This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:40, 30 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അമേരിക്കന്‍ കല

American Art

അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്) എന്നറിയപ്പെടുന്ന ഭൂവിഭാഗത്തില്‍ ഏതദ്ദേശീയ സവിശേഷതകളുള്ള ചിത്ര-ശില്പ-വാസ്തുകലാരൂപങ്ങള്‍ ഉടലെടുത്തത് 18-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളോടുകൂടിയാണ്. അമേരിക്കയിലെ ആദിവാസികളുടെ തനതുകലാരൂപങ്ങള്‍ അതിനു വളരെ മുന്‍പുതന്നെ അവിടെ പ്രചരിക്കുകയും പ്രതിഷ്ഠ നേടുകയും ചെയ്തിരുന്നില്ല എന്ന് അതിന് അര്‍ഥമില്ല (നോ: അമേരിന്ത്യന്‍ കല). യൂറോപ്പില്‍ നിന്ന് 16-ാം ശ.-ത്തിന്റെ ആരംഭംമുതല്‍ അവിടെ കുടിയേറിപ്പാര്‍ത്ത വിവിധ ജനവിഭാഗങ്ങളുടെ കലാവാസനകള്‍ വ്യത്യസ്ത മാധ്യമങ്ങളില്‍ ആ നാട്ടില്‍ പ്രചരിക്കുന്നത് ഇംഗ്ലീഷ്-ഡച്ച്-സ്പാനിഷ്-ഫ്രഞ്ച്-ഇറ്റാലിയന്‍ കലകളുടെ പ്രതിഫലനങ്ങളായാണ്. എന്നാല്‍ ഈ കുടിയേറ്റക്കാരില്‍ അധികവും പ്രോട്ടസ്റ്റന്റ് തീവ്രവാദികളായിരുന്നതിനാല്‍ വിഗ്രഹാരാധനയുടെ തുടക്കം കുറിച്ചേക്കാവുന്ന പ്രതിമാനിര്‍മാണത്തിന് അവര്‍ എതിരായിരുന്നു. തന്നിമിത്തം 18-ാം ശ.-ത്തില്‍പ്പോലും പരസ്യമായി ശില്പനിര്‍മാണത്തിന് ആരും മുതിര്‍ന്നിരുന്നില്ല. കപ്പലുകളുടെ മുമ്പില്‍ കൊത്തിവയ്ക്കാറുള്ള ശീര്‍ഷങ്ങള്‍, കാറ്റിന്റെ ഗതി അറിയാനുപയോഗിക്കുന്ന ഉപകരണത്തിന്റെ മുകളില്‍ പിടിപ്പിക്കാറുണ്ടായിരുന്ന രൂപങ്ങള്‍ എന്നിവ പോലും വിദഗ്ധന്മാരായ പല ശില്പികളും വളരെ രഹസ്യമായാണ് ഉണ്ടാക്കിക്കൊടുത്തിരുന്നത്. പുതിയ റിപ്പബ്ളിക്കിന്റെ ആവിര്‍ഭാവത്തോടുകൂടി മതത്തെക്കുറിച്ചുള്ള ധാരണകളില്‍ കൂടുതല്‍ വിശാലമായ മനോഭാവം പുലര്‍ത്തുവാന്‍ ജനങ്ങള്‍ തയ്യാറാവുകയും സാമൂഹിക വിപ്ളവങ്ങള്‍ക്കും രാഷ്ട്രീയ വിപ്ളവങ്ങള്‍ക്കും നേതൃത്വം നല്കിയ ധീരനേതാക്കന്മാര്‍ക്ക് സ്മാരകങ്ങള്‍ ഉണ്ടാക്കേണ്ടത് ആവശ്യമായിത്തീരുകയും ചെയ്തപ്പോള്‍ അമേരിക്കന്‍ ശില്പകല രൂപമെടുക്കേണ്ടത് ചരിത്രപരമായ ഒരു ആവശ്യമായിത്തീര്‍ന്നു. വിദേശത്തുനിന്നുള്ള കലാകാരന്മാരും സ്വയംശിക്ഷണം കൊണ്ട് പരിശീലനം നേടിയ അപൂര്‍വം ചില അമേരിക്കക്കാരും