This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധന്വന്തരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 3 ഏപ്രില്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ധന്വന്തരി

ആയുര്‍വേദാചാര്യനായ ഒരു ദേവന്‍. ധന്വന്തരിയുടെ ഉദ്ഭവത്തെക്കുറിച്ച് വാത്മീകിരാമായണത്തില്‍ ഇപ്രകാരം പറയുന്നു: ദേവന്മാരും അസുരന്മാരും അമൃതിനുവേണ്ടി പാലാഴി കടഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആയിരം വര്‍ഷങ്ങള്‍ക്കുശേഷം പാലാഴിയില്‍നിന്ന് ഒരു ദേവന്‍ ഉയര്‍ന്നുവന്നു. ഒരു കൈയില്‍ കമണ്ഡലവും മറുകൈയില്‍ ദണ്ഡുമായി ഉയര്‍ന്നുവന്ന ആ ദേവനാണ് ധന്വന്തരി.

ധന്വന്തരി പാലാഴിയില്‍നിന്നു ജനിച്ചതിനെ ഹരിവംശം 29-ാം അധ്യായത്തില്‍ വര്‍ണിക്കുന്നു: ഐശ്വര്യസമ്പൂര്‍ണനായ ധന്വന്തരി ജലപ്പരപ്പില്‍ ഉയര്‍ന്നുവന്ന് മഹാവിഷ്ണുവിന്റെ മുമ്പില്‍ തൊഴുകൈയോടെ നിന്നു. വിഷ്ണു ധന്വന്തരിക്ക് അബ്ജന്‍ എന്ന പേരു നല്കി. അബ്ജന്‍ വിഷ്ണുവിനോട് തനിക്ക് യജ്ഞഭാഗം നിശ്ചയിക്കുന്നതിന് അഭ്യര്‍ഥിച്ചു. മഹാവിഷ്ണു ഇപ്രകാരം പറഞ്ഞു. യജ്ഞഭാഗങ്ങളെല്ലാം ദേവന്മാര്‍ക്കു നിശ്ചയിച്ചുപോയി. നീ ദേവന്മാര്‍ക്കു പിന്നാലെ ജനിച്ചതിനാല്‍ ഈശ്വരനല്ല. നിനക്ക് ലോകത്തില്‍ ഒരു രണ്ടാം ജനനം ഉണ്ടാകും. അന്നു നീ സുപ്രസിദ്ധനായിത്തീരും. രണ്ടാം ജന്മത്തില്‍ നിനക്കു ഗര്‍ഭകാലം മുതല്ക്കേ അണിമ, ഗരിമ മുതലായ സിദ്ധികള്‍ ഉണ്ടായിരിക്കും. അതിനാല്‍ അന്നു നീ ശരീരത്തോടുകൂടിത്തന്നെ ദേവനായിത്തീരും. നീ അവിടെവച്ച് ആയുര്‍വേദത്തെ എട്ട് ഭാഗമാക്കി രചിക്കും. ദ്വാപരയുഗത്തിലാണ് നിന്റെ രണ്ടാം ജന്മം. ഇത്രയും പറഞ്ഞതിനുശേഷം വിഷ്ണു മറഞ്ഞു.

ധന്വന്തരിമൂര്‍ത്തി

ധന്വന്തരി വീണ്ടും ജനിച്ചതിനെക്കുറിച്ച് ഹരിവംശം 29-ാം അധ്യായത്തില്‍ വിവരിക്കുന്നു. രണ്ടാം ദ്വാപരയുഗത്തില്‍ കാശിരാജാവായിരുന്ന സുഹോത്രന് ശലന്‍, ഗൃത്സമദന്‍ എന്നീ രണ്ട് പുത്രന്മാര്‍ ജനിച്ചു. ഗൃത്സമദന്റെ പുത്രനാണ് ശുനകന്‍. ശലന്റെ പുത്രനായി ആര്‍ഷ്ടിഷേണന്‍ ജനിച്ചു. ആര്‍ഷ്ടിഷേണനില്‍നിന്നു കാശനുണ്ടായി. കാശനില്‍നിന്ന് ദീര്‍ഘതപസ്സ്(ധന്വന്‍)ജനിച്ചു. ധന്വന് വളരെ നാളത്തേക്ക് സന്താനങ്ങള്‍ ലഭിച്ചില്ല. അദ്ദേഹം വനത്തില്‍ പോയി അബ്ജദേവനെ ധ്യാനിച്ചുകൊണ്ട് തപസ്സിരുന്നു. അബ്ജദേവന്‍ (ധന്വന്തരി) പ്രസന്നനായി ദീര്‍ഘതപസ്സിന്റെ പുത്രനായി ജനിച്ചു. അവിടെവച്ച് ധന്വന്തരി ആയുര്‍വേദത്തെ എട്ടായി വിഭജിച്ച് ശിഷ്യന്മാരെ പഠിപ്പിച്ചു. ധന്വന്തരിയുടെ പുത്രനായി കേതുമാനും കേതുമാന്റെ പുത്രനായി ഭീമരഥനും ഭീമരഥന്റെ പുത്രനായി ദിവോദാസനും ജനിച്ചു.

