This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയിര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയിര്
Ore
അനുകൂല സാഹചര്യങ്ങളില്‍ ലാഭകരമായി ഖനനം ചെയ്തെടുക്കാവുന്ന ധാതുക്കളുടെ അസംസ്കൃതവും പ്രകൃതിസിദ്ധവുമായ സഞ്ചയം. ഖനിജ എണ്ണയും കല്‍ക്കരിയും ഒഴിച്ചുള്ള ധാതുക്കളുടെ നിക്ഷേപങ്ങളെ ലോഹ-അലോഹ നിക്ഷേപങ്ങളായി തിരിച്ചിരിക്കുന്നു. ഒരേ നിക്ഷേപത്തില്നിന്നുതന്നെ ഒന്നിലധികം ധാതുക്കള്‍ ലഭിച്ചുകൂടായ്കയില്ല; ഏറ്റവും സമൃദ്ധമായ ധാതുവിന്റെ ലോഹ-അലോഹസ്വഭാവം അടിസ്ഥാനമാക്കി മേല്പറഞ്ഞ വിധത്തില്‍ തരംതിരിക്കപ്പെടുന്നുവെന്നേയുള്ളു.
ഒരു പ്രത്യേക ലോഹത്തിന്റെയോ അലോഹത്തിന്റെയോ സംസ്കരണം തരപ്പെടുത്തുന്ന പ്രത്യേക ധാതുവിനെ പ്രസ്തുതപദാര്‍ഥത്തിന്റെ അയിര് (ore) എന്നു പറയുന്നു. അയിരുകള്‍ എല്ലായ്പോഴും തന്നെ മറ്റു ധാതുക്കളുമായും ശിലാപദാര്‍ഥങ്ങളുമായും കൂട്ടുചേര്‍ന്ന് മലിനാവസ്ഥയില്‍ അവസ്ഥിതമായിക്കാണുന്നു. ഈ മാലിന്യങ്ങളാണ് ഗാംഗ് (gangue) എന്ന പേരില്‍ വ്യവഹരിക്കപ്പെട്ടുവരുന്നത്.
ധാതുനിക്ഷേപങ്ങളെ, അവ രൂപംകൊണ്ട ഭൂവിജ്ഞാനീയ കാലഘട്ടത്തെ അടിസ്ഥാനമാക്കി സഹജാതം (syngenetic), പശ്ചജാതം (epigenetic) എന്നിങ്ങനെ തരംതിരിക്കാം. സമീപസ്ഥശിലാസമൂഹങ്ങള്‍ക്കു സമകാലികമായി രൂപംകൊണ്ട നിക്ഷേപങ്ങളാണ് സഹജാതങ്ങള്‍; തൊട്ടു താഴെയുള്ള ശിലാപടലങ്ങളെക്കാള്‍ അവ പ്രായം കുറഞ്ഞതോ മുകളിലുള്ളവയെക്കാള്‍ പഴക്കമുള്ളതോ ആവുന്നതിനു വിരോധമില്ല. സമീപസ്ഥശിലകളെക്കാള്‍ പ്രായം കുറഞ്ഞ നിക്ഷേപങ്ങളാണ് പശ്ചജാതങ്ങള്‍. ഉദ്ഭവത്തിന്റെയും അവസ്ഥിതിയുടെയും സവിശേഷതകള്‍ ആധാരമാക്കി അധോജനിതം (hypogene), ഊര്‍ധ്വജനിതം (supergene) എന്നിങ്ങനെയും ഒരു വര്‍ഗീകരണമുണ്ട്. മാഗ്മീയ ലായനികളുടെ ഊര്‍ധ്വഗമനം മൂലം ഉടലെടുത്തിട്ടുള്ള നിക്ഷേപങ്ങളെയാണ് അധോജനിതം എന്നു പറയുന്നത്. ഉല്കാജലം (meteoritic water) ഊര്‍ന്നിറങ്ങി നേരത്തേ രൂപംകൊണ്ടിട്ടുള്ള ധാതുപദാര്‍ഥങ്ങള്‍ക്കു സാന്ദ്രണം (concentration) സംഭവിച്ച് ഉണ്ടായിട്ടുള്ള നിക്ഷേപങ്ങള്‍ ഊര്‍ധ്വജനിതങ്ങളായും വിശേഷിപ്പിക്കപ്പെടുന്നു.
