This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദലിത് സാഹിത്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദലിത് സാഹിത്യം
ആധുനിക കാലത്തെ ഒരു സാഹിത്യ പ്രസ്ഥാനം. ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്ന അര്‍ഥത്തില്‍ സമൂഹശരീരത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം തങ്ങളുടെ സ്വത്വബോധവും പ്രതിഷേധവും രേഖപ്പെടുത്തുന്നതാണ് ദലിത് സാഹിത്യം. കീഴാളരുടെ ആത്മരോഷം തിളയ്ക്കുന്ന അലങ്കാരരഹിതമായ പരുഷപദങ്ങളാല്‍ രൂപംകൊള്ളുന്ന പ്രതിഷേധത്തിന്റെയും യാഥാസ്ഥിതിക മൂല്യനിരാസത്തിന്റെയും ഉണര്‍വിന്റെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും സാഹിത്യമാണ് ഇത്. ജനാധിപത്യം, സമത്വം, സ്വാതന്ത്യ്രം തുടങ്ങിയവയെ ആശ്ളേഷിക്കാന്‍ വെമ്പുന്ന അംബേദ്കര്‍ ദര്‍ശനങ്ങളാണ് ഇതിന്റെ അടിത്തറ. അംബേദ്കര്‍ ഇന്ത്യന്‍ ദൈവസങ്കല്പങ്ങളെയും പുരാണങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചു. പാരമ്പര്യവാദികള്‍ താലോലിച്ചിരുന്ന സാഹിത്യസങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന 'ദലിത് സാഹിത്യം' ഇന്ന് ഭാരതീയ സാഹിത്യത്തിലെ പുതുമയും ശക്തിയുമുള്ള ശാഖയാണ്. ദലിതര്‍ ഇന്നും ജാതിയുടെ പേരില്‍ പരാധീനതകള്‍ അനുഭവിക്കുന്നു. ഇത്തരം പരാധീനതകളെ തുറന്നുകാട്ടുന്നതാണ് ദലിത് സാഹിത്യം. അത് ദലിതരുടെ മാനുഷികമായ അന്തസ്സിനുവേണ്ടി വാദിക്കുകയും പ്രക്ഷോഭം കൂട്ടുകയും ചെയ്യുന്നു. നീതിക്കുവേണ്ടിയും സമത്വത്തിനുവേണ്ടിയും അതു വാദിക്കുന്നു. ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും ദലിതരായ എഴുത്തുകാര്‍ എഴുതുന്ന സാഹിത്യം അനുഭവങ്ങളുടെ തീക്ഷ്ണതയാലാണ് പ്രസക്തമാകുന്നത്. ചുരുക്കത്തില്‍, പുതിയൊരു സംവേദനമാണ് ദലിത് സാഹിത്യം ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളിലും ഏറ്റക്കുറച്ചിലോടെ ദലിത് സാഹിത്യ രചനകളുണ്ടെങ്കിലും മറാഠിയാണ് ഏറെ സമ്പന്നം. ദലിത് അവബോധമുള്ള ദലിത് എഴുത്തുകാര്‍ ദലിതര്‍ക്കുവേണ്ടി എഴുതുന്നത് ഏറെയും അവിടെയാണ്. ദലിതരെക്കുറിച്ച് ദലിതേതരര്‍ എഴുതുന്ന സാഹിത്യം ദലിതപക്ഷരചനയേ ആകുന്നുള്ളൂ. