This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ബാസിയ ഖലീഫമാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:43, 25 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.48 (സംവാദം)

അബ്ബാസിയ ഖലീഫമാര്‍

അബ്ബാസിയ വംശപരമ്പരയില്‍ പെട്ട ഖലീഫമാര്‍. മുഹമ്മദുനബിയുടെ പിതൃവ്യനായ അബ്ബാസ് ഇബ്നു അബ്ദുല്‍ മുത്തലിബ് ആണ് ഈ വംശപരമ്പരയുടെ സ്ഥാപകന്‍. നബിയുടെ കുടുംബവുമായുള്ള ബന്ധം അബ്ബാസിയാകള്‍ക്ക് മുസ്ലിം സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടിക്കൊടുത്തു.

അബ്ബാസിയാകളുടെ ഖിലാഫത്ത് ആരംഭിക്കുന്നതിനു മുന്‍പ് അവിടെ നിലവിലുണ്ടായിരുന്നത് ഉമയ്യാദ്ഖിലാഫത്ത് ആയിരുന്നു. അബ്ബാസിയാമാരില്‍ പ്രമുഖരായ പലരും, അലിയുടെ പിന്‍ഗാമികളായ ഷിയാക്കളും, ഖവാരിജുകളും ഉമയ്യാദ്ഖിലാഫത്തിന്റെ ശത്രുക്കളായിരുന്നു. തന്മൂലം സംഘടിതമായി അബ്ബാസിയാക്കള്‍ ഉമയ്യാദ് വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ അവര്‍ക്ക് പിന്തുണ കിട്ടിത്തുടങ്ങി. ഇമാം ഇബ്രാഹിം എന്ന അബ്ബാസിയാ നേതാവിന്റെ കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജിച്ചു. അദ്ദേഹത്തിന്റെ സഹോദരനായ അബൂമുസ്ലിം ഖുറാസാനില്‍ ചെന്ന് പ്രസ്തുത ഖിലാഫത്തിന്നെതിരായി വിജയപൂര്‍വം പ്രവര്‍ത്തിച്ചു. പക്ഷേ 747-ല്‍ ഖുറാസാനിലുണ്ടായ വിപ്ളവത്തിന്റെ ഫലമായി ഇമാം ഇബ്രാഹിം തടവിലാക്കപ്പെട്ടതിനെ തുടര്‍ന്ന് സഹോദരന്മാരായ അബുല്‍ അബ്ബാസും അബൂജഅഫറും അബ്ബാസിയ നേതൃത്വം ഏറ്റെടുത്തു. സാബ് നദിയുടെ തീരത്തുവച്ച് ഇവരുടെ സൈന്യത്തെ എതിരിട്ട് ദയനീയമായി പരാജയപ്പെട്ട ഉമയ്യാദ്ഖലീഫ മര്‍വാന്‍ കക ഈജിപ്തിലേക്കു പലായനം ചെയ്യുകയും വഴിയില്‍ വച്ച് വധിക്കപ്പെടുകയും ചെയ്തു. അതോടുകൂടി ഉമയ്യാദ് ഖിലാഫത്തിന്റെ അന്ത്യവും അബ്ബാസിയാഖിലാഫത്തിന്റെ ഉദയവും കുറിക്കപ്പെട്ടു. എ.ഡി. 750-ല്‍ 'സഫ്ഫാഹ്' എന്ന സ്ഥാനപ്പേരോടുകൂടി അബുല്‍ അബ്ബാസ് ക അബ്ബാസിയാ ഖലിഫ ആയി.

സഫ്ഫാഹിന്റെ മരണാനന്തരം 754-ല്‍ സഹോദരന്‍ അബൂജഅഫര്‍ (അല്‍മന്‍സൂര്‍) ഖലീഫയായി. ഇദ്ദേഹമാണ് 'മദീനത്തുസ്സലാം' എന്ന ഔദ്യോഗികനാമത്തില്‍ അറിയപ്പെട്ട ബാഗ്ദാദ് തലസ്ഥാനമാക്കിയത്. അബ്ബാസിയാഖിലാഫത്ത് 1258-ല്‍ അവസാനിക്കുംവരെ അത് അങ്ങനെതന്നെ തുടരുകയും ചെയ്തു.

അബൂജഅഫര്‍ പേര്‍ഷ്യാക്കാരെയും അറബികളെയും കൂട്ടിയിണക്കി അവര്‍ തമ്മിലുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ ഐക്യത്തിനും സമാധാനത്തിനും കളമൊരുക്കി. തന്റെ ശത്രുക്കളെ എല്ലാം നിഷ്പ്രയാസം തോല്പിക്കുന്നതിനും 22 കൊല്ലം ഭദ്രമായി രാജ്യഭരണം നടത്തുന്നതിനും ഇദ്ദേഹത്തിനു സാധിച്ചു. 775-ല്‍ ഇദ്ദേഹം അന്തരിച്ചു.

