This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദയാനന്ദ സരസ്വതി സ്വാമികള്‍ (1824 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:36, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദയാനന്ദ സരസ്വതി സ്വാമികള്‍ (1824 - 83)

ആര്യസമാജത്തിന്റെ സ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ഇന്ത്യന്‍ മതനേതാവ്. മൂല്‍ശങ്കര്‍ എന്നാണ് യഥാര്‍ഥനാമം. 1824-ല്‍ കത്തിയവാറിലെ മോര്‍വില്‍ ഗ്രാമത്തിലെ (ഇപ്പോഴത്തെ ഗുജറാത്ത്) തങ്കാരയില്‍, ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് മൂല്‍ശങ്കര്‍ ജനിച്ചത്. എട്ടാമത്തെ വയസ്സില്‍ ഉപനയനത്തിനുശേഷം ഇദ്ദേഹത്തിന് സംസ്കൃതം, ശാസ്ത്രങ്ങള്‍, വേദാന്തം, ഹിന്ദുമതാചാരങ്ങളും അനുഷ്ഠാനങ്ങളും തുടങ്ങിയവയില്‍ പരിശീലനം ലഭിച്ചു. എന്നാല്‍ പതിമൂന്ന് വയസ്സുള്ളപ്പോള്‍, ഒരു ശിവരാത്രി ആഘോഷവേളയില്‍ ശിവവിഗ്രഹത്തിനു മുകളില്‍ എലി ഓടിക്കളിക്കുന്നതു കണ്ടതോടുകൂടി മൂല്‍ശങ്കറിന് വിഗ്രഹാരാധനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

  1846-ല്‍ ഇദ്ദേഹം സ്വഗൃഹം ഉപേക്ഷിക്കുകയും സത്യാന്വേഷണയാത്ര ആരംഭിക്കുകയും ചെയ്തു. 'ശുദ്ധചൈതന്യ' എന്ന പേരില്‍ ബ്രഹ്മചര്യം സ്വീകരിച്ച ഇദ്ദേഹം പിന്നീട് സ്വാമി പരമാനന്ദ സരസ്വതിയുടെ ശിക്ഷണത്തില്‍ 'ദയാനന്ദ സരസ്വതി' എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ച് ആശ്രമം ആരംഭിച്ചു. 1860 മുതല്‍ 63 വരെയുള്ള കാലത്ത് മഥുരയില്‍ സ്വാമി വ്രജാനന്ദ സരസ്വതിയുടെ ശിഷ്യനായി കഴിയുകയുണ്ടായി. ഗുരുവിന്റെ നിര്‍ദേശപ്രകാരം വേദങ്ങളുടെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുവാന്‍ തീരുമാനിച്ച ദയാനന്ദ സരസ്വതി സമൂഹത്തില്‍ നിലനില്ക്കുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാനായി അനവരതം പ്രയത്നിക്കുമെന്ന് ശപഥം ചെയ്തു. മതവിഷയങ്ങളെക്കുറിച്ച് ദയാനന്ദ സരസ്വതി സ്വാമികള്‍ വ്യത്യസ്ത മതനേതാക്കളുമായി നടത്തിയ സംവാദങ്ങള്‍ 'ശാസ്ത്രാര്‍ഥങ്ങള്‍' എന്ന പേരിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്. സ്വാമികളുടെ പ്രഥമ ശാസ്ത്രാര്‍ഥം 1866-ല്‍ അജ്മീറില്‍ ക്രിസ്ത്യന്‍ മിഷണറിമാരുമായിട്ടായിരുന്നു. പിന്നീട് കര്‍വാസ്, രാംഘട്ട്, കനൌജ്, കാണ്‍പൂര്‍, ബനാറസ്, പാറ്റ്ന, കൊല്‍ക്കത്ത, ഹൂഗ്ളി, മുംബൈ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ശാസ്ത്രാര്‍ഥങ്ങള്‍ നടന്നിട്ടുണ്ട്. സ്വാമികള്‍ നടത്തിയ അവസാനത്തെ ശാസ്ത്രാര്‍ഥം 1883-ല്‍ ഉദയ്പൂരില്‍ ഒരു മുസ്ലിം മൌലവിയുമായിട്ടായിരുന്നു.
 വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് ഇദ്ദേഹം വിശ്വസിച്ചു. 1875-ല്‍ വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് സത്യാര്‍ഥപ്രകാശം എന്ന കൃതി പ്രസിദ്ധീകരിച്ചു. 1875-ല്‍ത്തന്നെയാണ് വേദങ്ങളുടെ മഹത്ത്വവും പുരോഗമനാശയ പ്രചാരണവും ലക്ഷ്യമാക്കി ഇദ്ദേഹം ആര്യസമാജം ആരംഭിച്ചത്. സ്ത്രീസ്വാതന്ത്യ്രം, അയിത്തോച്ചാടനം എന്നിവയ്ക്കുവേണ്ടി നിലകൊണ്ട ആര്യസമാജം ശൈശവവിവാഹം, സതിസമ്പ്രദായം എന്നിവ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചു. വിദേശാധിപത്യത്തെയും ബ്രിട്ടിഷ് രീതികളെയും അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന സ്വാമികള്‍ 1857-ലെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തതായും ഇദ്ദേഹത്തിന്റെ ചിന്താഗതികള്‍ പില്ക്കാലത്ത് ഗാന്ധിജി സ്വീകരിച്ചതായും ചരിത്രരേഖകളുണ്ട്. 1878-ല്‍ അമേരിക്കയിലെ തിയോസഫിക്കല്‍ സൊസൈറ്റി ആര്യസമാജത്തിന്റെ ശാഖയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും 1882-ല്‍ സ്വാമികള്‍ ആര്യസമാജത്തിന് തിയോസഫിക്കല്‍ സൊസൈറ്റിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍ ഋഗ്വേദഭൂമികയും എല്ലാ വേദങ്ങളെയും കുറിച്ച് പൊതുവില്‍ തയ്യാറാക്കിയ തത്ത്വസംഹിതയുമാണ്.  
 ഹിന്ദുമതത്തിന്റെ 'മാര്‍ട്ടിന്‍ ലൂഥര്‍'ആയി അറിയപ്പെടുന്ന സ്വാമികള്‍ 1883 ഒ. 30-ന് അജ്മീറില്‍ അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