അയിര് നിക്ഷേപങ്ങള്‍ രൂപം കൊള്ളുന്നത് സങ്കീര്‍ണമായ പ്രക്രിയകളിലൂടെയാണ്. ഒരു പ്രത്യേക ധാതുവിന്റെ ഉത്പാദനത്തിനു പിന്നില്‍പ്പോലും ഒന്നിലധികം രാസപരിവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കും. ഒരേ ലോഹത്തിനു തന്നെ മറ്റു ലോഹങ്ങളുടെ അയിരുകളും ഗാംഗ്ധാതുക്കളും ഉള്‍ക്കൊള്ളുന്ന അനേകമിനം അയിര് നിക്ഷേപങ്ങള്‍ കാണാനിടയുണ്ട്. ഇവ ധാതുഘടന, സംരചന, ഘടകപദാര്ഥങ്ങള്, വലുപ്പം, ആകൃതി, പ്രകൃതി എന്നിവയിലൊക്കെത്തന്നെ അന്യോന്യം വ്യത്യസ്തങ്ങളുമാവാം.
ഉത്പത്തിഭേദങ്ങളെ അടിസ്ഥാനമാക്കി അയിര് നിക്ഷേപങ്ങളെ താഴെപ്പറയുന്ന രീതിയില്‍ വര്‍ഗീകരിച്ചിരിക്കുന്നു:
1. മാഗ്മീയ (magmatic) നിക്ഷേപങ്ങള്‍;
2. പെഗ്മാറ്റിക് (sedimetetary) നിക്ഷേപങ്ങള്‍;
3. സംസ്പര്‍ശ ഖനിജാദേശ (residual concentration) നിക്ഷേപങ്ങള്‍;
4. താപജലീയ (hydrothermal) നിക്ഷേപങ്ങള്‍;
5. അവസാദ (sedimentary) നിക്ഷേപങ്ങള്‍;
6. അവശിഷ്ടസാന്ദ്രതാ (residual concentration) നിക്ഷേപങ്ങള്‍;
7. ഓക്സിഡേഷന് പുനഃസാന്ദ്രിത (oxidation-secondary) നിക്ഷേപങ്ങള്‍;
8. കായാന്തരിത (metamorphic) നിക്ഷേപങ്ങള്‍.
1.മാഗ്മീയ നിക്ഷേപങ്ങള്‍. ശിലാകാരകധാതുക്കള്‍ മാഗ്മീയ അവസ്ഥയില്‍നിന്നും പരല്‍രൂപത്തിലേക്കു പരിവര്‍ത്തിതമായ കാലഘട്ടത്തിന്റെ പൂര്‍വാര്‍ധത്തിലോ ഉത്തരാര്‍ധത്തിലോ രൂപംകൊണ്ടവയാകണം ഈദൃശ നിക്ഷേപങ്ങള്‍. ചില മാഗ്മീയ നിക്ഷേപങ്ങളില്‍ അയിരുകള്‍ പടര്‍ന്നു തൂവിയ നിലയില്‍ കാണപ്പെടുന്നു. നിയതരൂപത്തില്‍ അടരുകളായോ ഡൈക്കു (dyke) കളായോ അവസ്ഥിതമായിട്ടുള്ളവയും സാധാരണമാണ്. പ്ലാറ്റിനം, ക്രോമൈറ്റ് (chromite), മാഗ്നറ്റൈറ്റ് (magnetite), വജ്രം (diamond), കൊറന്‍ഡം (corundum) എന്നിവയുടെ നിക്ഷേപങ്ങള്‍ സാധാരണയായി മാഗ്മീയ സ്വഭാവമുള്ളവയായിരിക്കും.
