This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നടപ്പുവരുമാനവും നടപ്പുചെലവും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നടപ്പുവരുമാനവും നടപ്പുചെലവും
ഒരുവ്യക്തി, സംഘം, സ്ഥാപനം, കമ്പനി, സ്റ്റേറ്റ് എന്നിവയുടെ കാര്യത്തില്‍ ഒരു നിശ്ചിത കാലയളവില്‍ (ദിവസം, ആഴ്ച, മാസം, വര്‍ഷം) വന്നുചേരുന്ന വരുമാനവും ചെലവും. 'നടപ്പ്' എന്ന പദം കാലയളവിനെ സൂചിപ്പിക്കുന്നു.
നടപ്പുവരുമാനം പല സ്റ്റോക്കുകളില്‍ നിന്നാകും ഉദ്ഭവിച്ച് ഒഴുകിയെത്തുക. ഇവയില്‍ ചിലതിന്റെമേല് നിയന്ത്രണങ്ങളും മറ്റു ചിലതിന്റെമേല് അതില്ലാത്ത അവസ്ഥയും ഉണ്ടാകാം. അതുപോലെ നടപ്പുവരുമാനത്തിലെ ചില ഇനങ്ങളില്‍ നിശ്ചിതത്വവും ചിലതില്‍ അനിശ്ചിതത്വവും ഉണ്ടാകാം. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ നടപ്പു ബജറ്റ് തയ്യാറാക്കിയാല്‍ അത് അസന്തുലിതാവസ്ഥയില്‍ ചെന്നെത്തും. അതിന്റെ ഫലമായി നടപ്പു മിച്ചമോ നടപ്പു കമ്മിയോ ഉണ്ടാകും. മിച്ചമാണെങ്കില്‍ അത് നിക്ഷേപം മുതലായ ഏതു രീതിയില്‍ ഉപയോഗിക്കണമെന്ന് തീരുമാനമെടുക്കേണ്ടിവരും. കമ്മിയാണെങ്കില്‍ അതു നികത്താന്‍ വായ്പ എടുക്കേണ്ടിയും വരും. ഇതിന്റെ വെളിച്ചത്തില്‍ യുക്തിസഹമായ ബജറ്റ്മാനേജ്മെന്റിന്റെ പ്രാധാന്യം എത്രയുണ്ടെന്ന് കാണാം.
നടപ്പുവരുമാനം, നടപ്പുചെലവ് എന്നീ ആശയങ്ങള്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് സ്റ്റേറ്റിന്റെ ബജറ്റ് ചര്‍ച്ചകളിലാണ്. ബജറ്റ് കണക്കുകളില്‍ അവയുടെ ഘടനയും തോതും വ്യക്തമായി കൊടുക്കുന്നു. ബജറ്റില്‍ റവന്യൂകണക്കും മൂലധനകണക്കും ഉണ്ട്. നടപ്പുവരുമാനത്തില് അതുകൊണ്ടുതന്നെ റവന്യൂവരുമാനവും മൂലധനവരുമാനവും ഉണ്ട്. ഇന്ത്യയെപ്പോലുള്ള ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങള്‍ വിഭജിച്ചു പറയുന്നതിന്റെ കൂടെത്തന്നെ നികുതികള്‍ ചുമത്താനും പിരിക്കാനും ഉള്ള അധികാരങ്ങളും ചിട്ടയായി പറഞ്ഞിട്ടുണ്ട്.
കേരള സംസ്ഥാന ബജറ്റ് ഉദാഹരണമായി എടുത്താല്‍ താഴെപ്പറയുന്നവയാണ് നടപ്പു റവന്യൂവരുമാന സ്രോതസ്സുകള്‍. (1) സ്റ്റേറ്റിന്റേതുമാത്രമായ നികുതി വരുമാനം (State's own tax revenue). (2) സ്റ്റേറ്റിന്റേതുമാത്രമായ നികുതിയിതര വരുമാനം (State's own non-tax revenue). (3) അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യന്‍ പ്രസിഡന്റ് നിയമിക്കുന്ന ധനകാര്യക്കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്രനികുതിവരുമാനത്തില്‍നിന്ന് ഓരോ വര്‍ഷവും സ്റ്റേറ്റിനു നല്കുന്ന വിഹിതം. (4) വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനായി കേന്ദ്രം സ്റ്റേറ്റിനു നല്കുന്ന ഗ്രാന്റുകള്‍. ഈ നാലിനങ്ങളിലുള്ള വരുമാനം 2003-04-ല്‍ യഥാക്രമം മൊത്ത ഉത്പാദനത്തിന്റെ (Gross state Domestic Products-GSDP) 8.98, 0.89, 2.20, 1.01 ശതമാനമായിരുന്നു. ധനകാര്യവകുപ്പിന്റെ മുന്‍കൂട്ടിയുള്ള പ്രവചനമനുസരിച്ച് 2009-10-ല്‍ കേരളത്തിന്റെ നടപ്പുറവന്യൂവരുമാനം 14,530 കോടി രൂപയാകും.
