This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദൂഷന്‍, ആന്ദ്രെ (1584 - 1640)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദൂഷന്‍, ആന്ദ്രെ (1584 - 1640)
Duchesne,Andre
ഫ്രഞ്ച് ചരിത്രകാരന്‍. 'ഫ്രഞ്ച് ചരിത്രത്തിന്റെ പിതാവ്' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. ഫ്രാന്‍സിലെ റ്റൊറെയ്നില്‍ (Touraine) 1584 മേയില്‍ ജനിച്ചു. ലൂദനിലും പാരിസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദൂഷനെ ഔദ്യോഗിക ഭൂമിശാസ്ത്രകാരനായും ചരിത്രകാരനായും രാജാവ് നിയമിച്ചു. ഈ പദവിയിലിരിക്കുമ്പോഴാണ് ഫ്രഞ്ച് ചരിത്രത്തെ സംബന്ധിച്ച രചനകള്‍ ഇദ്ദേഹം നടത്തിയത്. നിരവധി ചരിത്ര രചനകളും കുടുംബചരിത്രങ്ങളും വംശാവലികളും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഹിസ്റ്റോറിയ നോര്‍മനോറം സ്ക്രിപ്റ്റോറസ് ആന്റിഖി (Historiae Normannorum Scriptores antiqui, 1619), ഹിസ്റ്റോറിയ ഫ്രാന്‍കോറം സ്ക്രിപ്റ്റോറസ് (Historiae Francorum Scriptores: 5 വാല്യങ്ങള്‍, 1636-49) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചരിത്രകൃതികള്‍. ഫ്രഞ്ച് ചരിത്രത്തെ സംബന്ധിച്ച് പല വാല്യങ്ങളിലുള്ള മറ്റൊരു കൃതികൂടി ഇദ്ദേഹം രചിച്ചിരുന്നു. എന്നാല്‍ മരണമടയുംമുമ്പ് ഇദ്ദേഹത്തിന് അതിന്റെ രണ്ട് വാല്യങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞുള്ളൂ. ഇദ്ദേഹത്തിന്റെ മകനും ഉദ്യോഗത്തില്‍ പിന്‍ഗാമിയായി നിയമിതനുമായ ഫ്രാങ്കോ ആണ് ഈ കൃതിയുടെ മറ്റു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതിനു പുറമേ, നിരവധി ഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ മരണാനന്തരം കണ്ടെടുക്കുകയുണ്ടായി. അവയില്‍ 59 എണ്ണം ഫ്രാന്‍സിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
1640 മേയ് 30-ന് പാരിസിനു സമീപമുണ്ടായ റോഡപകടത്തില്‍പ്പെട്ട് ദൂഷന്‍ മരണമടഞ്ഞു.
(ഡോ. ബി. സുഗീത; സ.പ.)