മാഗ്മീയ നിക്ഷേപങ്ങളുടെ എടുത്തു പറയാവുന്ന സവിശേഷതകള്‍ നാലാണ്;
a)പ്രസക്ത ശിലാപിണ്ഡത്തില്‍ ആകമാനം പ്രകീര്‍ണിച്ച (disseminated) രൂപത്തിലോ, ഊറിക്കൂടുക നിമിത്തം പടലങ്ങളായോ ഉള്ള അവസ്ഥിതി; രൂപപ്പെടലിന്റെ ആദ്യഘട്ടം മുതല്‍ ഉള്ള പരലാകൃതി;
b)ശിലകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ അമിശ്രണീയ ലായനികളോ അവശിഷ്ടലായനികളോ വേര്‍പെടലിനു (segregation) വിധേയമായി സ്ഥാനചലനം സംഭവിക്കാതെ ഉണ്ടായ പരലാകൃതി;
c)അയിര് പരലുകളുടെ വേര്‍തിരിയല്‍ - അവ അടിഞ്ഞുതാണ് പടലങ്ങളായിത്തീര്‍ന്നതിനെത്തുടര്‍ന്ന് ഡൈക്കുകളായോ മറ്റു വിധത്തിലോ ഉള്ള അന്തര്‍വേധ (intrusive) സംരചന കൈക്കൊള്ളുന്നു;
d)അയിരിന്റെ വേര്‍തിരിയല്‍ - അമിശ്രണീയ (immiscible) ലായനിയുടെ അവശിഷ്ടം പ്രസ്രവണപ്രക്രിയ (fountain action) യ്ക്കു വഴിപ്പെടുകയും പിന്നീട് ഞെങ്ങിഞെരുങ്ങി കട്ടിപിടിക്കുകയും ചെയ്യുക. സല്‍ഫൈഡ് അയിരുകള്‍ മിക്കവയും ഈ രീതിയിലാണ് അവസ്ഥിതമാകുന്നത്.
2.പെഗ്മാറ്റിക് നിക്ഷേപങ്ങള്‍. മാഗ്മ ഖരീഭവിക്കുന്ന അവസ്ഥയില്‍ ധാത്വംശങ്ങളടങ്ങിയ ഗതിശീല (volatile) ലായനികള്‍ ഒഴുകിക്കൂടി തളംകെട്ടിനില്ക്കുന്നു. ഇവ സാന്ദ്രിതമായി ഉണ്ടാവുന്ന ധാതുനിക്ഷേപങ്ങളാണ് പെഗ്മാറ്റിക് നിക്ഷേപങ്ങളായി അറിയപ്പെടുന്നത്. അഭ്രം, ബെറില്‍, ലിഥിയം ധാതുക്കള്‍, രത്നധാതുക്കള്‍, കൊളംബൈറ്റ് (columbite), ടാന്‍ടലൈറ്റ് (tantallite) തുടങ്ങിയ റേഡിയോ ആക്ടീവ് ധാതുക്കള്‍ എന്നിവയുടെയെല്ലാം ഉറവിടം പെഗ്മറ്റൈറ്റുകളാണ്.