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ചങ്ങമ്പുഴയുടെ 'വാഴക്കുല', തകഴിയുടെ രണ്ടിടങ്ങഴി തുടങ്ങിയവയെ ദലിതപക്ഷ രചനകളായി കണക്കാക്കുന്നതാണ് ഉചിതം. ദലിതരെ തങ്ങളുടെ അടിമത്തം, നിസ്സഹായത, അവഹേളിതത്തം, ദാരിദ്യ്രം, അത്യാചാരസഹനം എന്നിവ ബോധ്യപ്പെടുത്തുന്നതാകണം ദലിത് രചനകള്‍. ഈ അവസ്ഥ ദലിതരിലുളവാക്കുന്ന വേദന മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ദലിത് സാഹിത്യത്തിനു കഴിയണം. കറുത്തവരുടെ ബ്ളാക് ലിറ്ററേച്ചര്‍ ചില കാര്യങ്ങളില്‍ ദലിത് സാഹിത്യവുമായി സാമ്യം വഹിക്കുന്നു. കറുത്തവരും ദലിതരും തങ്ങളുടെമേല്‍ പ്രയുക്തമാകുന്ന അധീശത്വത്തിനും രാഷ്ട്രീയാധികാരങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും എതിരായാണ് സമരം ചെയ്യുന്നത്. അടിമപ്പണിക്കുവേണ്ടി കറുത്തവരെ നിയുക്തരാക്കാന്‍ നീചമായ അതിക്രമങ്ങള്‍ ആഫ്രിക്കക്കാരുടെമേല്‍ അഴിച്ചുവിട്ട ചരിത്രമുണ്ട്. ഭാര്യമാരെ ഭര്‍ത്താക്കന്മാരില്‍നിന്നും കുഞ്ഞുങ്ങളെ അമ്മമാരില്‍നിന്നും വെള്ളക്കാര്‍ പൈശാചികമായി വേര്‍പെടുത്തിയതിന്റെ വിവരണം അലക്സ് ഹെയ്ലിയുടെ റൂട്ട്സ് എന്ന പ്രശസ്ത നോവലിലുണ്ട്. ആദിവാസികള്‍ വനാന്തരങ്ങളില്‍ ജീവിച്ചപ്പോള്‍ അയിത്തക്കാര്‍ അടിമത്തത്തില്‍ കഴിഞ്ഞു. 'നീഗ്രോ' എന്ന പദത്തിനു പകരം കറുത്തവര്‍ (ആഹമരസ) എന്ന പേര് ആഫ്രിക്കക്കാര്‍ സ്വീകരിച്ചതുപോലെ ഇന്ത്യയില്‍ 'ഹരിജന്‍' എന്ന പേര് നിരാകരിച്ച് അയിത്തക്കാരും അടിച്ചമര്‍ത്തപ്പെട്ടവരും 'ദലിത്' എന്ന വാക്ക് സ്വീകരിക്കുകയുണ്ടായി.
സ്വാതന്ത്യ്രാനന്തരം ഇന്ത്യയില്‍ ദലിത് സമൂഹത്തില്‍ പരന്ന അംബേദ്കര്‍ ചിന്തകളാണ് ദലിത് സാഹിത്യത്തിനു വഴിയൊരുക്കിയത്. അധികാര വികേന്ദ്രീകരണം, രാഷ്ട്രീയത്തിലെ വര്‍ഗീയത, ദാരിദ്യ്രം, വര്‍ഗീയ കലാപങ്ങള്‍, ഹിന്ദുത്വവാദം എന്നിവയെല്ലാം ദലിതരെ തട്ടിയുണര്‍ത്തി. മഹാരാഷ്ട്രയില്‍ ദലിത് പാന്തര്‍ പ്രസ്ഥാനം രൂപീകൃതമായി (1972). ഇതിന്റെ പ്രതിഫലനം ദലിത് സാഹിത്യത്തിലുമുണ്ടായി. ദലിത് എഴുത്തുകാര്‍ നിലവിലിരിക്കുന്ന സാഹിത്യ സിദ്ധാന്തങ്ങളെ മറികടന്നാണ് എഴുതിക്കൊണ്ടിരിക്കുന്നത്. അവര്‍ ബുദ്ധന്റെയും ഫൂലെയുടെയും അംബേദ്കറുടെയും പാരമ്പര്യത്തെയാണ് പിന്‍പറ്റിയത്. ഇടതുപക്ഷ എഴുത്തുകാരുടെ മുന്‍കൈയില്‍ 1960-കളില്‍ മറാഠിയില്‍ രൂപംകൊണ്ട പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍നിന്നു വേര്‍പെട്ട് എഴുത്തില്‍ സ്വന്തമായ ഒരിടം ഒരുക്കാന്‍ ദലിത് എഴുത്തുകാരെ പ്രാപ്തരാക്കിയത് അംബേദ്കര്‍ ചിന്തയായിരുന്നു. ബുദ്ധമത സ്വീകരണത്തിലൂടെ ദലിതര്‍ നടത്തിയ സാംസ്കാരിക വിപ്ളവമാണ് ദലിത് സാഹിത്യത്തിന്റെ അടിസ്ഥാനമായി മാറിയത്. 1956-ലാണ് അംബേദ്കറുടെ നേതൃത്വത്തില്‍ ദലിതര്‍ ബുദ്ധമതം സ്വീകരിക്കുന്നത്.
