This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്, മുകുന്ദ (1878 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:55, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദാസ്, മുകുന്ദ (1878 - 1934)

ബംഗാളി കവി. 1878-ല്‍ ധാക്കയിലെ വിക്രംപൂര്‍ പര്‍ഗാനാസില്‍പ്പെട്ട ബനാറി ഗ്രാമത്തിലെ കായസ്ഥ കുടുംബത്തില്‍ ഇദ്ദേഹം ജനിച്ചു. ഈ സ്ഥലം അവിഭക്ത ഭാരതത്തില്‍ ഉള്‍ പ്പെട്ടിരുന്നെങ്കിലും വിഭജനത്തിനുശേഷം ഇവിടം പാകിസ്താന്റെ ഭാഗവും, പില്ക്കാലത്തെ വിമോചനപ്പോരാട്ടത്തിനുശേഷം ബംഗ്ലാദേശിലുമായി. മുകുന്ദ ദാസ് ബംഗാളില്‍ അറിയപ്പെട്ടിരുന്നത് ചരന്‍ കവി (സ്വദേശി പ്രസ്ഥാനത്തിന്റെ ഗായകന്‍) എന്നാണ്. നന്നേ ചെറുപ്പത്തില്‍ ഇദ്ദേഹം മാതാപിതാക്കളോടൊപ്പം ബരിസാലില്‍ എത്തി. മുകുന്ദ ദാസിന് അച്ഛനമ്മമാര്‍ നല്കിയ പേര് യജ്ഞേശ്വര ഡെ എന്നായിരുന്നു. ലളിതജീവിതം നയിച്ചുപോന്ന കുടുംബമായിരുന്നു ഇവരുടേത്. ബരിസാലിലെ ബി.എം. ഇന്‍സ്റ്റിറ്റ്യൂഷനിലായിരുന്നു മുകുന്ദയുടെ സ്കൂള്‍ വിദ്യാഭ്യാസം. എന്നാല്‍ തുടര്‍ന്നു പഠിക്കാന്‍ കഴിഞ്ഞില്ല. ഒരു പലചരക്കുകട തുടങ്ങിയെങ്കിലും നഷ്ടത്തില്‍ കലാശിക്കുകയാണുണ്ടായത്. പിന്നീട് ബാരിസാലിലെ കീര്‍ത്തനാലാപകനായ ബീരേശ്വര്‍ ഗുപ്തയുടെ മൃദംഗം വായനക്കാരനായി കൂടി. രാമാനന്ദ അബ്ധിത ഹരിബോലാനന്ദയുടെ സ്വാധീനം 1902-ല്‍ മുകുന്ദയെ വൈഷ്ണവ വിശ്വാസത്തിലേക്കു നയിച്ചു. പേര് മുകുന്ദ ദാസ് എന്നാക്കി മാറ്റി. ഈ പേരില്‍ ഇദ്ദേഹം പ്രശസ്തനായി. 'ഭഗവാന്‍ ശ്രീകൃഷ്ണന്റെ ദാസന്‍' എന്ന് അര്‍ഥം വരുന്ന ഈ പേര് അന്വര്‍ഥമാക്കുംവിധം ധാരാളം വൈഷ്ണവ ഗാനങ്ങള്‍ തുടര്‍ന്നുള്ള നാളുകളില്‍ ഇദ്ദേഹം രചിച്ചു.

