This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബൂ സിംബല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:11, 25 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അബൂ സിംബല്‍

Abu Simbel


ഈജിപ്തിലെ അസ്വാന്‍ പ്രവിശ്യയില്‍ (പ്രാചീനകാലത്തെ നൂബിയ) കൊറോസ്കോയ്ക്ക് 90 കി.മീ. തെ. നൈല്‍നദിയുടെ പടിഞ്ഞാറെക്കരയില്‍ ബി.സി. 1250 അടുപ്പിച്ച് റാംസസ് II-ാമന്‍ (ബി.സി. 1292-1225) പണികഴിപ്പിച്ച മൂന്ന് ദേവാലയങ്ങള്‍. 'ഇപ്സാംബുല്‍' എന്നും ഇവയ്ക്ക് പേരുണ്ട്. നദിയുടെ വക്കില്‍ നിന്ന് കുത്തനെ ഉയര്‍ന്നുനില്ക്കുന്ന കൂറ്റന്‍ പാറക്കെട്ട് കൊത്തിത്തുരന്നാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.


ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകള്‍ ഈജിപ്തുകാരുടെ സൌരമൂര്‍ത്തികളായ തീബ്സിലെ ആമണ്‍റേയുടേതും ഹെലിയോപ്പൊളിസിലെ റേ-ഹൊരാഹ്തേയുടേതുമാണ്. റേ-ഹോരാഹ്തേയുടെയും മെംഫിസിലെതയുടെയും വിഗ്രഹങ്ങള്‍ക്ക് നടുവില്‍ ഇവയുടെയെല്ലാം നിര്‍മാതാവായ റാംസസ് II-ാമന്റെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. രാജത്വത്തോടുകൂടി ഐശ്വര്യഭാവവും അവകാശപ്പെട്ടിരുന്ന റാംസസിന്റെയും ആമണ്‍-റേയുടെയും വിഗ്രഹങ്ങളില്‍, രണ്ടു വിശാലമണ്ഡലങ്ങള്‍ കടന്നുവരുന്ന ഉദയസൂര്യന്റെ ആദ്യകിരണങ്ങള്‍ പതിയത്തക്കവണ്ണം പൂര്‍വാഭിമുഖമായാണ് ഈ ക്ഷേത്രങ്ങള്‍ പണിയപ്പെട്ടിട്ടുള്ളത്. വിശാലമായ ശാലകളായി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ദേവാലയത്തിന്റെ അന്തര്‍ഭാഗം പാറക്കെട്ടുകളുടെ ഉള്ളിലേക്ക് 56.39 മീ. തുരന്നാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. നിസ്തുലമായ കലാസുഭഗതനിറഞ്ഞ അവയ്ക്കുള്ളിലെ ശില്പാലങ്കാരങ്ങള്‍ 20-ാം ശ.-ത്തിന്റെ മധ്യം കഴിഞ്ഞിട്ടും അന്യൂനമായിത്തന്നെ നിലകൊള്ളുന്നു. മതപരവും രാഷ്ട്രീയവുമായി പ്രാധാന്യമുള്ള രൂപശില്പങ്ങളാണിവ. രാജാവെന്നനിലയില്‍ റാംസസ് ദൈവമായ തനിക്കുതന്നെ നിവേദ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ് അവയിലൊന്ന്. മറ്റു ചിലതില്‍ അദ്ദേഹം സിറിയയിലും ലിബിയയിലും നൂബിയയിലും മറ്റും നേടിയ യുദ്ധവിജയങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.


നദിയില്‍നിന്നു കെട്ടിപ്പടുത്തിട്ടുള്ള കല്‍പ്പടവുകള്‍ കയറിത്തീരുമ്പോള്‍ കാണപ്പെടുന്ന റാംസസിന്റെ പ്രധാനപ്രതിമയുടെ ഉയരം 19.18 മീ. ആണ്. പിന്നീട് പ്സാമ്മെറ്റിക്കസ് കക-ാമന്റെ ഭരണകാലത്ത് (ബി.സി. 594-89) കൂട്ടിചേര്‍ക്കപ്പെട്ട ചില ലിഖിതങ്ങള്‍ ഇതിന്റെയും മറ്റ് വിഗ്രഹങ്ങളുടെയും പീഠങ്ങളില്‍ കാണാനുണ്ട്. കാരിയന്‍, ഫിനീഷ്യന്‍, ഗ്രീക് എന്നീ ലിപികളിലാണ് ഈ ലിഖിതങ്ങള്‍. ഈ ഭാഷകളില്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ലിഖിതങ്ങളാണിവയെന്നതിനു പുറമേ, ഇവയിലെ ലിപിവ്യവസ്ഥകളുടെ ആദ്യകാലവികാസചരിത്രമറിയാനും ഇത് സഹായിക്കുന്നു. രാഷ്ട്രീയ-സൈനിക ചരിത്രഗതികളെ സംബന്ധിക്കുന്ന പല അമൂല്യവിവരങ്ങളും ഇവയില്‍നിന്നും ലഭ്യമാണ്. ഈ ക്ഷേത്രങ്ങളില്‍ ഒന്നില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സേനാനികളുടെ പേരുകളില്‍നിന്ന് അന്നത്തെ ഈജിപ്തിലെ സൈന്യവ്യൂഹങ്ങളില്‍ ഗ്രീക്കുകാരും ഉള്‍പ്പെട്ടിരുന്നതായി മനസ്സിലാക്കാം.