3.സംസ്പര്‍ശ ഖനിജാദേശ നിക്ഷേപങ്ങള്‍. അന്തര്‍വേധങ്ങളായ മാഗ്മാപിണ്ഡങ്ങളുമായി തൊട്ടു സ്ഥിതിചെയ്യുന്ന ശിലാസമൂഹങ്ങളില്‍ വര്‍ധിച്ച ചൂടു മൂലം മാഗ്മയില്‍നിന്നും ധാത്വംശങ്ങള്‍ കടന്നുകൂടി രൂപംകൊള്ളുന്ന നിക്ഷേപങ്ങളാണ് ഇവ. മാഗ്മീയ പ്രസര്‍ജനങ്ങള്‍ (emanations) ധാത്വംശങ്ങള്‍ കൂടുതലായിരിക്കുമ്പോള്‍ സമീപസ്ഥശിലകളെ രാസികമായി ബാധിക്കുന്നു; പലപ്പോഴും പ്രതിസ്ഥാപനപ്രക്രിയകള്‍ (metasomatic reations) പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. ഉയര്‍ന്ന താപത്തിലും കൂടിയ മര്‍ദനിലയിലും ഇതു പുതിയ ധാതുക്കളുടെ ഉത്പാദനത്തിനു നിദാനമാവാം. കാസിറ്റെറൈറ്റ് (cassiterte), വൂള്‍ഫ്രമൈറ്റ് (wolframite), മാഗ്നറ്റൈറ്റ് (magnetite), ഗ്രാഫൈറ്റ് (graphite) തുടങ്ങിയവയുടെയും ചെമ്പ്, ഇരുമ്പ്, ഈയം, നാകം എന്നിവയുടെ സല്ഫൈഡുകളുടെയും നിക്ഷേപങ്ങള്‍ ഏറിയകൂറും സംസ്പര്‍ശ ഖനിജാദേശം മൂലം അവസ്ഥിതമായിട്ടുള്ളതാണ്.
4. താപജലീയ നിക്ഷേപങ്ങള്‍. മാഗ്മീയ പ്രസ്രവണങ്ങളും വര്‍ധിച്ച താപനിലയിലുള്ള ജലവും ഒന്നുചേര്‍ന്ന് ഊര്‍ധ്വഗമനത്തിനു വിധേയമാവുന്നത് ധാതുനിക്ഷേപങ്ങള്‍ക്കു കാരണമായിത്തീരാം. ശിലാസമൂഹങ്ങളിലെ വിള്ളലുകളിലും വിടവുകളിലും കൂടി കടന്നു കയറുന്ന ഈ മാഗ്മീയ ജലം ശിലാകോടരങ്ങളില്‍ തങ്ങിനിന്ന് പില്ക്കാലത്തു ധാതുനിക്ഷേപങ്ങളായിത്തീരുന്നു. താപജലീയ നിക്ഷേപങ്ങളെ അവയ്ക്ക് അന്തര്‍വേധന (intrusion) ത്തില്‍ നിന്നുമുള്ള അകലത്തെ അടിസ്ഥാനമാക്കി പലയിനങ്ങളായി തിരിച്ചിരിക്കുന്നു. അന്തര്‍വേധശിലയ്ക്കു തൊട്ടടുത്തായി രൂപം കൊള്ളുന്നവ അതിതാപീയം (hypothermal) എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇവ ഉച്ചതാപനിലയിലും (300-500°C) അതിമര്‍ദത്തിലുമാണ് രൂപംകൊള്ളുന്നത്. കാസിറ്റെറൈറ്റ് (cassiterite), മോളിബ്ഡനൈറ്റ് (molybdenite), സ്വര്‍ണം എന്നിവയുടെ നിക്ഷേപങ്ങള്‍ ഇത്തരത്തിലുള്ളതാണ്. മാധ്യതാപീയ (mesothermal) നിക്ഷേപങ്ങളാണ് മറ്റൊരിനം. വളരെ ഉയര്‍ന്നതല്ലാത്ത താപത്തിലും (200-300°C) ഉയര്‍ന്ന മര്‍ദത്തിലും രൂപംകൊള്ളുന്ന ഈയിനം നിക്ഷേപങ്ങള്‍ അന്തര്‍വേധനത്തില്‍നിന്ന് അല്പം മാറിയാണ് അവസ്ഥിതമാകുന്നത്. ചെമ്പ്, ഈയം, നാകം എന്നിവയുടെ അയിരുകള്‍ ഈ വിധത്തില്‍ രൂപംകൊണ്ടുകാണുന്നു. മൂന്നാമത്തെ ഇനമാണ് അല്പതാപ (epithermal) നിക്ഷേപങ്ങള്‍. കുറഞ്ഞ ഊഷ്മാവിലും (50-200°C) സാമാന്യ മര്‍ദത്തിലും ഉണ്ടാകുന്ന രസം, ആന്റിമണി, ആര്‍സെനിക് എന്നിവയുടെ സല്‍ഫൈഡുകളും ചെമ്പ്, വെള്ളി തുടങ്ങിയവയുടെ പ്രകൃതിനിക്ഷേപങ്ങളും അല്പതാപീയ നിക്ഷേപങ്ങളാണ്.
