This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാസ് ക്യാപിറ്റല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാസ് ക്യാപിറ്റല്‍
ഉമ ഗമുശമേഹ
കാള്‍ മാര്‍ക്സിന്റെ (1818-83) ഏറ്റവും പ്രധാനപ്പെട്ട കൃതി. ഇംഗ്ളീഷിലെ 'ക്യാപിറ്റല്‍' (രമുശമേഹ), മലയാളത്തിലെ 'മൂലധനം' എന്നിവയുടെ ജര്‍മന്‍ തത്സമമാണിത്. ഇതിന്റെ ഒന്നാം സഞ്ചിക ജര്‍മനിയില്‍ 1867-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവശേഷിച്ച മൂന്ന് സഞ്ചികകളില്‍ രണ്ടും മൂന്നും മാര്‍ക്സ് എഴുതിവച്ച രേഖകളില്‍നിന്നും കുറിപ്പുകളില്‍നിന്നും തയ്യാറാക്കി 1885-ലും 1894-ലും ആയി പ്രസിദ്ധീകരിച്ചത് മാര്‍ക്സിന്റെ സഹകാരിയായ ഫ്രെഡറിക് എംഗല്‍സ് (1820-95) ആണ്. നാലാമത്തെ സഞ്ചിക അതുപോലെതന്നെ മാര്‍ക്സ് അവശേഷിപ്പിച്ച രേഖകളില്‍നിന്നും കുറിപ്പുകളില്‍നിന്നും തയ്യാറാക്കി പ്രസിദ്ധീകരിച്ചത് 1905-ല്‍ കാള്‍ കൌത്സ്കി (1854-1938) ആണ്. എംഗല്‍സിന്റെ ശിഷ്യനായിരുന്ന കൌത്സ്കി അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നാലാം സഞ്ചികയ്ക്ക് വ്യത്യസ്തമായ പേരാണിട്ടത്: തിയറീസ് ഒഫ് സര്‍പ്ളസ് വാല്യു അഥവാ 'മിച്ചമൂല്യ സിദ്ധാന്തങ്ങള്‍'.
മാര്‍ക്സിന്റെ ജീവിതകാലത്തുതന്നെ ഒന്നാം സഞ്ചികയുടെ റഷ്യന്‍ വിവര്‍ത്തനം 1872-ലും ഫ്രഞ്ച് വിവര്‍ത്തനം 1876-ലും പുറത്തുവന്നു. ഫ്രഞ്ച് വിവര്‍ത്തനം തയ്യാറാക്കുന്നതില്‍ ആ ഭാഷയിലും കൃതഹസ്തനായിരുന്ന മാര്‍ക്സ് നേരിട്ട് നേതൃത്വം നല്കി. വിവിധ യൂറോപ്യന്‍ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങള്‍ മാര്‍ക്സിന്റെ കാലശേഷമാണു നടന്നത്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും സുഹൃത്തും അഭിഭാഷകനും ആയിരുന്ന സാമുവേല്‍ മൂറും മാര്‍ക്സിന്റെ മകള്‍ എലീനറുടെ ഭര്‍ത്താവ് എഡ്വേഡ് അവലിങ്ങും ചേര്‍ന്ന് എംഗല്‍സിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ ഇംഗ്ളീഷ് വിവര്‍ത്തനം 1886-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 20-ാം ശ.-ത്തിന്റെ മധ്യമായപ്പോഴേക്കും പ്രധാനപ്പെട്ട എല്ലാ ലോക ഭാഷകളിലേക്കും ദാസ് ക്യാപിറ്റല്‍ വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. ദാസ് ക്യാപിറ്റല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാര്‍ഷിക സന്ദര്‍ഭത്തില്‍ 1968-ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അതിന്റെ മൂന്ന് സഞ്ചികകളുടെയും മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവര്‍ത്തനം നിര്‍വഹിച്ചത്. ദാസ് ക്യാപിറ്റല്‍ എന്ന മാര്‍ക്സിന്റെ കൃതിക്ക് അദ്ദേഹം ഒരു ഉപ തലവാചകം കൂടി