സുവര്‍ണകാലം. അല്‍മന്‍സൂറിനുശേഷം അബ്ബാസിയഖലീഫമാരില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ചത് ഹാറൂനുര്‍റഷീദും ഇദ്ദേഹത്തിന്റെ പുത്രന്‍ മാമൂനും ആയിരുന്നു. ഇവരുടെ ഭരണകാലം ബാഗ്ദാദിന്റെ സുവര്‍ണദശയായിരുന്നു. വ്യാവസായികവും വിദ്യാഭ്യാസപരവുമായ പുരോഗതിയോടൊപ്പം തന്നെ അന്താരാഷ്ട്രീയ പ്രാധാന്യവും പ്രശസ്തിയും ഇക്കാലത്തുണ്ടായി. മനോഹരങ്ങളായ കൊട്ടാരങ്ങളും സുന്ദരശില്പങ്ങളായ ആരാധനാലയങ്ങളും വിജ്ഞാനകേന്ദ്രങ്ങളും കൊണ്ടലംകൃതമായ ഒരു നഗരമായി ബാഗ്ദാദ് ഉയര്‍ന്നു. ഹാറൂനുര്‍റഷീദിന്റെ രാജകീയൌദാര്യവും രക്ഷാകര്‍ത്തൃത്വവും കലാകാരന്മാരെയും കവികളെയും പണ്ഡിതന്മാരെയും ശാസ്ത്രജ്ഞന്മാരെയും ഇവിടേക്കാകര്‍ഷിച്ചു. ഹാറുനൂര്‍-റഷീദിന്റെയും മാമൂനിന്റെയും ഭരണകാലം വിജ്ഞാനപരമായ പുനരുത്ഥാനത്തിന്റെ കാലമായിത്തീര്‍ന്നു. ഈ കാലഘട്ടത്തില്‍ ഉണ്ടായ വിജ്ഞാനവികസനത്തില്‍ ഇന്ത്യയുടെയും പേര്‍ഷ്യയുടെയും, ഗ്രീക്കുചിന്തയുടെയും സമന്വയം അനുഭവപ്പെട്ടു. പേര്‍ഷ്യന്‍, സംസ്കൃതം, ഗ്രീക് മുതലായ ഭാഷകളിലുള്ള കൃതികള്‍ അറബിയിലേക്ക് തര്‍ജുമ ചെയ്യപ്പെടുകയും അറബിഭാഷയില്‍തന്നെ നിരവധി സ്വതന്ത്രകൃതികള്‍ രചിക്കപ്പെടുകയും ചെയ്തു. ഗ്രീക്കുദര്‍ശനത്തിന്റെ പൈതൃകം ഏറ്റുവാങ്ങിയ അറബിചിന്തകന്മാര്‍ സ്വതന്ത്രമായ നിരവധി വിലപ്പെട്ട സംഭാവനകളും ഈ ശാഖയ്ക്കു നല്കി. ജ്യോതിഃശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ചരിത്രരചനയിലും രസതന്ത്രത്തിലും തത്ത്വശാസ്ത്രദര്‍ശനത്തിലും മറ്റു ഭൌതികശാസ്ത്രങ്ങളിലും അദ്ഭുതാവഹമായ പുരോഗതിയുണ്ടായി. ബൈത്തുല്‍ഹിക്കമ എന്ന പേരിലറിയപ്പെട്ടിരുന്ന വിജ്ഞാനകേന്ദ്രം മാമൂന്‍ ബാഗ്ദാദില്‍ സ്ഥാപിച്ചു. അക്കാദമിയും ഗ്രന്ഥാലയവും വിവര്‍ത്തനപ്രവര്‍ത്തനങ്ങളും ഒന്നിച്ചുചേര്‍ന്ന സാംസ്കാരിക കേന്ദ്രമായിരുന്നു അത്. രസതന്ത്രജ്ഞനായ ജാബിറുബ്നുഹയ്യാനും, വൈദ്യശാസ്ത്രജ്ഞനും ഭിഷഗ്വരനുമായ അര്‍റാസിയും, ദാര്‍ശനികന്മാരായ ഇബ്നുസീന, അല്‍ഖിന്തി, അല്‍ഫറാബി എന്നിവരും ഈ നവോത്ഥാനകാലത്തിലെ പ്രഗല്ഭരായ പണ്ഡിതന്മാരായിരുന്നു.