ചരിത്രം. അംബേദ്കറുടെ കാഴ്ചപ്പാടുകളില്‍നിന്ന് ഊര്‍ജം പകര്‍ന്ന ദലിത് സാഹിത്യത്തിന്റെ ആദ്യ മാതൃകകള്‍ തമാശ, ജല്‍സ തുടങ്ങിയ നാടോടിക്കലാരൂപങ്ങളുടെ പരിഷ്കൃത രൂപങ്ങളാണ്. അവ പ്രാദേശികങ്ങളാകയാലും പ്രകടമായ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടവ ആകയാലും കാലാതിവര്‍ത്തിയായില്ല.
1920-കളില്‍ മഹാരാഷ്ട്രയില്‍ വേരൂന്നിത്തുടങ്ങിയ ദലിത് സാഹിത്യ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ എഴുത്തുകാര്‍ ഗോപാല്‍ബാബ വലങ്കര്‍, പണ്ഡിറ്റ് കോണ്ടിറാം, കിഷന്‍ ഫഗോജി ബന്‍സോദ് എന്നിവരാണ്. ദലിതര്‍ അനുഭവിച്ചിരുന്ന ദൈന്യതകളിലേക്ക് ബ്രിട്ടിഷ് ഗവണ്മെന്റിന്റെ ശ്രദ്ധതിരിക്കാന്‍വേണ്ടി തൂലിക ചലിപ്പിച്ചവരാണ് ഇവര്‍.
ഏതാണ്ട് 1950-കളുടെ തുടക്കത്തില്‍ സ്ഥാപിതമായ സിദ്ധാര്‍ഥ് സാഹിത്യ സഭയാണ് ദലിത് സാഹിത്യരംഗത്തുണ്ടായ അടുത്ത ശക്തമായ മുന്നേറ്റം. ഘനശ്യാം തല്‍വാത്കര്‍ ആണ് ബിരുദധാരികളായ നിരവധി ദലിത് യുവാക്കളെ ചേര്‍ത്ത് ഈ സംഘടന ഉണ്ടാക്കിയത്. അതിലെ അംഗങ്ങള്‍ അംബേദ്കര്‍ സ്ഥാപിച്ച സിദ്ധാര്‍ഥ് കോളജിലെ (മുംബൈ) വിദ്യാര്‍ഥികളായിരുന്നു. സിദ്ധാര്‍ഥ് സാഹിത്യസംഘത്തില്‍ നിന്നാണ് പിന്നീട് മഹാരാഷ്ട്ര ദലിത് സാഹിത്യ സംഘ് രൂപംകൊള്ളുന്നത്.