നടപ്പു നികുതി വരുമാനത്തില്‍ കാര്‍ഷികാദായ നികുതി, ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്റ്റ്രേഷന് ഫീസ്, വില്പന നികുതി, മൂല്യവര്‍ധിത നികുതി (VAT), സ്റ്റേറ്റ് എക്സൈസ്, വാഹന നികുതി, വിദ്യുച്ഛക്തി ഡ്യൂട്ടി എന്നിവയാണ് മുഖ്യം. നടപ്പു നികുതിയിതര വരുമാനത്തില്‍ വിവിധയിനത്തിലുള്ള ലൈസന്‍സ് ഫീസുകള്‍, പലിശ വരുമാനം, സ്റ്റേറ്റ് ഉടമയിലുള്ള സ്ഥാപനങ്ങളുടെ ലാഭവീതം, ലോട്ടറി വരുമാനം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാനപങ്ങളുടെ നടത്തിപ്പില്‍നിന്ന് ഉണ്ടാകുന്ന വരുമാനം എന്നിവയാണ് പ്രധാനം.
നടപ്പു റവന്യൂ വരുമാനത്തില്‍ ഏറിയ പങ്കും നികുതി-നികുതിയിതര സ്രോതസ്സുകളില്‍ നിന്നാണ്. നടപ്പു റവന്യൂവരുമാനം നടപ്പു റവന്യൂച്ചെലവുകളെക്കാള് കുറയുന്ന അവസരത്തില്‍ റവന്യൂക്കമ്മിയുണ്ടാകും. അതു നികത്താന്‍ മൂലധനക്കണക്കില്‍, ചെറുകിട സമ്പാദ്യ സമാഹരണത്തെയോ ഹ്രസ്വകാല വായ്പകളെയോ (റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയില്‍ നിന്ന്) ആശ്രയിക്കുന്നു.
ജനസംഖ്യാ വളര്‍ച്ച, ഭരണച്ചെലവ്, വികസനച്ചെലവ്, വികസനയിതരച്ചെലവുകള് എന്നിവയിലുണ്ടാകുന്ന അമിത വര്‍ധനവ് പലപ്പോഴും റവന്യൂച്ചെലവുകളിന്മേലുള്ള സ്റ്റേറ്റിന്റെ നിയന്ത്രണം അവതാളത്തിലാക്കും. മുന്‍ വായ്പകളുടെ പലിശ, ശമ്പളം, പെന്ഷന്, വിവിധയിനത്തിലുള്ള സബ്സിഡികള്‍ എന്നിവയാണ് സ്റ്റേറ്റിന്റെ നടപ്പു റവന്യൂച്ചെലവുകളില് മുഖ്യം. 2003-04-ല്‍ കേരളത്തിലെ ശമ്പളച്ചെലവ് നടപ്പു റവന്യൂവരുമാനത്തിന്റെ 42.9% ആയിരുന്നു. അത് നടപ്പു റവന്യൂച്ചെലവിന്റെ 32.7 ശതമാനവും ആകെച്ചെലവിന്റെ 25.6 ശതമാനവും ആയിരുന്നു. പെന്‍ഷന്റെ കാര്യത്തില്‍ ഇവ യഥാക്രമം 20.4, 15.5, 8.7 ശതമാനം വീതം ആയിരുന്നു. പലിശച്ചെലവ് യഥാക്രമം 12.9, 28.2, 21.5 ശതമാനവും. നടപ്പുവരുമാനത്തെ സാധാരണയായി വികസനച്ചെലവുകള്‍, വികസനയിതരച്ചെലവുകള് എന്ന് രണ്ടായി തരംതിരിക്കാറുണ്ട്. 2003-04-ല്‍ വികസനച്ചെലവുകള്‍ ആകെ നടപ്പു റവന്യൂവരുമാനത്തിന്റെ 57.88% ആയിരുന്നു. കേരളത്തില്‍ അതേവര്‍ഷം വിദ്യാഭ്യാസം, സ്പോര്‍ട്ട്സ്, സാംസ്കാരികം എന്നീ മേഖലകളിലെ ചെലവു നടപ്പ് ആകെച്ചെലവിന്റെ 16.85 ശതമാനമായിരുന്നു; പൊതുജനാരോഗ്യ മേഖലയിലെ ചെലവ് 4.25 ശതമാനവും.
(പ്രൊഫ. കെ. രാമചന്ദ്രന് നായര്‍)