ഭരണക്രമം. തുടക്കത്തില്‍ ഉമയ്യാദ് ഭരണസമ്പ്രദായം തന്നെ അനുകരിക്കപ്പെട്ടു പോന്നിരുന്നുവെങ്കിലും പിന്നീട് ഭരണപരമായ പല പരിഷ്കാരങ്ങളും അബ്ബാസിയാകള്‍ നടപ്പാക്കുകയുണ്ടായി. ഖുര്‍ആനികനിയമങ്ങള്‍ക്കു വിധേയമായ പൂര്‍ണാധികാരമുള്ള ഒരു ഭരണത്തലവനായിരുന്നു ഖലീഫ. വസീറിന്റെ (പ്രധാനമന്ത്രി) മേല്‍നോട്ടത്തില്‍ വിവിധ ഭരണവകുപ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഗവര്‍ണര്‍മാരായിരുന്നു, പ്രവിശ്യാഭരണം നിര്‍വഹിച്ചിരുന്നത്. മൊത്തത്തില്‍ കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായമായിരുന്നു അബ്ബാസിയാകളുടേത്.

പതനം. കാലക്രമത്തില്‍ വിസ്തൃതമായ അബ്ബാസിയാസാമ്രാജ്യത്തിന്റെ വിദൂരങ്ങളായ പല പ്രവിശ്യകളിലും ഗവര്‍ണര്‍മാര്‍ അധികാരം പിടിച്ചുപറ്റി. ദുര്‍ബലരായ ചില ഖലീഫമാര്‍ ഖിലാഫത്തിന്റെ അധഃപതനത്തിനു വേഗതകൂട്ടി. ഖലീഫ അല്‍മുഅ്തതസിമിന്റെ കാലത്ത് (833-42) തുര്‍ക്കി ഭടന്മാരടങ്ങിയ ഒരു അംഗരക്ഷസൈന്യം രൂപവത്കരിക്കപ്പെട്ടതിനെ തുടര്‍ന്ന് സൈനികമേധാവികളുടെ അധികാരം വിപുലമായി. ഖലീഫ അല്‍മുഖ്തദിര്‍ സൈന്യത്തലവന് അമീറുല്‍ ഉമറാ ഉ് (Commander of Commanders) സ്ഥാനപ്പേര്‍ നല്കാന്‍ നിര്‍ബന്ധിതനായി. പട്ടാളത്തലവന്മാരുടെ അധികാരം വര്‍ധിച്ചതോടെ ഖലീഫമാരുടെ അധികാരം മതപരമായ നേതൃത്വത്തില്‍ മാത്രം പരിമിതമായി. ബാഗ്ദാദ് നഗരത്തിന്റെ പരിധിക്കുള്ളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഖലീഫയുടെ അധികാരംപോലും നാമമാത്രമായിക്കലാശിച്ചു. അവസാനം 1258-ല്‍ മംഗോള്‍നേതാവായ ഹുലാക്കുവിന്റെ ആക്രമണത്തില്‍ ബാഗ്ദാദ് പാടെ നശിക്കപ്പെടുകയും അവസാനത്തെ ഖലീഫയായിരുന്ന അല്‍മുസ്തഅ്സിം വധിക്കപ്പെടുകയും ചെയ്തു. അങ്ങനെ അബ്ബാസിയാ ഖിലാഫത് അസ്തമിച്ചു.

ഈജിപ്തിലെ അബ്ബാസിയ ഖലീഫമാര്‍. ബാഗ്ദാദിലെ അബ്ബാസിയ ഖലീഫമാരുടെ തിരോധാനം രാഷ്ട്രീയമായ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. അബുനുമയ്യ് (മക്കയിലെ ഷരീഫ്) ഹാഫ്സിദ് വംശജനായ (ടൂണീഷ്യയിലെ) അബു അബ്ദുല്ലായെ ഖലീഫയായി അംഗീകരിച്ചു (1253). ബാഗ്ദാദിലെ ഖിലാഫത്തിന്റെ പതനത്തിനു (1258) അല്പം മുന്‍പായിരുന്നു ഇത്. അടുത്ത രണ്ടരശതാബ്ദക്കാലം കെയ്റോയിലെ മംലൂക്ക് സുല്‍ത്താന്‍മാരുടെ ആധിപത്യത്തിന്‍കീഴില്‍ അബ്ബാസിയ ഖലീഫമാരുടെ ഒരു വംശപരമ്പര നാമമാത്രമായിനിലനിന്നു. മംലൂക്ക് സുല്‍ത്താന്‍മാര്‍ക്ക് മറ്റു മുസ്ലിം രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കുന്നതിന് അബ്ബാസിയ ഖലീഫമാരുടെ നാമമാത്രമായ നിലനില്പ് സഹായകമായി. അവസാനത്തെ അബ്ബാസിയ (ഈജിപ്തിലെ) ഖലീഫയെ ഒട്ടോമന്‍ സുല്‍ത്താന്‍ സലിം ക (1470-1520) സ്ഥാനഭ്രഷ്ടനാക്കിയശേഷം (1517) ഈജിപ്തിലെ അബ്ബാസിയ ഖലീഫസ്ഥാനം അവസാനിപ്പിച്ചു.

(പ്രൊഫ. എം.എ. ഷുക്കൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