This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദയാറാം (1776 - 1852)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:01, 21 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദയാറാം (1776 - 1852)

ഗുജറാത്തി ഭക്ത മഹാകവി. നര്‍മദാ തീരത്തുള്ള ചന്ദേഡില്‍ 1776-ല്‍ ജനിച്ചു. ദയാറാമിന്റെ പത്താമത്തെ വയസ്സില്‍ പിതാവ് പ്രഭുറാമും പന്ത്രണ്ടാം വയസ്സില്‍ മാതാവ് മഹാലക്ഷ്മി രാജ് കൗറും അന്തരിച്ചു. പതിമൂന്നാം വയസ്സില്‍ ദക്കോറിലെ ഇച്ഛാറാം ഭട്ടാജിയെ ദര്‍ശിച്ചത് ജീവിതത്തിന് വഴിത്തിരിവായി.
ദയാറാം
അതോടെ ലൗകികസുഖങ്ങളില്‍നിന്നു മുക്തനായ ദയാറാം ശ്രീകൃഷ്ണഭക്തിയില്‍ കാലം കഴിക്കാന്‍ തീരുമാനിച്ചു. തന്റെ വിവാഹത്തിന് അമ്മാവന്‍ ഒരുക്കങ്ങള്‍ നടത്തുന്നു എന്നറിഞ്ഞ ദയാറാം വീട്ടില്‍നിന്ന് ഒളിച്ചോടി ഭാരതം മുഴുവന്‍ സഞ്ചരിച്ച് പല പുണ്യസ്ഥലങ്ങളിലും തീര്‍ഥാടനം നടത്തി. അങ്ങനെ സഞ്ചാരത്തില്‍ത്തന്നെ 25 വര്‍ഷം ചെലവഴിച്ചു. ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അടുത്തറിഞ്ഞ ഇദ്ദേഹത്തിന് പല ഭാഷകള്‍ പരിചയപ്പെടാനും കഴിഞ്ഞു. ഗുജറാത്തിയിലും മറാഠിയിലും ഹിന്ദിയിലും ദയാറാം കവിതകളെഴുതി.

പദങ്ങള്‍, ആഖ്യാനങ്ങള്‍, മഹീന, ചരിത്രകാവ്യങ്ങള്‍, സംവാദങ്ങള്‍, ഗാര്‍ബ, ഗാര്‍ബി എന്നീ രൂപങ്ങളില്‍ ഇദ്ദേഹം കാവ്യരചന നടത്തി. പുഷ്ടി സമ്പ്രദായത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ വിശദീകരിക്കുന്ന രസിവല്ലഭ, സമ്പ്രദായസാരം, രസിക രഞ്ജന് തുടങ്ങിയവയും പ്രബോധനാത്മകമോ ഭക്തിപ്രധാനമോ ആയ പ്രബോധഭവാനി, പ്രശ്നോത്തര മാലിക, ഭക്തവേല്‍ എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളാണ്. ശതശയ്യ ഹിന്ദിയില്‍ രചിച്ച കാവ്യമാണ്. മീരാബായിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി പറഞ്ഞുപോരുന്ന അദ്ഭുതസംഭവങ്ങള്‍ വിവരിക്കുന്ന ഹ്രസ്വവും മനോഹരവുമായ കവിതയാണ് മീരാചരിത്. മീരയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഗുജറാത്തിയില്‍ കവിതയെഴുതിയ ആദ്യത്തെ ഗുജറാത്തി കവി ദയാറാമാണ്.

