This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദയാന്‍, മോഷെ (1915 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:03, 21 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദയാന്‍, മോഷെ (1915 - 81)

Dayan,Moshe

ഇസ്രയേലിലെ പ്രമുഖ സൈനിക ജനറലും രാഷ്ട്രീയ നേതാവും. 1915 മേയ് 20-ന് ജനിച്ചു. പതിനാല് വയസ്സു മുതല്‍ ദയാന്‍ സൈനികപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. അറബികളുടെ ആക്രമണത്തില്‍നിന്ന് ജൂത അധിവാസ മേഖലകളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചുപോന്ന ഹഗാനാ (Haganah) എന്ന ജൂതസേനയിലൂടെയായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്.
മോഷെ ദയാന്‍
ബ്രിട്ടീഷുകാരില്‍നിന്ന് ഇദ്ദേഹത്തിന് പരിശീലനവും ലഭിച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്‍ ഹഗാനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1939-ല്‍ ഇദ്ദേഹം അറസ്റ്റിലായി. 1941-ല്‍ തടവില്‍നിന്നു മോചിതനായി. പിന്നീട് സിറിയയെയും ലബനനെയും മോചിപ്പിക്കാന്‍ സഖ്യസേനയോടൊപ്പം ദയാനും യുദ്ധത്തില്‍ പങ്കെടുത്തു. ഈ യുദ്ധത്തില്‍ ഇദ്ദേഹത്തിന്റെ ഇടതു കണ്ണ് നഷ്ടമായി. ഇതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ഇടതുകണ്ണിന്റെ ഭാഗത്ത് കറുത്ത മറ ഉപയോഗിച്ചു തുടങ്ങിയത്. പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ ഒരു തിരിച്ചറിയല്‍ അടയാളമായിത്തന്നെ ഇത് കരുതപ്പെട്ടുപോന്നു.

പലസ്തീന്‍കാരെ പുറന്തള്ളി ഇസ്രയേല്‍രാജ്യം സ്ഥാപിക്കാനായി 1948-49 കാലത്ത് നടത്തിയ യുദ്ധത്തില്‍ ജറുസലേം കേന്ദ്രീകരിച്ചു യുദ്ധം ചെയ്തിരുന്ന ഒരു സേനാ വിഭാഗത്തിന്റെ കമാന്‍ഡര്‍ ആയിരുന്നു ദയാന്‍. 1953-ല്‍ ഇസ്രയേല്‍സേനയുടെ നേതൃസ്ഥാനത്തെത്തി. 1956-ലെ സിനായ് ആക്രമണത്തിനു നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. 1958-ല്‍ സൈനികസേവനം അവസാനിപ്പിച്ചു. 1959-ല്‍ ഇസ്രയേല്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1964 വരെ കൃഷിവകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുകയുമുണ്ടായി. 1967-ലെ 'ആറു ദിവസ'യുദ്ധകാലത്ത് ഇദ്ദേഹം പ്രതിരോധമന്ത്രിപദം വഹിച്ചിരുന്നു. 1974 വരെ ഈ സ്ഥാനത്തു തുടര്‍ന്നു. 1977-ല്‍ വിദേശകാര്യമന്ത്രിയായി. ഇസ്രയേലും ഈജിപ്തുമായുള്ള സമാധാനക്കരാര്‍ ഉണ്ടാക്കുന്നതിനായി ദയാന്‍ ഏറെ യത്നിച്ചു. ഗവണ്മെന്റിന്റെ ചില നയങ്ങളോട് പൊരുത്തപ്പെട്ടു പോകുവാന്‍ വിമുഖതയുണ്ടായിരുന്നതിനാല്‍ ഇദ്ദേഹം 1979-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. സ്റ്റോറി ഒഫ് മൈ ലൈഫ് (1976) എന്ന ആത്മകഥ ഉള്‍ പ്പെടെ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

1981 ഒ. 16-ന് ടെല്‍ അവീവില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