നല്കുന്നുണ്ട്: 'എ ക്രിട്ടിക് ഒഫ് പൊളിറ്റിക്കല്‍ ഇക്കോണമി' അഥവാ 'അര്‍ഥശാസ്ത്രത്തിന്റെ ഒരു നിരൂപണം'. അര്‍ഥശാസ്ത്രത്തിന്റെ നിരൂപണമാണ് അതെങ്കിലും മനുഷ്യസമൂഹത്തിന്റെ ആകമാനമുള്ള വികാസപരിണാമങ്ങളെ അര്‍ഥശാസ്ത്രം, രാഷ്ട്രമീമാംസ, ദര്‍ശനം, പ്രകൃതിശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍നിന്ന് ചികഞ്ഞെടുത്ത കരുക്കള്‍ കൊണ്ടാണ് നിര്‍വഹിക്കുന്നത്. ഇതില്‍ കലയും സാഹിത്യവും പുരാണങ്ങളും പുണ്യഗ്രന്ഥങ്ങളും എല്ലാം സന്ദര്‍ഭോചിതമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതിലെ കാതലായ അര്‍ഥശാസ്ത്ര സിദ്ധാന്തത്തെ എംഗല്‍സ് ഇപ്രകാരം സംഗ്രഹിക്കുന്നു: 'എല്ലാ സമ്പത്തിന്റെയും എല്ലാ മൂല്യത്തിന്റെയും ഉറവിടം അധ്വാനമാണെന്ന കാഴ്ചപ്പാട് അര്‍ഥശാസ്ത്രം മുന്നോട്ടുവച്ച നാള്‍ മുതല്‍ ഒരു ചോദ്യം നമ്മുടെ മുന്നില്‍ നില്ക്കുകയാണ്: കൂലിത്തൊഴിലാളിക്ക് തന്റെ അധ്വാനത്തിന്റെ ഫലമായി ഉണ്ടാകുന്ന മുഴുവന്‍ മൂല്യവും എന്തുകൊണ്ട് ലഭിക്കുന്നില്ല? അതിലൊരു ഭാഗം മുതലാളിക്ക് വിട്ടുകൊടുക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നത് എന്തുകൊണ്ട്? ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞരും സോഷ്യലിസ്റ്റുകാരും ഈ ചോദ്യത്തിന് ശാസ്ത്രീയമായ ഉത്തരം നല്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്കും അത് സാധിച്ചിട്ടില്ല. അവസാനം മാര്‍ക്സാണ് അതിന് ഉത്തരം നല്കിയത്.'
ദാസ് ക്യാപിറ്റലിലെ ഒന്നാം സഞ്ചികയെ രണ്ട് ഭാഗങ്ങളായി കണക്കാക്കാം. ആദ്യത്തെ ഒമ്പത് അധ്യായങ്ങള്‍ എല്ലാ സഞ്ചികകള്‍ക്കും സാമൂഹ്യ വികാസത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ പൊതു ധാരണകള്‍ക്കും അടിസ്ഥാനപരമായ സിദ്ധാന്തങ്ങള്‍ ഹെഗലിന്റെ വൈരുധ്യാത്മക സമ്പ്രദായം ഉപയോഗിച്ചുകൊണ്ടുള്ള അപഗ്രഥനമാണ്. മുതലാളിത്ത സമൂഹമാകുന്ന സമകാലിക വ്യവസ്ഥയില്‍ നിലയുറപ്പിച്ചുകൊണ്ട് അതുവരെ മനുഷ്യസമൂഹം തരണംചെയ്ത വിവിധ വികാസഘട്ടങ്ങളെ വിശദമായും ഭാവിയില്‍ വരാനിരിക്കുന്ന സോഷ്യലിസം, കമ്യൂണിസം മുതലായ ഘട്ടങ്ങളെ വളരെ ഹ്രസ്വമായും വിവരിക്കുകയാണ് മാര്‍ക്സിന്റെ സാമൂഹ്യവിജ്ഞാനീയത്തിന്റെ സത്ത. അതുകൊണ്ട് ദാസ് ക്യാപിറ്റലിന്റെ നാല് സഞ്ചികകളുടെ മുഖ്യമായ പ്രതിപാദ്യം മുതലാളിത്ത വ്യവസ്ഥയാണെങ്കിലും ഈ ഒമ്പത് അധ്യായങ്ങള്‍ ഇതുവരെ കടന്നുപോന്ന എല്ലാ സാമൂഹ്യവ്യവസ്ഥകളെയും കുറിച്ചുള്ള വിഹഗവീക്ഷണമായി പരിണമിച്ചിരിക്കുന്നു. താരതമ്യേന ദുര്‍ഗ്രഹമായ ഈ ആദ്യ ഭാഗത്തെക്കാള്‍ ലളിതമാണ് പ്രാഥമിക മൂലധനസഞ്ചയത്തെയും മിച്ചമൂല്യ ഉത്പാദനത്തെയും അവയുടെ പരിണാമത്തെയും സംബന്ധിക്കുന്ന അവസാന അധ്യായങ്ങള്‍.