സാധാന്‍ സംഗീത്, സമാജ്, പള്ളിസേവ, ബ്രഹ്മചാരിണി, കര്‍മക്ഷേത്ര, മാതൃപൂജ എന്നിവയാണ് മുകുന്ദ ദാസിന്റെ മുഖ്യ കൃതികള്‍. കൂടാതെ, നൂറുകണക്കിന് ഗാനങ്ങളും ഇദ്ദേഹത്തിന്റെ രചനകളായുണ്ട്. അശ്വനികുമാര്‍ ദത്ത (1856-1923) എന്ന ദേശീയ നേതാവിന്റെ ശിഷ്യനായിത്തീര്‍ന്ന മുകുന്ദ ദാസ് 1905-ലെ സ്വദേശി പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. അതേവര്‍ഷംതന്നെ ഇദ്ദേഹം കാളീദേവിയുടെ ഭക്തനായി. അക്കാലത്തെ ഹൈന്ദവ ദേശീയ നേതാക്കന്മാര്‍ക്ക് ശക്തിയുടെയും സമരോത്സുകതയുടെയും സ്രോതസ്സായിരുന്നു കാളീദേവി എന്ന മാതൃബിംബം. മാതൃബിംബവും ദേശസ്നേഹവും തമ്മിലുള്ള അഭേദകല്പനയില്‍ നിന്നാണ് ഭാരതമാതാവ് എന്ന സങ്കല്പം രൂപപ്പെട്ടതും. ഈ മാതൃബിംബം മുകുന്ദ ദാസിന്റെ സര്‍ഗചേതനയെ ഉത്തേജിപ്പിച്ചപ്പോള്‍ ദേശാഭിമാനോജ്ജ്വലമായ ധാരാളം കവിതകള്‍ ഉണ്ടായി. 1906-ല്‍ മുകുന്ദ ദാസ് വിഖ്യാതമായ യാത്രാപാല മാതൃപൂജ രചിച്ചു. രാഷ്ട്രീയ ഗുരുവായ അശ്വനികുമാറിനെ അറിയിക്കുകപോലും ചെയ്യാതെ ഇദ്ദേഹം ബംഗാളില്‍ മാത്രമല്ല ബിഹാര്‍, ഒറീസ എന്നിവിടങ്ങളിലെ ഗ്രാമാന്തരങ്ങളില്‍പ്പോലും സഞ്ചരിച്ച് ദേശാഭിമാനോജ്ജ്വലമായ ഗാനങ്ങള്‍ ആലപിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കി. സന്ദര്‍ശിച്ച സ്ഥലങ്ങളിലൊക്കെ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് മുകുന്ദ ദാസിന്റെ യാത്രയെയും ഗാനാലാപന പരിപാടികളെയും തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇദ്ദേഹം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തുകയും ജനങ്ങള്‍ അത് അവരുടെ ഉത്സവമാക്കുകയും ചെയ്തു. 1907-ല്‍ അശ്വനികുമാറിന്റെ സാന്നിധ്യത്തില്‍ത്തന്നെ ബാരിസാല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തുവച്ച് മുകുന്ദ ദാസ് മാതൃപൂജ അവതരിപ്പിക്കുകയുണ്ടായി.

1908-ല്‍ ഭരണകൂടത്തിനെതിരെ ജനങ്ങളെ ഇളക്കിവിട്ടെന്ന കുറ്റം ചുമത്തി മുകുന്ദ ദാസിനെ അറസ്റ്റ് ചെയ്തു. മൂന്നുകൊല്ലം കഠിനതടവ് വിധിച്ചു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ മുകുന്ദയെ എതിരേറ്റത് തന്റെ പ്രിയതമ അന്തരിച്ച വാര്‍ത്തയാണ്. വ്യക്തിപരമായ വലിയൊരു ആഘാതമായിരുന്നു അതെങ്കിലും ഇദ്ദേഹത്തിന്റെ സമരവീര്യം കെട്ടുപോയില്ല. ബ്രിട്ടിഷ് വിരുദ്ധ വികാരം ജനഹൃദയങ്ങളില്‍ ആളിക്കത്തിക്കുകയെന്നത് ഇദ്ദേഹം തന്റെ ജീവിതദൌത്യമായി കരുതി. 1920-22 ലും 1930-ലും ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ജനങ്ങളില്‍ ആവേശമുണര്‍ത്തിയും ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ കിടിലം കൊള്ളിച്ചും നടന്ന സമരങ്ങളില്‍ ഇദ്ദേഹം സമരാവേശം പകരുന്ന കവിതകളിലൂടെ ജനഹൃദയങ്ങളില്‍ തന്റെ സന്ദേശമെത്തിച്ചു.

ഇന്ത്യയെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു മുകുന്ദ ദാസിന്റേത്. വിദേശ വസ്തുക്കള്‍ ബഹിഷ്കരിച്ച് ഇന്ത്യയിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ദേശീയ പ്രസ്ഥാനത്തിന്റെ അക്കാലത്തെ നയപരിപാടികളില്‍ ആ ജീവിതം പൂര്‍ണമായും ആമഗ്നമായിരുന്നു. ഹിന്ദുക്കളുടെയിടയിലെ ജാതിസമ്പ്രദായം അവസാനിപ്പിക്കാനും ഇദ്ദേഹം പ്രവര്‍ത്തിച്ചു. വിധവാവിവാഹം, ബഹുജനവിദ്യാഭ്യാസം തുടങ്ങിയ പുരോഗമനപരമായ പ്രവര്‍ത്തനങ്ങളിലും മുകുന്ദ ദാസ് അര്‍പ്പണബോധത്തോടെ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ദേശീയ വിമോചനത്തിനുവേണ്ടി രചനകളിലൂടെയും രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും തുല്യശക്തിയോടെ പ്രവര്‍ത്തിച്ച പോരാളിയായിരുന്നു ഇദ്ദേഹം.

1934-ല്‍ മുകുന്ദ ദാസ് കൊല്‍ക്കത്തയിലെത്തി. അവിടെവച്ച് 1934 മേയ് 18-ന് ഇദ്ദേഹം അന്തരിച്ചു.

(കെ.എം. ലെനിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