ഇതോടു ചേര്‍ന്നുള്ള മറ്റു രണ്ടു ക്ഷേത്രങ്ങളും ചെറുതാണ്. പ്രധാന ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇവയില്‍ ഒന്ന് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ ഈജിപ്ഷ്യന്‍ പുരാണങ്ങളിലെ കാമധേനുവായ ഹാഥൊറിനെയും തന്റെ രാജ്ഞിയായ നെഫര്‍റെറ്റിയെയും ആണ് റാംസസ് പ്രതിഷ്ഠിച്ചിട്ടുള്ളത്. പട്ടമഹിഷിയുടെയും സന്താനങ്ങളുടെയും കൂടെ നില്ക്കുന്ന റാംസസ് ഹാഥൊറിനെ ആരാധിക്കുന്ന ചിത്രീകരണവും ഇവിടെ കാണാം. ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ ചൈത്യത്തെ പ്രധാന ദേവാലയത്തില്‍നിന്ന് വേര്‍തിരിച്ചിരിക്കുന്നത് ചെറിയ ഒരു നീരൊഴുക്കുചാല്‍ ആണ്.


പ്രധാന ക്ഷേത്രത്തിന്റെ തൊട്ടു തെ.വശത്താണ് മൂന്നാമത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാറ തുരന്നെടുത്ത ഒരൊറ്റ കക്ഷ്യയേ ഇതില്‍ കാണാനുള്ളൂ. ചെറിയ ഒരു ഘോഷയാത്രാദൃശ്യമാണ് ഇതിന്റെ മതിലുകളില്‍ ചിത്രണം ചെയ്തിരിക്കുന്നത്.


അസ്വാന്‍ അണക്കെട്ടിന്റെ നിര്‍മാണം ആലോചനയിലിരിക്കുന്ന കാലത്തുതന്നെ അബൂ സിംബല്‍ മുഴുവന്‍ ബൃഹത്തായ ജലസംഭരണിയില്‍ ഉള്‍പ്പെട്ടു മുങ്ങിപ്പോകുമെന്ന് അതിന്റെ ആസൂത്രകന്മാര്‍ക്ക് അറിയാമായിരുന്നു. പുരാവസ്തുശാസ്ത്രപ്രാധാന്യമേറിയ ഇതിലെ അമൂല്യശില്പങ്ങള്‍ ഇപ്രകാരം നഷ്ടമായിപ്പോകാതിരിക്കാന്‍വേണ്ടി ഐക്യഅറബിറിപ്പബ്ളിക് 'യുനെസ്കോ'യുടെ സഹായം അഭ്യര്‍ഥിച്ചു. 1955-ല്‍ പല രാജ്യങ്ങളില്‍നിന്നുമുള്ള പുരാവസ്തുശാസ്ത്രവിദഗ്ധന്മാരുടെ ഒരു സംഘം ഈ ക്ഷേത്രങ്ങളിലെ ശില്പങ്ങളും ചിത്രീകരണങ്ങളും ലിഖിതങ്ങളും പകര്‍ത്തി രേഖപ്പെടുത്താന്‍ തുടങ്ങി. ഈ പദ്ധതിക്ക് യു.എസ്. 16 ദശലക്ഷം ഡോളറാണ് സംഭാവന ചെയ്തത്. 1966 ആയപ്പോഴേക്കും ഇവിടത്തെ ബൃഹത്പ്രതിമകള്‍ പലതും ഖണ്ഡംഖണ്ഡമായി വാര്‍ന്നുമുറിച്ച് പഴയ നദീതടത്തില്‍ നിന്ന് 60.96 മീ. മുകളിലുള്ള ഒരു പാറക്കെട്ടില്‍ കൊണ്ടുവന്ന് കൂട്ടിയിണക്കി പുനഃപ്രതിഷ്ഠ നടത്തി. യുനെസ്കോയുടെ കീഴില്‍ നടന്ന ഈ പ്രവര്‍ത്തനത്തില്‍ അമ്പത് രാഷ്ട്രങ്ങള്‍ സഹകരിച്ചു.


1812-ല്‍ യൊഹാന്‍ ലുഡ്വിഗ് ബര്‍ക്ഹാര്‍ട് (Johan L.Burckhardt) എന്ന ജര്‍മന്‍ പുരാവസ്തുശാസ്ത്രജ്ഞനാണ് ഈ ക്ഷേത്രസങ്കേതങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഈ ദൃശ്യങ്ങള്‍ പൊതുജനപ്രാപ്യമാക്കിത്തീര്‍ത്തത് ജി.ബി. ബല്‍സോണിയ ആണ്. നോ: അസ്വാന്‍; നൂബിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