ഈ ആവശ്യം നിറവേറ്റാന്‍ തയ്യാറായി. ജോണ്‍ ഫ്രെയ്സി (1790-1852) എന്ന ഒരു കല്പണിക്കാരനാണ് അമേരിക്കയില്‍ ആദ്യമായി ഒരു മാര്‍ബിള്‍ പ്രതിമ നിര്‍മിച്ചത്. വില്യം റഷ് (1756-1833) എന്ന ഫിലഡല്‍ഫിയാക്കാരനായ ഒരു വൈദ്യന്‍ എഡ്വേര്‍ഡ് കട്ബുഷ് എന്ന ഒരു ഇംഗ്ലീഷുകാരന്റെ ശിക്ഷണത്തില്‍ കപ്പലില്‍ വയ്ക്കുവാനുള്ള ശീര്‍ഷങ്ങള്‍ പരസ്യമായി നിര്‍മിച്ചു. ക്രമേണ ഒട്ടേറെ ദാരുശില്പങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കി. തുടര്‍ന്ന് 19-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി പല അമേരിക്കന്‍ യുവാക്കളും ഇറ്റലിയിലേക്കു കടന്ന് ശില്പനിര്‍മാണത്തില്‍ വൈദഗ്ധ്യം നേടി തിരിച്ചെത്തുകയുണ്ടായി. ഹൊറേഷ്യോ ഗ്രീനോ (1805-52) എന്ന ആളാണ് ശില്പകലയില്‍ അഭ്യസ്തവിദ്യന്‍ എന്ന് അവകാശപ്പെടാവുന്ന ആദ്യത്തെ അമേരിക്കന്‍. ഇദ്ദേഹം 1825-ല്‍ റോമില്‍ പോയി തൊര്‍വാഡ്സന്‍ എന്ന ശില്പിയുടെ ശിഷ്യത്വം സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം ഫ്ളോറന്‍സിലേക്കു പോവുകയും ജീവിതത്തിന്റെ ഏറിയ പങ്കും അവിടെ ചെലവിടുകയും ചെയ്തു. ഇന്ന് സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വാഷിങ്ടന്റെ പ്രതിമ ഇദ്ദേഹം നിര്‍മിച്ചതാണ്. സിയൂസിന്റെ പ്രതിമയോട് തുല്യതയുള്ള അതിശക്തമായ ഈ ശില്പം ഗൗരവമുള്ള ഒരു കലാസൃഷ്ടിയായി അംഗീകരിക്കുവാന്‍ 19-ാം ശ.-ത്തിന്റെ മധ്യദശകത്തിലെ (1840-50) അമേരിക്കക്കാര്‍ തയ്യാറായില്ല. ഹിറാന്‍ പവേഴ്സ് എന്ന മറ്റൊരു അമേരിക്കക്കാരന്‍ ഗ്രീനോവിനെ അനുകരിച്ച് 1837-ല്‍ ഫ്ളോറന്‍സിലേക്കു പോയി. ശില്പകലാരംഗത്ത് ഇദ്ദേഹം നല്കിയ സംഭാവനകള്‍ ആ കാലഘട്ടത്തിന്റെ അഭിരുചിക്കു ചേര്‍ന്നതായിരുന്നില്ല. അമേരിക്കന്‍ ശില്പികളുടെ കൂട്ടത്തില്‍ ദേശീയ അംഗീകാരം നേടുവാന്‍ കഴിഞ്ഞിട്ടുള്ള ആധുനികരില്‍ മുമ്പന്‍ ഗുട്ട്സണ്‍ ബോര്‍ഗ്ലന്‍ (1871-1941) എന്ന ശില്പിയാണ്. ദക്ഷിണ ഡക്കോട്ടയിലെ കരിമലകളിലെ റോഷ്മോര്‍ എന്ന ശൈലത്തില്‍ കൊത്തിവയ്ക്കപ്പെട്ടിട്ടുള്ള ദേശീയ വീരപുരുഷന്മാരുടെ ഭീമാകാരശീര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ പ്രശസ്തിയെ എന്നെന്നും നിലനിര്‍ത്തും.

