This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്മന്‍കോവില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
05:48, 30 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അമ്മന്‍കോവില്‍
പ്രാചീന ദ്രാവിഡ മതവിശ്വാസങ്ങളുടെയും സംസ്കാരധാരകളുടെയും അവശിഷ്ടസ്മാരകങ്ങളായി തമിഴ്നാട്ടിലും അതിനോടു തൊട്ടുകിടക്കുന്ന കേരളത്തിലും കാണുന്ന ആരാധനാകേന്ദ്രങ്ങള്. എല്ലാ ദേവീക്ഷേത്രങ്ങളെയും അമ്മന്‍ കോവിലുകള്‍ എന്നു പറയാമെങ്കിലും പ്രായേണ ഗ്രാമപ്രദേശങ്ങളില്‍ കണ്ടുവരാ
റുള്ള ചെറിയ അമ്പലങ്ങളെയാണ് ഈ പേരില്‍ വ്യവഹരിക്കാറുള്ളത്.
അമ്മന്‍ എന്ന പദത്തിന് തമിഴില്‍ 'ഭഗവതി', 'ദേവി', 'ഗ്രാമദേവത' എന്നെല്ലാമാണ് അര്‍ഥം. നിഷ്കൃഷ്ടമായ ക്ഷേത്രവാസ്തുമാതൃകകള്‍ക്കൊന്നും ഇവ വിധേയമാകുന്നില്ല. പ്രാചീന ദ്രാവിഡ സംസ്കാരം നിലനിന്നുവരുന്ന പ്രദേശങ്ങളിലെ പ്രധാന വഴിക്കവലകളിലും ജനവാസകേന്ദ്രങ്ങളിലും അമ്മന്‍ കോവിലുകള്‍ കാണാം. ദീര്‍ഘചതുരമോ സമചതുരമോ വര്‍ത്തുളമോ രഥാകൃതിയുള്ളതോ ആയ ഇഷ്ടികാശില്പങ്ങളാണിവ. മിക്കവയും വെള്ളക്കുമ്മായംകൊണ്ട് പൊതിഞ്ഞിരിക്കും. ഇവയിലുള്ള ദേവീപ്രതിഷ്ഠകള്‍ വര്‍ണാങ്കിത ചിത്രങ്ങളോ മണ്‍പ്രതിമകളോ ആയിരിക്കും. കുങ്കുമം, മഞ്ഞള്‍പ്പൊടി, പുഷ്പങ്ങള്‍ തുടങ്ങിയവകൊണ്ട് ഭക്തജനങ്ങള്‍ക്കെല്ലാം യഥേഷ്ടം അര്‍ച്ചന നടത്തുവാന്‍ സ്വാതന്ത്യ്രമുള്ള ഈ ആരാധനാകേന്ദ്രങ്ങള് തമിഴ്നാട്ടിലെ സാമാന്യജനങ്ങളുടെ ആസ്തിക്യവിശ്വാസത്തിന്റെ നിദര്‍ശനങ്ങളായി നിലകൊള്ളുന്നു.
കന്യാകുമാരിജില്ലയിലെ മണ്ടയ്ക്കാട്ടമ്മ(ന്) നൂറ്റാണ്ടുകളായി ഈ മേഖലയില്‍ പ്രസിദ്ധയാണ്. കേരളത്തിലും കായംകുളത്തിനടുത്തു കാട്ടുവള്ളില്‍ അമ്മന്‍കോവില്‍ തുടങ്ങിയ ചില കോവിലുകള്‍ ഉണ്ട്. അമ്മന്‍കോവിലിലേക്ക് വഴിപാടായി ആഘോഷപൂര്‍വം അലങ്കരിച്ചുകൊണ്ടുപോകുന്ന മണ്കുടത്തിന് 'അമ്മന്‍കുടം' എന്നു പറഞ്ഞുവരുന്നു. ഈ ആഘോഷങ്ങളില്‍ ദേവിയുടെ ആവേശംമൂലം ചിലര്‍ തുള്ളുന്നത് 'അമ്മന്‍ തുള്ളല്‍' ആയി പറയപ്പെടുന്നു. അമ്മന്‍ ജന്തുബലി കൊടുക്കുന്ന ഏര്‍പ്പാടുകളും മുന്‍കാലങ്ങളില്‍ നിലവിലിരുന്നു. 'അമ്മന്‍കൊട' എന്ന പേരില്‍ അവ ഇന്നും പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായ ജന്തുഹിംസ നിരോധിക്കപ്പെട്ടിരിക്കുകയാണ്. അമ്മന്‍ കോവിലിലെ ഊട്ട്, പാട്ട്, ഉരുവംവയ്പ്, അമ്മന്‍കൊട, കുരുതി, ചാവൂട്ട് മുതലായ അനുഷ്ഠാനങ്ങള്‍ പൂര്‍വകാലങ്ങളിലെ ആചാരാവശിഷ്ടങ്ങള്‍ ആണെന്ന് മാര്‍ത്താണ്ഡവര്‍മ എന്ന ആഖ്യായികയില്‍ സി.വി. രാമന്‍പിള്ള പ്രസ്താവിച്ചിട്ടുണ്ട്.
(തിരുവല്ലം ഭാസ്കരന് നായര്‍; സ.പ.)