This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദസറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:27, 21 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദസറ

ഭാരതത്തില്‍ ഏറെ പ്രചാരമുള്ള ഒരു ഉത്സവം. അശ്വനി മാസത്തില്‍ (കന്നി-തുലാം/സെപ്തംബര്‍-ഒക്ടോബര്‍) ശുക്ലപ്രതിപദം മുതല്‍ മഹാനവമി വരെയുള്ള ഒമ്പത് ദിവസങ്ങളും വിജയദശമി ദിവസവും ചേര്‍ത്ത് ആഘോഷിക്കുന്ന പത്തുദിവസത്തെ ഉത്സവമാണിത്. 'ദശരാത്രി'കളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദശ(സ)രാ എന്ന പേരുവന്നത്. അനുഷ്ഠാനങ്ങളിലും ആഘോഷരീതികളിലും വൈജാത്യങ്ങളുണ്ടെങ്കിലും ദസറ ഭാരതത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആഘോഷിക്കപ്പെടുന്നു. ഈ ദേശീയോത്സവത്തിലൂടെ ദുര്‍ഗാദേവി, സരസ്വതി, ശ്രീരാമന്‍ തുടങ്ങിയ ദേവതകളെയാണ് പ്രധാനമായും ആരാധിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും സരസ്വതീപൂജയാണ് പ്രധാനം. മറ്റിടങ്ങളില്‍ മഹിഷാസുരമര്‍ദിനിയായ ദുര്‍ഗയെയും രാവണാന്തകനായ ശ്രീരാമനെയുമാണ് ആരാധിക്കുന്നത്. തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെയും വിദ്യയുടെയും മഹോത്സവമായി അങ്ങനെ ഇതുമാറുന്നു. കാളി, ചാമുണ്ഡി എന്നീ ദേവതകളെ ഈ നാളുകളില്‍ ആരാധിക്കുന്ന ഇടങ്ങളുമുണ്ട്. അവിടെ ദസറ വീരത്വത്തിന്റെ ഉത്സവമാണ്.

ദസറ ആഘോഷത്തോ- ടനുബന്ധിച്ച് ഉയര്‍ത്തിയിരിക്കുന്ന രാവണന്‍,കുംഭകര്‍ണ്ണന്‍,മേഘനാദന്‍ എന്നിവരുടെ കോലങ്ങള്‍(ഡല്‍ഹി)
ബൊമ്മക്കൊലു
മൈസൂറിലെ ദസറ

ദസറ ഉത്സവത്തിന്റെ പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്: ദുഷ്ടാത്മാവായ മഹിഷാസുരന്‍ ദേവന്മാരെയും അവരുടെ രാജാവായ ഇന്ദ്രനെയും തോല്പിച്ച് ദേവലോകത്തുനിന്നു തുരത്തി. തന്റെ മുന്നില്‍ അഭയം തേടിയ ഇന്ദ്രനെ ബ്രഹ്മാവ് മഹാവിഷ്ണുവിന്റെയും പരമശിവന്റെയും മുന്നിലെത്തിച്ചു. ദേവന്മാരുടെ കദനകഥകള്‍ കേട്ട് രോഷംപൂണ്ട വിഷ്ണുവും ശിവനും മഹിഷാസുരനെ വധിക്കാനായി ദുര്‍ഗാദേവിയെ അയയ്ക്കാന്‍ തീരുമാനിച്ചു. പ്രബലനായ ശത്രുവിനെ നേരിടാനായി ശിവനും വിഷ്ണുവും അഗ്നിദേവനും സൂര്യദേവനും വായുദേവനും വരുണദേവനും കാലനും കുബേരനും ഇന്ദ്രനും വിശ്വകര്‍മാവും ദേവിക്ക് ഓരോ ആയുധങ്ങള്‍ നല്കി. ഹിമവാന്‍ നല്കിയ സിംഹത്തിന്റെ പുറത്താണ് ദുര്‍ഗാദേവി സഞ്ചരിക്കുന്നത്. അതിസുന്ദരിയായ ദുര്‍ഗയ്ക്ക് ദേവന്മാര്‍ അനേകം ആഭരണങ്ങള്‍ നല്കി. അപ്രതിരോധ്യമായ ആയുധങ്ങളോടെ ദുര്‍ഗാദേവി മഹിഷാസുരനെ കീഴടക്കി.