5. അവസാദനിക്ഷേപങ്ങള്‍. അവസാദനം (sedimentation) മൂലം ഉണ്ടാകുന്ന ധാതുനിക്ഷേപങ്ങളാണിവ. കെട്ടിനില്‍ക്കുന്ന ലവണജലം ബാഷ്പീകരണംമൂലം വറ്റി അവയിലടങ്ങിയിരിക്കുന്ന ലവണങ്ങള്‍ സഞ്ചയിക്കപ്പെടുന്നു. കറിയുപ്പ്, ജിപ്സം (gypsum), ആന്‍ഹൈഡ്രൈറ്റ് (anhydrite), നൈട്രേറ്റുകള്‍, ബോറേറ്റുകള്‍ തുടങ്ങിയവയുടെ നിക്ഷേപങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകുന്നു. ജലാശയങ്ങളില്‍ അനുസ്യൂതം നടക്കുന്ന രാസികപ്രക്രിയകളുടെ ഫലമായി ഉത്പാദിപ്പിക്കപ്പെട്ട് അവയുടെ അടിത്തട്ടിലായി അടിഞ്ഞുകൂടുന്ന ധാതുനിക്ഷേപങ്ങളുമുണ്ട്. സല്‍ഫൈഡ് അയിരുകളും, മാങ്ഗനീസിന്റെ ചില അയിരുകളും ഇങ്ങനെ അവസ്ഥിതമാകാറുണ്ട്. ജലപ്പരപ്പിനടിയില്‍ ജൈവ-അജൈവ വസ്തുക്കളുടെ രാസപരമായ അന്യോന്യ പ്രക്രിയകളിലൂടെയും ധാതുനിക്ഷേപങ്ങള്‍ ഉണ്ടാകാം. കളിമണ്ണ്, ചുണ്ണാമ്പുകല്ല്, ഡയാറ്റമൈറ്റ്, ചോക്ക് തുടങ്ങിയവയാണ് ഇത്തരത്തില്‍ സഞ്ചിതമായിക്കാണുന്നത്.
6.അവശിഷ്ടസാന്ദ്രതാ നിക്ഷേപങ്ങള്‍. ഉപരിതലത്തില്‍ത്തന്നെയുള്ള രാസാപക്ഷരണം (chemical weathering) മൂലം ശിലകളിലെ ധാതുപദാര്‍ഥങ്ങള്‍ വേര്‍തിരിയുന്നു. മണ്ണൊലിപ്പിന്റെ ഫലമായി താരതമ്യേന കനംകുറഞ്ഞ മറ്റു ശിലാഘടകങ്ങള്‍ നീക്കപ്പെടുന്നതോടെ അയിരുകള്‍ സഞ്ചിതമായിത്തീരുന്നു. ഇവ പ്രകൃത്യാ ശുദ്ധമായിരിക്കും. അവസ്ഥിതിയുടെ കൂടുതല്‍കുറവനുസരിച്ച് ഇവ സമ്പന്ന നിക്ഷേപങ്ങളോ അല്ലാത്തവയോ ആകാം. ലാറ്റെറൈറ്റ്, ബാക്സൈറ്റ്, മാങ്ഗനീസ്, പലയിനം കളിമണ്ണുകള്‍ തുടങ്ങിയവയുടെ നിക്ഷേപങ്ങള്‍ ഈ രീതിയില്‍ രൂപംകൊള്ളുന്നു.