1950-60 കളിലെ ദലിത് സാഹിത്യസൃഷ്ടിയില്‍ ഏറെയും പ്രകാശിതമായത് പ്രബുദ്ധ ഭാരത് എന്ന ആനുകാലികത്തിലൂടെയായിരുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യയുടെ മുഖപത്രമായിരുന്നു അത്. അതില്‍ വന്ന ദലിത് രചനകളും ഇതിവൃത്തപരമായി 'ദലിത്' ആയിരുന്നുവെങ്കിലും ആവിഷ്കാരപരമായി പാരമ്പര്യരീതി സ്വീകരിച്ചവയായിരുന്നു. മറാഠി സാഹിത്യത്തില്‍ വി.എസ്. ഖാണ്ഡേക്കറും മറ്റും ചെലുത്തിയിരുന്ന ശക്തമായ സ്വാധീനത്തില്‍നിന്ന് അന്നത്തെ എഴുത്തുകാര്‍ക്ക് പൂര്‍ണമായും വിട്ടുനില്ക്കാനായില്ല എന്നര്‍ഥം.
1956-ല്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ഒരു ദലിത് സാഹിത്യ സമ്മേളനം ആസൂത്രണം ചെയ്യപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ അകാല മരണംമൂലം അതു നടന്നില്ല. പ്രഥമ ദലിത് സാഹിത്യ സമ്മേളനം 1958-ലാണ് നടന്നത്. ആ സമ്മേളനത്തില്‍ വച്ചുതന്നെ 'ദലിത് സാഹിത്യം' എന്ന പദം രൂപവത്കരിക്കപ്പെട്ടു എന്നാണ് പ്രബുദ്ധ ഭാരതിലെ സമ്മേളന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആ സമ്മേളനത്തില്‍ പാസ്സാക്കിയ 5-ാം നമ്പര്‍ പ്രമേയം ഇതായിരുന്നു-'ദലിതരാല്‍ എഴുതപ്പെടുന്നതോ, ദലിതരെക്കുറിച്ച് മറ്റുള്ളവര്‍ എഴുതുന്നതോ ആയ മറാഠി സാഹിത്യം 'ദലിത് സാഹിത്യം' എന്ന സവിശേഷനാമത്തില്‍ അറിയപ്പെടണം. അതിന്റെ സാംസ്കാരിക പ്രാധാന്യം മനസ്സിലാക്കി സര്‍വകലാശാലകളും സാഹിത്യസംഘടനകളും അതിന് അര്‍ഹമായ സ്ഥാനം നല്കുകയും വേണം.' ഈ സമ്മേളനത്തെത്തുടര്‍ന്നുണ്ടായ ദലിത് സാഹിത്യ മുന്നേറ്റങ്ങളില്‍ മൂന്ന് സരണികള്‍ ഉണ്ടായിരുന്നു:
1. അംബേദ്കറിസത്തോടൊപ്പം മാര്‍ക്സിസത്തിന്റെയും അടിത്തറയില്‍ കാലൂന്നിനിന്നുവേണം ദലിത് സാഹിത്യ രചന നിര്‍വഹിക്കേണ്ടത്.
2. അംബേദ്കറിസം മാത്രമേ ദലിത് സാഹിത്യ രചനയുടെ ജീവവായു ആകാവൂ.
3. ദലിത് സാഹിത്യ രചനയ്ക്ക് അവലംബമാക്കേണ്ടത് ബൌദ്ധ സാഹിത്യത്തെയാണ്.