തക്ഷകനെന്ന ഉഗ്രനായ സര്‍പ്പം പരീക്ഷിത്തു രാജാവിനെ ദംശിക്കുന്നതിനു പോയപ്പോള്‍ പരീക്ഷിത്തിനെ രക്ഷിക്കുന്നതിനുവേണ്ടി ഒരു വിഷഹാരി പോവുകയും അയാള്‍ തക്ഷകന്റെ വാദമുഖങ്ങളില്‍ സന്തുഷ്ടനായി തിരികെപ്പോവുകയും ചെയ്തതായ കഥ പുരാണങ്ങളില്‍ കാണുന്നുണ്ട്. ഈ വിഷഹാരി കശ്യപനാണെന്നും ധന്വന്തരിയാണെന്നും ഭിന്നമായ പ്രസ്താവനകള്‍ പുരാണങ്ങളില്‍ കാണുന്നു.

വൈദ്യവിദ്യാസമ്പന്നനായ ധന്വന്തരിയെയും സര്‍പ്പദേവതയായ മനസാദേവിയെയും സംബന്ധിച്ച ഒരു കഥ ബ്രഹ്മവൈവര്‍ത്തപുരാണം കൃഷ്ണജന്മഖണ്ഡത്തില്‍ കാണുന്നു: ഒരിക്കല്‍ ധന്വന്തരി തന്റെ ശിഷ്യന്മാരുമൊത്ത് കൈലാസത്തിലേക്കു പോവുകയായിരുന്നു. മാര്‍ഗമധ്യേ തക്ഷകന്‍ അവരെ ആക്രമിക്കുന്നതിനു തുനിഞ്ഞു. ഉടനെ ശിഷ്യന്മാരിലൊരാള്‍ തക്ഷകന്റെ ശിരസ്സിലിരുന്ന രത്നം എടുത്ത് ഭൂമിയിലേക്കെറിഞ്ഞു. ഈ വിവരമറിഞ്ഞ് സര്‍പ്പരാജാവായ വാസുകി അനേകായിരം ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ ദ്രോണന്‍, പുണ്ഡരീകന്‍, ധനഞ്ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ധന്വന്തരിയുടെ അടുത്തേക്കയച്ചു. നാഗങ്ങളുടെ ശ്വാസോച്ഛ്വാസത്താല്‍ വിഷപൂര്‍ണമായ വായു ശ്വസിച്ച് ധന്വന്തരിയുടെ ശിഷ്യന്മാരെല്ലാം മൂര്‍ച്ഛിതരായി നിലംപതിച്ചു. ഉടനെ ധന്വന്തരി വനസ്പതിജന്യമായ ഔഷധംകൊണ്ട് അവരെ സചേതനരാക്കിയതോടൊപ്പം നാഗങ്ങളെ അചേതനരാക്കുകയും ചെയ്തു. വിവരമറിഞ്ഞ വാസുകി ഉടനെതന്നെ ശിവന്റെ ശിഷ്യയായ മനസാദേവിയെ സമീപിച്ച് ധന്വന്തരിയെ നേരിടുവാനായി അയച്ചു. മനസാദേവിയും ഗഡുരനും ശിവഭക്തരായിരുന്നു. ധന്വന്തരി ഗഡുരന്റെ ഒരു അനുയായിയുമാണ്. മനസാദേവി ആദ്യം ധന്വന്തരിശിഷ്യന്മാരില്‍ വിഷവ്യാപനം നടത്തി അവരെ മൂര്‍ച്ഛിതരാക്കിയെങ്കിലും ധന്വന്തരി തന്റെ വിഷവിദ്യാപാടവംകൊണ്ട് ഞൊടിയിടയില്‍ അവരെ ബോധവാന്മാരാക്കി. വിഷപ്രയോഗംകൊണ്ട് ധന്വന്തരിയെയോ ശിഷ്യന്മാരെയോ പരാജയപ്പെടുത്തുക സാധ്യമല്ലെന്നു കണ്ടപ്പോള്‍ മനസാദേവി ശിവദത്തമായ ത്രിശൂലം ധന്വന്തരിയുടെ നേര്‍ക്കു പ്രയോഗിക്കുവാന്‍ ഒരുങ്ങി. ഉടനെ ശിവനും ബ്രഹ്മാവും പ്രത്യക്ഷപ്പെട്ട് രംഗം ശാന്തമാക്കി എല്ലാവരെയും അനുഗ്രഹിച്ച് അവരവരുടെ സ്ഥാനത്തേക്ക് അയച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