ഹിന്ദുമത സംബന്ധമായ ഉത്സവങ്ങളില്‍ ദുര്‍ഗാപൂജ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. നവരാത്രികാലത്ത് ഭക്തജനങ്ങള്‍ ദുര്‍ഗാ സപ്തസതി ചൊല്ലാറുണ്ട്. ഈ ദിവസങ്ങളില്‍ ഭക്തന്മാര്‍ ദുര്‍ഗാക്ഷേത്രങ്ങളിലെത്തുകയും ദുര്‍ഗാസ്തുതികള്‍ ശ്രവിക്കുകയും ദേവീദര്‍ശനം നടത്തുകയും ചെയ്യും. ദുര്‍ഗാദേവിയുടെ മുന്നില്‍ താളമേളങ്ങളോടെ നൃത്തങ്ങളും മറ്റും അവതരിപ്പിക്കുന്നു.

നവരാത്രികാലത്ത് ദുര്‍ഗാദേവിയെ ഒന്‍പതു നാമങ്ങളില്‍ വാഴ്ത്തുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഗന്ധ, കൂശ്മാണ്ട, സ്കന്ദമാതാ, കാത്യാനി, കാളരാത്രി, മഹാഗൗരി, സിദ്ധാത്രി എന്നിവയാണ് ഈ നാമങ്ങള്‍.

കര്‍ണാടകയ്ക്കു സമീപം ചാമുണ്ഡി മലയില്‍ സ്ഥിതിചെയ്യുന്ന ദുര്‍ഗാക്ഷേത്രത്തില്‍ അനശ്വര മാതാവായ ദുര്‍ഗയെയും കീഴടങ്ങുന്ന മഹിഷാസുരനെയും കാണാം. ലൗകികതയെ കീഴടക്കുന്ന ആത്മീയതയുടെ പ്രതീകമായി ഇതു നിലകൊള്ളുന്നു. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും ദസറ ആഘോഷം നടന്നുവരുന്നു. പഞ്ചാബില്‍ നവരാത്രികാലത്ത് ഭക്തജനങ്ങള്‍ ഉപവാസം അനുഷ്ഠിക്കാറുണ്ട്. ഗുജറാത്തില്‍ നവരാത്രികാലത്തെ ഓരോ രാത്രിയിലും സ്ത്രീകള്‍ ഗര്‍ബനൃത്തം അവതരിപ്പിക്കുന്നു. മണ്‍വിളക്കിനു ചുറ്റുംനിന്നാണ് അവര്‍ ആനന്ദനൃത്തമാടുന്നത്.

തമിഴ്നാട്ടില്‍ നവരാത്രിയുടെ ആദ്യത്തെ മൂന്നുരാവുകളില്‍ ലക്ഷ്മീദേവി പൂജയാണ് നടക്കുന്നത്. അടുത്ത മൂന്നുരാവുകളില്‍ ദുര്‍ഗാപൂജയും തുടര്‍ന്നുള്ള മൂന്നുരാവുകളില്‍ സരസ്വതീപൂജയും നടക്കുന്നു. ഓരോ വീട്ടിലും കോലം പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. അലങ്കരിച്ച തട്ടില്‍ ദേവന്മാരുടെയും ദേവിമാരുടെയും മണ്‍പ്രതിമകളും പാവകളും നിരത്തിവയ്ക്കുന്നു (ബൊമ്മക്കൊലു). വെള്ളിയിലോ കളിമണ്ണിലോ ഒരു കലശം ദുര്‍ഗാദേവിയുടെ പ്രതീകമായി പ്രതിഷ്ഠിക്കുന്നു. അതിനുമുന്നിലാണ് പാട്ടും നൃത്തവും അരങ്ങേറുന്നത്. ഈ സന്ദര്‍ഭത്തില്‍ പരസ്പരം സമ്മാനങ്ങളും കൈമാറുന്നു.

ഉത്തര്‍പ്രദേശില്‍ വര്‍ണപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ജനങ്ങള്‍ ദസറ ആഘോഷിക്കുന്നത്. ബംഗാളില്‍ ദുര്‍ഗാപൂജയ്ക്ക് പ്രാധാന്യമേറെയാണ്. ഹിന്ദുക്കളും അഹിന്ദുക്കളും കാളിയുടെ രൂപത്തില്‍ ദുര്‍ഗാരാധന നടത്താറുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കൊല്‍ക്കത്തയിലെ യൂറോപ്യന്‍വംശജര്‍പോലും ദുര്‍ഗാദേവിക്ക് ഉപഹാരങ്ങള്‍ അര്‍പ്പിച്ചിരുന്നു.