മറാഠി ദലിത് സാഹിത്യത്തില്‍ മാര്‍ക്സിനെ പാടേ നിരാകരിക്കുന്ന ഒരു രീതിയും അദ്ദേഹത്തിന്റെ ചിന്തയെ അംബേദ്കറിനോട് ചേര്‍ത്തുവയ്ക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. എം. എന്‍. വാന്‍ഖഡെ, ബാബുറാവു ബാഗുള്‍, നാമ്ദിയെ ദാസല്‍, ദയാ പവാര്‍, അര്‍ജുന്‍ ഡാന്‍ഗ്ളെ, യശ്വന്ത് മനോഹര്‍, റാവു സാഹബ് കസ്ബി, ശരത് പാട്ടീല്‍ സദാകര്‍ഹാഡെ, നാരായണ്‍ സുര്‍വെ, സുധീര്‍ ബെദ്കര്‍, ശരച്ചന്ദ്ര മുക്തിബോധ് തുടങ്ങിയ എഴുത്തുകാര്‍ അംബേദ്കറുടെ ജാതിവിരുദ്ധ ചിന്തയെയും മാര്‍ക്സിന്റെ വര്‍ഗവൈരുധ്യചിന്തയെയും ഒരുമിച്ചുകാണാന്‍ ശ്രമിക്കുന്നവരാണ്. ബാഹു സാഹബ് അത്സുല്‍, രാജാഡെയില്‍, വിജയ് ബോണ്‍വാനെ, ആര്‍. ജി. ജാതവ്, ഹരീഷ് കാന്തറാവു, ഗംഗാധര്‍ പഞ്ചാനെ, സുധാകര്‍ ഗെയ്ക്വാദ് എന്നിവര്‍ ഇതിനോട് അഭിപ്രായഭിന്നത പുലര്‍ത്തുന്നു. മാര്‍ക്സിന്റെ വിശകലനങ്ങള്‍ക്ക് കണ്ടെടുക്കാനാവാത്ത ആഴങ്ങളിലാണ് ദലിത് സാഹിത്യത്തിന്റെ ആത്മാവെന്ന് ഇവര്‍ വാദിക്കുന്നു. അമേരിക്കയിലെ കറുത്തവര്‍ കറുപ്പിനെയും കറുത്ത അവബോധത്തെയും കൊണ്ടാടുമ്പോള്‍ ഇന്ത്യയിലെ ദലിതര്‍ ദലിത് സ്വത്വത്തെയും ദലിതാവബോധത്തെയും എഴുത്തില്‍ ആഘോഷിക്കുന്നു.
1960-കളില്‍ മറാഠി സാഹിത്യത്തില്‍ ഉദയം ചെയ്ത പല നൂതന പ്രവണതകളും ദലിത് സാഹിത്യത്തിന്റെ ഗതിവേഗം കൂട്ടി. അക്കൂട്ടത്തില്‍ നാരായണ്‍ സുര്‍വേയുടെ കവിതകള്‍, ക്ഷുഭിത യൌവനങ്ങളെ ചിത്രീകരിച്ച കഥകള്‍, അണ്ണ ഭാവു സാഥേയുടെയും ശങ്കര്‍ റാവു ഖരത്തിന്റെയും രചനകള്‍, ലിറ്റില്‍ മാഗസിനുകള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എങ്കിലും ദലിത് സാഹിത്യത്തിന്റെ കരുത്ത് വ്യക്തമാക്കിയ ശക്തമായ രചന ബാബുറാവു ബാഗുലിന്റെ ചെറുകഥകളായിരുന്നു. അദ്ദേഹത്തിന്റെ വെന്‍ ഐ ഹാഡ് കണ്‍സീല്‍ഡ് മൈ കാസ്റ്റ് എന്ന ചെറുകഥാ സമാഹാരം മറാഠി സാഹിത്യത്തില്‍ കൊടുങ്കാറ്റ് ഉയര്‍ത്തുകതന്നെ ചെയ്തു. കറുത്ത വര്‍ഗക്കാരുടെ ജാസ്സ് സംഗീതത്തിന്റെ കരുത്താണ് ആ കഥകള്‍ക്ക് എന്നു വിലയിരുത്തപ്പെട്ടു.
ബ്ളാക് ലിറ്ററേച്ചറില്‍നിന്ന് ഊര്‍ജം ശേഖരിച്ച എം.എന്‍. വാന്‍ഖഡെയാണ് ദലിത് സാഹിത്യ പ്രസ്ഥാനത്തിന് തുടര്‍ന്ന് ഊര്‍ജം പകര്‍ന്ന വ്യക്തി. 1967 ഏ. 30-ന് ബൌദ്ധ സാഹിത്യ പരിഷത് സമ്മേളനത്തില്‍ വച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ദലിത് സാഹിത്യത്തിന് കുറച്ചുകൂടി കൃത്യമായ ദിശാബോധം നല്കി. ഔറംഗബാദില്‍ അംബേദ്കര്‍ സ്ഥാപിച്ച മിലിന്‍ദ് കോളജിലെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. ഈ കോളജിലെ വിദ്യാര്‍ഥികള്‍ രൂപവത്കരിച്ച മിലിന്‍ദ് സാഹിത്യ പരിഷത്തും പരിഷത് പ്രസിദ്ധീകരിച്ച അസ്മിത (പിന്നീട് അസ്മിതാദര്‍ശ) എന്ന മാഗസിനും ദലിത് സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്.
