This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശവായുക്കള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:57, 20 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദശവായുക്കള്‍

ജീവനു പ്രേരകമായി വര്‍ത്തിക്കുന്ന വായുവിന്റെ പത്ത് ഭേദങ്ങള്‍. പ്രാണന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍, അപാനന്‍, നാഗന്‍, കൂര്‍മന്‍, കൃകരന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്നിവയാണ് ദശവിധ വായുക്കള്‍. ഊര്‍ജസ്രോതസ്സായ വായു ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചോദനയും നിയന്ത്രണവും ഏകോപനവും നിര്‍വഹിക്കുന്നു. നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനവും വായുവിന്റെ കര്‍മപരിധിയില്‍ വരുന്നു. ചരക, സുശ്രുത, വാഗ്ഭടാദികളുടെ ഗ്രന്ഥങ്ങളില്‍ പഞ്ചവിധവായുക്കളെയാണ് പ്രതിപാദിച്ചിട്ടുള്ളത്. അഗ്നിപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ദശവിധവായുക്കളെ പ്രതിപാദിച്ചിരിക്കുന്നു.

പ്രാണന്‍ ശിരസ്സില്‍ സ്ഥിതിചെയ്യുന്നു. ഉരസ്സ്, കണ്ഠം എന്നീ ശരീരദേശങ്ങളില്‍ സഞ്ചരിക്കുന്നു. ബുദ്ധി, ഹൃദയം, പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയെ പ്രവര്‍ത്തിപ്പിക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യുക, ആഹാരമിറക്കുക, തുപ്പുക, തുമ്മുക, ഏമ്പക്കമിടുക എന്നീ കര്‍മങ്ങള്‍ ചെയ്യുന്നു. ഉച്ഛ്വാസം, നിശ്വാസം, കാസം എന്നീ വിശിഷ്ടകര്‍മങ്ങളാല്‍ പ്രാണന്‍ ജീവനെ ആശ്രയിച്ചു സ്ഥിതിചെയ്യുന്നു. ജീവനെ നിലനിര്‍ത്തുവാന്‍ ശരീരത്തിന്റെ അതിസൂക്ഷ്മമായ ഭാഗങ്ങളിലേക്കും പ്രയാണം ചെയ്ത് പ്രാണനെ പ്രദാനം ചെയ്യുകയാണ് പ്രാണവായു ചെയ്യുന്നത്.

ഉദാനന്‍ ഉരസ്സില്‍ സ്ഥിതിചെയ്യുന്നു. നാസിക, നാഭി, ഗളം, എന്നീ ശരീരദേശങ്ങളില്‍ സഞ്ചരിക്കുന്നു. വാക്, പ്രയത്നം, ഊര്‍ജം, ബലം, വര്‍ണം, സ്മൃതി എന്നിവയെ പ്രവര്‍ത്തിപ്പിക്കുന്നു. വക്ത്രം, ഓഷ്ഠം എന്നിവയെ ചലിപ്പിക്കുന്നു. ഇവ നേത്രത്തിനു വര്‍ണവും മര്‍മങ്ങള്‍ക്ക് ഉത്തേജനവും നല്കുന്നു.

വ്യാനന്‍ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. എല്ലാ ശരീരഭാഗങ്ങളിലും സഞ്ചരിക്കുന്നു. നടക്കുക, അംഗങ്ങളെ വശങ്ങളിലേക്കു തിരിക്കുക, കണ്ണടയ്ക്കുക-തുറക്കുക, കോട്ടുവായിടുക, ഭക്ഷണത്തെ ആസ്വദിച്ചറിയുക, സ്രോതസ്സുകളെ ശോധിപ്പിക്കുക, വിയര്‍പ്പിനെയും രക്തത്തെയും പ്രവഹിപ്പിക്കുക, പുരുഷബീജത്തെ സ്ത്രീയോനിയില്‍ പ്രവേശിപ്പിക്കുക, ആഹാരത്തെ സാരകിട്ടവിഭജനം നടത്തി സാരംകൊണ്ടു ശരീരധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആഹാരരസത്തെ എല്ലാ ശരീരഭാഗങ്ങളിലും എത്തിക്കുകയും ചെയ്യുക എന്നീ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു.

സമാനന്‍ ജഠരാഗ്നിയുടെ സമീപം സ്ഥിതിചെയ്യുന്നു. കോഷ്ഠത്തില്‍ എല്ലാ ഭാഗത്തും സഞ്ചരിക്കുന്നു. അന്നത്തെ സ്വീകരിച്ച് പചിപ്പിച്ച് സാരകിട്ടങ്ങളായി വേര്‍തിരിക്കുന്നു. പാനം ചെയ്യുക, ഭക്ഷിക്കുക, ശ്വസിക്കുക എന്നീ ക്രിയകളാല്‍ രക്തത്തെയും പിത്തത്തെയും കഫത്തെയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമമായ അളവില്‍ എത്തിക്കുകയും ചെയ്യുന്നു.

അപാനന്‍ ഗുദത്തില്‍ സ്ഥിതിചെയ്യുന്നു. ശ്രോണി, വസ്തി, മേഢ്രം, ഊരുക്കള്‍ എന്നീ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നു. ശുക്ലം, ആര്‍ത്തവം, ശകൃത്, മൂത്രം, ഗര്‍ഭം എന്നിവയെ യഥാകാലം വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു. ആഹാരരസത്തെ അധോഭാഗത്തേക്കു നയിക്കുകയും മൂത്രം, ശുക്ലം തുടങ്ങിയവയെ വഹിക്കുകയും യഥാസമയം ബഹിഷ്കരിക്കുകയും ചെയ്യുന്നു.

നാഗന്‍ ഉദ്ഗാരത്തെ പ്രവര്‍ത്തിപ്പിക്കുന്നു. കൂര്‍മന്‍ നേത്രത്തെ ഉന്മീലനം ചെയ്യുന്നു. കൃകരന്‍ ചര്‍വണം ചെയ്യുന്നു. ദേവദത്തന്‍ ജൃംഭ(കോട്ടുവാ)യെ പ്രവര്‍ത്തിപ്പിക്കുന്നു. ധനഞ്ജയന്‍ വായു ശബ്ദത്തെ പ്രവര്‍ത്തിപ്പിക്കുന്നു. മരണസയമത്ത് അവസാനമായി ശരീരത്തില്‍നിന്നു വേര്‍പിരിയുന്ന വായുവാണിത്.

(ഡോ. പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