ഗാര്‍ബിയെന്ന കാവ്യരൂപത്തിന്റെ പേരിലും ദയാറാം ഏറെ അറിയപ്പെടുന്നു. ഗാര്‍ബികള്‍ (ഭാവഗീതങ്ങള്‍) എഴുതിയ ആദ്യ കവി ദയാറാമല്ല. പക്ഷേ, ഈ കാവ്യരൂപത്തിന് പൂര്‍ണത നല്കിയതും ഇത്തരത്തില്‍ ഗാനാത്മകത തുളുമ്പുന്ന ഒട്ടേറെ പ്രകൃഷ്ട കൃതികള്‍ രചിച്ചതും ഇദ്ദേഹമാണ്. ദയാറാമിന്റെ ഗാര്‍ബികള്‍ ഭക്തിയുടെ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചന, വന്ദനം, ദാസത്വം, സഖ്യം, ആത്മനിവേദനം എന്നീ ഒന്‍പത് രൂപങ്ങളെയും സ്വാധീന ഭര്‍ത്തൃക, വാസക സജ്ജിക, വിരഹോത്കണ്ഠിത, വിപ്രലംഭ, ഖണ്ഡിത, കലഹാന്തരിത, അഭിസാരിക, പ്രോഷിത ഭര്‍ത്തൃക എന്നീ എട്ടുതരം നായികമാരെയും ചിത്രീകരിക്കുന്നു. ഇതിലൂടെ മനുഷ്യഹൃദയത്തിന്റെ യഥാര്‍ഥ ചിത്രീകരണമാണ് കവി ലക്ഷ്യമാക്കിയത്. രാധ, ശ്രീകൃഷ്ണന്‍, വ്രജഗോപികമാര്‍, മുരളി, വൃന്ദാവനം എന്നിവയുടെ സന്ദര്‍ഭോചിതമായ ആവിഷ്കാരത്താല്‍ ഇവ സമ്പന്നമാണ്. മുഖ്യ പ്രമേയം രാധാകൃഷ്ണ പ്രണയമാണ്. അവയില്‍ സംഭോഗ ശൃംഗാരവും വിപ്രലംഭ ശൃംഗാരവും മാറിമാറി ആവിഷ്കരിക്കുന്നതു കാണാം. ആസക്തി, അസൂയ, കോപം, ഗര്‍വ്, ക്ഷമാപണം, പശ്ചാത്താപം, പ്രതിഷേധം എന്നിങ്ങനെയുള്ള വ്യത്യസ്ത ഭാവങ്ങള്‍ ഇവയിലെല്ലാം മിന്നിമറയുന്നു. നര്‍മവും മാധുര്യവും ഈ കാവ്യങ്ങളുടെ മുഖമുദ്രയാണ്.

സംസ്കൃതത്തിലെ സുഭാഷിതങ്ങളെയും സൂര്‍-നരസിംഹമേത്ത-മീരാബായ് തുടങ്ങിയ ഭക്തകവികളെയും അവരുടെ കാവ്യരീതികളെയും ഓര്‍മിപ്പിക്കുന്നു ദയാറാം. ഇദ്ദേഹത്തിന്റെ പല ഗാര്‍ബികളുടെയും ആരംഭപാദം ഇങ്ങനെയാണ് 'ഊഭാ രഹോ കഹും വാതഡി ബിഹാരീലാല്‍' (അവിടെ നിന്നാല്‍ അല്ലയോ പ്രിയങ്കരനായ ബിഹാരീ, ഞാന്‍ ചിലതെല്ലാം നിന്നോടു പറയാം).

ദയാറാമിന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഗുജറാത്തിലെത്തിയിരുന്നു. ഗുജറാത്ത് സാമൂഹികമായും സാംസ്കാരികമായും സാഹിത്യപരമായും പുതിയ ജീവന്‍ കൈവരിക്കുകയായിരുന്നു അപ്പോള്‍. പക്ഷേ, മറ്റൊരു മൂശയില്‍ വാര്‍ക്കപ്പെട്ട ദയാറാമിന്റെ ജീവിതത്തെ സമകാലിക സംഭവങ്ങള്‍ സ്പര്‍ശിച്ചതേയില്ല. ഗുജറാത്തി മധ്യകാലഘട്ടത്തിലെ മൂന്ന് വരേണ്യകവികളില്‍ ഒരാളാണ് ദയാറാം. നരസിംഹമേത്തയും പ്രേമാനന്ദ ഭട്ടുമാണ് മറ്റു രണ്ടുപേര്‍.

അവസാനത്തെ പതിനേഴു വര്‍ഷങ്ങള്‍ ദഭോയിയില്‍ ചെലവഴിച്ച ദയാറാം 1852 ഫെ. 1-ന് അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%82_(1776_-_1852)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