70-കളുടെ തുടക്കത്തില്‍ സാഹിത്യത്തിലൂടെയുള്ള പ്രതിഷേധത്തോടൊപ്പം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കായുള്ള ഭൌതിക പ്രതിഷേധങ്ങളും അനിവാര്യമാണെന്ന് യുവ ദലിത് സാഹിത്യകാരന്മാര്‍ക്കു മനസ്സിലായി. അതാണ് ദലിത് പാന്തേഴ്സ് എന്ന പ്രസ്ഥാനത്തിന്റെ പിറവയിലേക്കു നയിച്ചത്. നാമ്ദിയെ ദാസല്‍, അര്‍ജുന്‍ ഡാന്‍ഗ്ളെ, ജെ.വി. പവ്വാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1972 ജൂണ്‍ 9-ന് ദലിത് പാന്തേഴ്സ് നിലവില്‍വന്നു. ആ വര്‍ഷത്തെ സ്വാതന്ത്യ്രദിനം കരിദിനമായി ആചരിച്ചുകൊണ്ട് പാന്തേഴ്സ് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. അതിലെ മുന്‍നിര പ്രവര്‍ത്തകര്‍ ഏറെയും ദലിത് സാഹിത്യകാരന്മാരായിരുന്നു. ചുരുക്കത്തില്‍, ദലിത് സാഹിത്യ പ്രസ്ഥാനത്തിലൂടെ പിറവിയെടുത്ത ഒരു സാമൂഹിക വിമോചന സംഘടനയായിരുന്നു ദലിത് പാന്തേഴ്സ്.
80-കളുടെ തുടക്കത്തില്‍ ദലിത് സാഹിത്യത്തിന് സാര്‍വത്രികമായ അംഗീകാരം ഉണ്ടായിത്തുടങ്ങി. മഹാരാഷ്ട്രയിലെ ഏതാനും ദലിത് സാഹിത്യകാരന്മാര്‍ക്ക് സംസ്ഥാന സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചു. സ്കൂളുകളിലും കലാശാലകളിലും ദലിത് സാഹിത്യ രചനകള്‍ പഠിപ്പിച്ചു തുടങ്ങുകയും ചെയ്തു. ദലിത് സാഹിത്യ രചനകളുടെ വിവര്‍ത്തനങ്ങളാണ് ഇക്കാലത്തുണ്ടായ മറ്റൊരു മുന്നേറ്റം. ഈ കാലത്താണ് മറാഠിഭാഷയില്‍ നിന്ന് ദലിത് സാഹിത്യം ഇതര ഭാഷാ സാഹിത്യങ്ങളിലേക്ക് ശക്തമായ കുടിയേറ്റം നടത്തിയത്.