ശില്പരചനയെക്കാള്‍ മുന്‍പ് ചിത്രരചനയാണ് സ്വാഭാവികമായി അമേരിക്കന്‍ കലയുടെ ആരംഭം കുറിച്ചത്. ഏതാണ്ട് 1584-93 കാലത്ത് അവിടെ കുടിയേറിപ്പാര്‍ത്ത ഇംഗ്ലീഷുകാരനായ ജോണ്‍ വൈറ്റിന്റെ ജലച്ചായചിത്രങ്ങളാണ് ഇക്കൂട്ടത്തില്‍ മുന്‍ഗണന അര്‍ഹിക്കുന്നത്. ഇദ്ദേഹത്തിന്റെ 65-ഓളം ചിത്രങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ ജനജീവിതരംഗങ്ങളെയും സസ്യജന്തുപ്രകൃതികളെയും യഥാതഥമായി പ്രതിബിംബിപ്പിക്കുന്ന വൈറ്റിന്റെ കലാസൃഷ്ടികളാണ് 'അമേരിക്കന്‍കല' എന്നു വിളിക്കപ്പെടുന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ ആദ്യനിദര്‍ശനങ്ങള്‍.

അമേരിക്കയിലെ യൂറോപ്യന്‍ അധിനിവേശം പൂര്‍ണമായതിനുശേഷം അവിടെയുണ്ടായ കലാനവോത്ഥാനം ഏതാണ്ട് മുഴുവനും ഡച്ച്-ഇംഗ്ലീഷ് ചിത്രകാരന്മാര്‍ പ്രചരിപ്പിച്ച ഫ്രീക് ലിമ്നര്‍ (Freak e Limner) പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. അതേസമയം (1642-1750) ന്യൂയോര്‍ക്ക്-ന്യൂജേഴ്സി സംസ്ഥാനങ്ങളില്‍ നിര്‍മിക്കപ്പെട്ട ഫോര്‍ട്ക്രിയാല്ലോ, റെന്‍സ്സലേര്‍, ഡൈക്മാന്‍ ഹൗസ് തുടങ്ങിയ സൌധങ്ങള്‍ ഡച്ച് വാസ്തുവിദ്യയെ പുതിയ ലോകത്തില്‍ ശാശ്വതമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ഡച്ച് ബറോക് ശൈലിയില്‍ ജാറ്റ് ഡൂയ്ക്കിന്‍ക് (1660-1710) വരച്ച ഛായാച്ചിത്രങ്ങള്‍ (portraiture) പലതും കണ്ടുകിട്ടിയിട്ടുണ്ട്. ജര്‍മന്‍ ചിത്രകാരനായ ഗോഡ്ഫ്രീ നെല്ലറുടെ (1646-1723) ചിത്രകലാശൈലി സ്വായത്തമാക്കിയ സ്കോട്ട്ലന്‍ഡുകാരന്‍ ജോണ്‍ സ്മിബര്‍ട്ട് (1688-1751) വരച്ച ഛായാചിത്രങ്ങളും ഇക്കാലത്തെ സവിശേഷതകള്‍ പ്രകടിപ്പിച്ചു. 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജോണ്‍ കോപ്പലി (1737-1815), ബഞ്ചമിന്‍ വെസ്റ്റ് (1738-1820), ചാറല്‍സ് പീല്‍ (1741-1826), ജോണ്‍ ട്രംബുള്‍ (1756-1843) തുടങ്ങിയവര്‍ ബ്രിട്ടീഷ് ചിത്രകലയെപ്പോലും ഒരളവുവരെ സ്വാധീനിച്ചു എന്നു പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