍ബേനിയയ്ക്കു തെ.പടിഞ്ഞാറും ഗ്രീസ് ഉപദ്വീപ്, പെലപ്പണീസസ് എന്നിവയ്ക്കു തെക്കുമായി അയോണിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം കോര്‍ഫൂ, പാക്സസ്, ലൂക്കസ്, കെഫാലീനീയ, ഇതക, സാന്തീ, കീതീറാ എന്നീ ഏഴു വലിയ ദ്വീപുകളും അസംഖ്യം ചെറുദ്വീപുകളും ഉള്‍പ്പെടുന്ന അയോണിയന്‍ ദ്വീപസമൂഹം. ഇപ്പോള്‍ ഗ്രീസ് രാജ്യത്തിലെ നാലു പ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മൊത്തം വിസ്തീര്‍ണം: 2,307 ച.കി.മീ.; ജനസംഖ്യ: 2,20,097 (2005). 'സപ്തദ്വീപുകള്‍' എന്നര്‍ഥം വരുന്ന 'ഹെപ്റ്റനീസസ്' എന്ന പേരിലും ഇവ അറിയപ്പെടുന്നു.
ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ ക്രിട്ടേഷ്യസ്, ടെര്‍ഷ്യറി എന്നീ യുഗങ്ങളിലെ ശിലാസമൂഹങ്ങളാണ് അധികമായി കണ്ടുവരുന്നത്. ലിയാസിക് ജീവാശ്മങ്ങള്‍ ധാരാളമായി കലര്‍ന്ന ഷെയ്ല്‍ ശിലകള്‍ക്കാണ് പ്രാമുഖ്യം. ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന അസ്വസ്ഥ മേഖലയാണ് ഇവിടം. 1953-ല്‍ ഭൂകമ്പങ്ങള്‍ നിമിത്തം ഈ ദ്വീപുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിടുകയുണ്ടായി. നിമ്നോന്നതങ്ങള്‍ നിറഞ്ഞ് സങ്കീര്‍ണമായ ഭൂപ്രകൃതിയാണുള്ളത്. കാലാവസ്ഥ പൊതുവേ സുഖകരമാണ്. സാമാന്യം നല്ല മഴ ലഭിക്കുന്നു. വാര്‍ഷിക വര്‍ഷപാതത്തിന്റെ ശ.ശ. 125 സെ.മീ.; കോര്‍ഫൂവിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്.
കൃഷിസൗകര്യങ്ങള്‍ വളരെ കുറവാണ്. ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യംമൂലം ജനവാസം വളരെ കുറച്ചുമാത്രമേ ഉള്ളു. മുന്തിയ കൃഷികള്‍ ഒലീവ്, മുന്തിരി എന്നിവയാണ്. കാലിവളര്‍ത്തലും മത്സ്യബന്ധനവും അല്പമാത്രമായി നടന്നുപോരുന്നു; വ്യവസായങ്ങള്‍ ഒട്ടും വികസിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ ഉപദ്വീപിലെ നഗരങ്ങളിലെത്തിച്ചു കയറ്റുമതി ചെയ്യപ്പെടുന്നു.
ചരിത്രം. ചരിത്രപരമായ പ്രാധാന്യം ആര്‍ജിച്ചിട്ടുള്ളവയാണ് ഈ ദ്വീപുകള്‍. എ.ഡി. 330-ല്‍ ഇവ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1081-ല്‍ നോര്‍മന്‍ ആക്രമണകാരിയായ റോബര്‍ട്ട് ഗ്വിസ്കാര്‍ഡ് കോര്‍ഫൂ കൈവശപ്പെടുത്തിയെങ്കിലും, 1149-ല്‍ മാനുവല്‍ ക അതു വീണ്ടെടുത്തു. 1386-ല്‍ വെനീസിന്റെ അധീനതയിലായി. 15-ാം ശ.-ത്തില്‍ അയോണിയന്‍ ദ്വീപസമൂഹമൊന്നാകെത്തന്നെ വെനീസിന്റെ അധീശപ്രദേശമായിത്തീര്‍ന്നു. കംപോഫോര്‍മിയോ ഉടമ്പടി (1797) പ്രകാരം ഈ ദ്വീപസമൂഹം ഫ്രാന്‍സിനു ലഭിച്ചെങ്കിലും അതിനടുത്ത വര്‍ഷം തന്നെ റഷ്യയുടെ ആധിപത്യം ഉറയ്ക്കയാണുണ്ടായത്. 1800-07 കാലയളവില്‍ റഷ്യയുടെ രക്ഷാധികാരത്തിലും ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഭാഗമായും 'സെപ്പറ്റിന്‍ സുലാര്‍ റിപ്പബ്ലിക്' എന്ന പേരില്‍ നിലകൊണ്ടു; തുടര്‍ന്നു വീണ്ടും ഫ്രഞ്ച് അധീനതയിലായി.
എട്ടുവര്‍ഷത്തെ ഫ്രഞ്ചുഭരണത്തിനുശേഷം പാരിസ് ഉടമ്പടി (1815) യെത്തുടര്‍ന്ന് അയോണിയന്‍ ദ്വീപുകള്‍ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിത്തീര്‍ന്നു; ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്കു സര്‍വാധിപത്യമുള്ള ഒരു സ്വയംഭരണരീതി നിലവില്‍ വരികയും ചെയ്തു. ദ്വീപുകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ വികാസം ബ്രിട്ടീഷ് ഭരണകാലത്താണ് ഉണ്ടായതെന്നു പറയാം. 1830-ല്‍ മാതൃരാജ്യമായ ഗ്രീസുമായി സംയോജിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടു ദ്വീപുനിവാസികള്‍ സമരം ആരംഭിച്ചു; 1864-ല്‍ ഗ്രീസിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ഇപ്പോള്‍ ഗ്രീസിലെ പ്രവിശ്യാപദവിയാണ് ഈ ദ്വീപുകള്‍ക്കുള്ളത്.
അല്‍ബേനിയന്‍ തീരത്തുനിന്ന് കഷ്ടിച്ചു 3.2 കി.മീ. ദൂരത്തായാണ് കോര്‍ഫൂ ദ്വീപ് സ്ഥിതിചെയ്യുന്നത്; തന്നിമിത്തം അതിനു തന്ത്രപരമായി വളരെ പ്രാധാന്യമുണ്ട്. ഒന്നാം ലോകയുദ്ധക്കാലത്ത് കോര്‍ഫൂ അമേരിക്കന്‍ നാവികസങ്കേതമായിരുന്നു. 1923-ല്‍ ഈ ദ്വീപ് ഇറ്റലി കൈവശപ്പെടുത്തിയെങ്കിലും പിന്നീട് ഗ്രീസിനു വിട്ടുകൊടുത്തു. രണ്ടാം ലോകയുദ്ധക്കാലത്തും ഇറ്റലി കോര്‍ഫൂ കൈവശപ്പെടുത്തുകയുണ്ടായി; ഇറ്റലിയുടെ പതനത്തെത്തുടര്‍ന്നു വീണ്ടും ഗ്രീസിന്റെ ഭാഗമായി.