ഹിന്ദി, തമിഴ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, തെലുഗു തുടങ്ങിയ ഭാഷകളിലും ഒരു പുതിയ ജീവിതത്തിന്റെ സമരോത്സുകമായ പുലര്‍കാലമാണ് ദലിത് സാഹിത്യത്തിലൂടെ അവതീര്‍ണമാകുന്നത്. 1960-കളില്‍ മറാഠിയില്‍ ദലിത് സാഹിത്യം എഴുതിത്തുടങ്ങിയപ്പോള്‍ 90-കളിലാണ് തമിഴിലും മറ്റും അത് ശക്തി പ്രാപിച്ചത്. തമിഴ്നാട്ടില്‍ മൂന്ന് ശതമാനം ബ്രാഹ്മണരേ ഉള്ളൂ എങ്കിലും എഴുത്തുകാരില്‍ മുക്കാല്‍ പങ്കും അവരാണ്. ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ദലിതര്‍ തമിഴ്നാട്ടിലുണ്ടെങ്കിലും അവരില്‍ എഴുത്തുകാര്‍ വളരെ കുറവായിരുന്നു. ഗുജറാത്തിലെ ആദ്യത്തെ പ്രധാന ദലിത് കവി ബിപിന്‍ ഗോഹെല്‍ (1927-) ആണ്. അദ്ദേഹത്തിന്റെ രചനകള്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ഥാനം പിടിച്ചതുതന്നെ വളരെ സാവകാശമാണ്. ഗുജറാത്തിലെ മറ്റൊരു ദലിത് കവിയായ കിഷന്‍ സോസ സൂററ്റിലെ ഒരു ചാളയിലായിരുന്നു താമസിച്ചിരുന്നത്. തന്റെ കവിതയെ 'പാതാളഗംഗ'യെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കന്നഡയിലെ പ്രശസ്ത എഴുത്തുകാരനായ ദേവനൂരു മഹാദേവയ്ക്കും അതുപോലെ മറ്റു പല ദലിത് എഴുത്തുകാര്‍ക്കും യഥാര്‍ഥ ജീവിതവും സാഹിത്യജീവിതവും അത്യന്തം സംഘര്‍ഷഭരിതമായിരുന്നു.
ദലിത് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ രൂപം ആത്മകഥയാണ്. ഹിന്ദിയിലെ ഓം പ്രകാശ് വാല്മീകിയുടെ ഝൂഠന്‍ (എച്ചില്‍) വളരെ പ്രസിദ്ധമായി. ഉത്തര്‍പ്രദേശിലെ ഒരു തോട്ടിച്ചേരിയില്‍ എച്ചില്‍ തിന്ന് ബാല്യം കഴിച്ച ഗ്രന്ഥകാരന്റെ ആത്മകഥയാണ് ഇത്. ഝൂഠനിലെ ജീവിത സത്യങ്ങള്‍ പൊള്ളുന്നവയാണ്. തോട്ടിപ്പണിയും തോല്‍പ്പണിയും കുലവൃത്തിയാക്കിയ ജാതിയാണ് വാല്മീകി. കഷ്ടത നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന എഴുത്തുകാര്‍ ഇന്ത്യയില്‍ ഏറെയുണ്ട്. ജീവിത യാഥാര്‍ഥ്യങ്ങളുടെ പാരുഷ്യങ്ങളാണ് അവരുടെ ഇതിവൃത്തങ്ങള്‍. ഡോ. കാഞ്ച എലൈയ്യയുടെ ഇംഗ്ളീഷ് കൃതികളും
( ഉദാ. വൈ അയാം നോട്ട് എ ഹിന്ദു, ബഫല്ലോ നാഷണലിസം) ഈ തലത്തില്‍ ശക്തങ്ങളാണ്. ജാതിവ്യവസ്ഥയുടെ അപമാനവും ദാരിദ്യ്രവും എങ്ങനെ ഒരു ദലിതനെ പിന്തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് നാസിക്കിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി അംഗമായ ശരണ്‍കുമാര്‍ ലിംബാലെയുടെ ജീവിതം. അച്ഛന്‍ ഉയര്‍ന്ന ജാതിയായ പാട്ടീല്‍ വംശജനാണെങ്കിലും അമ്മ താണ ജാതിയായ മഹര്‍ (തോട്ടി) ആയിരുന്നതുകൊണ്ട് ശരണിന്റെ ബാല്യം ദുരിതപൂര്‍ണമായിരുന്നു. മറാഠിയിലെഴുതിയ അദ്ദേഹത്തിന്റെ അക്കര്‍മാശി (ദി ഔട്ട്കാസ്റ്റ്) എന്ന ആത്മകഥ വളരെ പ്രശസ്തമായി. ഉചല്യ, ഹിന്ദു എന്നീ നോവലുകളും ലിംബാലെയെ പ്രശസ്തനാക്കി.