രണ്ടാം സഞ്ചികയില്‍ മൂലധന ചംക്രമണം, മിച്ചമൂല്യ പരിവര്‍ത്തന സമ്പ്രദായങ്ങള്‍, സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടം മുതലായവ വിവരിച്ചിരിക്കുന്നു. അവതരണവും വാദമുഖങ്ങളും സുഗമമാണെങ്കിലും സാങ്കേതിക പദാവലികളും ഗണിതസമവാക്യങ്ങളും മറ്റും കൊണ്ട് അല്പം അനഭിഗമ്യമായി സാധാരണ വായനക്കാര്‍ക്കു തോന്നാം.
മൂന്നാം സഞ്ചികയില്‍ മിച്ചമൂല്യം എങ്ങനെ ലാഭമായി മാറുന്നു എന്നു തുടങ്ങി മൂല്യവും (്മഹൌല) വിലയും (ുൃശരല) തമ്മിലുള്ള ബന്ധവും വ്യതിരേകവും വിശദീകരിക്കുന്നു. മൂല്യവും വിലയും സ്വാഭാവികമായും വിപണിയുടെ പ്രശ്നങ്ങളിലേക്കു നയിക്കുന്നു. ആദം സ്മിത്തും ഡേവിഡ് റിക്കാര്‍ഡോയും മറ്റും ബീജരൂപത്തില്‍ ആവിഷ്കരിച്ച മൂല്യത്തെ സംബന്ധിച്ച അധ്വാനസിദ്ധാന്തം മാര്‍ക്സ് ഈ സഞ്ചികയില്‍ വിശദമായി പരിശോധിച്ച് പരിഷ്കരിക്കുന്നു. നാലാം സഞ്ചികയായ 'മിച്ചമൂല്യ സിദ്ധാന്തങ്ങളു'ടെ വിഷയം അര്‍ഥശാസ്ത്രത്തിന്റെ ചരിത്രവും ഒന്നിനു പുറകെ ഒന്നായി ഓരോ കാലത്ത് ആവിഷ്കരിക്കപ്പെട്ട സിദ്ധാന്തങ്ങളുമാണ്.
മൂലധനത്തെയും മുതലാളിത്തത്തെയും കുറിച്ചുള്ള ഒരു അര്‍ഥശാസ്ത്ര പഠനമായ 3,000 ത്തിലേറെ പുറങ്ങളുള്ള ഈ കൃതി മാര്‍ക്സിന്റെ ബഹുമുഖമായ ചിന്താപ്രപഞ്ചത്തിന്റെ സംഗ്രഹമാണ്. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരത്തില്‍ തൊഴിലാളികളെയും സഖ്യശക്തികളെയും അണിനിരത്താനുപകരിക്കുന്ന ഒരു ബൌദ്ധിക ഉപാധിയാണ് മാര്‍ക്സിന്റെ 'മാസ്റ്റര്‍ പീസ്' ആയി കരുതപ്പെടുന്ന ദാസ് ക്യാപിറ്റല്‍ എന്ന കൃതി.
(പി. ഗോവിന്ദപ്പിള്ള)