This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയൂബിദ് വംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയൂബിദ് വംശം
Ayyubid dynasty
സലാഹുദ്ദീന്‍ അയൂബി ഈജിപ്തില്‍ 1171-ല്‍ സ്ഥാപിച്ച രാജവംശം. ഈ വംശത്തിന് അയൂബിവംശം എന്നുംകൂടി പേരുണ്ട്. അയൂബിവംശത്തിലെ രാജാക്കന്മാര്‍ 1254 വരെ ഈജിപ്ത്, സിറിയ, പലസ്തീന്‍, യെമന്‍ എന്നീ പ്രദേശങ്ങള്‍ ഭരിച്ചിരുന്നു. സലാഹുദ്ദീന്റെ പിതാവായ അയ്യുബ് ബിന്‍ ഷാദിയില്‍നിന്നാണ് ഇതിന് അയൂബിവംശം എന്ന പേര് ലഭിച്ചത്. തന്റെ പുത്രന്മാരായ ഷിര്‍ക്കു, അയ്യൂബ് എന്നിവരോടൊപ്പം ബാഗ്ദാദില്‍ കുടിയേറിപ്പാര്‍ത്ത ഷാദി അവിടെ സെല്‍ജുക് സുല്‍ത്താന്‍ അല്‍പ്അര്‍സ്ളാന്റെ കീഴില്‍ ഒരു കോട്ടയുടെ സൈനികമേധാവിയായി സേവനം അനുഷ്ഠിച്ചു. ഷാദിയുടെ മരണശേഷം 1138-ല്‍ അയ്യൂബും സഹോദരനായ ഷിര്‍ക്കുവും മൌസൂളില്‍ അത്താബെഗ് സങ്കിയുടെ കീഴില്‍ പല സേവനങ്ങളും അനുഷ്ഠിച്ചു. സലാഹുദ്ദീന്‍ ജനിച്ചതും അതേവര്‍ഷത്തിലായിരുന്നു.
അത്താബെഗ് സങ്കിയുടെ കീഴില്‍ പല യുദ്ധങ്ങളിലും അയ്യൂബും ഷിര്‍ക്കുവും പങ്കെടുത്തു. 1147-ല്‍ അയ്യൂബ് ബാല്‍ബക്കിലെ സര്‍വസൈന്യാധിപനായി നിയമിക്കപ്പെട്ടു. പിന്നീട് സ്വന്തം സഹോദരനായ ഷിര്‍ക്കുവുമായുള്ള ഒരൊത്തുതീര്‍പ്പിന്റെ ഫലമായി ദമാസ്കസിലെ സര്‍വസൈന്യാധിപനായിത്തീര്‍ന്നു. സിറിയയിലെ ഭരണാധികാരിയായിരുന്നു നൂറുദ്ദീന്‍ സങ്കിയുടെ കീഴില്‍ ഷിര്‍ക്കു ഹിംസിലെ ഭരണാധികാരിയായി. നൂറുദ്ദീന്‍ സങ്കി തന്റെ വിശ്വസ്തസേനാനിയായ ഷിര്‍ക്കുവിനെ ഈജിപ്തിലേക്കയച്ചു. യുവാവായിരുന്ന സലാഹുദ്ദീനും തന്റെ പിതൃസഹോദരനായ ഷിര്‍ക്കുവിനോടൊപ്പം ഈജിപ്തിലെത്തി. ഷിര്‍ക്കു ഹാത്തിമിയ്യ വംശത്തിലെ ഒടുവിലത്തെ ഖലീഫയായ അല്‍ ആദിദിന്റെ പ്രധാനമന്ത്രി (വസീര്‍) ആയി നിയമിക്കപ്പെട്ടു. ഷിര്‍ക്കുവിന്റെ മരണശേഷം സലാഹുദ്ദീന്‍ പ്രധാനമന്ത്രിയായി.