തമിഴിലെ ശിവകാമി ഈ രംഗത്ത് നേരത്തേ പ്രശസ്തയായി. പാമയുടെ ആത്മകഥാ നോവലായ കരുക്ക് വളരെ ശ്രദ്ധേയമായി. ഒരു ദലിത് സ്ത്രീയുടെ യഥാര്‍ഥ അനുഭവ കഥനമാണിത്. തമിഴിലെ ആദ്യത്തെ യഥാര്‍ഥ ദലിത് കൃതിയാണ് ഇത് എന്നു പലരും കരുതുന്നു. ഗ്രാമം, കുടുംബം, വിദ്യാഭ്യാസം, പള്ളി, പുരോഹിതന്‍ തുടങ്ങി വ്യത്യസ്ത സാമൂഹിക ബന്ധങ്ങളുടെ ഇടയില്‍പ്പെട്ട് നരകിക്കുന്ന ദലിത സ്ത്രീയുടെ ഇതിവൃത്തമാണ് ഈ നോവലില്‍. രാഷ്ട്രീയ സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍തന്നെ അതിനോടു നീതിപുലര്‍ത്താത്തവിധം ജാതിചിന്ത ഇന്ത്യയില്‍ വേരുറച്ചുപോയിട്ടുണ്ട്. പാമ കരുക്കില്‍ ദലിത് ക്രിസ്ത്യന്‍ പറയര്‍ വിഭാഗത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോള്‍ ഗുജറാത്തി ഭാഷയിലെ ജോസഫ് മക്വാന്‍ അംഗലിയാത്തില്‍ ഗുജറാത്തിലെ നെയ്ത്തുകാരായ വങ്കര്‍ സമുദായത്തിന്റെ അനുഭവങ്ങള്‍ ചിത്രീകരിക്കുന്നു. പാമയുടെ തുടര്‍ന്നു വന്ന കൃതിയായ സംഗതിയും ഏറെ ശ്രദ്ധേയമായി. മലയാളത്തിലും ഇതിന്റെ വിവര്‍ത്തനം ഉണ്ടായിട്ടുണ്ട്. വങ്കര്‍ സമുദായത്തെ 'ദലിത് മിഡില്‍ ക്ളാസ്സ്' ആയി വിശേഷിപ്പിക്കുമ്പോള്‍ ലക്ഷ്മണ്‍ ഗെയ്ക്ക്വാദ് ആകട്ടെ വേറിട്ടൊരു ജീവിതത്തെയാണ് ദ് ബ്രാന്‍ഡഡില്‍ അവതരിപ്പിക്കുന്നത്. കുറ്റവാളികള്‍എന്നു മുദ്ര കുത്തപ്പെട്ടവരുടെ തിക്തമായ ജീവിതകഥ ഇതില്‍ ചിത്രീകരിക്കുന്നു. മലയാളത്തില്‍ സി.കെ. ജാനുവിന്റെ ആത്മകഥയും പൊക്കുടന്റെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതവും സ്വത്വ മുദ്രകള്‍ ഉള്ളവയാണ്.
മലയാളത്തിലും ദലിത് സാഹിത്യ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ടി.കെ.സി. വടുതല, കവിയൂര്‍ മുരളി, ഡി. രാജന്‍, പോള്‍ ചിറക്കരോട്, നാരായന്‍ തുടങ്ങിയവരുടെ രചനകള്‍ യഥാര്‍ഥ ദലിത് രചനകള്‍ തന്നെയാണ്. രാഘവന്‍ അത്തോളി, എസ്. ജോസഫ്, സി. അയ്യപ്പന്‍, എം.ആര്‍. രേണുകുമാര്‍, എം.ബി. മനോജ് തുടങ്ങി അനേകം യുവ എഴുത്തുകാരും മലയാളത്തിലെ ദലിത് സാഹിത്യരംഗത്ത് സജീവമാണ്.
(പോള്‍ ചിറക്കരോട്; സ.പ.)