പ്രവാഹജലത്തിന്റെ അപരദന പ്രവര്‍ത്തനംമൂലം കനംകുറഞ്ഞതും കൂടിയതുമായ വസ്തുക്കള്‍ തരം തിരിക്കപ്പെട്ട് ഒന്നിനടിയില്‍ മറ്റൊന്നായി നിക്ഷിപ്തമാകുന്നു (പ്ലേസര്‍ നിക്ഷേപങ്ങള്‍-placer deposits). കാറ്റിന്റെ പ്രവര്‍ത്തനത്തിലൂടെയും ഇത്തരം നിക്ഷേപങ്ങള്‍ ഉണ്ടാകാം. നിക്ഷേപണപ്രക്രിയയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ധാത്വംശങ്ങള്‍ ആദ്യം മാതൃശിലകളില്‍നിന്നും അപരദനംമൂലം അടര്‍ത്തി മാറ്റപ്പെടുന്നു; പിന്നീട് ഘനത്വം അടിസ്ഥാനമാക്കിയുള്ള തരംതിരിവിലൂടെ അവ സഞ്ചയിക്കപ്പെടുന്നു. സ്വര്‍ണം, പ്ളാറ്റിനം, ഇല്‍മനൈറ്റ്, മോണസൈറ്റ് എന്നിവയുടെ വിലപ്പെട്ടതും കനത്തതുമായ ധാരാളം നിക്ഷേപങ്ങള്‍ പ്ളേസര്‍ ഇനത്തില്‍പ്പെടുന്നു.
7.ഓക്സിഡേഷന് പുനഃസാന്ദ്രിത നിക്ഷേപങ്ങള്‍. ധാത്വംശം താരതമ്യേന കുറവായ അയിരുകളിലെ ഗാംഗ്പദാര്‍ഥങ്ങള്‍ അപക്ഷരണത്തിന്റെയും തുടര്‍ന്നുള്ള മണ്ണൊലിപ്പിന്റെയും ഫലമായി പുനഃസാന്ദ്രണത്തിനു വഴിപ്പെടുന്നു. ഇത്തരം അയിര്‍പടലങ്ങളിലെ ഉപരിഭാഗത്ത് ഓക്സിഡേഷന് നിമിത്തം ധാത്വംശത്തിന് സാന്ദ്രണം ഉണ്ടായെന്നും വരാം; ചെമ്പ്, ഈയം എന്നിവയുടെ കാര്‍ബണേറ്റും സല്‍ഫേറ്റും അയിരുകള്‍ ഓക്സിഡേഷന് നിക്ഷേപങ്ങളാണ്. ചെമ്പിന്റെ സല്‍ഫൈഡ് അയിരുകളായ ബോര്‍ണൈറ്റ്, കോവെല്ലൈറ്റ്, ചാല്‍കൊസൈറ്റ് എന്നിവയാണ് പുനഃസാന്ദ്രിത നിക്ഷേപങ്ങള്‍ക്ക് ഉദാഹരണങ്ങള്‍.
8. കായാന്തരിത നിക്ഷേപങ്ങള്‍. നേരത്തേ രൂപംകൊണ്ടിട്ടുള്ള ശിലകളുടെയോ ധാതുസഞ്ചയങ്ങളുടെയോ കായാന്തരണ പ്രക്രിയകളിലൂടെ അവസ്ഥിതമാകുന്ന നിക്ഷേപങ്ങളാണിവ. ഇരുമ്പിന്റെയും മാങ്ഗനീസിന്റെയും മിക്ക നിക്ഷേപങ്ങളും ഈയിനത്തില്‍പ്പെടുന്നു. ആസ്ബെസ്റ്റോസ്, ഗ്രാഫൈറ്റ്, കയനൈറ്റ്, സില്ലിമനൈറ്റ്, ഗാര്‍ണെറ്റ് എന്നിവയുടെ അയിരുകളും കായാന്തരിത നിക്ഷേപങ്ങളായി കാണപ്പെടുന്നു. നോ: അയിരുസംസ്കരണം
(ഡോ. എന്‍.ജെ.കെ. നായര്‍; സ.പ.)