സിറിയയിലെ ഭരണാധികാരിയായിരുന്ന നൂറുദ്ദീന്‍ സങ്കിയുടെ മരണത്തിനുശേഷം സലാഹുദ്ദീന്‍ (1138-93) ഈജിപ്തിലെ സ്വതന്ത്രഭരണാധികാരിയായിത്തീര്‍ന്നു. തുടര്‍ന്നദ്ദേഹം സിറിയയും യൂഫ്രട്ടീസ് തീരംവരെ വ്യാപിച്ചുകിടന്ന മെസപ്പൊട്ടേമിയയും തന്റെ അധീനത്തിലാക്കി. സലാഹുദ്ദീന്റെ മൂത്ത സഹോദരനായ തുറാന്‍ഷാ ഇതിനകം യെമനും കീഴടക്കിക്കഴിഞ്ഞിരുന്നു. അബ്ബാസിയ ഖലീഫ 1175-ല്‍ സലാഹുദ്ദീനെ ഈജിപ്ത്, പലസ്തീന്‍, സിറിയ, അറേബ്യ എന്നീ രാജ്യങ്ങളുടെ ഭരണാധികാരിയായി പ്രഖ്യാപിച്ചു.
സുല്‍ത്താന്‍ സലാഹുദ്ദീന്‍ മധ്യപൂര്‍വദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുരിശുയുദ്ധക്കാര്‍ക്കെതിരായി നിരന്തരമായ സമരം ആരംഭിച്ചു. ഒന്നിനു പുറകെ ഒന്നായി പല വിജയങ്ങളും സുല്‍ത്താന്‍ നേടി. 1187-ല്‍ നടന്ന നിര്‍ണായകമായ ഹത്തീന്‍യുദ്ധത്തില്‍ ജറുസലം (യെറുശലേം) സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന് സലാഹുദ്ദീന്‍ പല വിജയങ്ങളിലൂടെ മറ്റു ക്രൈസ്തവശക്തികേന്ദ്രങ്ങള്‍ കീഴടക്കി. ജറുസലമിന്റെ പതനത്തിനുശേഷം ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് രാജാവിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട മൂന്നാം കുരിശുയുദ്ധത്തിലും സുല്‍ത്താന്‍ സലാഹുദ്ദീന്‍ സമരപാടവം പ്രകടിപ്പിക്കുകയും പരാജിതരായ ശത്രുക്കളോട് ഔദാര്യപൂര്‍വം പെരുമാറുകയും ചെയ്തു. 1193-ല്‍ 55-ാ മത്തെ വയസ്സില്‍ ഇദ്ദേഹം ദമാസ്കസില്‍വച്ച് അന്തരിച്ചു. ഒരു ധീരയോദ്ധാവായിരുന്ന സലാഹുദ്ദീന്‍ പണ്ഡിതന്മാരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും വിദ്യാലയങ്ങളും പള്ളികളും നിര്‍മിക്കുകയും ചെയ്തു.
ടൈഗ്രീസ് മുതല്‍ നൈല്‍നദിവരെ വ്യാപിച്ചുകിടന്നിരുന്ന സലാഹുദ്ദീന്റെ സാമ്രാജ്യം ഇദ്ദേഹം തന്റെ പുത്രന്‍മാര്‍ക്കായി വിഭജിച്ചുകൊടുത്തു. പക്ഷേ, അവരാരുംതന്നെ ആ പ്രതിഭാശാലിയുടെ ശക്തിയും രാജ്യതന്ത്രജ്ഞതയും നിലനിര്‍ത്താന്‍ കഴിവുള്ളവരായിരുന്നില്ല. സലാഹുദ്ദീന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രന്മാര്‍ പരസ്പരം കലഹിക്കുകയും തത്ഫലമായി അയൂബികള്‍ ദുര്‍ബലരായിത്തീരുകയും ചെയ്തു. പക്ഷേ, സലാഹുദ്ദീന്റെ ഇളയ സഹോദരനായ അല്‍-ആദില്‍ ഈജിപ്തിലും സിറിയയിലും തന്റെ പരമാധികാരം പുനഃസ്ഥാപിച്ചു. മൂന്നാം കുരിശുയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ (1193) സമാധാനസംഭാഷണങ്ങള്‍ക്കു നേതൃത്വം കൊടുത്തിരുന്നത് അല്‍-ആദിലായിരുന്നു. അദ്ദേഹം മരിക്കുന്നതിനു മുന്‍പ് തന്റെ പുത്രന്മാര്‍ക്കിടയില്‍ സാമ്രാജ്യം ഭാഗിച്ചുകൊടുത്തു. മൂത്തപുത്രനായ അല്‍-കാമില്‍ ഈജിപ്തിലും, അല്‍മുഅസ്സം ദമാസ്കസിലും, അല്‍ ഫൈസ് മെസപ്പൊട്ടേമിയയിലും ഭരണാധികാരികളായിരുന്നു. 1218-ല്‍ അല്‍-ആദില്‍ അന്തരിച്ചു.
