This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദസരി നാരായണ റാവു (1947 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:20, 21 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദസരി നാരായണ റാവു (1947 - )

തെലുഗു, ഹിന്ദി ചലച്ചിത്രങ്ങളുടെ സംവിധായകന്‍, ചലച്ചിത്ര-നാടക രചയിതാവ്, നടന്‍. ആന്ധ്രപ്രദേശിലെ പാലക്കൊല്ല എന്ന ഗ്രാമത്തില്‍ 1947-ല്‍ ജനിച്ചു. തെലുഗു നാടകവേദിയിലൂടെ വളര്‍ന്നു സിനിമയിലെത്തിയ സംവിധായകനാണ് ഇദ്ദേഹം. നാട്ടിലെ നാടകരംഗത്തുനിന്നാണ് അഭിനയത്തിന്റെ തുടക്കം. ആന്ധ്ര യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ശേഷം മദിരാശിയിലെ ചലച്ചിത്ര വ്യവസായ രംഗത്തേക്കു കടന്നു.
ദസരി നാരായണ റാവു
1960-കളില്‍ അക്കാലത്തെ പ്രശസ്ത ചലച്ചിത്ര രചയിതാക്കളായ പാലഗുമ്മി പത്മരാജു, ഭവനാരായണ തുടങ്ങിയവരുടെ സഹായിയായി സിനിമാ രംഗത്തെത്തി. സിനിമയെന്ന മാധ്യമത്തിന്റെ വിവിധ വശങ്ങളെ ഒരു വിദ്യാര്‍ഥിയുടെ ഊര്‍ജസ്വലതയോടെ മനസ്സിലാക്കാനും തിരക്കഥയിലും സംവിധാനത്തിലും പ്രാവീണ്യം നേടാനും സഹസംവിധായകനായി കഴിഞ്ഞിരുന്ന നാളുകളില്‍ ഇദ്ദേഹത്തിനു സാധിച്ചു. ആദ്യം തിരക്കഥാകാരനായാണ് പ്രശസ്തനായത്. 1972-ല്‍ ടാറ്റമനുവുഡു എന്ന പ്രഥമ തെലുഗു ചിത്രം സംവിധാനം ചെയ്തു. 1980-കളില്‍ ഏറ്റവും തിരക്കുള്ള തിരക്കഥാ രചയിതാവായി മാറിയെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് അധികം സമയം ചെലവഴിക്കാനായില്ല. വാണിജ്യ സിനിമയുടെ തന്ത്രങ്ങളില്‍ പ്പെട്ട ഇദ്ദേഹം ചലച്ചിത്രകാരന്മാരുടെ അഭിരുചിക്കനുസരിച്ച് തിരക്കഥയും സംവിധാനവും നിര്‍വഹിക്കാന്‍ നിര്‍ബന്ധിതനായി. ശാസ്ത്രീയ സംഗീതത്തിനും സംഭവബഹുലവും സ്തോഭജനകവുമായ സങ്കേതങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്കിക്കൊണ്ട് ഏറെ ചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നടത്തി. ദേവദാസ്, മല്ലി പുറ്റഡ, പ്രേമാഭിഷേകം എന്നീ ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. ടാറ്റമനുവുഡു, ചിലക്കമ്മ ചെപ്പണ്ടി, മേഘസന്ദേശം എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

1972 മുതല്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 125-ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അതിനോടൊപ്പം രചനയും അഭിനയവും കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. 1981-ലെ അഡല്ല മേഡ എന്ന തെലുഗു ചിത്രം ഇദ്ദേഹത്തിന്റെ ആത്മകഥാംശം നിറഞ്ഞതായിരുന്നു. ചെഡില്ലു ചിന്നലു എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം സംവിധാനം ചെയ്തതിലൂടെ അന്നത്തെ ഭരണത്തെ നിശിതമായി വിമര്‍ശിക്കാന്‍ ഇദ്ദേഹം തെല്ലും മടി കാണിച്ചില്ല. ആന്ധ്രപ്രദേശിലെ പ്രമുഖ പത്രമായ ഉദയം എന്ന തെലുഗു ദിനപത്രത്തിന്റെ ആദ്യകാല ഉടമസ്ഥനുമായിരുന്നു. 1988-ല്‍ അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ടി. രാമറാവുവിനെ കര്‍ക്കശമായി വിമര്‍ശിക്കുന്ന പ്രജാപ്രതിനിധി എന്ന ചിത്രം സംവിധാനം ചെയ്തു. തന്റേതു മാത്രമായ ഒരു അവതരണശൈലി കരസ്ഥമാക്കിയ ദസരി നാരായണ റാവു ആന്ധ്രപ്രദേശിലെ കലാ സംസ്കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

(വക്കം എം.ഡി. മോഹന്‍ദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