This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശപുഷ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:12, 21 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദശപുഷ്പം

കറുക, ചെറൂള, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, തിരുതാളി, നിലപ്പന, മുക്കുറ്റി, കയ്യോന്നി, പൂവാങ്കുറുന്തല്‍, ഉഴിഞ്ഞ എന്നീ പത്തുസസ്യങ്ങളുടെ ഗണം. ഇവയെല്ലാം ഔഷധസസ്യങ്ങളാണ്.

ഭാരതീയര്‍ക്ക് ദശപുഷ്പം ഓരോന്നും ഓരോ ദേവതാസങ്കല്പമാണ്.
ദശപുഷ്പം(1.കറുക,2.ചെറുള,3.മുയല്‍ ച്ചെവിയന്‍,4.വിഷ്ണുക്രാന്തി, 5.തിരുതാളി,6.നിലപ്പന, 7.മുക്കുറ്റി,8.കയ്യോന്നി, 9.പൂവാങ്കുറുന്തല്‍,10.ഉഴിഞ്ഞ)
കറുക-സൂര്യഭഗവാന്‍, വിഷ്ണുക്രാന്തി-ശ്രീകൃഷ്ണന്‍, തിരുതാളി-ശ്രീഭഗവതി, പൂവാങ്കുറുന്തല്‍-ബ്രഹ്മാവ്, കയ്യോന്നി-ശിവന്‍, മുക്കുറ്റി-പാര്‍വതി, നിലപ്പന-ഭൂമിദേവി, ചെറൂള-യമദേവന്‍, ഉഴിഞ്ഞ-ഇന്ദ്രന്‍, മുയല്‍ച്ചെവിയന്‍-കാമദേവന്‍ എന്നിങ്ങനെയാണ് ദേവതാസങ്കല്പങ്ങള്‍.

കറുക ചൂടുന്നതുകൊണ്ട് ആധിവ്യാധികള്‍ ശമിക്കുമെന്നാണ് വിശ്വാസം. കറുക ഗണപതിഹോമത്തിനും ഉപയോഗിക്കുന്നു. വിഷ്ണുക്രാന്തി ചൂടിയാല്‍ വിഷ്ണുപദപ്രാപ്തിയാണത്രെ ഫലം. പൂവാങ്കുറുന്തലിന്റെ ഇല ധരിക്കുന്നത് ദാരിദ്ര്യദുഃഖശമനത്തിന് നല്ലതാണെന്നാണ് വിശ്വാസം. പാപങ്ങള്‍ നശിപ്പിക്കുന്നതാണ് നിലപ്പന ധാരണമെന്നും കയ്യോന്നി ധരിച്ചാല്‍ പഞ്ചപാപങ്ങളും നശിക്കുമെന്നും കരുതപ്പെടുന്നു. മുക്കുറ്റി ചൂടിയാല്‍ ഭര്‍ത്തൃസൗഖ്യം എന്നാണു വിധി. തിരുതാളി സൗന്ദര്യവര്‍ധകമാണെന്നാണ് വിശ്വാസം. ആഗ്രഹസാഫല്യത്തിന് ഉഴിഞ്ഞ ധരിക്കണമെന്നും ആയുര്‍വര്‍ധനയ്ക്ക് ചെറൂള ധരിക്കണമെന്നും വിശ്വസിച്ചുപോരുന്നു. ചെറൂള യമധര്‍മസങ്കല്പത്തിലുള്ള പുഷ്പമാകയാല്‍ അത് ബലിയിടുന്നതിന് ഉപയോഗിക്കുന്നു.

മിഥുന സംക്രമദിവസം ദശപുഷ്പം വീട്ടുവളപ്പില്‍ നടുന്നത് ഐശ്വര്യദായകമാണെന്ന് വിശ്വാസമുണ്ട്.
കര്‍ക്കടകത്തില്‍ അഷ്ടമംഗല്യമൊരുക്കി പൂജിക്കുമ്പോള്‍ ദശപുഷ്പവും വയ്ക്കണമെന്നൊരു അനുഷ്ഠാന വിധിയുണ്ട്. ദശപുഷ്പമരച്ച് മോരില്‍ കലക്കി കുടകപ്പാലയിലയുടെ കുമ്പിളിലാക്കി കുടിക്കുക എന്നൊരു ആചാരം മുമ്പ് നിലനിന്നിരുന്നു. തണുപ്പകറ്റാനും രോഗങ്ങള്‍ മാറാനും ദശപുഷ്പം ചൂടുന്ന പതിവും പണ്ടുണ്ടായിരുന്നു. കര്‍ക്കടകത്തിലെ ദശപുഷ്പധാരണം പാപമകറ്റുമെന്ന വിശ്വാസവും കേരളത്തിലുണ്ട്. കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞിക്കൂട്ടിലെ ഒരു അവശ്യഘടകമാണ് ദശപുഷ്പം. ദശപുഷ്പത്തിന് വന്‍ രോഗപ്രതിരോധശക്തിയുണ്ടെന്നതാണ് ഇതിനു കാരണം.

ദശപുഷ്പവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന അനുഷ്ഠാനമാണ് പാതിരാപ്പൂചൂടല്‍. ധനുമാസത്തിലെ തിരുവാതിര നാളില്‍ ഉപവാസമനുഷ്ഠിച്ചശേഷം അര്‍ധരാത്രിയില്‍ സ്ത്രീകള്‍ ദശപുഷ്പം ചൂടുന്ന ചടങ്ങാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