ഈജിപ്തിലെ ഭരണാധികാരിയായിരുന്ന അല്‍-കാമില്‍ ദമാസ്കസിലെ ഭരണാധികാരിയായിരുന്ന തന്റെ സഹോദരന്‍ അല്‍-മുഅസ്സമിനെതിരായി ഫ്രഡറിക്ക് II-മായി ഒരു സഖ്യത്തിലേര്‍പ്പെട്ടു. കാമിലിന്റെ ശത്രുക്കള്‍ക്കെതിരായി ഫ്രഡറിക്ക് കക സഹായം വാഗ്ദാനം ചെയ്തു. അതിനു പ്രതിഫലമായി ജറുസലം വിട്ടുകൊടുക്കാന്‍ അല്‍-കാമില്‍ നിര്‍ബന്ധിതനായി. അയൂബിവംശജരായ ഭരണാധികാരികളെ ഒരുമിപ്പിച്ച് വിദേശ ശക്തികളുമായി യുദ്ധം ചെയ്യിക്കുന്നതില്‍ അല്‍-കാമില്‍ ഏറെക്കുറെ വിജയിക്കുകയുണ്ടായി. അദ്ദേഹം ജലസേചനം, കൃഷി എന്നിവ വികസിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുകയും; യൂറോപ്യന്‍ രാജ്യങ്ങളുമായി വാണിജ്യക്കരാറുണ്ടാക്കുകയും ചെയ്തു; രാജ്യത്ത് ആഭ്യന്തരക്കുഴപ്പങ്ങള്‍ തലപൊക്കി. കാമിലിന്റെ പുത്രനായ സാലിഹ് അയൂബ് ഈജിപ്തിലെ ഭരണാധികാരിയായിത്തീര്‍ന്നു. ദമാസ്കസിലെ ഭരണാധികാരിയായിരുന്ന ഇസ്മായില്‍ ഈജിപ്തിനെതിരായി ഒരു സഖ്യം രൂപീകരിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ മംലൂക്ക് സൈന്യത്തിന്റെ സഹായത്തോടുകൂടി ഈജിപ്തിലെ അയൂബിവംശത്തിന്റെ അധികാരം താത്കാലികമായി നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും അയൂബിഭരണം അധഃപതനത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അല്‍-സാലിഹിന്റെ മരണശേഷം മംലൂക്ക് പടനായകനായ അയ്ബക്കായിരുന്നു യഥാര്‍ഥത്തില്‍ ഭരണം നിര്‍വഹിച്ചിരുന്നത്.
അയൂബി ഭരണാധികാരികള്‍ക്ക് ഫാത്തിമിയ്യ ഖിലാഫത്തിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളും സിറിയയും ഒരുമിപ്പിച്ച് സംഘടിതമായ രീതിയില്‍ കുരിശുയുദ്ധക്കാര്‍ക്കെതിരായി ശക്തമായ പ്രതിരോധം പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. മാത്രമല്ല, കഴിവുറ്റ പല ഭരണാധികാരികളെയും ഈ രാജവംശം സംഭാവന ചെയ്തു. രാജ്യത്തിന്റെ കാര്‍ഷികവും വാണിജ്യപരവുമായ പുരോഗതിയിലും ഭരണാധികാരികള്‍ തത്പരരായിരുന്നു. 1254-ല്‍ അയൂബി വംശത്തിന്റെ അധികാരം, മംലൂക്ക് വംശത്തിന്റെ സ്ഥാപകനായ അയ്ബക്കിന്റെ കൈകളിലമര്‍ന്നു. നോ: ഈജിപ്ത്-ചരിത്രം; ഫാത്തിമിയ്യവംശം
(പ്രൊഫ. എം.എ. ഷുക്കൂര്‍)