ദസറയുടെ മുഖ്യ സവിശേഷത വാല്മീകിരാമായണ കഥയെ ആധാരമാക്കിയുള്ള രാമലീലയാണ്. വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി അയോധ്യയില്‍ ജനിച്ച ശ്രീരാമന്‍ പിതാവിന്റെ പ്രതിജ്ഞ പാലിക്കാനായി പതിനാലുവര്‍ഷത്തെ വനവാസത്തിനു പോവുകയും അവിടെവച്ച് ലങ്കാധിപനായ രാവണന്‍ സീതയെ അപഹരിക്കുകയും ചെയ്യുന്നു. ഹനുമാന്റെ സഹായത്തോടെ ശ്രീരാമന്‍ സീതയെ കണ്ടെത്തുകയും രാവണനെ വധിച്ച് സീതയുമായി അയോധ്യയിലെത്തുകയും ചെയ്തു. ദസറക്കാലത്ത് രാമലീല അരങ്ങേറുമ്പോള്‍ രാമായണകഥ ഉറക്കെ പാരായണം ചെയ്യുന്നു. പത്താമത്തെ ദിവസം രാമന്‍ രാവണനെ വധിക്കുന്ന ചടങ്ങോടെ രാമായണ നാടകങ്ങള്‍ അവസാനിക്കുന്നു.

ദസറ ആഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ രാമലീല മൈതാനത്തിലേക്ക് വമ്പിച്ച ഘോഷയാത്രയാണ് നടക്കുന്നത്. മൈതാനത്തില്‍ രാവണന്റെയും സഹോദരനായ കുംഭകര്‍ണന്റെയും മകന്‍ മേഘനാഥന്റെയും കോലങ്ങള്‍ കത്തിക്കുകയും 'ശ്രീ രാമചന്ദ്ര കീ ജയ്' എന്ന് ഭക്തജനങ്ങള്‍ ആര്‍ത്തുവിളിക്കുകയും ചെയ്യുന്നു. ഡല്‍ഹിയിലെ പല നാടകക്കമ്പനിക്കാരും രാമായണം നാടകം അവതരിപ്പിക്കാറുണ്ട്. കുളുവില്‍ എല്ലാവിധ ദൈവങ്ങളെയും എഴുന്നള്ളിച്ച് ദസറ ആഘോഷിക്കുന്നു. ആയിരക്കണക്കിനു ജനങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാറുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ രാമായണകഥയെ ആധാരമാക്കി പല നാടകങ്ങളും അരങ്ങേറുന്നു. അവസാനദിവസം രാമന്റെ വേഷമണിയുന്ന കഥാപാത്രം അമ്പ് എയ്ത് രാവണന്റെ കോലം കത്തിക്കുന്നു. ദസറയുടെ വര്‍ണപ്പകിട്ട് ഏറ്റവുമധികം നിറയുന്ന ഒരിടം മൈസൂറാണ്. അനേകദിവസം നീണ്ടുനില്ക്കുന്ന ദസറ ആഘോഷങ്ങള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ത്തന്നെ നടക്കുന്നു. കര്‍ണാടക ടൂറിസത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മൈസൂറിലെ ദസറ ഉത്സവം. കര്‍ണാടകത്തിലെ 'ഓണം' എന്നു വിശേഷിപ്പിക്കാവുന്ന ഉത്സവമാണ് ദസറ. വര്‍ണപ്പകിട്ടേറിയ ഘോഷയാത്ര ഇതോടനുബന്ധിച്ചുണ്ട്. മൈസൂര്‍ രാജകുടുംബത്തിന്റെ തലവന്‍ അലങ്കരിച്ച ആനപ്പുറത്ത് എഴുന്നള്ളിയാണ് ദസറ ആഘോഷിക്കുന്നത്. കൊട്ടാരവും പരിസരവുമെല്ലാം ദീപാലങ്കൃതമായിരിക്കും. ബംഗാളിന്റെ ദേശീയോത്സവവും ദസറയാണ്. ഇവിടെ ദുര്‍ഗാപൂജയ്ക്കാണ് പ്രാധാന്യം. ചെറുതും വലുതുമായ ദുര്‍ഗാ വിഗ്രഹങ്ങള്‍ ഉണ്ടാക്കി പൂജിച്ചശേഷം ദശമിനാളില്‍ നദിയില്‍ നിമജ്ജനം ചെയ്യുന്ന ചടങ്ങ് ദസറയുടെ പ്രധാന ഭാഗമാണ്.

രാവണനെ വധിക്കാനായി ശ്രീരാമന്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം തേടിയിരുന്നുവെന്നും നവരാത്രിയുടെ അന്ത്യദിനത്തില്‍ മഹാ അഷ്ടമി പൂജ നടത്തിയിരുന്നുവെന്നും കരുതപ്പെടുന്നു. ദസറയുടെ അന്തിമദിനമായ വിജയദശമി നാളിലാണ് ശ്രീരാമപൂജ അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്. ആയുധോപകരണങ്ങള്‍ പൂജയ്ക്കുവയ്ക്കുന്ന സമ്പ്രദായവും നിലവിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%B8%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